
400 സീറ്റില്‍ അധികം നേടി മൂന്നാമൂഴം ഉറപ്പിക്കാന്‍ എന്‍.ഡി.എ. അധികാരത്തിലേക്ക് മടങ്ങിയെത്തുക എന്നൊരൊറ്റ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി പോരിനിറങ്ങുന്ന ഇന്ത്യ സഖ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടമായ ഏപ്രില്‍ 19ന്റെ ജനവിധി ഇരു മുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമാണ്. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയുമായി ആകെ 102 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ഇതില്‍ത്തന്നെ തമിഴ്‌നാട്ടിലെ ആകെയുള്ള 39 സീറ്റുകളിലും ഇന്നാണ് വോട്ടെടുപ്പ്. എന്‍.ഡി.എയുടെ സീറ്റുകളുടെ എണ്ണം 400 കടക്കണമെങ്കില്‍, തമിഴ്‌നാട്ടില്‍ അവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചേ മതിയാകൂ. 2019-ല്‍ തമിഴ്‌നാട്ടില്‍ 38 സീറ്റുകളും നേടിയത് ഡി.എം.കെ. സഖ്യമായിരുന്നു. സമാനവിധിയാണ് ജനം ഇക്കുറിയും എഴുതുന്നതെങ്കില്‍ ഇന്ത്യ സഖ്യത്തിന് അത് നല്‍കുന്ന ആശ്വാസം ചെറുതായിരിക്കില്ല.
ഏപ്രില്‍ 19-ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ മണ്ഡലങ്ങള്‍ എന്നിവ ഇങ്ങനെയാണ്
- തമിഴ്‌നാട്- ആകെയുള്ള 39 മണ്ഡലങ്ങള്‍
- അരുണാചല്‍ പ്രദേശ്-2 (അരുണാചല്‍ പ്രദേശ് ഈസ്റ്റ്, അരുണാചല്‍ പ്രദേശ് വെസ്റ്റ്)
- അസം-5 (ദിബ്രുഗഢ്, ജോര്‍ഹട്ട്, കാസിരംഗ, ലഖിംപുര്‍, സോണിത്പുര്‍)
- മണിപ്പുര്‍ -2 (ഇന്നര്‍ മണിപ്പുര്‍, ഔട്ടര്‍ മണിപ്പുര്‍)
- മേഘാലയ-2 (ഷില്ലോങ്, തുരാ)
- സിക്കിം-1( സിക്കിം)
- മിസോറം-1 (മിസോറം),
- നാഗാലാന്‍ഡ്-1 (നാഗാലാന്‍ഡ്)
- ത്രിപുര- 1 (ത്രിപുര വെസ്റ്റ്)
- ബിഹാറിലെ ആകെയുള്ള 40 മണ്ഡലങ്ങളിലെ നാല് മണ്ഡലങ്ങള്‍ (ഔറംഗാബാദ്, ഗയ, ജമുയി, നവാഡ).
- ചത്തീസ്ഗഢിലെ ആകെയുള്ള 11 മണ്ഡലങ്ങളിലെ ഒരു മണ്ഡലം- ബസ്തര്‍
- മധ്യപ്രദേശിലെ 29 മണ്ഡലങ്ങളിലെ ആറ് മണ്ഡലങ്ങള്‍ (ചിന്ദ്വാര, ബാലാഘട്ട്, ജബല്‍പുര്‍, മാണ്ഡ്‌ല, സിദ്ധി, ഷഹ്‌ദോല്‍).
- മഹാരാഷ്ട്രയിലെ 48 മണ്ഡലങ്ങളിലെ അഞ്ച് മണ്ഡലങ്ങള്‍ (ചന്ദ്രപുര്‍, ഭണ്ഡാര-ഗോണ്ടിയ, ഗഡ്ചിറോളി-ചിമുര്‍, രാംടേക്, നാഗ്പുര്‍).
- 80 ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍ പ്രദേശിലെ എട്ട് മണ്ഡലങ്ങള്‍ ( സഹരണ്‍പുര്‍, കൈരാന, മുസാഫര്‍നഗര്‍, ബിജ്‌നോര്‍, നഗിന, മൊറാദാബാദ്, രാംപുര്‍, പിലിഭിത്ത്)
- ഉത്തരാഖണ്ഡ് (5)- തെഹ്‌രി ഗര്‍വാള്‍, ഗര്‍വാള്‍, അല്‍മോറ, നൈനിറ്റാള്‍-ഉദ്ദംസിങ് നഗര്‍, ഹരിദ്വാര്‍
- കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു ആന്‍ഡ് കശ്മീര്‍, ലക്ഷദ്വീപ്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ഐലന്‍ഡ്, പുതുച്ചേരി എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങള്‍- കൂച്ച് ബിഹാര്‍, ആലിപുര്‍ദ്വാര്‍സ ജല്‍പായ്ഗുരി.
- രാജസ്ഥാനിലെ 25 സീറ്റുകളില്‍ 12 മണ്ഡലങ്ങള്‍ (ഗംഗാനഗര്‍, ബിക്കാനീര്‍, ചുരു, ഝുന്‍ഝുനു, സികാര്‍, ജയ്പുര്‍ റൂറല്‍, ജയ്പുര്‍, ആല്‍വാര്‍, ഭരത്പുര്‍, കരൗളി-ധോല്‍പുര്‍, ദൗസ, നഗൗര്‍)
തമിഴ്‌നാട്ടിലെ അങ്കം
ഒന്നാംഘട്ടത്തില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്നത് തമിഴ്‌നാട്ടിലാണ് എന്നതില്‍ യാതൊരു സംശയവും വേണ്ട. 2019-ല്‍ 39-ല്‍ 38 സീറ്റും ഡി.എം.കെ.-കോണ്‍ഗ്രസ് സഖ്യം നേടിയിരുന്നു. എന്‍.ഡി.എ. സഖ്യത്തില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് ഒരേയൊരു സീറ്റ് മാത്രമാണ് വിജയിക്കാനായത്. ഇത്തവണയും മത്സരം ഹൈവോള്‍ട്ടേജിലാണ്. വേരാഴ്ത്താന്‍ ബി.ജെ.പിയും അതിന് അവസരം നല്കാതിരിക്കാന്‍ ഇന്ത്യ ബ്ലോക്കും തമ്മില്‍ ജീവന്മരണ പോരാട്ടമാണ് നടക്കുന്നത്. '

കോയമ്പത്തൂര്‍, ചെന്നൈ നോര്‍ത്ത്, ചെന്നൈ സൗത്ത്, ചെന്നൈ സെന്‍ട്രല്‍, കന്യാകുമാരി തുടങ്ങിയ മണ്ഡലങ്ങളിലാണ് കൂടുതല്‍ വാശിയേറിയ പോരാട്ടം നടക്കുന്നത്. കോയമ്പത്തൂരില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ ആണ്. എ.ഐ.എ.ഡി.എം.കെയ്ക്കു വേണ്ടി സിംഗൈ രാമചന്ദ്രനും ഡി.എം.കെയ്ക്കു വേണ്ടി ഗണപതി പി. രാജ്കുമാറുമാണ് കളത്തിലിറങ്ങുന്നത്. തമിഴ്‌നാട് ബി.ജെ.പി. മുന്‍ അധ്യക്ഷയും തെലങ്കാന മുന്‍ ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജനെയാണ് ചെന്നൈ സൗത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ഡി.എം.കെയുടെ തമിഴച്ചി തങ്കപാണ്ഡ്യനും എ.ഐ.ഡി.എം.കെയുടെ ജെ ജയവര്‍ധനുമാണ് എതിരാളികള്‍. തൂത്തുക്കുടി മണ്ഡലത്തില്‍ കനിമൊഴിയാണ് ഡി.എം.കെ. സ്ഥാനാര്‍ഥി. ആര്‍. ശിവസാമി വേലുമണി എ.ഐ.ഡി.എം.കെയ്ക്കു വേണ്ടിയും തമിഴ് മാനില കോണ്‍ഗ്രസിനു വേണ്ടി എസ്.ഡി.ആര്‍. വിജയശീലനും കളത്തിലുണ്ട്. ഇക്കുറി തമിഴ്‌നാട്ടില്‍ താമര വിരിയിപ്പിച്ചേ അടങ്ങൂവെന്ന വാശിയിലാണ് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരെത്തുടരെ നടത്തിയ സന്ദര്‍ശനങ്ങള്‍ ഇതിന്റെ തെളിവാണ്.

മഹാരാഷ്ട്രയിലും മധ്യപ്രദേശിലും എങ്ങിനെയാകും കാര്യങ്ങള്‍
മഹാരാഷ്ട്രയില്‍ പിളര്‍പ്പിന്റെ തളര്‍ച്ചയിലാണ് ശരദ് പവാറിന്റെ എന്‍.സി.പിയും ഉദ്ധവിന്റെ ശിവസേനയും. ഇരുകൂട്ടര്‍ക്കും കോണ്‍ഗ്രസിനും ഇത്തവണത്തേത് നിലനില്‍പ്പിന്റെ പോരാട്ടമാണിത്. മഹാവികാസ് അഘാഡി (എം.വി.എ.) സഖ്യമായി മത്സരിക്കുന്നതിലാണ് ഇവരുടെ പ്രതീക്ഷ. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി (വി.ബി.എ.), ഒരുഘട്ടത്തില്‍ മഹാവികാസ് അഘാഡിയ്‌ക്കൊപ്പം സഖ്യത്തിലാകാന്‍ ശ്രമിച്ചിരുന്നെങ്കിലും സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് അത് സാധ്യമായിരുന്നില്ല. ചില മണ്ഡലങ്ങളില്‍ വി.ബി.എ. സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇത് കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കിയേക്കാം.

ഒന്നാംഘട്ടത്തില്‍ പോളിങ് നടക്കുന്ന അഞ്ചില്‍ നാലു സീറ്റുകളും 2019-ല്‍ എന്‍.ഡി.എയാണ് നേടിയിരുന്നത്. അന്ന് ഉദ്ധവ് താക്കറേയും അവിഭക്ത ശിവസേനയും എന്‍.ഡി.എയ്ക്ക് ഒപ്പമായിരുന്നു. ഇത്തവണ ഉദ്ധവും പിളര്‍ന്ന ശിവസേനയില്‍ ഒരു ഭാഗവും മഹാവികാസ് അഘാഡിക്കൊപ്പമാണ്. ഏക്‌നാഥ് ഷിന്ദേയുടെ ശിവസേനയും അജിത് പവാറിന്റെ എന്‍.സി.പിയുമാണ് ബി.ജെ.പിയുടെ സഖ്യകക്ഷികള്‍. അനന്തരവന്‍ അജിത് പവാര്‍ നടത്തിയ മറുകണ്ടംചാടലില്‍ സ്ഥാപിച്ച പാര്‍ട്ടിയുടെ പേരും അതിന്റെ ചിഹ്നവും നഷ്ടപ്പെട്ട ശരദ് പവാറിനും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകം തന്നെയാണ്. മഹാരാഷ്ട്രയിലെ നാഗ്പുറില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ വിജയ് താക്കറെയാണ് അദ്ദേഹത്തിന്റെ എതിരാളി.

മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളലും ഇന്നാണ് വിധിയെഴുത്ത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 29 മണ്ഡലങ്ങളില്‍ ഒരേയൊരു മണ്ഡലത്തില്‍- ചിന്ദ്‌വാരയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയും മധ്യപ്രദേശ് മുന്‍ പി.സി.സി. അധ്യക്ഷനുമായ കമല്‍നാഥായിരുന്നു കാലങ്ങളായി ചിന്ദ്‌വാരയെ പ്രതിനിധീകരിച്ചിരുന്നത്. 2019-ല്‍ കമല്‍നാഥിന്റെ പിന്മാറ്റത്തോടെ നകുല്‍നാഥ് മണ്ഡലത്തില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. ഇത്തവണയും നകുലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

നേതൃത്വവുമായി ഇടഞ്ഞ കമല്‍നാഥ് ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് വലിയ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല. ഈ പശ്ചാത്തലവും ചിന്ദ്‌വാരയെ ശ്രദ്ധാകേന്ദ്രമാക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്തപരാജയവും ചിന്ദ്‌വാര ഒഴികെ എവിടെയും പ്രതീക്ഷ അര്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ അനുവദിക്കുന്നില്ല. വിവേക് ബണ്ടി സാഹുവാണ് ഇവിടുത്തെ ബി.ജെ.പി. സ്ഥാനാര്‍ഥി.
ഉത്തരാഖണ്ഡിലും രാജസ്ഥാനിലും പ്രതീക്ഷയര്‍പ്പിച്ച് ബി.ജെ.പി.
2019-ല്‍ ഉത്തരാഖണ്ഡിലെ ആകെയുള്ള അഞ്ച് സീറ്റിലും ബി.ജെ.പിക്കായിരുന്നു വിജയം. ഇത്തവണയും ഇത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് ബി.ജെ.പി. വെച്ചുപുലര്‍ത്തുന്നത്. മാത്രമല്ല, രാജസ്ഥാനിലെ 12 സീറ്റുകളിലും ബി.ജെ.പി. പ്രതീക്ഷ അര്‍പ്പിക്കുന്നു. കഴിഞ്ഞ തവണ രാജസ്ഥാനിലെ 25 സീറ്റുകളില്‍ 24-ലിലും വിജയിച്ചത് ബി.ജെ.പിയയായിരുന്നു. നഗൗറില്‍ അന്ന് എന്‍.ഡി.എ. സഖ്യകക്ഷിയായിരുന്ന ആര്‍.എല്‍.ഡിയും വിജയിച്ചു. ഇക്കുറി ആര്‍.എല്‍.ഡി. ഇന്ത്യ സഖ്യത്തിനൊപ്പമാണ്.
ആദ്യഘട്ടത്തില്‍ പോളിങ് നടക്കുന്ന രാജസ്ഥാനിലെ 12 മണ്ഡലങ്ങളിലൊന്ന് നഗൗര്‍ ആണ്. അതേസമയം രാജസ്ഥാനിലെ സഖ്യത്തിന്റെ കരുത്ത് അട്ടിമറികളും വിജയവും സൃഷ്ടിക്കാന്‍ പര്യാപ്തമാണെന്നാണ് ഇന്ത്യ സഖ്യത്തിന്റെ വിലയിരുത്തല്‍. അര്‍ജുന്‍ റാം മേഘ്‌വാള്‍, ഭൂപേന്ദ്ര യാദവ് എന്നീ കേന്ദ്രമന്ത്രിമാര്‍ ബിക്കാനിര്‍, ആല്‍വാര്‍ എന്നീ മണ്ഡലങ്ങളില്‍നിന്ന് ജനവിധി തേടുന്നുണ്ട്. ബിക്കാനീറില്‍നിന്ന് മൂന്നുവട്ടം വിജയിച്ച മേഘ്‌വാളിനെതിരേ ഗോവിന്ദ് റാം മേഘ്‌വാളിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ചുരു മണ്ഡലത്തിലെ മത്സരവും ശ്രദ്ധേയമാണ്. ഇരുവട്ടം എം.പിയായ രാഹുല്‍ കാസ്വാന്‍, ഇത്തവണ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസിലെത്തി. പാരാ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് ദേവേന്ദ്ര ഝാന്‍ഝാദിയയെയാണ് നേരിടുന്നത്.
പിലിഭിത്തില്‍ വരുണിനെ തഴഞ്ഞ ബി.ജെ.പി.
ഉത്തര്‍ പ്രദേശിലെ എട്ട് മണ്ഡലങ്ങളും ആദ്യഘട്ടത്തില്‍ വിധിയെഴുതും. ഇതില്‍ ഏറ്റവും ശ്രദ്ധേയം പിലിഭിത്തിലെ മത്സരമാണെന്ന് പറയാം. സിറ്റിങ് എം.പിവരുണ്‍ ഗാന്ധിയെ തഴഞ്ഞ് ജിതിന്‍ പ്രസാദയെയാണ് ഇക്കുറി ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് 2021-ലാണ് ജിതിന്‍ പ്രസാദ ബി.ജെ.പിയിലെത്തുന്നത്. എസ്.പി. സ്ഥാനാര്‍ഥി ഭഗവന്ത് ശരണ്‍ ഗംഗ്വാര്‍ ഇന്ത്യസഖ്യത്തിനു വേണ്ടിയും അനീസ് അഹമ്മദ് ഖാന്‍ ബി.എസ്.പിക്കു വേണ്ടിയും മത്സരരംഗത്തുണ്ട്.

മണിപ്പുര്‍ എങ്ങനെ പ്രതിഫലിക്കും?
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളും ഒന്നാംഘട്ടത്തില്‍ വിധിയെഴുതുന്നുണ്ട്. മണിപ്പുരിലെ വംശീയകലാപത്തിന്റെ മുറിവ് ഇപ്പോഴും പൂര്‍ണമായി ഉണങ്ങിയിട്ടില്ല. മണിപ്പുരിന്റെ കണ്ണീരും വിലാപവും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അലയടിക്കുമെന്നും അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നുമാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. എസ്.ടി. വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഔട്ടര്‍ മണിപ്പുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ എന്‍.പി.എഫും (നാഗാ പീപ്പിള്‍സ് ഫ്രണ്ട്) കോണ്‍ഗ്രസും തമ്മിലാണ് മത്സരം. കുകി വിഭാഗത്തിന്റെ പിന്തുണ കോണ്‍ഗ്രസിനാണ്. അതേസമയം യുണൈറ്റഡ് നാഗാ കൗണ്‍സില്‍, എന്‍.പി.എഫിനെയും പിന്തുണയ്ക്കുന്നു.

ഇന്നര്‍ മണിപ്പുരില്‍ ബി.ജെ.പി., കോണ്‍ഗ്രസ്, ആര്‍.പി.ഐ. എന്നിവരുടെ സ്ഥാനാര്‍ഥികളെ കൂടാതെ മൂന്ന് സ്വതന്ത്രരും ഉള്‍പ്പെടെ ആറുപേരാണ് മത്സരരംഗത്തുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മെയ്തി, നാഗാ വോട്ടുകള്‍ ഭിന്നിപ്പിച്ചേക്കുമെന്നത് കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇന്നര്‍ മണിപ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരും ഏപ്രില്‍ 19-ന് തന്നെ വോട്ട് രേഖപ്പെടുത്തും. എന്നാല്‍ ഔട്ടര്‍ മണിപ്പുര്‍ മണ്ഡലത്തില്‍ ഏപ്രില്‍ 19, 26 എന്നിങ്ങനെ രണ്ടുഘട്ടമായാണ് വോട്ടെടുപ്പ്. ഔട്ടര്‍ മണിപ്പുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ആകെ 28 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതിലെ 15 നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങള്‍ ഏപ്രില്‍ 19-നും ബാക്കി 13 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ഏപ്രില്‍ 26-നും വോട്ട് രേഖപ്പെടുത്തും. സാധാരണയായി ഒരു ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങള്‍ ഒരുദിവസമാണ് വോട്ട് രേഖപ്പെടുത്തുക. എന്നാല്‍ മണിപ്പുരിലെ നിലവിലെ സവിശേഷ സാഹചര്യത്തെ തുടര്‍ന്നാണ് രണ്ടുദിവസങ്ങളിലായി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
Content Highlights: loksabha election 2024 first phase 102 constituencies nda congress bjp india bloc
Published: 19 Apr 2024, 10:00 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented