
ബിമല്‍ മിത്രയുടെ ബീഗം മേരി വിശ്വാസ് വായിച്ചത് ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ്. ഗ്രാമീണ വായനശാലയില്‍ നിന്ന് മുന്നിലെത്തിയ പുസ്തകം. അക്കാലത്ത് ഒരിക്കലും സങ്കല്‍പിച്ചിട്ടില്ല ആ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാമെന്ന്. പുരാണങ്ങള്‍ക്ക് സമാനമായിരുന്നു അന്ന് വംഗനാട്. സ്‌കൂള്‍ കാലത്ത് ബംഗാളി നോവലുകള്‍ ആവേശത്തോടെ വായിച്ചുതീര്‍ത്തു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവില്‍ ആദ്യമായി കൊല്‍ക്കൊത്ത കണ്ടു. കാളീഗഞ്ചിലെ കൊച്ചമ്മ ഇപ്പോള്‍ ഇറങ്ങിവരുമെന്ന് തോന്നിച്ച തെരുവുകള്‍, എല്ലാം മുമ്പേ കണ്ടതല്ലേയെന്ന് തോന്നിച്ച കാഴ്ചകള്‍.
നന്ദിഗ്രാമിന് പിന്നാലെയാണ് ബംഗാളിലേക്കുള്ള തുടര്‍യാത്രകള്‍ വന്നത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഓര്‍മകളുടെ ഓണത്തിലെ വരികള്‍ മനസ്സില്‍ നിറഞ്ഞു. ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ പുണ്ണുതോറും കൊള്ളിവച്ചപോലോര്‍മകള്‍. കേരളം ഞങ്ങള്‍ ബംഗാളാക്കും എന്ന പഴയ മുദ്രാവാക്യം തികട്ടി. ദൈവമേ നാടിനെ ഇതുപോലെയാക്കാന്‍ വേണ്ടിയാണോ പണ്ട് മലയാളി മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങിയത്.?
കേരളം പിന്നീട് ബംഗാളായി. രാവിലെ തുണി ഇസ്തിരിയിടാന്‍ തൊട്ട് വീടുപണിയാന്‍ വരെ ബംഗാളികള്‍. വിതയ്ക്കാനും കൊയ്യാനും മെതിക്കാനും ബംഗാളി. വിറകുവെട്ടാനും പൊറോട്ടയടിക്കാനും ബംഗാളി. ചുവരെഴുത്തും ബസ്സിന്റെ ബോര്‍ഡും വരെ ബംഗാളി ഭാഷയില്‍. കേരളത്തില്‍ മിക്കവാറും എല്ലാ നഗരങ്ങളിലും ഇടത്തരം നഗരങ്ങളിലും രാവിലെ ബംഗാളി തൊഴില്‍പ്പട. സൂപ്പര്‍മാര്‍ക്കറ്റിലെപ്പോലെയല്ലാതെ, വംഗനാട്ടിലെ നാട്ടുചന്തയുടെ പ്രസരിപ്പോടെ. ആണും പെണ്ണും.
നന്ദിഗ്രാമും സിംഗൂരും പിന്നിട്ട കാലത്താണ് ബംഗാള്‍ ഗ്രാമങ്ങളിലൂടെ തുടര്‍സഞ്ചാരങ്ങള്‍ വന്നത്. 2009 ലെ തിരഞ്ഞെടുപ്പില്‍ ചുവപ്പന്‍ ബംഗാളിന്റെ വിള്ളലുകളില്‍ തൃണമൂല്‍ മുകുളങ്ങള്‍ കാണാറായി. എന്നാല്‍ 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ബോധ്യപ്പെടുത്തി. കാണാനിരിക്കുന്ന കാഴ്ചകള്‍ അതിഭീകരമാണെന്ന്. ജാര്‍ഗ്രാമിലെ യാത്രകള്‍ക്കിടയില്‍ സി.പി.എം ഓഫീസുകള്‍ കല്ലോടുകല്ല് നാട്ടുകാര്‍ പൊളിച്ചെടുക്കുന്നത് കണ്‍മുന്നില്‍ കണ്ടു. ജനലുകളും കട്ടിളകളും തലയില്‍ ചുമന്ന് കൊണ്ടുപോകുന്നതും. ജനങ്ങളുടെ വെറുപ്പിന് മുന്നില്‍ ആര്‍ക്കും പിടിച്ചു നില്‍ക്കാനാവില്ലെന്ന് അന്ന് കണ്ടറിഞ്ഞു. സുകുമാര്‍ ഘോഷ് എന്ന സോണല്‍ സെക്രട്ടറി തൃണമൂലുകാര്‍ അടിച്ചൊടിച്ച കയ്യില്‍ പ്ലാസ്റ്ററിട്ട, തലയില്‍ ചുറ്റിക്കെട്ടുമായി അന്ന് സംസാരിച്ചു. ഇരുളിന്റെ മറവില്‍, വീടിന് മുന്നിലെ വിളക്കണച്ചില്ലേ എന്ന് പലവട്ടം ഉറപ്പുവരുത്തിയ ശേഷം.
അന്ന് സി.പി.എമ്മിന് അനുകൂലമായി സംസാരിക്കാന്‍ പോയിടത്തൊന്നും ഒരാളെപ്പോലും കിട്ടിയില്ല. തൃണമൂല്‍ തരംഗമായിരുന്നു എങ്ങും. സി.പി.എം എന്ന് പറഞ്ഞാല്‍ അടികിട്ടുന്ന കാലം. കൊടുത്താല്‍ കൊല്ലത്തല്ല, ബംഗാളിലും കിട്ടും എന്ന് സിപിഎം നന്നായി മനസ്സിലാക്കുകയായിരുന്നു. ആ യാത്രക്കിടയില്‍ പലാഷിയില്‍ എത്തി. ഹൈസ്‌കൂളിലെ ചരിത്ര ക്ലാസ്സില്‍ ഗീത ടീച്ചര്‍ പഠിപ്പിച്ച പ്ലാസി. ആ ചരിത്രയുദ്ധത്തിന്റെ നാട്.
പലാഷിയിലെ മാന്തോപ്പിന് പുറത്ത് പാടത്ത് 1757 ലെ ആ യുദ്ധത്തിന്റെ സ്മാരകമുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് 1833 ല്‍ നിര്‍മിച്ച് പിന്നീട് കഴ്സണ്‍ പ്രഭു പുനര്‍നിര്‍മിച്ചത്. വെളിച്ചം മാറും മുമ്പ് ആ ദൃശ്യങ്ങള്‍ പകര്‍ത്തി. ആ റോഡ് കയറിയത് മാന്തോപ്പിനോട് ചേര്‍ന്നുള്ള ചെറിയ ചായക്കടയിലേക്കാണ്. രണ്ടോ മൂന്നോ ബെഞ്ചുകളിട്ട ഓല മേഞ്ഞ ചെറിയ പഴയ കട.
അവിടെ കുറേ ചെറുപ്പക്കാര്‍ നിന്നിരുന്നു. കേരളത്തില്‍ നിന്നെന്ന് പറഞ്ഞപ്പോള്‍ വലിയ ആദരം. രാഷ്ട്രീയം സംസാരിക്കാന്‍ വലിയ താല്‍പര്യമില്ല. എന്നാലും എല്ലാവരും മമത വരും എന്ന ഉറച്ച പ്രതീക്ഷയില്‍ ആയിരുന്നു, 'ഇത്രകാലമായില്ലേ, ഞങ്ങള്‍ക്കെന്ത് കിട്ടി. ചെങ്കൊടി ഇനി ഇല്ല' എല്ലാവരും ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
അതിനിടെ ഇനാമുല്‍ ഷേഖ് എന്ന യുവത്വം പിന്നിടാറായ യുവാവ് മുന്നോട്ട് വന്നു. സാബ് ഞങ്ങള്‍ മുപ്പതു പേരെങ്കിലും വരാം കേരളത്തിലേക്ക്. അവിടെ ഇവിടെ നിന്നുള്ള കുറേപ്പേരുണ്ട്. കൊടുവള്ളിയിലും മുക്കത്തും കോഴിക്കോട്ടുമുള്ള ഫാക്ടറികളിലാണ് അവര്‍ ജോലി ചെയ്യുന്നത്. ഞങ്ങളേയും കൊണ്ടു പോകാന്‍ ഏര്‍പ്പാടാക്കാമോ?
ഞങ്ങള്‍ ചിരിച്ചു. തെല്ലു നിരാശയോടെ. കേരളത്തിലും തിരഞ്ഞെടുപ്പാണ്. തൃണമൂലിന് അനുകൂലമായി മാത്രം ആളുകള്‍ പറയുന്ന വിധം വാര്‍ത്ത ചെയ്താല്‍ അത് പ്രത്യേക ലക്ഷ്യത്തോടെ ഉള്ളതെന്ന ആരോപണം ഉറപ്പ്. അപ്പോള്‍ രഞ്ജന്‍ മജുംദാര്‍ കടന്നുവന്നു. ആള്‍ക്കൂട്ടം കണ്ട് എത്തിനോക്കിയതാണ്. കക്ഷത്ത് മടക്കിവച്ച ഗണശക്തിയുമായി. ആശ്വാസത്തോടെ ഞങ്ങള്‍ അയാളിലേക്ക് നീങ്ങി. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ മജുംദാര്‍ പറഞ്ഞു. 'സി.പി.എം തിരിച്ചു വരും. ഇവരുടെ ബഹളം കണ്ടൊന്നും തരംഗമെന്ന് കരുതേണ്ട.'
എന്തുമാവട്ടെ. സിപിഎമ്മിന് അനുകൂലമായി പറയാന്‍ ഒരാളായല്ലോ. ഞങ്ങള്‍ മൈക്കെടുത്തു. പലാഷിയിലെ സഖ്യാവ് ഉണ്ണ്യേട്ടന്‍. കക്ഷത്ത് ദേശാഭിമാനിക്ക് പകരം ഗണശക്തി.
അതു കണ്ടപാടെ അപ്പുറത്തെ ചെറുപ്പക്കാരും അരികിലെത്തി. രഞ്ജന്‍ പറയാന്‍ തുടങ്ങിയപ്പോള്‍ അവര്‍ നോക്കാന്‍ തുടങ്ങി. പുച്ഛിച്ച്, വെറുപ്പോടെ, ഭീഷണമായി. അത്ര നേരം സിപിഎമ്മിന്റെ തിരിച്ചുവരവിനെപ്പറ്റി പറഞ്ഞ മജുംദാര്‍ നിന്ന നില്‍പില്‍ പ്ലേറ്റ് മാറ്റി. മമതയെക്കുറിച്ചായി സംസാരം. മമത എങ്ങനെ ഹൃദയങ്ങള്‍ കീഴടക്കുന്നു എന്ന്. ഞങ്ങള്‍ വീണ്ടും വിഷണ്ണരായി.
ഇനാമുല്‍ ഹഖ് വീണ്ടും മുന്നോട്ട്കയറി നിന്നു. 'സാബ് നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ അവിടത്തെ ആരുടേയെങ്കിലും നമ്പര്‍ തരൂ. എങ്ങനെയെങ്കിലും രക്ഷപ്പെടണം. അതിനാണ്.' കേള്‍ക്കുന്ന പോലെ മുക്കത്തും കൊടുവള്ളിയിലുമൊന്നും കമ്പനികളില്ലെന്ന് പറഞ്ഞപ്പോള്‍ ഹഖ് ഖിന്നനായി.
'നിങ്ങള്‍ക്കറിയാത്തതാവും. ഇവിടെ നിന്നുള്ള ഒട്ടേറെപ്പേര്‍ അവിടെ പണിയെടുക്കുന്നുണ്ട്.' വരുന്നത് ദല്‍ഹിയില്‍ നിന്നാണെന്നും അന്വേഷിച്ചിട്ട് വിളിക്കാമെന്നും പറഞ്ഞ് അവിടെ നിന്ന് രക്ഷപ്പെട്ടു.
അതൊരു ബൈശാഖിയിലെ സന്ധ്യയായിരുന്നു. പ്ലാസിയിലെ പടക്കളത്തില്‍ വെള്ളക്കാരന്റെ വിജയസ്തംഭം ശിരസ്സുയര്‍ത്തി നിന്നു. ബീഗം മേരി ബിശ്വാസ് പറയുന്നുണ്ട്. ബംഗാളിന്റെ ഇന്നലകള്‍, ഭാവി. ആ ഭാവിയുടെ ഇങ്ങേയറ്റത്താണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ്. അന്ന് പ്ലാസിയില്‍ റോബര്‍ട് ക്ലൈവിന്റെ മൂവായിരം പട്ടാളക്കാര്‍ തോല്‍പിച്ചത് സിറാജ് ഊദ് ദൗളയുടെ അമ്പതിനായിരത്തോളം വരുന്ന പടയേയാണ്. 1757 ജൂണ്‍ 23. വെടിക്കോപ്പുകള്‍ നനച്ചും സൈനികരെ പിന്മാറ്റിയും മീര്‍ ജാഫറും സംഘവും ഒറ്റുകാരായി. ഉമിചന്ദും ജഗത് സേട്ടും കൃഷ്ണചന്ദ്രറോയിയും എല്ലാം ചേര്‍ന്ന സംഘം. അതുവരെ സെമീന്ദാരായിരുന്ന കൃഷ്ണചന്ദ്രറോയിയെ ബ്രിട്ടീഷുകാര്‍ അതോടെ മഹരാജാ ആക്കി വാഴിച്ചു. ഇന്ത്യ ബ്രിട്ടന്റെ കോളനിയായി. ബംഗാള്‍ പലവട്ടം ക്ഷാമം കണ്ടു.
പ്ലാസി ഈ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ചര്‍ച്ചയാണ്. കൃഷ്ണചന്ദ്രറോയിയുടെ പിന്മുറക്കാരി അമൃതാ റോയി കൃഷ്ണനഗറിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ്. എതിരാളി തൃണമൂലിന്റെ തീപ്പൊരി മഹുവാ മൊയ്ത്ര. അമൃതാ റോയി പറയുന്നു. ബംഗാളിലെ ഹിന്ദുക്കളെ രക്ഷിക്കാനാണ് അന്ന് കൃഷ്ണചന്ദ്രറോയ് ബ്രിട്ടീഷുകാരെ സഹായിച്ചത്.
മറുപടി ബംഗാളി സാഹിത്യത്തിലുണ്ട്. 1876 ല്‍ നവീന്‍ ചന്ദ്ര സെന്‍ എഴുതിയ പൊളോഷിര്‍ ജുദ്ധോ എന്ന കവിത. ഈ വരികള്‍ വായിക്കാത്തവര്‍ ബാംഗാളിയുടെ ഹൃദയമറിഞ്ഞിട്ടില്ലെന്ന് ആനന്ദമഠം എഴുതിയ ബങ്കിം ചന്ദ്ര ചാറ്റര്‍ജി വിശേഷിപ്പിച്ച കവിത.
അതിലെ വരികളുണ്ട്.
ലജ്ജിക്കൂ കൃഷ്ണചന്ദ്രാ, ലജ്ജിക്കൂ ഓമിചന്ദ്
വീട്ടില്‍ വിളക്കണഞ്ഞു. ഇന്ത്യക്ക് പ്രത്യാശയറ്റു
പലാര്‍ഷിയെന്ന് ബംഗാളികള്‍ വിളിക്കുന്ന പ്ലാസിയിലെ യുദ്ധക്കളത്തില്‍ നിന്ന് ഈ തിരഞ്ഞെടുപ്പില്‍ ഒരു ഋജുരേഖയുണ്ട് കൃഷ്ണനഗറിലേക്ക്
Content Highlights: election memories by k madhu
Published: 01 Apr 2024, 03:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented