പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ താരപ്രചാരകർക്കായി ആവശ്യമുയർത്തി പത്തനംതിട്ട ഡി.സി.സി. യു.ഡി.എഫ്. സ്ഥാനാർഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിനായി രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കളെ എത്തിക്കാനാണ് ശ്രമം. ഏറെ പ്രധാനമായി ജില്ലാ നേതൃത്വം മുന്നോട്ടുവെച്ചിട്ടുള്ള ഒരാവശ്യം മുതിർന്ന നേതാവും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ എ.കെ.ആന്റണിയെ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിക്കണം എന്നതാണ്.
കെ.പി.സി.സി. നേതൃത്വത്തോട് ഔദ്യോഗികമായി ഡി.സി.സി. ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മകൻ അനിൽ ആന്റണി എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിക്കുന്ന പത്തനംതിട്ടയിൽ യു.ഡി.എഫിനായി പ്രചാരണത്തിന് എ.കെ. ആൻറണി എത്തുമോ എന്നതിനേക്കുറിച്ചുള്ള ചർച്ചകളും അഭ്യൂഹങ്ങളും തുടക്കം മുതൽ തന്നെ ഉയർന്നിരുന്നു. എ.കെ. ആന്റണി മണ്ഡലത്തിൽ പ്രചാരണത്തിനെത്തണമെന്ന താത്പര്യം താഴേത്തട്ടുമുതലുള്ള നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഡി.സി.സി., കെ.പി.സി.സി. നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
എ.കെ. ആൻണി പത്തനംതിട്ടയിൽ എത്തണമെന്ന താത്പര്യം കെ.പി.സി.സി.യെ അറിയിച്ചതായി ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. അനിൽ ആന്റണി എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിക്കുന്നതുകൊണ്ടല്ല എ.കെ. ആന്റണി വരണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മറിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാവും പ്രവർത്തകർക്കിടയിൽ സമാദരണീയനുമായ താരപ്രചാരകനുമാണ് എ.കെ. ആന്റണി. അദ്ദേഹം മണ്ഡലത്തിൽ എത്തണമെന്ന് യു.ഡി.എഫ്. പ്രവർത്തകരുടെ പൊതുവായ ആഗ്രഹമാണ്-സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
മണ്ഡലത്തിൽ എൽ.ഡി.എഫുമായാണ് യു.ഡി.എഫിന്റെ പോരാട്ടമെന്നും കോൺഗ്രസിന്റെ സമുന്നത നേതാവ് എന്ന നിലയിലാണ് എ.കെ. ആന്റണിയുടെ പ്രചാരണത്തെ കാണുന്നതെന്നും ജില്ലാനേതാക്കൾ പറയുന്നു. മറിച്ചുള്ള ചർച്ചകൾ എൻ.ഡി.എ. ആയുധമാക്കുമെന്നാണ് ഇവരുടെ അഭിപ്രായം. ആരോഗ്യസ്ഥിതികൂടി കണക്കിലെടുത്തായിരിക്കും തിരുവനന്തപുരത്തിന് പുറത്തുള്ള മണ്ഡലങ്ങളിൽ ആന്റണി പ്രചാരണത്തിനെത്തുന്ന കാര്യത്തിൽ തീരുമാനം എന്നാണ് നേതൃത്വം സൂചിപ്പിക്കുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, മകൾ അച്ചു ഉമ്മൻ എന്നിവർ വരുംദിവസങ്ങളിൽ പത്തനംതിട്ടയിൽ യു.ഡി.എഫിനായി പ്രചാരണം നടത്തുന്നുണ്ട്.
Content Highlights: loksabha election pathanamthitta dcc ak antony
Published: 05 Apr 2024, 07:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented