എടപ്പാൾ: കെ.ടി. ജലീൽ കുത്തകയാക്കിവെച്ച തവനൂർ മണ്ഡലത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അബ്ദുസമദ് സമദാനി വൻ കുതിപ്പാണ് നടത്തിയത്. എൽ.ഡി.എഫിന് കിട്ടിയതിനേക്കാൾ 18101 വോട്ടാണ് ഇത്തവണ യു.ഡി.എഫ്. പെട്ടിയിലാക്കിയത്.

To advertise here,

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്‌. തുരുപ്പുചീട്ടായി ഇറക്കിയ ഫിറോസ് കുന്നുംപറമ്പിൽ ഇടതുപക്ഷത്തെ അവസാനനിമിഷം വരെ വിറപ്പിച്ചെങ്കിലും 2564 വോട്ടിന്റെ (70.358(46.47)-67,794(44.78) ചെറിയ ഭൂരിപക്ഷത്തിൽ കെ.ടി. ജലീൽ തന്നെ വിജയക്കൊടി പാറിക്കുകയായിരുന്നു. ആ ഭൂരിപക്ഷവും മറികടന്നാണ് ഇത്തവണ ഇത്രയും വോട്ടിന്റെ മുൻതൂക്കം സമദാനി നേടിയത്.

കഴിഞ്ഞതവണ യു.ഡി.എഫിന് ലഭിച്ചത് 62481 വോട്ടാണ്. ഇത്തവണ അത് 66716 ആയി ഉയർന്നു. എൽ.ഡി.എഫിന് ഇത്തവണ കിട്ടിയതാകട്ടെ 48615 വോട്ടും. കഴിഞ്ഞതവണ ഇത് 50128 ആയിരുന്നു. മണ്ഡല രൂപവത്കരണം മുതൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനൊപ്പം നിന്നതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാമണ്ഡലങ്ങളിൽപ്പെടുന്ന തവനൂർ. രൂപവത്കരിച്ച നാൾ മുതൽ ഇടതുപക്ഷ സ്വതന്ത്രൻ കെ.ടി. ജലീലാണ് ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതും.

2009-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുസ്‍ലിംലീഗിലെ ഇ.ടി. മുഹമ്മദ് ബഷീറിന് 50,029 (46.18 ശതമാനം) വോട്ടും ഇടതുപക്ഷത്തിന്റെ ഹുസൈൻ രണ്ടത്താണിക്ക് 44,156(40.76) വോട്ടുമാണ് ഈ മണ്ഡലത്തിൽനിന്ന് ലഭിച്ചത്.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മേൽക്കോയ്മ ഇല്ലാതാക്കി കെ.ടി. ജലീൽ 57,729(47.21), വോട്ടും അഡ്വ. വി.വി. പ്രകാശ് 50,875 (41.6) വോട്ടും നേടി. 2014- ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വി. അബ്ദുറഹ്‌മാൻ യു.ഡി.എഫ്. സ്ഥാനാർഥിയെക്കാൾ വോട്ടു (56,209(44.89)-47,039(37.57) നേടി ഈ മുൻതൂക്കം ആവർത്തിച്ചു.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കെ.ടി. ജലീൽ തന്നെ വിജയചരിത്രം ആവർത്തിച്ചു. അന്ന് 68,179(47.98) വോട്ട് നേടിയപ്പോൾ പി. ഇഫ്ത്തിഖറുദ്ദീന് കിട്ടിയത് 51,115(35.97) വോട്ടായിരുന്നു. ഏറ്റവുമൊടുവിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ (2019) ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കുറഞ്ഞെങ്കിലും തവനൂർ മണ്ഡലത്തിൽ മുൻ തിരഞ്ഞെടുപ്പിനേക്കാൾ കൂടുകയാണുണ്ടായത്.

62,481(44.5) വോട്ട് മുഹമ്മദ്ബഷീർ പിടിച്ചപ്പോൾ ഇടതുപക്ഷത്തിന്റെ പി.വി. അൻവറിന് 50,128(35.7) വോട്ടാണ് ലഭിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു തവണയൊഴികെയെല്ലാം യു.ഡി.എഫിന് മുൻതൂക്കം നൽകിയിട്ടുണ്ട്.