ടിയന്തരാവസ്ഥ കഴിഞ്ഞുള്ള 1977-ലെ പൊതുതിരഞ്ഞെടുപ്പില്‍ ദയനീയമായ പരാജയം ഏറ്റുവാങ്ങിയശേഷം ഒരു പുനര്‍ജന്മത്തിന് വഴിയന്വേഷിച്ചു നില്‍ക്കുകയായിരുന്നു ഇന്ദിരാഗാന്ധി. സ്വന്തം മണ്ഡലമായിരുന്ന റായ്ബറേലിയില്‍ പോലും അവര്‍ തോല്‍പ്പിക്കപ്പെട്ടു. അന്ന് കര്‍ണാടകം ഒരു കോണ്‍ഗ്രസ്‌ കോട്ടയായിരുന്നു. അടിയന്തരാവസ്ഥക്കെതിരായ രാഷ്ട്രീയ കൊടുങ്കാറ്റിനെ തടഞ്ഞുനിര്‍ത്തിയ സംസ്ഥാനം. ഇന്ദിരാഗാന്ധിയെ എങ്ങിനെയും പാര്‍ലമെന്റില്‍ എത്തിക്കണമെന്ന് പാര്‍ട്ടിയില്‍ ചര്‍ച്ച വന്നപ്പോള്‍ മുഖ്യമന്ത്രി ദേവരാജ് അര്‍സ് അവരെ കര്‍ണാടകത്തിലേക്ക്  ക്ഷണിച്ചു. ചിക്കമഗളൂരുവില്‍ നിന്നുള്ള ലോക്‌സഭാംഗം സി.ബി. ചന്ദ്രഗൗഡയെ രാജിവെപ്പിച്ച് ഒരു ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കി.

To advertise here,

1978ൽ ഞാന്‍ കോഴിക്കോട് ബ്യൂറോയില്‍ ഒരു ജൂനിയര്‍ ലേഖകനാണ്. എന്നെയാണ് ചിക്കമഗളൂരു തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പത്രാധിപര്‍ വി.പി. രാമചന്ദ്രന്‍ അയച്ചത്. കൂടെ ഫോട്ടോഗ്രാഫര്‍ ടി. രാജന്‍ പൊതുവാളും ഉണ്ടായിരുന്നു. മാതൃഭൂമിയുടെ ജീപ്പെടുത്താണ് ഞങ്ങള്‍ പോയത്. ചിക്കമഗളൂരുവിലെത്തി ഒരു ലോഡ്ജില്‍ മുറിയെടുത്തു. തൊട്ടടുത്ത മുറിയില്‍ ദേശാഭിമാനിയുടെ തിരുവനന്തപുരം ലേഖകന്‍ കെ. മോഹനന്‍ ആയിരുന്നു. അദ്ദേഹം പിന്നീട് ദേശാഭിമാനിയുടെ പത്രാധിപരും സി.പി.എമ്മിന്റെ രാജ്യസഭാംഗവുമായി. ചിക്കമഗളൂരു അങ്ങാടിയിലെ നാടന്‍ ലോഡ്ജാണ്. ഫോണ്‍ സൗകര്യം മുറിയിലില്ല റിസപ്ഷന്‍ കൗണ്ടറില്‍ മാത്രമേയുളളു. അതു തന്നെ വലിയ സൗകര്യം. പോസ്റ്റ് ഓഫീസില്‍  ചെന്ന് ടെലിപ്രിന്ററില്‍ അയക്കാം. ഫോണ്‍ ചെയ്യാനുളള സൗകര്യവും ഉണ്ട്. ഞാന്‍ ലോഡ്ജിലെ ഫോണിനേക്കാള്‍ ഏറെ പോസ്റ്റ് ഓഫീസിനെയാണ് ആശ്രയിച്ചത്. ഒരു വിധം വാര്‍ത്തകളൊക്കെ ടെലഫോണില്‍ കോഴിക്കോട്ടെ ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു കൊടുക്കും. ഓരോ ദിവസവും വരേണ്ട പ്രധാന വാര്‍ത്ത ടെലിപ്രിന്റര്‍ വഴിയും. വൈകി പ്രസിദ്ധീകരിക്കാവുന്നവ പോസ്റ്റലായും അയക്കും. ഇന്നത്തെപ്പോലെയുള്ള കമ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ അന്നില്ലല്ലോ. വാര്‍ത്ത ശേഖരിക്കുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ സമയം അന്ന് വാര്‍ത്ത അയക്കാന്‍ വേണമായിരുന്നു. വാര്‍ത്ത കോഴിക്കോട്ട്  കിട്ടുന്നതു വരെ ടെന്‍ഷനാണ്.

ലോഡ്ജില്‍ രാവിലെ നല്ല കാപ്പി കിട്ടും. ആ പ്രദേശം മുഴുവന്‍ പരക്കുന്ന കാപ്പിമണം. കേരളത്തെ പോലെ ചോറും കറിയും കിട്ടുന്ന റസ്‌റ്റോറന്റുകള്‍ ചിക്കമഗളൂരു അങ്ങാടിയില്‍ കണ്ടില്ല. ബെൽത്തങ്ങാടിയില്‍ ചെന്നപ്പോഴാണ് ചോറും കറിയുമൊക്കെ കിട്ടിയത്. ചിക്കമഗളൂരുവില്‍ റാഗി കൊണ്ടുള്ള ഉണ്ടയും ചപ്പാത്തിയും ഉരുളക്കിഴങ്ങു കറിയും കൊണ്ട് തൃപ്തിപ്പെടണം. നല്ല മട്ടന്‍ കറിയും ചിക്കന്‍ കറിയും കിട്ടുന്ന അപൂര്‍വ്വം റസ്‌റ്റോറന്റുകളും ഉണ്ട്.

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ അതിമനോഹരമായ ഒരു ഹില്‍സ്റ്റേഷനാണ് ചിക്കമഗളൂരു. 'കൊച്ചുമകളുടെ സ്വദേശം' എന്ന് മലയാളത്തില്‍ പറയാം. കൊച്ചുമകളെ കാണാന്‍ പോകാന്‍ ഒരു പ്രത്യക താല്‍പര്യം കാണുമല്ലോ. കൊടുംവനങ്ങള്‍, മഞ്ഞുപുതച്ച മലകള്‍, വെള്ളച്ചാട്ടങ്ങള്‍, കണ്ണെത്താദൂരം കാപ്പിത്തോട്ടങ്ങള്‍. ഇന്ത്യയില്‍ കാപ്പി ആദ്യമായി കൃഷിചെയ്ത സ്ഥലം ചിക്കമഗളൂരുവാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. 1670-ല്‍ ബാബ ബുദന്‍ എന്ന മുസ്ലീം പുരോഹിതന്‍ ലെബനനില്‍നിന്നു കൊണ്ടുവന്ന കാപ്പിക്കുരു ആണത്രെ ഇപ്പോള്‍ ബാബാ ബുദന്‍ഗിരി എന്നു വിളിക്കപ്പെടുന്ന മലയുടെ താഴ്‌വാരത്തില്‍ കുഴിച്ചിട്ടത്. അതാണ് പിന്നെ മറ്റിടങ്ങളിലേക്ക് വ്യാപിച്ചതും തെക്കെ ഇന്ത്യക്കാരുടെ ഇഷ്ടപാനീയമായതും. 

എട്ട് നിയമസഭാമണ്ഡലങ്ങള്‍ ഉള്‍പ്പെട്ട ചിക്കമഗളൂരു ലോക്‌സഭാ മണ്ഡലത്തിന്റെ ഒരറ്റത്തുനിന്ന് എതിരറ്റത്തേക്കു സഞ്ചരിക്കയാണെങ്കില്‍ കോഴിക്കോട്ടുനിന്ന് ആലപ്പുഴയിലെത്തുന്ന ദൂരം കാണും എന്ന് ഞങ്ങള്‍ താമസിക്കുന്ന ലോഡ്ജിന്റെ മാനേജര്‍ പറഞ്ഞു. കുറച്ചുകാലം അദ്ദേഹം ആലപ്പുഴയില്‍ ഉണ്ടായിരുന്നു. രാത്രി നല്ല തണുപ്പാണ്. സമുദ്രനിരപ്പില്‍നിന്ന് 1900-ല്‍പരം മീറ്റര്‍ ഉയരെ നില്‍ക്കുന്ന മുല്ലാനഗിരി കൊടുമുടി വലിയ ടൂറിസ്റ്റ് ആകര്‍ഷണമാണ്. 

ശൃംഗേരി മഠം

ആദിശങ്കരാചാര്യര്‍ സ്ഥാപിച്ച ശ്രീശാരദാപീഠം ഉള്‍പ്പെടുന്ന ശൃംഗേരി, ചിക്കമഗളൂരു ലോക്‌സഭാ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലമാണ്. തുംഗഭദ്രാ നദിയുടെ കരയില്‍ ഇരുഭാഗത്തുമായി തലയെടുപ്പോടെ നിലകൊള്ളുന്ന ഒരു ആത്മീയ കേന്ദ്രം. ആദിശങ്കരന്‍ ഭാരതത്തിന്റെ കിഴക്ക്, പടിഞ്ഞാറ്, വടക്ക് തെക്ക് ഭാഗങ്ങളിലായി സ്ഥാപിച്ച നാല് പീഠങ്ങളില്‍ ഒന്നാണ് ശൃംഗേരി. ശൃംഗേരി മഠസമുച്ചയത്തില്‍ ശാരദാ പ്രതിഷ്ഠയടക്കം വിവിധ ക്ഷേത്രങ്ങള്‍ ഉണ്ട്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള സന്ന്യാസിമാര്‍ അവിടെയുണ്ട്. വേദം പഠിക്കാനായി വിദ്യാര്‍ഥികള്‍ ഉണ്ട്. സംസ്‌കൃത പാഠശാല ഉണ്ട്. മഠത്തിലെ പ്രധാന സഹായികളില്‍ ഒരാളായ പാലക്കാട് സ്വദേശി ഗോപാലകൃഷ്ണന്‍ സ്വാമിയുടെ സഹായത്തോടെ മഠാധിപതി ജഗദ്ഗുരു അഭിനവ വിദ്യാതീര്‍ഥ മഹാസ്വാമികളേയും തിരുമേനിയുടെ ശിഷ്യനും ഇപ്പോഴത്തെ മഠാധിപതിയും ആയ വിദ്യാതീര്‍ഥ മഹാസ്വാമികളെയും ദര്‍ശിക്കാന്‍ കഴിഞ്ഞു. ഇന്ദിരാഗാന്ധി അനുഗഹം വാങ്ങാന്‍ വന്നിരുന്നതായി ഗോപാലകൃഷ്ണന്‍ സ്വാമി പറഞ്ഞു. തുംഗഭദ്രയില്‍ മുങ്ങി ശാരദാപീഠം ദര്‍ശിക്കുവാന്‍ ചിക്കമഗളൂരു റിപ്പോര്‍ട്ടിങ് അവസരമായി.       

വീരേന്ദ്ര പാട്ടീല്‍

ചിക്കമഗളൂരുവില്‍ ഇന്ദിരാഗാന്ധിയുടെ എതിര്‍സ്ഥാനാര്‍ഥി ജനതാപാര്‍ട്ടിയുടെ വീരേന്ദ്ര പാട്ടീല്‍ ആയിരുന്നു. ചിക്കമഗളൂരുവില്‍ ലിംഗായത്ത് സമുദായത്തിനുള്ള സ്വാധീനം കണക്കിലെടുത്തായിരിക്കണം ലിംഗായത്ത് പ്രമുഖനായ പാട്ടീലിനെ തന്നെ ജനതാപാര്‍ട്ടി അവിടെ സ്ഥാനാര്‍ഥി ആക്കിയത്. അന്നത്തെ ജനതാപാര്‍ട്ടി നേതൃനിരയില്‍ ഒരു വന്‍തോക്ക് തന്നെയാണ് നേരത്തെ കര്‍ണാടകയില്‍ മുഖ്യമന്ത്രിയായിരുന്ന വീരേന്ദ്ര പാട്ടില്‍. ചിക്കമഗളൂരു ഉപതിരഞ്ഞടുപ്പ് ഇരുവിഭാഗത്തിനും ജീവന്മരണ പ്രശ്‌നമാണ്. അടിയന്തരാവസ്ഥ ഉപയോഗിച്ച് തങ്ങളെയൊക്കെ ജയിലിലിട്ട ഇന്ദിരാഗാന്ധി ഇനി പാര്‍ലമെന്റ് കാണാന്‍ പാടില്ല എന്ന വാശി ജനതാപാര്‍ട്ടിക്ക്. സ്വന്തം മണ്ഡലത്തില്‍ പോലും തോല്‍പിക്കപ്പെട്ട തങ്ങളുടെ പരമോന്നത നേതാവിനെ പാര്‍ലമെന്റില്‍ എത്തിക്കണമെന്ന ആഗ്രഹം കോണ്‍ഗ്രസിന്. പൊരിഞ്ഞ പോരാട്ടം എന്നു തന്നെ പറയാം. മണ്ഡലത്തിന്റെ ഏതു മുക്കില്‍ ചെന്നാലും കൊടികള്‍ കൊണ്ടും ബാനറുകള്‍ കൊണ്ടും മത്സരം കാണാം. അന്ന് ബാനറുകളായിരുന്നു. ഇന്നത്തെ പോലെ ഫ്‌ളക്‌സുകള്‍ കാണില്ല. പോസ്റ്ററുകള്‍ വിരളം. 

placeholder
ഇന്ദിരാഗാന്ധി| Photo: Mathrubhumi archives 

ജനതാപാര്‍ട്ടിയുടെ പ്രചാരണങ്ങളില്‍ ഇന്ദിരാഗാന്ധിയോടുള്ള വൈരം പ്രകടമായിരുന്നു. എന്നാല്‍ വീരേന്ദ്ര പാട്ടില്‍ വ്യക്തിപരമായ ആക്രമണങ്ങളോട് യോജിച്ചില്ല. അതു വേണ്ടെന്ന് അദ്ദേഹം പ്രധാന പ്രചാരകരോട് പറഞ്ഞതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഒരു ജെന്റില്‍മാന്‍ രാഷ്ടീയക്കാരനായാണ് പാട്ടില്‍ അറിയപ്പെട്ടിരുന്നത്. അദ്ദേഹം പിന്നീട് കോണ്‍ഗ്രസ്സിലേക്കു മാറുകയും കോണ്‍ഗ്രസ് മുഖ്യമന്ത്രിയാവുകയും ചെയതു. പാര്‍ട്ടി മാറുകയും മാറിയതിന്നു പിറ്റേന്നു തന്നെ ചേര്‍ന്ന പാര്‍ട്ടിയുടെ തലപ്പത്തെത്തുകയും ചെയ്യുന്ന സാഹചര്യം കേരളത്തില്‍ കാണാറില്ല. കര്‍ണാടകത്തില്‍ പലരേയും അങ്ങിനെ കാണാം. കോണ്‍ഗ്രസ് നേതാവായിരുന്ന എസ്. ബംഗാരപ്പ ജനതാ പാര്‍ട്ടിയിലും തിരിച്ച് കോണ്‍ഗ്രസിലും അവസാനം സമാജ് വാദി പാര്‍ട്ടിയിലും പോയി. മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞത് കോണ്‍ഗ്രസില്‍ മാത്രം. ഇപ്പോഴത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ, ജനതാദള്‍ എസില്‍ ആയിരുന്നു. അവിടെ രണ്ടാമനായിരുന്ന അദ്ദേഹം കോണ്‍ഗ്രസ്സില്‍ നേരെ ഒന്നാം സ്ഥാനത്തേക്കാണ് വന്നത്.

ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ ബക്കറ്റ് പിരിവ്

ചിക്കമഗളൂരുവില്‍ ഞങ്ങളെത്തിയ ദിവസം അങ്ങാടിയില്‍ ബക്കറ്റ് പിരിവിന് ഇറങ്ങിയതായിരുന്നു അന്ന് കേന്ദ്ര വ്യവസായമന്ത്രിയായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. വീരന്ദ്ര പാട്ടീലിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് ഫെര്‍ണാണ്ടസ് ആയിരുന്നു. ചിക്കമഗളൂരുവിലെ അന്നത്തെ അങ്ങാടി ഒന്നു ചുറ്റിത്തിരിയാന്‍ ഒരു മണിക്കൂര്‍ തന്നെ ധാരാളം. ഉച്ചതിരിഞ്ഞാണ് ഫെര്‍ണാണ്ടസും സംഘവും ബക്കറ്റുകളുമായി എത്തിയത്. രണ്ടു മണിക്കൂര്‍ ചെലവിട്ടപ്പോള്‍ ഫെര്‍ണാണ്ടസിന്റെ ബക്കറ്റുകള്‍ മൂന്നുനാലെണ്ണം നിറഞ്ഞു. നോട്ടുകളും നാണയങ്ങളും. ഇന്ദിരാഗാന്ധി തന്റെ തിരഞ്ഞെടുപ്പു ചെലവിന് കുബേരന്മാരില്‍നിന്നും വിദേശത്ത് നിന്നും പണം വാങ്ങുമ്പോള്‍ തങ്ങള്‍ സാധാരണക്കാരില്‍നിന്നും ചെറുകിട കച്ചവടക്കാരില്‍നിന്നുമാണ് ശേഖരിക്കുന്നത് എന്ന് ഫെര്‍ണാണ്ടസ് പറഞ്ഞു. എങ്കിലും രണ്ടു മണിക്കൂറിന്നുളളില്‍ നാലു ബക്കറ്റു നിറയെ നോട്ടുകള്‍! 

സദാ ഊര്‍ജസ്വലനായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അസാമാന്യ സംഘാടകന്‍ ആയിരുന്നു. സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള അദ്ദേഹം മുംബൈയിലെ തൊഴിലാളി പ്രസ്ഥാനത്തിലാണ് വളര്‍ന്നത്. മംഗലാപുരത്തു ജനിച്ച അദ്ദേഹം പാര്‍ലമെന്റിലെത്തിയത് മുംബെയില്‍നിന്നും ബിഹാറിലെ മുസഫര്‍പൂരില്‍നിന്നും നളന്ദയില്‍നിന്നുമാണ്. മുംബൈ നഗരമണ്ഡലത്തില്‍ എസ്.കെ. പാട്ടീലിനെ തോല്‍പിച്ചു കൊണ്ടാണ് ജയന്റ് കില്ലര്‍ എന്ന ഖ്യാതിയുടെ അരങ്ങേറ്റം. ചിക്കമഗളൂരുവില്‍ സ്ഥാനാര്‍ഥി വീരേന്ദ്ര പാട്ടില്‍ ആണെങ്കിലും മത്സരം ജോര്‍ജ് ഫെര്‍ണാണ്ടസും ഇന്ദിരാഗാന്ധിയും തമ്മില്‍ എന്ന പ്രതീതിയാണ് ഉണ്ടാക്കിയത് 

ഇന്ദിരയും ജനതാപാര്‍ട്ടിയും തമ്മില്‍ പൊടിപാറുന്ന മത്സരം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ ഇന്ത്യാരാജ്യം മുഴുവന്‍ ചിക്കമഗളൂരുവിലേക്കു ഒഴുകുകയായിരുന്നു. മാതൃഭൂമിയുടെ കാസര്‍കോട് ലേഖകനായിരുന്ന ദിവംഗതനായ കെ.എം. അഹമ്മദ് നേരത്തെ വന്നു ബുക്ക് ചെയ്ത കാരണമാണ് ഞങ്ങള്‍ക്ക് ഒരു ലോഡ്ജ് മുറി കിട്ടിയത്. അഹമ്മദ് തുടക്കത്തില്‍ ചിക്കമഗളൂരു തിരഞ്ഞെടുപ്പ് രംഗത്തെപ്പറ്റി എഴുതിയിരുന്നു.

ഇ.എം.എസ്.

ദിവസേനയെന്നോണം രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന പൊതുയോഗങ്ങളും പത്രസമ്മേളനങ്ങളുമൊക്കെ ഉണ്ടാകും. ഒരു ദിവസം ഇ.എം.എസ് നമ്പൂതിരിപ്പാട് പ്രസംഗിക്കുന്നു. കൂടെ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും ഉണ്ട്. ഇ.എം.എസ്. വരുന്നുണ്ടെന്ന് രാവിലെ മോഹന്‍ചേട്ടന്‍ പറഞ്ഞിരുന്നു. അന്നത്തെ ലീഡ് ഇ.എം.എസ് ആക്കാമെന്ന് മനസ്സില്‍ ഉറച്ചു. പ്രസംഗിക്കുന്നതിന്നിടയില്‍ ഒരാള്‍ ഒരു ടെലി പ്രിന്റര്‍ കോപ്പി അദ്ദേഹത്തിനു നല്‍കി. സദസിനു വേണ്ടി അദ്ദേഹം അത് വായിച്ചു. എ.കെ. ആന്റണി കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവെച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടി (കോണ്‍ഗ്രസ്സ് സ്വരണ്‍ സിങ്) ചിക്കമഗളൂരുവില്‍ ഇന്ദിരാഗാന്ധിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. 1979-ല്‍ ഇന്ദിരയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ആന്റണി, ഇന്ദിരയുടെ എതിര്‍പക്ഷത്താണ് നിന്നത്. ആന്റണി പക്ഷത്തിന്റെ പ്രസിഡന്റ് സ്വരണ്‍ സിങ് ആയിരുന്നു.  രാജന്‍ കേസ്സിന്റെ പേരില്‍ കെ.കരുണാകരന്റെ രാജിക്കു ശേഷം 1977 ഏപ്രില്‍ 27 മുതല്‍ ഒന്നര വര്‍ഷക്കാലമായി ആന്റണിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന മുന്നണി സര്‍ക്കാരില്‍ സി.പി.ഐ., മുസ്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ്, ആര്‍.എസ്.പി. എന്നീ കക്ഷികള്‍ ആണ് ഉണ്ടായിരുന്നത്. പ്രതിപക്ഷത്ത് സി.പി.എമ്മും കരുണാകരന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഐയും ജനതാ പാര്‍ട്ടിയും ആയിരുന്നു. ആന്റണിയുടെ രാജിക്കുശേഷം സി.പി.ഐ. നേതാവ് പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി. ഇന്ദിരാ ഗാന്ധിക്കെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്ന തന്റെ പാര്‍ട്ടിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച എ.കെ. ആന്റണിയെ ഇ.എം.എസ്. പുകഴ്ത്തി. ആന്റണിയുടെ ആദര്‍ശ പ്രതിച്ഛായയെ ഇ.എം.എസ്. ആദ്യമായി അംഗീകരിക്കുകയായിരുന്നു.

വീരേന്ദ്രകുമാറിന്റെ കന്നഡ പ്രസംഗം

ചിക്കമഗളൂരു ലോക്‌സഭാമണ്ഡലത്തില്‍ പെട്ട കാഡൂര്‍ അങ്ങാടിയിലെ ഒരു ഭക്ഷണശാലയിലേക്കു കയറിയപ്പോഴാണ് കേരളശബ്ദത്തിന് വേണ്ടി എത്തിയ നാരായണനെ കാണുന്നത്. അദ്ദേഹം പറഞ്ഞു- വീരേട്ടന്‍ (എം.പി. വീരേന്ദ്ര കുമാര്‍) ഇവിടെയുണ്ട്. നാളെ ബൽത്തങ്ങാടിയില്‍ ആണ്. വരുന്നോ എന്നു ചോദിച്ചു. ബൽത്തങ്ങാടി ചിക്കമഗളൂരു ലോക്‌സഭാ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലമാണ്. സിനിമാതാരം ഐശ്വര്യ റായിയുടെ ജന്മസ്ഥലം. പിറ്റേ ദിവസം വീരേന്ദ്രകുമാര്‍ സാറിന്റെ കാറില്‍ ബൽത്തങ്ങാടിയിലേക്കു പുറപ്പെട്ടു. അന്ന് ആദ്യമായാണ് അദ്ദേഹത്തിന്റെ കൂടെ സഞ്ചരിക്കുന്നത്. പിന്നെ എത്രയെത്ര യാത്രകള്‍ അദ്ദേഹത്തോടൊപ്പം പോയിരിക്കുന്നു. അന്ന് അദ്ദേഹം മാതൃഭൂമിയില്‍ മാനേജിങ് ഡയറക്ടര്‍ ആയിട്ടില്ല. കാഡൂരില്‍നിന്ന് മൂന്നു മണിക്കൂര്‍ യാത്രയുണ്ട് ബൽത്തങ്ങാടിയിലേക്ക്. മലമ്പാതയാണ്. കാടിന് നടുവിലൂടെ മലയിറക്കം. പരിസ്ഥിതിയെ പറ്റി സംസാരിക്കാന്‍ സാറിന് താല്‍പര്യം. അതു കഴിഞ്ഞു രാഷ്ട്രീയം. അടിയന്തരാവസ്ഥകാലത്തെ ഒളിവുജീവിതം. നാനാവിഷയങ്ങളില്‍ അദ്ദേഹം വ്യാപരിച്ചു കൊണ്ടിരുന്നു. ഞാനും നാരായണനും എന്തൊക്കയോ മണ്ടത്തരങ്ങള്‍ പറഞ്ഞു. എന്തെങ്കിലുമൊക്കെ പറയണ്ടേ എന്നു വിചാരിച്ചു പറഞ്ഞതാണ്. പക്ഷേ, അദ്ദേഹത്തിന് ഒരു അസ്വസ്ഥതയും ഉണ്ടായില്ല മറിച്ച് ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. 

അന്നു വൈകുന്നേരം ജോര്‍ജ് ഫെര്‍ണാണ്ടസ് ബൽത്തങ്ങാടി ടൗണില്‍ സംസാരിക്കുന്നുണ്ടായിരുന്നു. യോഗം അലങ്കോലപ്പെട്ടു. കോണ്‍ഗ്രസ് യോഗം കലക്കിയെന്നാണ് ആരോപണം. പോലീസിനെ ജനതാ പാര്‍ട്ടിക്കാര്‍ കല്ലെറിഞ്ഞുവെന്നും തുടര്‍ന്ന് ലാത്തിചാര്‍ജ് ഉണ്ടായെന്നുമാണ് കോണ്‍ഗ്രസിന്റെ മറുപടി. ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റവരില്‍ രണ്ട് പ്രമുഖ വനിതകള്‍ ഉണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ട സോഷ്യലിസ്റ്റ് സഹയാത്രികയും പ്രശസ്ത സിനിമാതാരവുമായിരുന്ന സ്‌നേഹലത റെഡ്ഡിയുടെ മകള്‍ നന്ദനയും സുഹൃത്ത് രാജി ഈപ്പനുമായിരുന്നു അവര്‍. നന്ദന എഴുത്തുകാരിയും ജനതാ പാര്‍ട്ടിയുടെ തീപ്പൊരി നേതാവും ആയിരുന്നു. രാജി കേരളത്തില്‍ പഴയ സോഷ്യലിസ്റ്റ് നേതാവായിരുന്ന ഇ.പി. ഈപ്പന്റെ മകളാണ്. അവരെ കാണാന്‍ വീരേന്ദ്രകുമാര്‍ സാറിനോടൊപ്പം ഞങ്ങളും ആശുപത്രിയില്‍ ചെന്നു. മുറിയില്‍ ജോര്‍ജ് ഫെര്‍ണാണ്ടസും ഇരിക്കുന്നുണ്ട്. രാജിയുടെ ദേഹത്ത് അടിയേറ്റ ചുവന്ന പാടുകളുണ്ട്. നന്ദനയുടെ നെറ്റിയില്‍ ബാന്‍ഡേജുണ്ട്. ബള്‍ത്തങ്ങാടിയില്‍ ചെറുകിട കച്ചവടക്കാരും തോട്ടം തൊഴിലാളികളുമായി കുറേ മലയാളികള്‍ ഉണ്ടെന്ന് രാജി പറഞ്ഞു. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റവരിലും ഏതാനും മലയാളികള്‍ ഉണ്ട്. പിറ്റേന്ന് വൈകുന്നേരം അവിടെ പ്രതിഷേധയോഗം. ജോര്‍ജ് ഫെര്‍ണാണ്ടസിനോടൊപ്പം വീരേന്ദ്രകുമാര്‍ പ്രധാന പ്രാസംഗികന്‍. ആദ്യമായാണ് കന്നഡ ഭാഷയില്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുന്നത്. ഒന്നും മനസ്സിലായില്ല. എങ്കിലും സദസിന്റെ പ്രതികരണം ആവേശകരമായിരുന്നു. പ്രസംഗം അവസാനിച്ചപ്പോള്‍ ഫെര്‍ണാണ്ടസ് അഭിനന്ദിച്ചു- വീരന്‍, യു. ആര്‍. ദ മെയില്‍ കാമ്പയിനര്‍ നൗ ഓണ്‍വേഡ്‌സ്. മടങ്ങുമ്പോള്‍ വീരേന്ദ്രകുമാര്‍ ഞങ്ങളോടു പറഞ്ഞു- കന്നഡയില്‍ പ്രസംഗിക്കാന്‍ കഴിയുമോയെന്ന് തോന്നിയതല്ല. കന്നഡയില്‍ തുടങ്ങി ഇംഗ്ലീഷിലേക്കു മാറാമെന്നാണ് കരുതിയത്. ആ പെണ്‍കുട്ടികളുടെ പരിക്കുകള്‍ കണ്ടപ്പോള്‍ ഞാന്‍ രോഷാകുലനായി പോയി. അതിനുശേഷം സാറിന്റെ എത്രയോ പ്രസംഗങ്ങള്‍ കേട്ടിരിക്കുന്നു. പക്ഷേ, ആ കന്നഡ പ്രസംഗം എനിക്കു മനസ്സിലായില്ലെങ്കിലും ഇപ്പോഴും മനസ്സില്‍ നില്‍ക്കുന്നു സദസ്സിന്റെ പ്രതികരണം എന്നെയും ആവേശഭരിതനാക്കി.

ഇന്ദിരയും അര്‍സും തമ്മില്‍ പിണക്കം 

തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങി ഒരാഴ്ച കഴിയുമ്പോഴേക്കും മുഖ്യമന്ത്രി ദേവരാജ് അര്‍സും ഇന്ദിരാഗാന്ധിയും തമ്മില്‍ ഒരകല്‍ച്ച രൂപപ്പെട്ടു. അര്‍സ് തന്നെ കാലുവാരുമോ എന്ന ഒരു സംശയം ഇന്ദിരാഗാന്ധിയില്‍ ഉണ്ടായി. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുഖ്യചുമതല ഇന്ദിര പ്രത്യേകം ക്ഷണിച്ചു വരുത്തിയ കെ. കരുണാകരനെയും മഹാരാഷ്ട്ര നേതാവ് വസന്ത് സാഥെയെയും ഏല്‍പിച്ചു. അവര്‍ക്കു സഹായിയായി അന്നു ചെറുപ്പമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിയും. കൂടാതെ കര്‍ണാടക നേതാക്കളായ എസ്. ബംഗാരപ്പ, ചന്ദ്രെ ഗൗഡ, ജാഫര്‍ ഷെരീഫ് എന്നിവരും. ഇന്ദിര ഒരു ദേവതയാണ് എന്നു തുടങ്ങുന്ന പ്രണബ് മുഖര്‍ജിയുടെ പ്രസംഗങ്ങള്‍ അന്നു പ്രസിദ്ധമായിരുന്നു. സായിപ്പിനെ പോലെ ചുണ്ടില്‍ പൈപ്പുമായി ചിക്കമഗളൂരില്‍ എല്ലായിടത്തും പ്രണബ് ഒരു താരമായിരുന്നു.

ഇന്ദിരാഗാന്ധിയെ ഒന്നുകാണാന്‍ ഞങ്ങള്‍ കരുണാകരന്റെ സഹായം തേടി. രാവിലെ ഏഴു മണിയോടെ ഞാനും രാജന്‍ പൊതുവാളും അവര്‍ താമസിക്കുന്ന, ഡി.ബി. ചന്ദ്രെഗൗഡയുടെ വീട്ടിലെത്തി. കരുണാകരന്‍ എത്തിയിട്ടില്ല. ഇന്ദിരാഗാന്ധി ഏതാനും പേരുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. കൂടെ ചന്ദ്രെഗൌഡയും ജാഫര്‍ ഷെരീഫും ഉണ്ട്. ഫോട്ടോ എടുക്കാന്‍ രാജന്‍ അകത്തേക്കു കടന്നു പക്ഷേ, അനുവദിച്ചില്ല. കര്‍ണാടക ജനതാ പാര്‍ട്ടിയുമായി ബന്ധമുളള ഏതോ വന്‍തോക്കുകളായിരുന്നു അകത്ത് എന്ന് ഞങ്ങള്‍ സംശയിക്കുന്നു. സംസാരിച്ചു കഴിഞ്ഞതും ഇന്ദിര കാറിലേക്കുകയറി. കൂടെ അകമ്പടി വാഹനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അവ ഇന്‍സ്പക്ഷന്‍ ബംഗ്ലാവില്‍നിന്നു കൂടെ ചേരും എന്നാണറിഞ്ഞത്. 

അല്‍പം കഴിഞ്ഞ് കരുണാകരന്‍ എത്തി. കൂടെ സഹായിയായി തൃശ്ശൂരിലെ കോണ്‍ഗ്രസ്സ് നേതാവ് പി.പി. ജോര്‍ജും ഉണ്ട്. ലീഡറുടെ വിശ്വസ്തന്‍. ഇന്ദിരാജിയെ കാണാന്‍ ഉച്ചയ്ക്കു ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ വന്നാല്‍ മതിയെന്ന് ലീഡര്‍ പറഞ്ഞു. ഞങ്ങള്‍ ഒരു മണിയോടെ അവിടെയെത്തി. ഇന്ദിരാഗാന്ധി എത്തിയിട്ടില്ല. പുറത്ത് പ്രണാബ് മുഖര്‍ജി ഏതാനും മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചുകൊണ്ടിരിപ്പുണ്ട്. അല്‍പം കഴിഞ്ഞു മുഖ്യമന്ത്രി ദേവരാജ് അര്‍സ് അകമ്പടി വാഹനങ്ങളോടെ എത്തി. ഇന്ദിരയെ കാണാനെത്തിയതാണ്. കുറേ നേരം കാത്തിരുന്നിട്ടും ഇന്ദിര എത്തിയില്ല. അര്‍സ് വന്നിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍ അവര്‍ വഴി മാറിപ്പോയതാണ് എന്ന് പിന്നീട് കേട്ടു. നേരത്തെയൊരിക്കല്‍ അര്‍സും ഇതുപോലെ ഇന്ദിരയെ നിരാശയാക്കിയിട്ടുണ്ടത്രെ. 

1977-ലെ തിരഞ്ഞെടുപ്പ്‌ കഴിഞ്ഞു പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ദിരയോടൊപ്പംനിന്ന മുഖ്യമന്ത്രി എന്ന അര്‍സിന്റെ നാട്യം വകവെച്ചു കൊടുക്കാന്‍ ഇന്ദിര തയ്യാറില്ലായിരുന്നു. ചിക്കമഗളൂരു തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ തന്നെ ഇന്ദിരാഗാന്ധി ദേവരാജ് അര്‍സിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. എസ് ബംഗാരപ്പയെ സംസ്ഥാന പ്രസിഡന്റും ആര്‍. ഗുണ്ടുറാവുവിനെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമാക്കി.

വോട്ടെണ്ണല്‍; കരുണാകരന്‍ മുഖ്യ ഏജന്റ്   
       
1978 നവംബര്‍ ആറ് ചിക്കമഗളൂരു താലൂക്ക് ഓഫീസിലായിരുന്നു വോട്ടെണ്ണല്‍. രാവിലെ എട്ടു മണി മുതല്‍ തുടര്‍ന്ന വോട്ടെണ്ണല്‍ പിറ്റേന്നു പുലര്‍ച്ച വരെ നീണ്ടു. ഓരോ ഘട്ടം എണ്ണിത്തീരുമ്പോഴും മൈക്കിലൂടെ അറിയിപ്പുവരും. ഇന്ദിരാഗാന്ധി ഇത്രയും വോട്ടിന്നു മുന്നില്‍. അറിയിപ്പുകള്‍ അതേ നിലയില്‍ തന്നെ തുടര്‍ന്നു കൊണ്ടിരുന്നു. വൈകുന്നേരമായപ്പോഴേക്കും താലൂക്ക് ഓഫീസ് പരിസരം ജനനിബിഡമായി. ഓരോ അറിയിപ്പുകള്‍ക്കു മുന്നിലും ജനം ആരവം മുഴക്കി.  ഇന്ദിര മുന്നില്‍ എന്നു മാത്രം അനൗണ്‍സ്‌മെന്റുകള്‍ വന്നു കൊണ്ടിരിക്കെ ജനതാപാര്‍ട്ടിക്കാര്‍ ക്രമേണ ഒഴിഞ്ഞു തുടങ്ങി. രാവിലെ വോട്ടെണ്ണല്‍ തുങ്ങിയപ്പോള്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് അവിടെ വന്നിരുന്നു. വോട്ടെണ്ണലിന് ഇന്ദിരയുടെ മുഖ്യ ഏജന്റ് കെ. കരുണാകരന്‍. ആയിരുന്നു. കര്‍ണാടകയില്‍ ഏറെ കോണ്‍ഗ്രസ് നേതാക്കളുണ്ടായിട്ടും ഇന്ദിര വിശ്വസിച്ചത് കരുണാകരനെ. അദ്ദേഹത്തെ സഹായിക്കാന്‍ പി.പി. ജോര്‍ജും കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ജാഫര്‍ ഷെരീഫും. 

placeholder
ഇന്ദിരാ ഗാന്ധിയും കെ. കരുണാകരനും| Photo: Mathrubhumi archives

കര്‍ണാടകത്തില്‍ ഇന്ദിരയുടെ ഏറ്റവും വിശ്വസ്തനാണ് ജാഫര്‍. കര്‍ണാടക പി.സി.സി. ഓഫീസില്‍ ഒരു ജീവനക്കാരന്‍ മാത്രമായിരുന്ന ജാഫര്‍ എങ്ങിനെ വലിയ നേതാവായി എന്നതിന്നു പിന്നില്‍ ഒരു കഥയുണ്ട്. 1969-ല്‍ എസ്. നിജലിംഗപ്പ എ.ഐ.സി.സി. പ്രസിഡന്റായിരുന്ന സമയത്ത് ബെംഗളൂരുവില്‍ ഒരു പ്രവര്‍ത്തക സമിതി യോഗം നടന്നു. കെ. കാമരാജ്, എസ്.കെ. പാട്ടീല്‍, അതുല്യ ഘോഷ്, മൊറാര്‍ജി ദേശായി, സഞ്ജീവ റെഡ്ഡി തുടങ്ങിയ മഹാരഥന്മാര്‍ പങ്കെടുത്ത യോഗം. ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാന്‍ ആലോചനയുണ്ടായി. ആ വിവരം ഇന്ദിരയ്ക്ക് ചോര്‍ത്തിക്കൊടുത്തത് ജാഫര്‍ ഷെരീഫായിന്നുവത്രെ. വിവരം അറിഞ്ഞതും ഇന്ദിരാഗാന്ധി ഡെപ്യൂട്ടി പ്രധാനമന്ത്രി മൊറാര്‍ജി ദേശായില്‍നിന്ന് ധനകാര്യ വകുപ്പ് സ്വയം ഏറ്റെടുത്തു. പാവങ്ങള്‍ക്കനുകൂലമായ തന്റെ ആശയങ്ങള്‍ അദ്ദേഹം നടപ്പാക്കുന്നില്ല എന്ന ആരോപണത്തോടെ ആയിരുന്നു ഈ വകുപ്പുമാറ്റം. പ്രധാനമന്ത്രിയുടെ ഈ നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ മൊറാര്‍ജി ദേശായി രാജിവെച്ചു. തന്റെ നടപടിയെ ശരിവെക്കാനായി ഇനിരാഗാന്ധി 14 സ്വകാര്യബാങ്കുകള്‍ ദേശസാത്കരിച്ചു. ഇന്ദിരയും മുതിര്‍ന്ന നേതാക്കളും തമ്മിലുള്ള ഒരു മല്‍പ്പിടുത്തമായി അത് നീളുകയും കോണ്‍ഗ്രസിനെ പിളര്‍പ്പിൽ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് 1971-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് (സംഘടന) എന്ന ബാനറില്‍ മത്സരിച്ച മുതിര്‍ന്ന നേതാക്കളൊക്കെ പരായപ്പെടുകയും ഇന്ദിരാപക്ഷം കോണ്‍ഗ്രസുകാര്‍ വിജയിക്കുകയും ആണുണ്ടായത്. 1971-ലെ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റ്റില്‍ കര്‍ണാടകയില്‍നിന്ന് കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരനായ ജാഫര്‍ ഷെരീഫിന്റെ പേര് കണ്ടപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അത്ഭുതപ്പെട്ടു. തനിക്കെതിരെയുളള ഗൂഢാലോചന അറിയിച്ചതിന്ന് ഇന്ദിരാഗാന്ധി ജാഫറിന് നല്‍കിയ പാരിതോഷികമായിരുന്നു അത്. ജാഫര്‍ ബെംഗളൂരുവില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട് എം.പിയായി. കര്‍ണാടക രാഷ്ട്രീയത്തില്‍ വളര്‍ന്ന് പിന്നെ കേന്ദ്ര റെയില്‍വെമന്ത്രി വരെയായി.                         

പുലര്‍ച്ചെ നാലുമണിയോടെയാണ് വോട്ടുകള്‍ എണ്ണിത്തീര്‍ന്നത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉദ്യോഗസ്ഥന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന്നു മുമ്പു തന്നെ കെ. കരുണാകരന്‍ താലൂക്ക് ഓഫീസിന്റെ മുകളില്‍ കയറിവന്നു. കെട്ടിടത്തിന് ചുറ്റുംനിന്ന ജനക്കൂട്ടത്തോട് ആഹ്ളാദത്തോടെ വിളിച്ചു പറഞ്ഞു- Indiraji has won. Majority,  more than 77000. തൊട്ടടുത്ത് നില്ക്കുകയായിരുന്ന ആജാനബാഹുവായ വസന്ത് സാഥെ കരുണാകരനെ എടുത്തു പൊക്കി 'ഇന്ദിരാജീ കീ ജയ് കരുണാകരന്‍ കീ ജയ്' എന്ന് വിളിച്ചു. താഴെ ജനം ഏറ്റുവിളിച്ചു. എവിടെ നിന്നോ കിട്ടിയ ഒരു ബ്യൂഗിള്‍ വായില്‍ വെച്ച് അദ്ദേഹം നൃത്തം ചെയ്തു. കെട്ടിടത്തിന് ചുറ്റും തിങ്ങി നിന്ന ജനവും നൃത്തം ചെയ്തു. ഈ ആഘോഷങ്ങള്‍ക്കിടയില്‍ അന്നു സൂര്യന്‍ നേരത്തെ ഉദിച്ചതു പോലെ തോന്നി. മണിക്കൂറുകളായി നില്‍ക്കുകയാണെങ്കിലും ആവേശത്തില്‍ ഇരുട്ടു നീങ്ങി നേരം പുലര്‍ന്നതറിഞ്ഞില്ല. ചിക്കമഗളൂരു ദിവസം നീണ്ട ആഘോഷങ്ങളില്‍ ലയിക്കുകയാണ്. ആ ഫോട്ടോകള്‍ കൂടി എടുത്ത ശേഷം മടങ്ങാമെന്നു കരുതി.     

കരുണാകരനും ജോര്‍ജും രാവിലെ തന്നെ കേരളത്തിലേക്ക് മടങ്ങുകയാണ്. ഫലപ്രഖ്യാപനവും ആഘോഷവും രാജന്‍ ക്യാമറയിലേക്കു പകര്‍ത്തിയിരുന്നു. ആ ഫോട്ടോകള്‍ അടങ്ങിയ റീലുകള്‍ കരുണാകരനെ ഏല്‍പിച്ചു. അത് കോഴിക്കോട്ട് മാതൃഭൂമിയില്‍ ന്യൂസ് എഡിറ്റര്‍ വി.എം. ബാലചന്ദ്രനെ (വിംസി) ഏല്‍പിക്കാമെന്ന് അദ്ദേഹം ഏറ്റു. കരുണാകരനെപ്പോലെ ഒരു ഉന്നത നേതാവിനോട് ഫോട്ടോ കൊണ്ടുപോകണമെന്ന് അഭ്യര്‍ഥിക്കാന്‍ സങ്കോചമുണ്ടായിരുന്നു. എന്നാല്‍ വളരെ സന്തോഷത്തോടെയാണ് അദ്ദേഹം ഫോട്ടോ റീല്‍ വാങ്ങിയത്. മാത്രവുമല്ല, മാതൃഭൂമി ഓഫീസില്‍ കയറിച്ചെന്ന് നേരിട്ട് ബാലചന്ദ്രന്റെ കയ്യില്‍ ഏല്‍പിച്ചു. പിറ്റേ ദിവസത്തെ മാതൃഭൂമിയുടെ ഒന്നാം പേജില്‍ വിജയാഘോഷ ഫോട്ടോകള്‍ അതിമനോഹരമായി വന്നു. 

ജയിച്ചു; പക്ഷേ... 

ചിക്കമഗളൂരില്‍നിന്ന് ജയിച്ച് ഇന്ദിര ലോക്‌സഭയില്‍ എത്തിയെങ്കിലും മൂന്നാഴ്ചയിലേറെക്കാലം അവരെ അവിടെ ഇരിക്കാന്‍ അനുവദിച്ചില്ല. മുന്‍ സഭയില്‍ പ്രധാനമന്ത്രിയുടെ അധികാരം ഉപയോഗിച്ച് മകന്‍ സഞ്ജയ് ഗാന്ധിയുടെ കാര്‍ പദ്ധതിക്കെതിരെ പാര്‍ലമെന്റില്‍ വന്ന ഒരു ചോദ്യത്തിനു മറുപടി നല്‍കാനുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതില്‍നിന്നും ഉദ്യോഗസ്ഥരെ തടഞ്ഞു എന്ന അവകാശലംഘന കുറ്റംചുമത്തി സമ്മേളന കാലാവധി കഴിയും വരെ അവരെ ജയിലിലടക്കുകയും അംഗത്വത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തു. സഞ്ജയ് ഗാന്ധിയുടെ കാര്‍ പദ്ധതിക്കു വേണ്ടി ഗവണ്‍മെന്റ് സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി എന്ന ആരോപണം സംബന്ധിച്ച ചോദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത് ബംഗാളില്‍നിന്നുള്ള സി.പി.എം അംഗം ജ്യോതിര്‍മയ് ബസു ആയിരുന്നു. ചിക്കമഗളൂരുവില്‍നിന്ന് ജയിച്ചു വന്നിട്ടും സഭയില്‍ ഇരിക്കാന്‍ അനുവദിക്കാതെ അയോഗ്യയാക്കപ്പെട്ട ആ സംഭവമാണ് 1980-ല്‍ അധികാരത്തിലേക്ക് തിരിച്ചെത്താന്‍ ഇന്ദിരയെ സഹായിച്ച സഹതാപഘടകങ്ങളിലൊന്ന്.