
ഉത്തരേന്ത്യയില്‍ അയോധ്യ ഒരു വട്ടം കൂടി തരംഗമാകുന്ന ഈ തിരഞ്ഞെടുപ്പു കാലത്ത് ഓര്‍മകള്‍ ഭാഗല്‍പ്പുരിലെത്തി. ഫിറോസാ ബീവി എന്ന വൃദ്ധയിലേക്ക്. ബിഹാറിലെ ഈച്ചരവാര്യരായ സ്ത്രീ.
വാര്‍ത്തകള്‍ വായിച്ചു തുടങ്ങുന്ന കാലത്താണ് ഈച്ചരവാര്യരെ അറിയുന്നത്. അടിയന്തിരാവസ്ഥക്ക് പിന്നാലെ. അറിവുകളെല്ലാം ആര്‍ത്തിയോടെ തേടുന്ന കാലം. പുതിയ പേരുകള്‍ നിറയുകയായിരുന്നു. സഞ്ജയ് ഗാന്ധി, രുക്സാന സുല്‍ത്താന, തുര്‍ക്ക്മാന്‍ഗേറ്റ്, രാജ്നാരായണ്‍, മൊറാര്‍ജി ദേശായി, ജെപി, ജോര്‍ജ് ഫെര്‍ണാണ്ടസ്. ഒന്നാം പേജില്‍ മുകളിലെ ബുക് സ്റ്റാളിന്റെ പരസ്യം തൊട്ട് സ്പോര്‍ട്സ് പേജിലെ പൊട്ടുവാര്‍ത്തകള്‍ വരെ. പത്രം തിന്നുന്ന കാലം.
അങ്ങനെ പത്തു വയസ്സു തികയും മുമ്പേ ഭാഗല്‍പ്പുര്‍ കൗതുകമായി. സുപ്രീം കോടതിയിലെ ജസ്റ്റിസ് ഭഗവതിയായിരുന്നു കാരണം. ഭഗവതി എന്ന് മനുഷ്യന് പേരുണ്ടാവുമോ? ഭഗവതി പുരുഷനാണ്! ഈ പേരുകള്‍ പത്രത്തില്‍ നിറഞ്ഞത് ഭാഗല്‍പ്പുരിലെ കേസുമായി ബന്ധപ്പെട്ടാണ്. മനുഷ്യത്വമില്ലായ്മയുടെ ഭാഗല്‍പ്പുര്‍ കണ്ണുകുത്തിപ്പൊട്ടിക്കല്‍ കേസായിരുന്നു അന്നത്തെ പ്രധാന ചര്‍ച്ചാ വിഷയം.
എവിടെയെന്നറിയാത്ത ഈ സ്ഥലം പിന്നേയും മനസ്സിനെ അസ്വസ്ഥമാക്കി. കിഴക്കന്‍ യൂറോപ്പില്‍ നിന്ന് കമ്യൂണിസം പടിയിറങ്ങുന്ന എണ്‍പതുകളുടെ അവസാനത്തില്‍. സോവിയറ്റ് യൂണിയന്‍ തന്നെ ശിഥിലമാവുന്ന കാലത്ത് ഭാഗല്‍പ്പുര്‍ വര്‍ഗീയകലാപത്തില്‍ നിന്നുകത്തി. ആയിരത്തിലേറെ പേരുടെ കുരുതി.
എല്ലാ വര്‍ഗീയ കലാപങ്ങളും ആസൂത്രിതമാണ്. ഭരണകൂടത്തിന്റെ സഹായമില്ലാതെ ഒരു കലാപത്തിനും ഒരു നാളിനപ്പുറം ഇന്ത്യയില്‍ ആയുസ്സ് നീട്ടിക്കിട്ടില്ല. ഭാഗല്‍പ്പുര്‍ കലാപവും സമാനമായിരുന്നു.
പിന്നേയും രണ്ടു പതിറ്റാണ്ട് കഴിഞ്ഞാണ് ഭാഗല്‍പ്പുരിലെത്തിയത്. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പ്. മഹാഭാരതത്തിലെ അംഗരാജ്യമാണ് ഇപ്പോഴത്തെ ഭാഗല്‍പ്പുര്‍ മേഖല. ഇതിഹാസത്തിലെ കര്‍ണന്റെ നാട്. കര്‍ണിക എന്ന ഭാഷയെ പുനരുജ്ജീവിപ്പിക്കാന്‍ ഭാഗല്‍പ്പുര്‍ സര്‍വകലാശാല ശ്രമിക്കുന്ന കാലം.
17 വിചാരണത്തടവുകാരുടെ കണ്ണു കുത്തിപ്പൊട്ടിച്ച ഭാഗല്‍പ്പുര്‍ ജയിലിന്റെ ദൃശ്യങ്ങള്‍ ചെന്നപാടേ പകര്‍ത്തി. പക്ഷേ ഇരകളില്‍ ആരേയും കണ്ടെത്താനായില്ല. ആ കഥ അറിയാനുമായില്ല ഒടുവില്‍ നിരാശനായി മടക്കം. അടുത്ത വര്‍ഷം ടൈംസ് ഓഫ് ഇന്ത്യ പട്ടേല്‍ സാഹിനേയും ഉമേഷ് യാദവിനേയും ദേവരാജ് ഖത്രിയേയും കണ്ടെത്തി. ചാക്കു സൂചികൊണ്ട് കുത്തിപ്പൊട്ടിച്ച കണ്ണില്‍ ആസിഡൊഴിച്ച് പൊള്ളിച്ച കണ്ണില്ലായ്മയുടെ ഇരകളെ കാണാനാവാതെ ഞങ്ങള്‍ വിഷണ്ണരായി.
ഭാഗല്‍പ്പുരിലെ വിഖ്യാത സാരികളുടെ നെയ്ത്തുകാരേയും മാറുന്ന കാലത്ത് ദയനീയമായി തകരുന്ന തറികളേയും പിന്നീട് കണ്ടു. 89 ലെ കലാപം ഭാഗല്‍പ്പുരില്‍ വീണ്ടും വികാരമാവുകയാണെന്ന് അവരോട് സംസാരിച്ചപ്പോള്‍ മനസ്സിലായി. പല കേസുകളിലും പ്രഖ്യാപിക്കപ്പെട്ട പുനരന്വേഷണം വോട്ടാവും. ലോഗായിനില്‍ പോകലായിരുന്നു ലക്ഷ്യം. ഇനി കോളി ഫ്ളവര്‍ കൂട്ടക്കൊലയുടെ ഓര്‍മകളിലേക്ക് പോവാം. നാലായിരത്തോളം വരുന്ന അക്രമികള്‍ 116 പേരെ കൊന്ന് കുഴിച്ചിട്ട് മുകളില്‍ കാബേജും ക്വാളിഫ്ളവറും നട്ടപാടത്തേക്ക് പോവാം. അതിനിടെ സ്ഥാനാര്‍ഥി ഷാനവാസ് ഹുസ്സൈന്‍ കാണാമെന്ന് സമ്മതിച്ചു. അതിനാല്‍ ലൊഗായീന്‍ യാത്ര പാര്‍വതിയിലേക്ക് മാറ്റി. നഗരപ്രാന്തം തന്നെ. അവിടെ ഫിറോസാ ബിവിയുണ്ടായിരുന്നു.
പണ്ട് വായിച്ച ഭാഗല്‍പ്പുര്‍ കലാപത്തിന്റെ തീവ്ര രാഷ്ട്രീയങ്ങള്‍ അപ്പോഴേക്കും ഹൃദിസ്ഥമാക്കിയിരുന്നു. മാസങ്ങള്‍ നീണ്ട അവിശ്വാസവും വിദ്വേഷവും ഇന്ധനമാക്കിയ കൂട്ടക്കൊല. ഹിന്ദുക്കളും മുസ്ലീങ്ങളും ഇടചേര്‍ന്നതായിരുന്നു പാര്‍വതി മേഖല. മുഹറം മുതല്‍ മേഖല അസ്വസ്ഥമായി. പിന്നാലെ ഹിന്ദക്കുളുടെ ബിസഹരി ആഘോഷം വന്നു. കേരളത്തിലെ ആയില്യം പൂജ പോലെയുള്ള നാഗാരാധന. മാനസാ ദേവിക്ക് അര്‍ച്ചനയും നിമജ്ജനവും. അത് പക്ഷേ കലാപമാവാതെ ഒതുങ്ങി.
പുകയുന്ന ഭാഗല്‍പ്പുരിനെ കത്തിക്കാനുള്ള വിറകും ചുമന്ന് രാമശിലായാത്ര വന്നു. പാര്‍വതിയില്‍ നിന്ന് തതാര്‍പുര്‍ വഴി ഗോശാലയിലേക്ക്. ആദ്യയാത്ര വിദ്വേഷ മുദ്രാവാക്യമില്ലാതെ കടന്നുപോയി. അടുത്തത് വലുതും ആസൂത്രിതവും. വാക്കുകളില്‍ വിഷം ചീറ്റി അതിലേറെ പുകഞ്ഞ് ഇരുഭാഗവും മുഖാമുഖം നിന്നു.. വൈകാതെ നാടന്‍ ബോംബുകള്‍ പൊട്ടി.
പിന്നെ പൊട്ടിത്തെറിച്ചത് മതമാണ്. കൊള്ള, കൊള്ളിവെപ്പ്, കൊല. 1989 ല്‍ ഭാഗല്‍പ്പുരിന്റെ കണ്ണുകള്‍ മതം കുത്തിപ്പൊട്ടിച്ചു. മാസങ്ങള്‍ നീണ്ട കലാപം. പലയിടത്തും കുപ്രസിദ്ധരായ ബിഹാര്‍ പോലീസ് അക്രമികള്‍ക്ക് കൂട്ടുനിന്നു. ചിലപ്പോഴൊക്കെ അക്രമികള്‍ തന്നെയായി. 1946 ലെ കലാപത്തില്‍ ഭാഗല്‍പ്പുര്‍ കത്തിയപ്പോള്‍ അന്നത്തെ ഇടക്കാല പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു.
' നമുക്ക് ആദ്യം ഈ ഭ്രാന്ത് നിര്‍ത്താം. തര്‍ക്കങ്ങള്‍ പിന്നീട്.'
1989 ല്‍ അങ്ങനെ പറയാന്‍ നെഹ്‌റുവിന്റെ പേരക്കുട്ടി രാജീവ് ഗാന്ധിക്ക് കഴിഞ്ഞില്ല. നിരാഹാരമിരിക്കാന്‍ ഗാന്ധിജിയും അവശേഷിച്ചില്ല. നീതിയെ കുഴിച്ചുമൂടി ഭാഗല്‍പ്പുരിലെ ക്രിമനല്‍ സംഘങ്ങള്‍ അഴിഞ്ഞാടി. പാര്‍വതിയിലെ ഫിറോസാബീവിയുടെ വീട്ടിലേക്ക് ഒരു നട്ടുച്ചയ്ക്ക് അക്രമികളെത്തി.
രണ്ടു പതിറ്റാണ്ടുകളോളമുള്ള ഓര്‍മകളുമായി മുന്നില്‍ ഫിറോസാ ബീവി നിന്നു. ഇടുങ്ങിയ ഗലിയിലെ ഇടത്തുവശത്തെ വീട്ടിലേക്ക് ക്യാമറ കണ്ട് ആളുകള്‍ തടിച്ചു കൂടി. നീലച്ചായം തേച്ച വാതിലിന് പിന്നില്‍ വെള്ളക്കുമ്മായം തേച്ച മുറി.
'ഇതിനുള്ളിലാണ് മുന്ന കിടന്നിരുന്നത്. ബന്ധുക്കളായ രണ്ടു കുട്ടികള്‍കൂടി വന്നിരുന്നു. അവന് നല്ല പനിയുണ്ടായിരുന്നു. പുറത്ത് പോകാൻ കഴിയാത്ത കാലമല്ലേ. എല്ലാവരും ഇടകലര്‍ന്നു കഴിയുന്ന പാര്‍വതിയില്‍ അക്രമം ഉണ്ടാവില്ലെന്ന് കരുതി. അവന്‍ ദാ ഇത്രയ്‌ക്കേ ഉണ്ടായിരുന്നുള്ളൂ'
അക്രമികള്‍ പണി കഴിഞ്ഞു പോയി. മൂന്നു ജഡങ്ങള്‍ ആ നിലത്ത് കിടന്നു.
വര്‍ഗീയ കലാപം നടന്ന ഒട്ടേറെ സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. അവിടെയല്ലാം പൊതുവായി കാണാവുന്ന ഒന്നുണ്ട്. ഹോളിക്കാലത്തെ പീച്ചാങ്കുഴലു പോലെ പൊട്ടിച്ച് ചീറ്റുന്ന ചായം മാത്രമാണ് മതം. പലപ്പോഴും ലക്ഷ്യം ഭൂമിയാണ്. റിയല്‍ എസ്റ്റേറ്റ് തൊട്ട് വ്യവസായം വരെ. ഉന്നമിടുന്നവര്‍ കലാപത്തില്‍ ഇരകളോ പ്രത്യക്ഷ വേട്ടക്കാരോ ആവില്ല.
ഭാഗല്‍പ്പുരിലെ ആ കലാപം ബിഹാറിന്റെ രാഷ്ട്രീയത്തെ അതിവേഗം മാറ്റി. ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസ്സിലുള്ള വിശ്വാസം പരിപൂര്‍ണമായും വറ്റി. പിന്നാലെ മണ്ഡല്‍ കമ്മീഷന്‍ കൂടിയായതോടെ പിന്നാക്കവിഭാഗങ്ങളും പുതിയ രക്ഷകരെ കണ്ടു. ജഗന്നാഥ് മിശ്ര മാറി ലാലു പ്രസാദ് യാദവ് വന്നു. ജാതി സമവാക്യങ്ങള്‍ മാറി.
മുന്‍ കലാപത്തിന്റെ ഇരകള്‍ അപ്പോഴും നീതി തേടി അലഞ്ഞു. ലാലുവിന്റെ അനുയായി കാമേശ്വര്‍ യാദവ് ആയിരുന്നു പാര്‍വതിയിലെ അക്രമങ്ങള്‍ക്ക് പിന്നില്‍. കേസന്വേഷണം പോലും വഴിമുട്ടി. എടുത്ത കേസുകള്‍ കോടതിയില്‍ എത്തിയതേയില്ല.
അപ്പോള്‍ ഫിറോസാ ബീവി പുറത്തിറങ്ങി. ഇന്ത്യയില്‍ പലയിടത്തായി എപ്പോഴും ഉയരുന്ന അതേ ആവശ്യവുമായി.
'ഈ ഗതി ഇനിയൊരമ്മയ്ക്കും ഉണ്ടാവരുത്.'
തൃശൂരിലെ ചേര്‍പ്പിലാണ് പണ്ട് ഈച്ചരവാര്യര്‍ ഈ ആവശ്യവുമായി പ്രസംഗിച്ചത്. ഇനിയൊരച്ഛനും ഈ ഗതി വരരുതേ എന്ന് ആ അധ്യാപകന്‍ പറഞ്ഞു. എല്ലാ ദിവസവും കുട്ടികളോട് മണിക്കൂറുകളോളം പ്രഭാഷണം നടത്തിയിട്ടും ഇടറാത്ത മാഷിന്റെ തൊണ്ട ആ സമയം ഇടറിയെന്ന് പിറ്റേന്ന്, എഴുപതുകളുടെ രണ്ടാം പാതിയില്‍, പത്രങ്ങള്‍ എഴുതി.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ അമ്പതു വയസ്സുള്ള ഒരമ്മ അധികാരത്തിന്റെ സമസ്തഭാവങ്ങളും തനിക്ക് എതിരേയെന്ന് അറിഞ്ഞുകൊണ്ടു തന്നെ ഭാഗല്‍പ്പുരിലിറങ്ങി. ജാതിബിഹാറിന്റെ ശ്രേണീഗണനകളില്‍ ഫിറോസാ ബീവി എന്ന അമ്മ ഏറ്റവും അവസാനമാണ്. സ്ത്രീ, മുസ്ലീം, നിരക്ഷര, ദരിദ്ര. മറുവശത്ത് ഭഗല്‍പ്പുരിലെ അക്രമികള്‍ക്ക് ജാതി തുണ. യാദവരും കുര്‍മികളും. ലാലുപ്രസാദ് യാദവിനും നിതീഷ് കുമാര്‍ യാദവിനും വേണ്ടപ്പെട്ടവര്‍. ഫിറോസാ ബീവിയുടെ ഉള്ളില്‍ അപ്പോഴും ചൂടാറാത്ത മകന്റെ ജഡം മാത്രം. അവര്‍ മനസ്സിനെ അസ്ത്രം കണക്കെ നിവര്‍ത്തിയെടുത്തു.
നീതിപീഠങ്ങളുടെ വരാന്തകളില്‍ മുഷിഞ്ഞ ജീവിതവും കീറിയ ഉടുപ്പുമായി അലഞ്ഞു. നീതിദേവതയുടെ കണ്ണുകള്‍ അടഞ്ഞു തന്നെ കിടന്നു. കാമേശ്വര്‍ യാദവിന് സംവിധാനങ്ങള്‍ തുണ. ഭാഗല്‍പ്പുര്‍ പ്രത്യേക കോടതി അയാളടക്കമുള്ളവരെ വെറുതേ വിട്ടു
'മുന്ന മിടുക്കനായിരുന്നു. അവനുണ്ടെങ്കില്‍ എനിക്കൊരു ധൈര്യം കിട്ടും. എന്നോട് എന്റെ കുട്ടിക്ക് എത്ര സ്‌നേഹമായിരുന്നു. അവന്റെ മുഖം വികൃതമാക്കിയിരുന്നു. ചിരിക്കുന്ന മുന്നയെ ഓര്‍ക്കുമ്പോള്‍ തന്നെ ആ അവസാന കാഴ്ചയും ഓര്‍ക്കും' ഫിറോസാ ബീവി പറഞ്ഞു
അതെ, ആ ഓര്‍മയില്‍ അവര്‍ നടന്നു. മേല്‍ക്കോടതികളിലേക്ക്. മാറിമാറി വന്ന സര്‍ക്കാരുകള്‍ കാമേശ്വറിനെ കാത്തു. സാമുദായിക സൗഹാര്‍ദം കാത്തുസൂക്ഷിച്ച കാമേശ്വറിനെ ഭാഗല്‍പ്പുര്‍ പോലീസ് പ്രകീര്‍ത്തിച്ചു. 2006 ല്‍ കാറ്റു മാറി വീശി. നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഭാഗല്‍പ്പുര്‍ കലാപത്തിലെ 27 കേസുകളില്‍ പുനരന്വേഷണം പ്രഖ്യാപിച്ചു. മുഹമ്മദ് ഖയ്യൂം എന്ന കൗമാരക്കാരനെ കൊന്ന കേസില്‍ കാമേശ്വര്‍ യാദവ് കുറ്റക്കാരനെന്ന് വിധിച്ചു. കുറ്റവാളികളില്‍ പത്തു പേര്‍ക്ക് ജീവപര്യന്തം.
'മുന്നയ്ക്കുവേണ്ടിയാണ് ഞാന്‍ അലഞ്ഞത്. എന്റെ കുട്ടിക്ക് മറ്റാരുണ്ട്?'
ഫിറോസാ ബീവി ചോദിച്ചു. ആ കുട്ടിയെ മറവു ചെയ്തിട്ട് അപ്പോഴേക്കും രണ്ടു പതിറ്റാണ്ടുകള്‍ കടന്നുപോയിരുന്നു. പര്‍ബതി എന്ന് നാട്ടുകാര്‍ വിളിക്കുന്ന പാര്‍വതിയുടെ തെരുവിലൂടെ ഒരു തണുത്ത കാറ്റു കടന്നുപോയി..
ആ തിരഞ്ഞെടുപ്പില്‍ ഭാഗല്‍പ്പുര്‍ സവിശേഷമായ കൗതുകമായിരുന്നു. രാമശിലായാത്രയുടെ പേരില്‍ കലാപം നടത്തിയവര്‍ക്ക് ഇരകള്‍ വോട്ടു ചെയ്യുന്ന വൈരുദ്ധ്യം. ഷാനവാസ് ഹുസ്സൈന്‍ നിതീഷ് കുമാറിന്റെ പിന്തുണയുമായി ജയിച്ചു കയറി. കോണ്‍ഗ്രസ് വിഹാരങ്ങള്‍ ആ ഗംഗാതടത്തില്‍ നിര്‍ജനമായി.
ഒമ്പതു വര്‍ഷവും എട്ടു മാസവും കഴിഞ്ഞ് കാമേശ്വര്‍ യാദവ് കുറ്റക്കാരനല്ലെന്ന് പാറ്റ്‌നാ ഹൈക്കോടതി വിധിച്ചു. നിതീഷും ലാലുവും ബി.ജെ.പി നേതാക്കളുമായുള്ള ബന്ധമാണ് വിധിക്കു പിന്നിലെന്ന് ആരോപണം വന്നു. 2017 ല്‍ ജയിലില്‍ നിന്ന് പുറത്തു വന്ന കാമേശ്വര്‍ യാദവ് പാര്‍വതിയിലെ ഭൂതനാഥക്ഷേത്രത്തിലും കാളീ മന്ദിരത്തിലും ആരതിയുഴിഞ്ഞു. ഇനി ബി.ജെ.പിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി.
2004 ല്‍ കെ കരുണാകരന്‍ ഡി.ഐ.സികെയുടെ കൊടി തൃശൂരില്‍ ഉയര്‍ത്തിയപ്പോഴാണ് അവസാനമായി ഈച്ചരവാര്യരെ കണ്ടത്. ടെലിവിഷനില്‍ കെ മുരളീധരന്‍ സംസാരിക്കുന്നു. പൊയ്‌പ്പോയ മകനെക്കുറിച്ചുള്ള പൊള്ളുന്ന ഓര്‍മകളുമായി വാര്യര്‍ മാഷ് ഇരുന്നു. വളരെ കുറച്ചേ അന്ന് സംസാരിച്ചുള്ളൂ.
അതേ പോലെ , അകത്തേക്ക് ഒലിച്ചുപെയ്യുന്ന കണ്ണീരുമായി, ഫിറോസാ ബീവി അന്നു മുന്നില്‍ നിന്നു. നിശ്ശബ്ദമായി. ഒരുപാട് കാര്യങ്ങള്‍ ഉറക്കെപ്പറഞ്ഞുകൊണ്ട്. അപമാനം ഭയന്ന് കുന്തീദേവി ഒഴുക്കിവിട്ട ആദ്യജാതനെ രാജാവാക്കിയ ഭാഗല്‍പ്പൂരിന്റെ കഥ ഇതിഹാസത്തിലേതാണ്. മതവിദ്വേഷത്തിന്‍െ ഉന്മാദമൂര്‍ച്ഛയില്‍ അക്രമികള്‍ ജീവന്‍ കവര്‍ന്ന മകന്റെ മാനത്തിനായി യുദ്ധം ചെയ്ത ഈ അമ്മ ഇതിഹാസമാണ്. ഭഗല്‍പ്പൂരിലെ ഈച്ചരവാര്യര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ? അറിഞ്ഞുകൂടാ.
Content Highlights: election memmories by k madhu
Published: 11 Apr 2024, 04:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented