
ബി.ജെ.പി.ക്ക് വോട്ടിങ് മെഷീനെ വിശ്വാസമാണ്. പ്രതിപക്ഷവും ഇന്ത്യസഖ്യത്തിനും സർവത്രസംശയമാണ്. പഴയ ബാലറ്റ് സമ്പ്രദായത്തിലേക്ക് മാറണമെന്നാവശ്യപ്പെടുന്ന പാർട്ടികളുമുണ്ട്. കോൺഗ്രസ് വൻതോൽവി ഏറ്റുവാങ്ങിയ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ പോസ്റ്റൽ ബാലറ്റുകളിലെയും ഇ.വി.എമ്മു(ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ)കളിലെയും ട്രെൻഡുവെച്ച് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങാണ് ഏറ്റവും ഒടുവിൽ ഈ സംശയം ഉന്നയിച്ചത്. ആകെയുള്ള 230 സീറ്റുകളിൽ 190 ഇടത്തും പോസ്റ്റൽ ബാലറ്റ് വോട്ടെണ്ണിയപ്പോൾ കോൺഗ്രസിനായിരുന്നു ലീഡ്. എന്നാൽ, ഇ.വി.എം. എണ്ണിയപ്പോൾ കീഴ്‌മേൽമറിഞ്ഞു. ഇതെങ്ങനെ സംഭവിക്കുമെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. മുമ്പ് എ.എ.പി. ഇ.വി.എം. ഹാക്ക് ചെയ്യാനാകുമെന്ന വെല്ലുവിളിനടത്തുകയും അത് തെളിയിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തിരുന്നു.
ഇ.വി.എമ്മിനെ സംശയിക്കുന്നതിൽ കഴമ്പുണ്ടോ. കേവലം തോൽവി മറയ്ക്കാനുള്ള അടവുമാത്രമാണോ. 100 ശതമാനവും ഇ.വി.എം. വിശ്വസനീയമാണ് എന്ന് എങ്ങനെ തെളിയിക്കും. അതിനാണ് വി.വി.പാറ്റ് എണ്ണണം എന്ന ആവശ്യം സജീവമാകുന്നത്. തിരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾമാത്രം ബാക്കി. മത്സരച്ചൂട് കനക്കുന്നതിനിടയിലാണ് വോട്ടെണ്ണുമ്പോൾ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനൊപ്പം 100 ശതമാനം വി.വി.പാറ്റ് രസീതുകൾകൂടി എണ്ണണം എന്നാവശ്യമുന്നയിച്ചുള്ള ഹർജിയിൽ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ചത്. ഒരു ലോക്‌സഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തിലെ വി.വി.പാറ്റുകൾ മാത്രം എണ്ണുന്ന രീതിയാണ് നിലവിൽ പിന്തുടരുന്നത്. എന്നാൽ, ഇതിനുപകരം വി.വി.പാറ്റുകൾ പൂർണമായും എണ്ണണമെന്നും സ്ലിപ്പുകൾ ബാലറ്റ് ബോക്സിൽ നിക്ഷേപിക്കണമെന്നുമാവശ്യപ്പെട്ട് സാമൂഹികപ്രവർത്തകനായ അരുൺകുമാർ അഗർവാൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. 2023 മാർച്ചിൽ സമാനമായ ആവശ്യമുന്നയിച്ച് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആ ഹർജിയുമായി ചേർത്താണ് ജസ്റ്റിസ് ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തീരുമാനമെടുത്തത്.
കൂടാതെ, ഒന്നിനുപിന്നാലെ മറ്റൊന്ന് എന്ന ക്രമത്തിൽ വി.വി.പാറ്റ് എണ്ണണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശത്തെയും ഹർജിയിൽ ചോദ്യംചെയ്തിട്ടുണ്ട്. അനാവശ്യമായ കാലതാമസമാണ് ഇത് ഉണ്ടാക്കുന്നതെന്നും ഒരേസമയം കൂടുതൽ വി.വി.പാറ്റ് വോട്ടുകൾ എണ്ണാൻ അനുവദിക്കുകയും വോട്ടെണ്ണാനായി ഓരോ മണ്ഡലത്തിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്താൽ മുഴുവൻ വി.വി.പാറ്റുകളും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്താണ് വി.വി.പാറ്റ്? മുഴുവൻ വി.വി.പാറ്റ് സ്ലിപ്പുകളും എണ്ണുകവഴി തിരഞ്ഞെടുപ്പിന് കൂടുതൽ സുതാര്യത ഉറപ്പുവരുത്താൻ സാധിക്കുമോ?
എന്താണ് വി.വി. പാറ്റ്
ഏതു സ്ഥാനാർഥിക്ക് വോട്ടുരേഖപ്പെടുത്തിയാലും വോട്ടെല്ലാം ഒരു ചിഹ്നത്തിലാണ് വീഴുന്നതെന്ന പരാതിവേണ്ടാ, ആർക്കാണ് താൻ വോട്ടുചെയ്തതെന്ന് വോട്ടർക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാം, തിരഞ്ഞെടുപ്പുകളിൽ ഇനി വിവാദങ്ങൾക്ക് പ്രസക്തിയില്ല എന്ന അവകാശവാദവുമായായിരുന്നു 2010-ൽ വി.വി.പാറ്റ് അഥവാ വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ എന്ന യന്ത്രത്തിന്റെ രംഗപ്രവേശം.
ഇലക്‌ട്രോണിക് വോട്ടിങ് മെഷീനൊപ്പം ഘടിപ്പിക്കുന്ന വി.വി.പാറ്റ് യന്ത്രത്തിൽ പ്രിന്ററും പ്രിന്റ് ചെയ്ത സ്ലിപ്പുകൾ സൂക്ഷിക്കുന്ന പെട്ടിയും സ്റ്റാറ്റസ് ഡിസ്‌പ്ലേ യൂണിറ്റുമടക്കം രണ്ട് ഭാഗങ്ങളാണുള്ളത്. വോട്ടർ ഇ.വി.എമ്മിൽ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാൽ വി.വി.പാറ്റിൽനിന്ന് ഒരു ചെറിയ കടലാസ് അച്ചടിച്ചുവരും. ആ സ്ലീപ്പുകളിൽ വോട്ട് ചെയ്യപ്പെട്ട സ്ഥാനാർഥിയുടെ സീരിയൽ നമ്പർ, പേര്, പാർട്ടി ചിഹ്നം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാകും. വോട്ടർമാർക്ക് താൻ ഉദ്ദേശിച്ച സ്ഥാനാർഥിക്കുതന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച് ഉറപ്പുവരുത്താം. ഇതിനായി ഏഴ് സെക്കൻഡ് സമയം ലഭിക്കും. ഏഴ് സെക്കൻഡിനുശേഷം സ്ലിപ്പുകൾ മെഷീന്റെ അടിഭാഗത്തുള്ള പെട്ടിയിലേക്ക് വീഴും തുടർന്ന് ഒരു ബീപ് ശബ്ദം മെഷീനിൽനിന്ന് കേട്ടാൽ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു എന്നർഥം. വി.വി.പാറ്റ് സ്ലിപ്പുകൾ പോളിങ് ബൂത്തിനു പുറത്തേക്ക് കൊണ്ടുപോവാൻ അനുവാദമില്ല. പോളിങ് കഴിഞ്ഞ ഉടൻതന്നെ വി.വി.പാറ്റുകൾ പെട്ടിയിലാക്കി സീൽ ചെയ്യും.ഇ.വി.എമ്മിലൂടെയുള്ള തിരഞ്ഞെടുപ്പിൽ എങ്ങനെ സുതാര്യത ഉറപ്പുവരുത്താമെന്ന് രാഷ്ട്രീയപ്പാർട്ടികളുമായി ചേർന്നുനടത്തിയ ചർച്ചയ്ക്കുശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വി.വി.പാറ്റുകൾ നിർമിക്കുന്നത്. 2013-ൽ തന്നെ ഉപയോഗിച്ചുതുടങ്ങിയെങ്കിലും 2019-ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് വോട്ടിങ് മെഷീനൊപ്പം പൂർണമായും വി.വി.പാറ്റുകളും സ്ഥാപിച്ചുതുടങ്ങിയത്. ഒരു നിയോജകമണ്ഡലത്തിലെ ഒരു പോളിങ് ബൂത്തിലെ വി.വി.പാറ്റ് മാത്രം എണ്ണുന്ന രീതിയായിരുന്നു ആദ്യം. സുപ്രീംകോടതി ഇടപെട്ടാണ് അത് അഞ്ചായി ഉയർത്തുന്നത്.
100 ശതമാനത്തിലുറച്ച് പ്രതിപക്ഷം
വോട്ടിങ് സുതാര്യമാക്കാനായി കഴിയുമെങ്കിൽ 100 ശതമാനവും അത് സാധിക്കാത്തപക്ഷം 50 ശതമാനം വി.വി.പാറ്റ് സ്ലിപ്പുകളെങ്കിലും എണ്ണണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. നീതിയുക്തമായ തിരഞ്ഞെടുപ്പിന്റെ പവിത്രതയ്ക്കുമുന്നിൽ ഫലപ്രഖ്യാപനത്തിലെ കാലതാമസത്തിന് നിലനിൽപ്പില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ഭാഷ്യം. വി.വി.പാറ്റ് സ്ലിപ് പെട്ടിയിൽതന്നെ വീഴുന്നതിനുപകരം, അത് വോട്ടർക്ക് കൈമാറിയശേഷം പ്രത്യേകം സ്ഥാപിച്ച ബാലറ്റുപെട്ടിയിലേക്ക് വോട്ടർതന്നെ നിക്ഷേപിക്കുന്ന തരത്തിൽ മാറ്റംകൊണ്ടുവരണമെന്നും 100 ശതമാനം സ്ലിപ്പുകളും എണ്ണണമെന്നും ഇന്ത്യസഖ്യം 2023 ഡിസംബറിൽതന്നെ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനായി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറുമായി കൂടിക്കാഴ്ച നടത്തണമെന്നാവശ്യപ്പെട്ടെങ്കിലും സമയം അനുവദിച്ചില്ലെന്ന പരാതിയുമായി ജയറാം രമേഷ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയും ചെയ്തു.
99 ശതമാനം സുതാര്യതയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
അഞ്ച് ബൂത്തുകളിലെ വി.വി.പാറ്റുകൾക്ക് പകരം 50 ശതമാനം വി.വി.പാറ്റുകളെങ്കിലും എണ്ണണമെന്ന ആവശ്യം വി.വി.പാറ്റുകൾ തിരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ തുടങ്ങിയ കാലംമുതൽ ഉയർന്നുകേൾക്കുന്നതാണ്. എന്നാൽ, ഇത്രയും വി.വി.പാറ്റ് സ്ലിപ്പുകൾ എണ്ണിത്തിട്ടപ്പെടുത്താൻ ധാരാളം സമയമെടുക്കുമെന്നും അതിനാൽ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങളോളം വൈകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ ആവശ്യം നിരാകരിച്ചത്. ഓരോ നിയോജകമണ്ഡലങ്ങളിൽനിന്നുമായി ഏതെങ്കിലും അഞ്ച് മെഷീനുകൾ തിരഞ്ഞെടുത്ത് എണ്ണുന്ന നിലവിലെ രീതി 99 ശതമാനം സുതാര്യത ഉറപ്പുവരുത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വാദിക്കുന്നത്. വി.വി.പാറ്റുകൾ നിലവിൽവന്നശേഷം 2019-ലെ തിരഞ്ഞെടുപ്പിലേതുൾപ്പടെ 118 കോടി വോട്ടർമാരിൽനിന്ന് 25 പരാതികൾ മാത്രമാണ് വന്നതെന്നും ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയതായുമാണ് കമ്മിഷൻ പറയുന്നത്.
Content Highlights: lok sabha election 2024
Published: 18 Apr 2024, 08:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented