പാലക്കാട്: എം.പി.യായി താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍, പാലക്കാടിന്റെ മണ്ണില്‍ ആരോഗ്യമേഖലയ്ക്കായി എയിംസ് യാഥാര്‍ഥ്യമാക്കുമെന്ന് പാലക്കാട് ലോക്സഭാമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. പാലക്കാട് പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ്ദി കാന്‍ഡിഡേറ്റ് പരിപാടിയില്‍ സംസാരിക്കയായിരുന്നു അദ്ദേഹം. പാലക്കാട്ടെ കര്‍ഷകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന കാര്‍ഷികപാക്കേജ് നടപ്പാക്കും.

To advertise here,

മോദിസര്‍ക്കാരിന്റെ പദ്ധതികളില്‍ പലതും ജില്ലയില്‍ കൃത്യമായി നടപ്പാക്കാതെ അട്ടിമറിക്കുന്നുണ്ട്. സര്‍ക്കാരും നിലവിലെ എം.പി.യും ഉള്‍പ്പെടെ അതിന് ഉത്തരവാദികളാണെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ വീട്ടിലേക്കും കുടിവെള്ളമെത്തിക്കുന്ന ജല്‍ജീവന്‍ മിഷന്‍ പദ്ധതി പാലക്കാട്ടെ പല ഗ്രാമപ്പഞ്ചായത്തുകളിലും എത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി സ്വന്തം മണ്ഡലത്തിലെത്തിയോയെന്ന് പരിശോധിക്കേണ്ടത് എം.പി.യുടെ ഉത്തരവാദിത്തമാണ്. . എല്‍.ഡി.എഫും യു.ഡി.എഫും ഇക്കുറിയും ഒരുമിച്ചാണ് മത്സരിക്കുന്നത്.

എന്‍.ഡി.എ. മത്സരിക്കുന്നത് മോദിയുടെ വികസന അജന്‍ഡ മുന്‍നിര്‍ത്തിയാണ്. മനസ്സുവെച്ചാല്‍, പാലക്കാട്ട് ഒരു ഐ.ടി. പാര്‍ക്ക് യാഥാര്‍ഥ്യമാക്കാനാവും. പാലക്കാട്ട് കോച്ച്ഫാക്ടറി നടപ്പാക്കാത്തതിനുപിന്നില്‍ മുന്‍ യു.പി.എ. സര്‍ക്കാരും ഇവിടെയുള്ള ജനപ്രതിനിധികളുമാണ്. 'മേയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയിലൂടെയടക്കം പാലക്കാട്ടെ വ്യവസായസ്ഥാപനങ്ങള്‍ വികസിക്കണം. അട്ടപ്പാടിയിലെ അരിവാള്‍രോഗം ഉള്‍പ്പെടെ മാറ്റിയെടുക്കാന്‍ ഇടപെടല്‍ വേണം. വിജയിച്ചാല്‍ ഇതിനെല്ലാം മുന്‍തൂക്കംനല്‍കുമെന്നും സി. കൃഷ്ണകുമാര്‍ പറഞ്ഞു.