പൊന്നാനി, മുസ്ലിം ലീഗിന്റെ പൊന്നാപുരംകോട്ട. 1977 മുതൽ ജനം മാറിച്ചിന്തിക്കാതെ ഹരിതപതാകയ്ക്ക് കീഴിൽ അടിയുറച്ച മണ്ഡലം. അടിയൊഴുക്കിന്റെ 2004 തിരഞ്ഞെടുപ്പിലും യു.ഡി.എഫിനെ ചേർത്തുപിടിച്ച ഒരേയൊരു മണ്ഡലം. ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങുന്ന പൊന്നാനി. ജി. എം. ബനാത്ത്​വാല പാകിയ അടിത്തറ ഇന്ന് ഇ.ടി. മുഹമ്മദ് ബഷീറിന്റെ കരങ്ങളിൽ ഭദ്രമെന്ന് യു.ഡി.എഫ്. കരുതുന്ന പൊന്നാനി. ആശങ്കകൾക്ക് വകയില്ലാതെ ഇത്തവണയും ഹരിതപാതക പാറിപ്പിക്കുമെന്ന് ലീഗ് നേതൃത്വം ഉറച്ചു പറയുമ്പോൾ അത്ര ചെറുതല്ലാത്ത, അപ്രതീക്ഷിത വെല്ലുവിളിയാണ് സി.പി.എം. പാളയത്തിൽ നിന്ന് ഉയരുന്നത്.

To advertise here,

ലീഗ് കോട്ട തകർക്കാൻ സി.പി.എം. രംഗത്തിറക്കുന്നത് ലീഗ് മുൻ പോരാളിയെ. സി.പി.എം. സ്ഥാനാർഥിയായി പൊന്നാനിയിൽ നിരവധി നേതാക്കളുടെ പേരുകൾ ഉയർന്നെങ്കിലും ഒടുവിൽ നറുക്ക് വീണത് ലീഗിൽ എതിർശബ്ദമുയർത്തി പുറത്തായ കെ.എസ്. ഹംസയിലേക്ക്. സ്വതന്ത്ര സ്ഥാനാർഥിയെ മുൻ നിർത്തിയാണ് സി.പി.എം. ഇത്തവണയും പൊന്നാനിയിൽ പോരിനിറങ്ങുക. ലീഗ് കോട്ടയില്‍ പരീക്ഷണം നടത്തി. വിജയക്കൊടി പാറിച്ച ടി.കെ. ഹംസ, കെ.ടി. ജലീൽ, വി. അബ്ദുറഹ്മാൻ, പി.വി അന്‍വര്‍ അടങ്ങുന്ന വലിയൊരു നിരതന്നെ സി.പി.എമ്മിനുമുമ്പിൽ നിൽക്കുമ്പോൾ, പൊന്നാനിയിൽ സമാനപരീക്ഷണത്തിന്‌ മുതിരാൻ പാർട്ടിക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.

തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടയ്ക്കൽ, തവനൂർ, പൊന്നാനി നിയമസഭാ മണ്ഡലങ്ങൾക്ക് പുറമെ പാലക്കാടിലെ തൃത്താല അടക്കം ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് പൊന്നാനി ലോക്​സഭയിലുള്ളത്. നിലവിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാലിലും എൽ.ഡി.എഫ്. ഭരണമാണ്. ലീഗ് മൂന്നിടത്ത് മാത്രം. ഇതിനുപുറമെ, രണ്ട് മന്ത്രിസ്ഥാനവും പൊന്നാനി ലോക്​സഭാ മണ്ഡലത്തിൽ നിന്നുണ്ട്. കേന്ദ്രത്തിൽ  സി.പി.എം. ഇടതുമുന്നണിക്കൊപ്പം നിന്ന് ബി.ജെ.പിയ്ക്കെതിരേ പോരാടുമ്പോൾ ഇവിടെ, 2019-ലേറ്റ തിരിച്ചടിയ്ക്കുള്ള മറുപടി നൽകാനൊരുങ്ങുകയാണ്. 2019-ലൊഴികെ, പൊന്നാനിയിൽ ഓരോ തിരഞ്ഞെടുപ്പിലും കുറഞ്ഞു വരുന്ന വോട്ട് വിഹിതം ലീഗിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

അപ്രതീക്ഷിതമായിട്ടൊന്നും സംഭവിച്ചില്ലെങ്കിൽ പൊന്നാനിയിൽ ഇ.ടി. തന്നെ സ്ഥാനാർഥിയായി എത്തുമെന്നാണ് ലീഗ് കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വിവരം. മലപ്പുറവും പൊന്നാനിയും തമ്മിൽ ഇ.ടിയും സമദാനിയും പരസ്പരം വെച്ചുമാറും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പരീക്ഷണത്തിന് മുതിരാതെ ഇ.ടി. തന്നെ നയിക്കട്ടെ എന്ന നിലയ്ക്ക് ലീഗ്, തട്ടകം ഭദ്രമാക്കിയേക്കും. കഴിഞ്ഞ തവണ ഒരുലക്ഷത്തിലേറെ ഭൂരിപക്ഷത്തിന് ജയിച്ച് പാർലമെന്റിലെത്തിയ ഇ.ടി. യെ ഇത്തവണയും ജനം കൈവിടില്ലെന്നാണ് ലീഗ് വിലയിരുത്തൽ.

എൽ.ഡി.എഫിൽ. തിരക്കിട്ട ചർച്ചകളായിരുന്നു, വി.എം. അബ്ദുറഹ്മാൻ, കെ.ടി. ജലീൽ, വസീഫ്... പല പേരുകള്‍ക്കൊടുവിലാണ് സി.പി.എം. പഴയ ലീഗ് വിമതനിലേക്ക് എത്തിയത്‌.

പൊന്നാനി ജയം എന്നത് പാർട്ടിയ്ക്ക് പുറമെ രണ്ടു മന്ത്രിമാരടക്കമുള്ള നാല് എം.എൽ.എമാരുടെ കൂടി ബാധ്യതകൂടിയാണ്. തൃത്താലയിൽ നിന്നുള്ള തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്, താനൂരിൽ നിന്നുള്ള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍, തവനൂർ എം.എൽ.എ. കെ.ടി. ജലീൽ, പൊന്നാനിയില്‍ പി. നന്ദകുമാര്‍ എന്നിവരടങ്ങുന്ന വലിയൊരു നിരയാണ് പൊന്നാനി ലോക്​സഭാ മണ്ഡലത്തിൽ ഇടതുപക്ഷത്തിനുള്ളത്. 2006- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലൊളിയിൽ കൂടി സി.പി.എം. പിടിച്ചെടുക്കുകയും തുടർന്ന് മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെ മൂന്ന് തവണ ജയിപ്പിക്കുകയും ചെയ്ത മലപ്പുറത്തെ ഉറച്ച കോട്ടയാണ് പൊന്നാനി. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നെണ്ണം മാത്രമാണ് നിലവിൽ ലീഗിന്റെ കൈയിലുള്ളത്‌.

അട്ടിമറി ജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും. എന്തുവിലകൊടുത്തും പ്രതിരോധിച്ച് ഹരിതപതാക നിലനിർത്താൻ ലീഗും പ്രയത്നിക്കുന്നതോടെ പൊന്നാനിയിലെ ഇത്തവണത്തെ പ്രചാരണം കൊഴുക്കും, മത്സരം കനക്കും എന്ന് നിസ്സംശയം പറയാം.

അത്രചെറുതല്ലാത്ത ബി.ജെ.പി. ലക്ഷ്യം

വോട്ട് വിഹിതം വർധിപ്പിക്കുക എന്ന ഉദ്ദേശ്യമായിരിക്കും ബി.ജെ.പി. ലക്ഷ്യം വെക്കുക. ജയം എന്നതിലുപരി മണ്ഡലത്തിൽ നിലവിലുള്ള വോട്ടർമാരെ നിലനിർത്തിക്കൊണ്ട് കൂടുതൽ പേരെ പാർട്ടിയോട് അടുപ്പിക്കാനുള്ള ശ്രമങ്ങളും ബി.ജെ.പിയുടെ പ്രചാരണങ്ങളിൽ കാണും. വരുംകാല തിരഞ്ഞെടുപ്പുകൾ മുൻകൂട്ടിക്കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളിലായിരിക്കും പ്രചാരണം. മോദിയുടെ വികസന നേട്ടങ്ങളും സംസ്ഥാന സർക്കാരിനെതിരേയുള്ള കാര്യങ്ങളും നിരത്തിക്കൊണ്ടായിരിക്കും ഇത്തവണയും ബി.ജെ.പി. രംഗത്തിറങ്ങുക.

ലീഗിന്റെ പൊന്നാപുരം കോട്ട

1977 മുതൽ പൊന്നാനിയിലെ മുസ്ലിം ലീഗിന്റെ കോട്ടകുലുക്കാൻ സി.പി.എം. നടത്തിയ പരീക്ഷണങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല. 2004-ലെ ഇടതുതരംഗത്തിലും പൊന്നാനി ലീഗിനെ കൈവിട്ടില്ല.

placeholder
ജി.എം. ബനാത്ത്​വാലയും ഇബ്രാഹിം സുലൈമാൻ സേട്ടും | ഫയൽ ഫോട്ടോ

1977- ജി.എം. ബനാത്ത്​വാല നാട്ടിയ ഹരിത പതാക 2024-ലും പാറിക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് ലീഗ് നേതൃത്വം ഇത്തവണ പൊന്നാനിയിൽ പ്രചാരണത്തിനിറങ്ങുക. എഴ് തവണയാണ് ബനാത്ത്​വാല പൊന്നാനിയിൽ നിന്ന് ലോക്​സഭയിലെത്തിയത്. 1977, 1980, 1984, 1996, 1998, 1999 തിരഞ്ഞെടുപ്പുകളിലായിരുന്നു മുംബൈയിൽ നിന്നെത്തിയ ബനാത്ത്​വാല പൊന്നാനിയിൽ നിന്ന് ലോക്​സഭയിൽ എത്തിയത്. 1991-ൽ ഇബ്രാഹിം സുലൈമാൻ സേട്ട് പൊന്നാനിയിൽ നിന്ന് ലോക്​സഭയിലെത്തിയെങ്കിലും പിന്നീട് ബനാത്ത്​വാല തന്നെ വീണ്ടും പൊന്നാനിയിൽ മത്സരിച്ചു, ജയിച്ചു. 2004-ൽ ഇ. അഹമ്മദ് രംഗത്തെത്തി. 2009 മുതൽ ഇ.ടിയുടെ കാലമായിരുന്നു. 2014, 2019 തിരഞ്ഞെടുപ്പിൽ പൊന്നാനിയുടെ ഹൃദയം ഇ.ടി.ക്കൊപ്പം നിന്നു. എന്നാൽ ഇത്തവണ അത്ര എളുപ്പമായിരിക്കില്ല പൊന്നാനിയിൽ ഇ.ടിയുടെ പോരാട്ടം. ഇ.ടിയും സമദാനിയും നിലവിലെ മണ്ഡലങ്ങളായ മലപ്പുറവും പൊന്നാനിയും പരസ്പരം വെച്ചുമാറാം എന്നതരത്തിലുള്ള ചർച്ച വന്നതുപോലും ഇത്തവണത്തെ പൊന്നാനി പോരാട്ടം അത്ര നിസ്സാരമായി ലീഗ് കാണുന്നില്ല എന്നതിന്റെ സൂചന ആയാണ്.

എല്ലാം കണക്കിട്ടുറപ്പിച്ച് പോരിനിറങ്ങാൻ എൽ.ഡി.എഫ്.

1962 മുതൽ 1971 വരെ മൂന്ന് തവണ പൊന്നാനി ഇടതിനൊപ്പമായിരുന്നു. ഇമ്പിച്ചി ബാവയെയും സി.കെ. ചക്രപാണിയെയും എം.കെ. കൃഷ്ണനെയും പിന്തുണച്ച പൊന്നാനി വീണ്ടും ഇടതിന്റെ കൈയിലെത്തിക്കാൻ മുൻ മുസ്ലിം ലീഗ് നേതാവിനാകുമോ എന്നാണ് കണ്ടറിയേണ്ടിയിരിക്കുന്നത്. മലപ്പുറത്ത് എൽ.ഡി.എഫ്. തുടരുന്ന പരീക്ഷണങ്ങളുടെ വിജയം ഇത്തവണയും ആവർത്തിക്കുമോ എന്ന് കണ്ടറിയണം. 

കാലങ്ങളായി തവനൂർ, പൊന്നാനി നിയമസഭാ മണ്ഡലങ്ങൾ ഇടതുപക്ഷത്തിന്റെ കൈയിലാണ്. 2011 മുതൽ, ലീഗിൽ നിന്ന് അടർന്ന് ഇടതുപാളയത്തിലെത്തിയ കെ.ടി. ജലീലാണ് തവനൂരിൽ നിന്ന് നിയമസഭയിലെത്തുന്നത്. പൊന്നാനി നിയമസഭയും കാലങ്ങളായി എൽ.ഡി.എഫിന്റെ സ്വാധീനത്തിലാണ്. കോൺഗ്രസിന്റെ കൈയിൽ നിന്ന് തൃത്താല നിയമസഭ എം.ബി. രാജേഷിലൂടെ തിരിച്ചുപിടിച്ചത് എൽ.ഡി.എഫ്. കോട്ടയിലെ ആഘോഷമായിരുന്നു. തൃത്താലയിൽ നിന്നൊരു മന്ത്രിയും ഉണ്ടായി. ലീഗിന്റെ കോട്ടയായിരുന്ന താനൂരിൽ ചെങ്കൊടിപാറിച്ചത് 2016-ലാണ്. 2019-ലും അബ്ദുറഹ്മാൻ വിജയം ആവർത്തിച്ചു, മന്ത്രിസഭയിലും എത്തി. മണ്ഡലം ചുവന്നുതന്നെ നിന്നു. ഇത്തവണ പൊന്നാനി ലോക്​സഭയിലേക്ക് സി.പി.എം. സ്ഥാനാർഥിയായി മത്സരിക്കാനെത്തുന്നത്, നേരത്തെ എതിർഭാഗത്തുണ്ടായിരുന്ന പിന്നീട് പാർട്ടിവിട്ട് പുറത്തുവന്ന ലീഗിന്റെ നേതാവാണ് എന്നതും ശ്രദ്ധേയമാണ്. 

എല്ലാം കൊണ്ടും അനുയോജ്യമായ കാലാവസ്ഥ. പൊന്നാനിയിൽ ചെങ്കൊടി പാറിപ്പിക്കാൻ ഇതിലും നല്ലൊരവസരം എൽ.ഡി.എഫിന് വേറെ ഇല്ല എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ലീഗിന് ശക്തനായ എതിരാളി തന്നെയാണ് കെ.എസ്. ഹംസ എന്നാണ് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്..

placeholder
ടി.കെ.ഹംസ ഹജ്ജ് ഓഫീസിൽ. ഫോട്ടോ: മാതൃഭൂമി

ഹംസയിൽ നിന്ന് ഹംസയിലേയ്ക്ക്

കാലങ്ങളിതുവരെ ഹരിതപതാകയേന്തിയ പലയിടങ്ങളും ചുവപ്പിച്ച ചരിത്രം ഇടതുപക്ഷത്തിനു മുമ്പിലുണ്ട്. മണ്ഡലം രൂപീകരിച്ചതുതൊട്ട് 2004 വരെ മഞ്ചേരി ലോക്​സഭാ  മണ്ഡലത്തിൽ (പിന്നീട് മലപ്പുറമായി മാറി) നിന്ന് ലീഗിന്റെ സ്ഥാനാർഥികളല്ലാതെ മറ്റാരും തന്നെ ലോക്​സഭയിലെത്തിയിരുന്നില്ല. എന്നാൽ 2004-ൽ ചരിത്രം മാറി. കെ.പി.എ. മജീദായിരുന്നു അന്ന് മഞ്ചേരിയിൽ മുസ്ലിം ലീഗ് സ്ഥാനാർഥി. ഇടതുപക്ഷ സ്ഥാനാർഥി ടി.കെ. ഹംസയും. എതിർപക്ഷത്ത് നിന്ന് എത്തിയ ടി.കെ. ഹംസയെ സ്വതന്ത്ര സ്ഥാനാർഥിയായിട്ടായിരുന്നു സിപിഎം മത്സരിപ്പിച്ചത്. സിപിഎമ്മിന്റെ പരീക്ഷണം വിജയം കണ്ടു, തിരഞ്ഞെടുപ്പിൽ 47,743 വോട്ടിന് ടി.കെ. ഹംസ മജീദിനെ പരാജയപ്പെടുത്തി.

2004-ന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. അന്ന് കേരളത്തിലൊട്ടാകെ ഇടതുതരംഗം ആഞ്ഞടിച്ച സമയമായിരുന്നു. പൊന്നാനിയൊഴികെ മറ്റെല്ലാ ലോക്​സഭാ  മണ്ഡലങ്ങളിലും ചെങ്കൊടി പാറിയ നിമിഷമങ്ങളിലൊന്നായിരുന്നു അത്. 20 മണ്ഡലങ്ങളിൽ 19-ഉം അന്ന് ഇടതിനൊപ്പമായിരുന്നു. എന്നാൽ അന്ന് പൊന്നാനി അടിയുറച്ച് ഹരിതപതാകയ്ക്കൊപ്പം നിന്നു എന്നത് മറ്റൊരു ചരിത്രം.

ലീഗിന് വെല്ലുവിളിയാകുന്ന സമസ്ത പോര്

എ.പി., ഇ.കെ. സമസ്തകൾക്ക് ഒരുപോലെ സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഒന്നാണ് പൊന്നാനി. ഇ.കെ. സമസ്തയ്ക്കകത്തുള്ള വിള്ളലുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരസ്യമായിത്തന്നെ പൊതുയിടങ്ങളിൽ അടക്കം ചർച്ചയായിരുന്നു. ഏക സിവിൽകോഡ് അടക്കമുള്ള വിഷയങ്ങളിൽ എൽ.ഡി.എഫ്. സംഘടിപ്പിച്ച സെമിനാറിൽ ലീഗിന്റെ എതിർപ്പ് മറികടന്നുകൊണ്ടായിരുന്നു ഇ.കെ. സമസ്ത പരിപാടിയിൽ പങ്കെടുത്തത്. തുടർന്ന് നേതൃത്വത്തിനിടയിലും അണികൾക്കിടയിലും പലതരത്തിലുള്ള വാക്പോരുകൾ സോഷ്യൽ മീഡിയകളിലും പൊതുയിടങ്ങളിലും സജീവമായിത്തന്നെ തുടർന്നിരുന്നു. ചർച്ചകൾ പരിധിവിട്ടപ്പോൾ ലീഗ് നേതൃത്വം തന്നെ വിശദീകരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.

തട്ടംവിവാദത്തിൽ സമസ്തയെ പരോക്ഷമായിത്തന്നെ വിമർശിച്ച മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാമിനെ പിന്തുണച്ച് ഇ.ടി. രംഗത്തെത്തിയതടക്കം സമസ്തനേതൃത്വത്തിനുള്ളിൽ ചില വിയോജിപ്പിന്റെ സ്വരങ്ങളുയർത്തിയിരുന്നു. മാത്രമല്ല ഹരിത വിഷയത്തിൽ ലീഗിൽ രണ്ടു ചേരി രൂപപ്പെട്ടപ്പോൾ ഇ.ടി. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരേ ആയിരുന്നു നിലകൊണ്ടത്. ഹരിത വിഷയത്തിൽ പികെ നവാസിനെതിരേ ആഞ്ഞടിക്കുന്ന ഇടിയുടെ ശബ്ദ സന്ദേശം അടക്കം പുറത്തുവന്നതും പാർട്ടിക്കുള്ളിൽ ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത് ഒരു വിഭാഗത്തിന് ഇ.ടിയോടുള്ള ശത്രുത ഏറ്റാനും കാരണമായിരുന്നു. എന്നാൽ, നിലപാടുകളുടെ വിഷയത്തിൽ കാർക്കശ്യം പുലർത്തിയിരുന്നു എന്നും ഇ.ടി. ഇത് പലപ്പോഴും അദ്ദേഹത്തിന്റെ ജനപ്രീതി ഉയർത്തുന്നതിനും സഹായകരമായിരുന്നു. പറയേണ്ട കാര്യങ്ങൾ പറയേണ്ടിടത്ത് ആരോടായാലും നേരിട്ടു പറയുന്ന രീതിയായിരുന്നു ഇ.ടി. പുലർത്തിയിരുന്നത്. 

കേന്ദ്ര നിലപാടുകളിലെ കോൺഗ്രസ് മൃദുസമീപനം

കേന്ദ്ര സർക്കാരിന്റെ പല നയങ്ങളിലും കോൺഗ്രസ് പുലർത്തുന്ന നിസ്സംഗത സമസ്തയ്ക്കുള്ളിലും മുസ്ലിം സമുദായങ്ങൾക്കിടയിലും വലിയതോതിൽ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. രാമജന്മഭൂമി അടക്കമുള്ള വിഷയങ്ങളിൽ കോൺഗ്രസിന്റെ തണുപ്പൻ പ്രതികരണങ്ങൾ പല മുസ്ലിം സംഘടനകൾക്കിടയിലും ചർച്ചയായിരുന്നു. കേന്ദ്രത്തിനെതിരേ ശക്തമായി ഉയർത്തുന്ന വിമർശനങ്ങൾ, കേന്ദ്രത്തിന്റെ പല നയങ്ങൾക്കുമെതിരേ എൽ.ഡി.എഫ്. സർക്കാർ സ്വീകരിക്കുന്ന പ്രതിഷേധാത്മക സമീപനം പല മുസ്ലിം സമുദായങ്ങൾക്കുള്ളിലും വൻതോതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഏകസിവിൽകോഡുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ്. നടത്തിയ സെമിനാറിൽ മുസ്ലിം സമുദായത്തിന്റെ പ്രാതിനിധ്യം തന്നെ ഇതിന് ഉദാഹരണമാണ്. അയോധ്യ വിഷയത്തിലടക്കം എൽ.ഡി.എഫ്. സർക്കാർ ഉയർത്തുന്ന നിലപാടുകളോട് മുസ്ലിം സംഘടനകളും യോജിച്ച് നിൽക്കുകയാണ്. ഇതൊക്കെ ലോക്​സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കാം എന്ന ആശങ്ക ലീഗിനുണ്ട്. ഇതാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷയും.

പൊന്നാനിയും ലീഗും പിന്നെ തിരഞ്ഞെടുപ്പും

2014-ലെ ലോക്​സഭാ തിരഞ്ഞെടുപ്പിൽ 43.43 ശതമാനം വോട്ടായിരുന്നു യു.ഡി.എഫിന് ലഭിച്ചത്. എൽ.ഡി.എഫിനാകട്ടെ 40.51 ശതമാനവും. വെറും മൂന്ന് ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമായിരുന്നു യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ. അന്ന് ഇ.ടി. മുഹമ്മദ് ബഷീറിന് എതിരാളിയായി എൽ.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ചത് ഇന്നത്തെ കായിക മന്ത്രി വി. അബ്ദുറഹ്മാനായിരുന്നു. കോൺഗ്രസിൽ നിന്നും രാജിവെച്ചായിരുന്നു ഇ.ടിയ്ക്കെതിരേ അബ്ദുറഹ്മാൻ 2014-ൽ മത്സരിച്ചത്. 3,78,503 വോട്ടായിരുന്നു അന്ന് ഇ.ടി. നേടിയത്. വി. അബ്ദുറഹ്മാനാകട്ടെ 3,53,093 വോട്ടും. ബി.ജെ.പി. സ്ഥാനാർഥി കെ നാരായണന് വെറും 8.63% വോട്ടായിരുന്നു അന്ന് ലഭിച്ചത്. 25,410 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് ഇ.ടിയുടെ ജയം.

കോൺഗ്രസ് വിട്ട് സി.പി.എം. പിന്തുണയിൽ സ്വതന്ത്രനായി മത്സരിച്ച വി. അബ്ദുറഹ്മാനൊപ്പം വലിയൊരു കൂട്ടം കോൺഗ്രസ് വോട്ടുകളും ലീഗിന് നഷ്ടപ്പെടുകയായിരുന്നു. ഇത്തവണ മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറിയാണ് ഇ.ടിയുടെ എതിരാളി. സ്വന്തം പാളയത്തിൽ പ്രവർത്തിച്ച് ഒടുവിൽ വിമതനായി പുറത്തുപോയി ഇ.ടിയ്ക്കെതിരേ മത്സരിക്കുമ്പോൾ എത്രത്തോളം വോട്ടുകളും ചോർന്നുപോകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

പാർട്ടി ചിഹ്നം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാർഥിയെ ഇറക്കിയായിരുന്നു 2019-ലും പൊന്നാനിയിൽ എൽ.ഡി.എഫിന്റെ ശ്രമം. എന്നാൽ ആരോപണങ്ങൾ നേരിടുന്ന പി.വി. അൻവർ എം.എൽ.എയെ സ്ഥാനാർഥിയാക്കിയത് ഇടതുപക്ഷത്തിന് തിരിച്ചടിയാകുന്ന കാഴ്ചയായിരുന്നു കണ്ടത്. ഇ.ടിയുടെ ഹാട്രിക് ജയം വൻ ഭൂരിപക്ഷത്തിൽ കലാശിക്കുന്നതാണ് 2019 സാക്ഷ്യം വഹിച്ചത്. ഇടതുപക്ഷം ഭരിക്കുന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ അടക്കം എഴിടത്തും അന്ന് യു.ഡി.എഫിനായിരുന്നു മേൽക്കൈ.

placeholder
പി.വി. അൻവർ, ഇ.ടി. മുഹമ്മദ് ബഷീർ | വര: വിജേഷ് വിശ്വം

മികച്ച പാർലമെന്റേറിയൻ എന്ന നിലയ്ക്കുള്ള സ്വീകാര്യത, മുത്തലാഖ് ബിൽ, സാമ്പത്തിക സംവരണം തുടങ്ങി ന്യൂനപക്ഷ വിഷയങ്ങളിലെ ഇടപെടലുകൾ, വ്യക്തിപ്രഭാവം, മണ്ഡലത്തിൽ നടപ്പാക്കിയ വികസനം, കേരളത്തിലെ യു.ഡി.എഫ്. - രാഹുൽ ഗാന്ധി തരംഗം, വെൽഫെയർ പാർട്ടിയുടെ പിന്തുണ, ശക്തമായ മുന്നണി സംവിധാനം എന്നീ ഘടകങ്ങൾ അന്ന് ഇ.ടിയെ പിന്തുണച്ചു. എസ്.ഡി.പി.ഐ. ചർച്ച, സ്വത്തുസമ്പാദന വിവാദം, വികസന മുരടിപ്പ് തുടങ്ങിയ എതിരാളികൾ തൊടുത്തിവിട്ട വിവാദശരങ്ങൾ കാര്യമായി ഇ.ടിയെ ബാധിച്ചില്ല. എൽ.ഡി.എഫിനും എസ്.ഡി.പി.ഐയ്ക്കും വോട്ട് ചോർച്ചയുണ്ടായി. എന്നാൽ ബി.ജെ.പി. 2019ലെ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നേട്ടം ഉണ്ടാക്കി.

placeholder
2019-ൽ പൊന്നാനിയിലെ സ്ഥാനാർഥികളും നേടിയ വോട്ടുകളും

2019-ലെ യു.ഡി.എഫ്. തരംഗത്തിലെ പൊന്നാനി

2019 ലോക്​സഭാ തിരഞ്ഞെടുപ്പിലേക്കെത്തിയപ്പോൾ 51.30 ശതമാനം എന്ന നിലയിലേക്ക് യു.ഡി.എഫിന്റെ വോട്ട് ശതമാനം കുത്തനെ ഉയർന്നു. 521,824 വോട്ടായിരുന്നു അന്ന് ഇ.ടി. നേടിയത്. എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായി പി.വി. അൻവറായിരുന്നു എതിരാളി. എന്നാൽ 32.30 ശതമാനം മാത്രം വോട്ടാണ് അൻവറിന് ലഭിച്ചത്. 3,28,551  വോട്ടാണ് അന്ന് അൻവറിന് ലഭിച്ചത്.

placeholder
വി.ടി. രമ | ഫയൽ ഫോട്ടോ

എൻ.ഡി.എ. സ്ഥാനാർഥി വി.ടി. രമയായിരുന്നു. 1,10,603 വോട്ടായിരുന്നു കഴിഞ്ഞ തവണ ബിജെപി നേടിയത്. 2014-നേക്കാൾ 2 ശതമാനത്തിലേറെ (10.87%) വോട്ട് 2019-ൽ നേടി.

2019-ലെ തിരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു എന്ന് ഇതിനോടൊപ്പം തന്നെ ചേർത്തുവായിക്കേണ്ടതുണ്ട്. രാഹുൽ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവും 2019-ലായിരുന്നു. കേരളത്തിൽ നിന്നൊരു പ്രധാനമന്ത്രി എന്നതും കേന്ദ്രത്തിനെതിരേ രാഹുൽ എന്നതും പ്രചാരണങ്ങളിലുടനീളം ഉയർന്നുകേട്ടു. വലിയൊരു വിഭാഗത്തെ ഇത് സ്വാധീനം ചെലുത്തുന്ന തരത്തിലേക്ക് തിരഞ്ഞെടുപ്പ് ഫലം മാറി എന്നാണ് പിന്നീട് പല രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തിയത്.

എൽ.ഡി.എഫ്. ഏറെ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പൊന്നാനി. അരക്കെട്ടുറപ്പിച്ച് തന്നെയാകും ഇരുകൂട്ടരും പ്രചാരണത്തിനിറങ്ങുക എന്ന കാര്യത്തിൽ സംശയമില്ല.

placeholder
Muslim League leaders PMA Salam, PK Kunhalikutty, Sadiq Ali Shihab Thangal, KS Hamsa
മുസ്ലിംലീഗ് നേതാക്കളായ പി.എം.എ സലാം, പി.കെ.കുഞ്ഞാലിക്കുട്ടി, സാദിഖ ശിഹാബ് തങ്ങള്‍ കെ.എസ്.ഹംസ

കുഞ്ഞാലിക്കുട്ടിയോടുടക്കി ഇടതുപാളയത്തിലെത്തിയ കെ.ടി. ജലീലിനെ ജയിപ്പിച്ച തവനൂരിലെ ജനം, തവനൂർ നിയമസഭാ മണ്ഡലം ഉൾക്കൊള്ളുന്നതാകട്ടെ പൊന്നാനി മണ്ഡലത്തിലും. വീണ്ടും ഒരു കുഞ്ഞാലിക്കുട്ടി വിരുദ്ധൻ മറ്റൊരു തിരഞ്ഞെടുപ്പുകാലത്ത് പൊന്നിയിൽ മത്സരത്തിനിറങ്ങുമ്പോൾ ജനം ഏത് ഭാഗത്തേക്ക് ചായും എന്ന് കണ്ടറിയേണ്ടിരിക്കുന്നു.