
മഹാകാലന്റെ സന്നിധിയില്‍ തിരഞ്ഞെടുപ്പ്. 2008 ഉജ്ജയിനി.നിറഞ്ഞ സന്ദിഗ്ദതകളുടെ കാലമായിരുന്നു അത്. 2003 ല്‍ ഉമാഭാരതിയെ മുന്‍നിര്‍ത്തി സര്‍വകാല റെക്കോര്‍ഡിട്ട് ബിജെപി സംസ്ഥാനം പിടിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്. 230ല്‍ 173 സീറ്റുകള്‍ 2004ല്‍ ബിജെപി നേടി. എന്നാല്‍ മൂന്ന് മുഖ്യമന്ത്രിമാര്‍ ആ അഞ്ചാണ്ടിനിടെ മധ്യഭാരതം ഭരിച്ചു. അതിലേറെ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവുമായി 2004ല്‍ അധികാരംപിടിക്കാന്‍ വന്ന ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നുവീണു. 2008 ലും മധ്യപ്രദേശ് തിരഞ്ഞെടുപ്പ് സെമിഫൈനലായിരുന്നു.
ഏകപക്ഷീയമായിരുന്നില്ല ആ തിരഞ്ഞെടുപ്പ്. ദിഗ്‌വിജയ് സിംഗും കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും ആള്‍പ്പിടിയന്മാരായി. ഗുണയിലെ ഒരു വിദൂരഗ്രാമത്തിലെ പ്രചാരണയോഗത്തിന് എത്തിയത് വൈകീട്ടാണ്. രാത്രി ഒമ്പതരയോടെ ജ്യോതിരാദിത്യ വന്നു. പിന്നെ കണ്ടത് വിസ്മയിപ്പിച്ചു. ജ്യോതിരാദിത്യ വണ്ടിയിറങ്ങിയപ്പോള്‍ ആവിടെ നില്‍ക്കുന്നവരായി ഞങ്ങളും രാജകുമാരനൊപ്പം വന്നവരും മാത്രം. ആ പുരുഷാരമത്രയും നിലത്ത് കുമ്പിട്ടു നമസ്‌കരിച്ച് രാജാവിനോടുള്ള ആദരം പ്രകടമാക്കി. മറ്റൊരു മാധ്യമങ്ങളും അവിടെ ഇല്ലാതിരുന്നതുകൊണ്ടു തന്നെ ജ്യോതിരാദിത്യ രാത്രി വൈകിയും കാത്തുനിന്ന ഞങ്ങളോട് ഉദാരമായി സംസാരിച്ചു. സിന്ധ്യയുടെ ഒറ്റ കയ്യാംഗ്യത്തില്‍ ഒരു വലിയ ജനക്കൂട്ടം നൊടിയിടെ നിശ്ശബ്ദമായി.
ബിജെപി പുതിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനില്‍ വിശ്വാസമര്‍പ്പിച്ച് ജനവിധി തേടി. അയോധ്യാ വികാരവുമായി മുരളീ മനോഹര്‍ ജോഷിയും എല്‍കെ അദ്വാനിയും വന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി കരുത്തനാവുന്ന കാലമായിരുന്നു അത്. എന്നാല്‍ ഗ്രാമീണ മധ്യപ്രദേശ് ക്ഷാമഭാരതത്തിന്റെ കണ്ണാടിയായി കണ്ണിലടിച്ചു. മൂന്നും നാലും കുടങ്ങളുമായി വെള്ളം ചുമന്നെത്തുന്ന സ്ത്രീകളുടെ ചെറുസംഘങ്ങളെ വഴിയിലെമ്പാടും കണ്ടു. രാത്രിയാത്ര അതിലേറെ ദയനീയമായിരുന്നു. അപ്രതീക്ഷിതമായി കടന്നെത്തിയ ഞങ്ങളുടെ വണ്ടിക്കു മുന്നില്‍ വഴിയോരങ്ങളില്‍ സ്ത്രീകള്‍ പെട്ടെന്നെണീറ്റു നിന്നു. അവരുടെ കണ്ണുകളില്‍ നാണക്കേടും രോഷവും നിസ്സഹായതയും പുകഞ്ഞിരുന്നു. ഒറ്റനോട്ടത്തിനപ്പുറം എല്ലാവരും തന്നെ മുഖം തിരിച്ചു. പാതിയില്‍ നിര്‍ത്തേണ്ടി വന്ന വിസര്‍ജ്ജനത്തിന്റെ വെളിയിടങ്ങളായിരുന്നു അത്.
ആ പഴയ സിനിമാപ്പാട്ടായിരുന്നു ഉജ്ജയിനിയില്‍ ചെല്ലുമ്പോള്‍ മനസ്സില്‍. ഉജ്ജയിനിയിലെ ഗായികാ ഉര്‍വശിയെന്നൊരു മാളവികാ.. ജ്യോതിര്‍ലിംഗത്തിനരികിലേക്ക് എത്താന്‍ അന്ന് ഇപ്പോഴത്തെപ്പോലെ തടസ്സങ്ങളില്ലാ. ക്ഷേത്രത്തിന് ചുറ്റുമുള്ള ദൃശ്യങ്ങളെല്ലാം പകര്‍ത്താന്‍ അനുമതി കിട്ടി. നേരേ കാലഭൈരവന് മുന്നിലേക്ക് നീങ്ങി. കാലന്റേയും കാലക്കേട് തീര്‍ക്കുന്ന മൂര്‍ത്തി. കാലം ദൈവമാകുന്ന അസാമാന്യസങ്കല്‍പം. മാര്‍ക്കണ്ഡേയനെ കഴുത്തിലെറിയാന്‍ കയറുമായി വന്ന കാലനെ തന്നെ ശൂലത്തില്‍ കോര്‍ത്ത പരമേശ്വരന്‍. കടന്നു ചെന്നപ്പോള്‍ ഞെട്ടിച്ചത് രണ്ടുവരികളായി നിരന്നിരിക്കുന്ന വ്യാപാരികളാണ്. ലോകത്തെ മുഴുവന്‍ മദ്യബ്രാന്‍ഡുകളും അവിടെ നിരത്തിവച്ചിരുന്നു. കാലഭൈരവന് പഞ്ചമകാര പൂജാവിധിയില്‍ മദ്യം വഴിപാടെന്ന് അന്നറിഞ്ഞു. ശിവലിംഗത്തില്‍ ഒഴിച്ച മദ്യം തീര്‍ത്ഥമായി കൈക്കുമ്പിളില്‍ ഏറ്റുവാങ്ങി രുചിക്കാന്‍ അവിടെയെത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തര്‍ക്ക് തെല്ലും അരുചിയില്ലായിരുന്നു.
അതിനിടെയാണ് ഉജ്ജയിനിയിലെ ദേവദാസിത്തെരുവിനെപ്പറ്റി അറിഞ്ഞത്. ഗോപാല്‍ മന്ദിറിനോട് ചേര്‍ന്ന് വിളിപ്പാടകലെ. കണ്ണന്റെ ഗോപികമാര്‍. അവിടെ ചെന്നപ്പോള്‍ മിക്ക വീടുകളുടെ വാതിലുകളിലും എഴുതി ഒട്ടിച്ചിരുന്നു.
'ഇവിടെ ഇപ്പോള്‍ മാന്യരാണ് താമസിക്കുന്നത്. ശല്യപ്പെടുത്തരുത്'
ദ്വാരകാധീശന് മുന്നിലെ ആല്‍ത്തറയില്‍ കുറച്ചുനേരം ഇരുന്നു. തണുത്ത കാറ്റു വീശിത്തുടങ്ങുന്ന കാലം. നേരം ഉച്ചയാകുന്നു. ദൃശ്യങ്ങളെടുത്ത ശേഷം അടുത്ത വീട്ടിലേക്ക് നടന്നു. മാന്യനെ ശല്യപ്പെടുത്താതെ വയ്യ. മുട്ടിവിളിച്ചു. ആദ്യം ഒരു സ്ത്രീയും പിന്നാലെ ഒരു ചെറുപ്പക്കാരനും വന്നു. പരിചയപ്പെട്ടു രമേശ് ചന്ദ്ര യാദവ്. ഉജ്ജയിനില്‍ തന്നെ വ്യാപാരി.. അന്ന് കടയില്‍ അനിയനെ ഇരുത്തി ഒഴിവെടുത്തതാണ്.
'ഇപ്പോള്‍ ദേവദാസികളില്ല. കുംഭമേളയ്ക്ക് മുന്‍പുതന്നെ എല്ലാവരേയും ഒഴിപ്പിച്ചു. ഉമാഭാരതിയായിരുന്നു മുഖ്യമന്ത്രി. കുംഭമേളയ്ക്ക് വരുന്ന സന്യാസിമാര്‍ക്കും ഭക്തര്‍ക്കും ദേവദാസികള്‍ ശല്യക്കാരാകുമെന്ന് പറഞ്ഞു. എല്ലാത്തിനേയും ഓടിച്ചുവിട്ടു. ഇപ്പോള്‍ അവര്‍ ആരുമില്ല. എന്നാലും പഴയ ഓര്‍മ്മയില്‍ പലരും രാത്രി വാതിലില്‍ വന്നു മുട്ടും. അത് ഒഴിവാക്കാനാണ് ബോര്‍ഡ് വച്ചിട്ടുള്ളത്.'
നായ്ക്കളുണ്ട് സൂക്ഷിക്കുക, പരസ്യം പതിക്കരുത്, ഇവിടെ മാലിന്യം ഇടരുത്, പാര്‍ക്കിംഗ് പാടില്ല തുടങ്ങി മുമ്പേ കണ്ടിട്ടുള്ള എണ്ണമറ്റ വീട്ടുബോര്‍ഡുകള്‍ മനസ്സിലൂടെ കടന്നുപോയി. ഇത് ആദ്യം, 'പാര്‍ക്കുന്നത് മാന്യന്മാരാണ്'. കൊള്ളാം.
മാധ്യമങ്ങളുടെ വിശ്വാസം നഷ്ടമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിതമായി ശ്രമം ആരംഭിച്ചിട്ടില്ലാത്ത കാലം. സംഘടിത വെറുപ്പിന്റെ അകാരണ ഇരയാവാന്‍ മാധ്യമപ്രവര്‍ത്തകര്‍ വിധിക്കപ്പെട്ടത്് പിന്നീടാണ്. മാധ്യമങ്ങളെ വിശ്വാസമുണ്ട്. ആ നട്ടുച്ചക്ക് രമേശ് ഒപ്പം വന്നു. രമേശിനോട് ചോദിച്ചു.

'പഴയ താമസക്കാര്‍ ഇപ്പോള്‍ എവിടെയാണ്? '
'ചിലര്‍ മരിച്ചുപോയി. ചലര്‍ വഴിവക്കില്‍ ഇടപാടുകാരെ കാണുന്നു. മറ്റു പലരേയും പിന്നീട് കണ്ടിട്ടേയില്ല.. '
ഒന്നു നിര്‍ത്തി രമേശ് തുടര്‍ന്നു.
'നിങ്ങള്‍ക്കറിയാമോ? ഇറക്കിവിടപ്പെട്ട ദേവദാസികളുടെ ശാപമാണ് ഉമാഭാരതിയെ മധ്യപ്രദേശില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയത് എന്നായിരുന്നു അക്കാലത്ത് ഇവിടുത്തെ പറച്ചില്‍'
ഉമാഭാരതിയെ ആദ്യമായി കാണുന്നത് 1993 ലാണ്. തൃശൂരില്‍ വച്ച്. അന്ന് ചോദ്യം ചോദിച്ചപ്പോള്‍ അവര്‍ നിര്‍ദാക്ഷിണ്യം പറഞ്ഞു.
നിങ്ങളോ? ജേണലിസ്റ്റാവാന്‍ പറ്റുന്നതിനേക്കാളും തീരെ ചെറുപ്പം'
ഗുളികന്‍ കളിക്കുന്ന നാവില്‍ ഉടന്‍ മറുപടി വന്നു.
'നിങ്ങളുമതേ, സന്യാസിനിയാവാന്‍ പ്രായമായിട്ടില്ല.'
അന്ന് പിന്നെ എല്ലാ ചോദ്യങ്ങള്‍ക്കും അവര്‍ മറുപടി നല്‍കി. ഉമാഭാരതി പിന്നീട് ബിജെപിയില്‍ നിന്ന് തന്നെ പുറത്തായി.
രമേശ് ഞങ്ങളോട് പറഞ്ഞു.
'തൊട്ടപ്പുറത്ത് കവലയില്‍ ഈ തെരുവ് ഭരിച്ചിരുന്ന ദേവദാസി ഉണ്ട്. താര. ഇപ്പോള്‍ ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ തിന്നും. മിക്കപ്പോഴും നോര്‍മലല്ല. അവരെ കാണാന്‍ മാത്രം ഈ തെരുവില്‍ ആളു വന്ന കാലമുണ്ടായിരുന്നു. മറ്റു പലയിടങ്ങളില്‍ നിന്നും. ഇപ്പോള്‍ കണ്ടാല്‍ പഴയ ആളെന്ന് പറയാനേ പറ്റില്ല'
' പോയിനോക്കാം'
ഞാന്‍ പറഞ്ഞു.
കാളിദാസന്റെ ഉജ്ജയിനിയാണ്. ഭോജരാജാവ് വിളിച്ചപ്പോള്‍ സ്തനശിവനെ പൂജിച്ച് വ്രതം മുടക്കാതെ ഹാജരായ കവിയുടെ ദാസിത്തെരുവ്. ഗസ്നിയിലെ മുഹമ്മദ് കൊണ്ടു പോയ ക്ഷേത്രവാതില്‍ തിരിച്ചുപിടിച്ച രാജാവിന്റെ കഥകളുണ്ടിവിടെ. ശിപ്രാ നദിക്കരയിലെ പന്തീരാണ്ടു കൂടുമ്പോഴുള്ള കുംഭമേളയുടെ തിരക്ക് എത്രയോ കാലമായി കാണുന്ന മണ്ണ്. സന്യാസിമാരും ഭക്തരും നിസ്വരും സമ്പന്നരും കുംഭമേളയ്ക്കെത്താറുണ്ട്. കുളിക്കാറുണ്ട്. ആത്മീയതയുടെ സ്നാനഘട്ടങ്ങള്‍. തിളച്ചാര്‍ക്കുന്ന മോഹങ്ങളേ അകലം പാലിക്കുക, പല പല തീണ്ടാപ്പാടുകള്‍.. ആ ഉത്തരവിട്ടത് ഒരു സന്യാസിനി മുഖ്യമന്ത്രിയായപ്പോള്‍. ഓര്‍ത്തപ്പോള്‍ കൗതുകം തോന്നി.
' ദാ , താര'
പെട്ടെന്ന് രമേശ് പറഞ്ഞു. ആ ചൂണ്ടുവിരലറ്റത്തെ ദിശാനീളത്തില്‍ ഒരു വൃദ്ധ. അരികെ കൊഴുത്തൊഴുകുന്ന ഓട. അപ്പുറത്തെ തെരുവുതീറ്റിശാലയുടെ മാലിന്യങ്ങള്‍ ഒഴുകിപ്പോവുന്നത്. അടുക്കാനാവാത്ത നാറ്റം.
രമേശ് പറഞ്ഞു.
'ഞാന്‍ വരില്ല. ചോദിക്കാനുളളത് നിങ്ങള്‍ ചോദിച്ചോളൂ.'
എനിക്ക് സംശയമായി. വീട്ടില്‍ പോയി മുട്ടിയതിന് ഗോപാലപുരത്തെ മാന്യന്‍ പണി തരുന്നതാണോ?
' ഇവരോ ? പത്തറുപത് വയസ്സോളം പ്രായമുളള ഇവരേ നാലാണ്ട് മുമ്പത്തെ വിലാസവതി? '
അന്നേരം രമേശ് ചിരിച്ചു. 'ഞാന്‍ സത്യമാണ് പറയുന്നത് സാബ്. ഇവര്‍ക്ക് പരമാവധി നാല്‍പതു വയസ്സേ പ്രായമുണ്ടാകൂ. നാലാണ്ടത്തെ തെരുവു ജീവിതം നല്‍കിയ വാര്‍ദ്ധക്യമാണിത്. സൂക്ഷിക്കണം. ചിലപ്പോള്‍ തെറിവിളിച്ചേക്കും. ചിലപ്പോള്‍ ഭക്ഷണം ചോദിക്കും'
അടുത്ത നേരത്തെ ഭക്ഷണം എപ്പോള്‍ എന്നറിയാതെ ജീവിച്ച കാലം എനിക്കുമുണ്ട്. പച്ചവെള്ളം കുടിച്ച,് ദുരഭിമാനത്തിന്റെ ഏമ്പക്കം വിട്ട്, അലഞ്ഞ അഹങ്കാരകാലം. പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ പഴയൊരു ഫോട്ടോഗ്രാഫര്‍ പറഞ്ഞു.
'നീ ചത്തില്ലേ, രണ്ടാഴ്ചക്കപ്പുറം ജീവിക്കില്ലെന്ന് വിചാരിച്ച് അന്ന് ഞാന്‍ നിന്റെ ഒരു പടം പിടിച്ചു വച്ചിരുന്നു.'
ഇല്ലാ, ഇനിയും മരിച്ചിട്ടില്ല.
റോഡ് മുറിച്ചുകടന്ന് ഞങ്ങള്‍ താരയ്ക്കരികിലേക്ക് നീങ്ങി. പുറത്തു നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി.
പിന്നെ നേരേ ചെന്ന് അവരോട് സംസാരിച്ചു. അവര്‍ തെറിവിളിച്ചു. ഞങ്ങളെയല്ല, ഉമാഭാരതിയെ. പിന്നെ ദ്വാരാകാധീശനെ. പിന്നെ കണ്ടവരെയൊക്കെ. അന്നേരം അവിടെ ഉണ്ടായിരുന്നവര്‍ അറപ്പോടെ ഞങ്ങളെ നോക്കി. വഴിപോക്കര്‍ പുലഭ്യം വിളിച്ചു. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന വിവരം കെട്ട ദാസനെ കവി കാളിദാസനാക്കിയ വഴിയോരത്ത് ഞാന്‍ നിന്നു. എന്തു ചെയ്യേണ്ടൂ എന്നറിയാതെ. ചോദ്യങ്ങള്‍ വരണ്ട മനസ്സോടെ. മുന്നില്‍ അളിഞ്ഞമണ്ണില്‍ ചേറില്‍ പുതഞ്ഞ് താര. അമ്പാടിക്കണ്ണന്റെ ഗോപിക. ദേവന്റെ ദാസി. അവര്‍ കൈനീട്ടി. ഞാന്‍ കൊടുത്ത പുതിയ നോട്ടിലേക്ക് അവരൊന്നു നോക്കി. പിന്നെ അത് നീളത്തില്‍ രണ്ടായി മടക്കി. താഴെ അഴുക്കുചാലിലേക്ക് ആ കൈ നീണ്ടു. ഒഴുകി വന്ന ഭക്ഷ്യാവശിഷ്ടം അവര്‍ ആ നോട്ടു കൊണ്ട് തോണ്ടിയെടുത്തു. എന്നിട്ട് എന്നെനോക്കിയൊന്നു ചിരിച്ചു. ഞാന്‍ നേരേ അപ്പുറത്തെ കടയിലേക്ക് ചെന്നു. കടലാസുപ്ലേറ്റിലെ സമോസയുമായി വീണ്ടും താരയ്ക്കരികിലേക്ക് ചെന്നു. അതിലൊന്ന് അവര്‍ തിന്നാന്‍ തുടങ്ങി. നേരത്തേ കൊടുത്ത നോട്ട് ഓടവക്കില്‍ കിടന്നിരുന്നു. ചെളിയില്‍ കുതിര്‍ന്ന്. അനാഥമായി.
രമേശ് യാദവ് പറഞ്ഞു
'കരയുന്നതെന്തിന് സാബ്. ആ തേവിടിശ്ശി നിങ്ങളെയല്ലല്ലോ ദ്വാരകാധീശനെയല്ലേ തെറിവിളിച്ചത്?'
ശിവരാജ് സിംഗ് ചൗഹാന്‍ ആ തിരഞ്ഞെടുപ്പിലും അധികാരത്തിലെത്തി. ഒരു കുംഭമേള കഴിഞ്ഞ് പിന്നേയുമൊരു കുംഭമേളയ്ക്കുള്ള ഒരുക്കത്തിലാണ് ശിപ്രാനദിക്കരയില്‍ ഉജ്ജയിനി. ഇത്തവണത്തെ മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയെന്നോണം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പാര്‍ക്ക് പോലുള്ള ക്ഷേത്രസമുച്ചയത്തിനകത്ത് എല്ലാ അറിയുന്നുണ്ടാവണം മഹാകാലന്‍, എല്ലാം..
Content Highlights: election memories by k madhu
Published: 03 Apr 2024, 02:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented