
പാലക്കാട് മണ്ഡലം ലോക്‌സഭയിലേക്കയച്ച ഒമ്പതുപേരിൽ കമ്യൂണിസ്റ്റുകാരല്ലാത്തവർ മൂന്നുപേർ മാത്രം- എ.കെ. സുന്നാസാഹിബും വി.എസ്. വിജയരാഘവനും പിന്നീട് കഴിഞ്ഞതവണ വിജയിച്ച വി.കെ. ശ്രീകണ്ഠനും. 2019-ൽ ഏറ്റ പരാജയം ശബരിമല വിഷയം, രാഹുൽഗാന്ധിയുടെ വരവ്, മതന്യൂനപക്ഷങ്ങളുടെ ചാഞ്ചാട്ടം എന്നിവകൊണ്ടുണ്ടായ താത്കാലിക പ്രതിഭാസമെന്നു വിശേഷിപ്പിക്കാനാണ് സി.പി.എം. ഇഷ്ടപ്പെടുന്നത്. ആ തോന്നലുകൾക്ക് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം ചൂണ്ടിക്കാട്ടി അവർ സാക്ഷ്യംപറയുന്നു. ഇത്തവണ ഏതുവിധേനയും കോട്ട തിരിച്ചുപിടിക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് ഉയർന്നുവന്ന മറ്റു പേരുകളൊക്കെ ഒഴിവാക്കി പൊളിറ്റ് ബ്യൂറോ അംഗമായ എ. വിജയരാഘവനെ പാർട്ടി നിർത്തിയിരിക്കുന്നത്.
മണ്ഡലപരിധിയിലെ പാലക്കാട്, മണ്ണാർക്കാട് ഒഴിച്ചുള്ള മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി നിയമസഭാ മണ്ഡലങ്ങളിൽ ഇപ്പോൾ ഇടത് എം. എൽ.എ.മാരാണ്.
2019-ൽ സംസ്ഥാനത്തെ യു.ഡി.എഫ്. സ്ഥാനാർഥികൾ വൻഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ 11,637 വോട്ടിന്റെമാത്രം ഭൂരിപക്ഷത്തിലാണ് ശ്രീകണ്ഠൻ പാർലമെന്റിലേക്ക് പോയത്. അന്ന് ഏഴിൽ നാലു നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫ്. ലീഡ് നേടിയിട്ടും വിജയിക്കാൻ സിറ്റിങ് എം.പി. എം.ബി. രാജേഷിനായില്ല. മറ്റു ഘടകങ്ങൾക്കൊപ്പം സി.പി.എമ്മിലെ വിഭാഗീയതയും എൽ.ഡി.എഫിനു വിനയായി.
മണ്ഡലത്തിൽനിന്നുള്ള ഒരു സ്ഥാനാർഥിയെ പരിഗണിക്കണം എന്ന രീതിയിലായിരുന്നു ഇത്തവണ സി.പി.എം. ജില്ലാ കമ്മിറ്റിയിലെ പ്രാഥമിക സ്ഥാനാർഥി ചർച്ച. എം. സ്വരാജിനെപ്പോലുള്ള യുവനേതാക്കളുടെ പേരും പറഞ്ഞുകേട്ടിരുന്നു. എന്നാൽ, ഇവർക്കാർക്കും മണ്ഡലത്തിലെ പാർട്ടി വോട്ടുകൾ പൂർണമായി സമാഹരിക്കാനാകില്ലെന്ന് സി.പി.എം. തിരിച്ചറിഞ്ഞതിന്റെകൂടി ഫലമാണ് വിജയരാഘവന്റെ സ്ഥാനാർഥിത്വം. പൊളിറ്റ് ബ്യൂറോ അംഗമെന്നനിലയിൽ ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കും എം.പി.യായാൽ വിജയരാഘവന് ഗുണംചെയ്യും.
ഇതു മൂന്നാംതവണയാണ് വിജയരാഘവൻ പാലക്കാട്ട് അങ്കത്തിനിറങ്ങുന്നത്. 1989-ൽ അന്നത്തെ എം.പി. വി.എസ്. വിജയരാഘവനെ തോൽപ്പിച്ചുകൊണ്ടായിരുന്നു എ. വിജയരാഘവന്റെ പാർലമെന്റിലേക്കുള്ള അരങ്ങേറ്റം. എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായിരിക്കേയായിരുന്നു ആ വിജയം. എന്നാൽ, രണ്ടുവർഷത്തിനു ശേഷം 1991-ൽ വി.എസ്. വിജയരാഘവനോടുതന്നെ തോൽക്കാനായിരുന്നു എ. വിജയരാഘവന്റെ വിധി. മൂന്നു പതിറ്റാണ്ട് ഡൽഹി കേന്ദ്രീകരിച്ച് രാഷ്ട്രീയജീവിതം നയിച്ച എ. വിജയരാഘവൻ സി.പി.എം. സംസ്ഥാന സെക്രട്ടറി (ചുമതല), എൽ.ഡി.എഫ്. കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രണ്ടുതവണ രാജ്യസഭാംഗമായിരുന്ന പരിചയവും ഇത്തവണ ജയിച്ചാൽ ഗുണംചെയ്യും.
കഴിഞ്ഞതവണ രണ്ടുലക്ഷത്തിലേറെ വോട്ടുനേടിയ ബി.ജെ.പി.യുടെ സി. കൃഷ്ണകുമാർ തന്നെയാണ് ഇക്കുറിയും എൻ.ഡി.എ. സ്ഥാനാർഥി. കേന്ദ്രപദ്ധതികളുടെ പ്രചാരണത്തിലൂടെ കൃഷ്ണകുമാർ വോട്ടുതേടുന്നത് തീർച്ചയായും യു.ഡി.എഫിനു തന്നെയായിരിക്കും കൂടുതൽ ഭീഷണിയെന്ന് എൽ.ഡി.എഫ്. കരുതുന്നു. ന്യൂനപക്ഷങ്ങൾക്ക് നിർണായകവോട്ടുള്ള മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞതവണ യു.ഡി.എഫിലേക്കു പോയ ന്യൂനപക്ഷ വോട്ടുകളിൽ നല്ലൊരു ശതമാനവും ഇക്കുറി തിരികെപ്പിടിക്കാനാവുമെന്നും എൽ.ഡി.എഫ്. വിലയിരുത്തുന്നു.
കോച്ച്ഫാക്ടറി മുതൽ നെല്ലുവില വരെ
വർഷങ്ങൾക്കു മുമ്പ് പറഞ്ഞുകേൾക്കുന്ന റെയിൽവേ കോച്ച് ഫാക്ടറി പാലക്കാട്ട് ഇതുവരെ സ്ഥാപിക്കാനായിട്ടില്ലെന്നതാണ് മണ്ഡലത്തിലെ മുഖ്യപ്രചാരണ വിഷയങ്ങളിലൊന്ന്. കേന്ദ്രഭരണത്തിലിരുന്നിട്ടും കോൺഗ്രസോ ബി.ജെ.പി.യോ കോച്ച് ഫാക്ടറി യാഥാർഥ്യമാക്കാൻ ഇതുവരെ ഒന്നും ചെയ്തില്ലെന്ന് ഇടതുപക്ഷം പറയുന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോച്ച് ഫാക്ടറിക്ക് സ്ഥലം ഏറ്റെടുത്തു നൽകിയതെന്നും എൽ.ഡി.എഫ്. വാദിക്കുന്നു. എന്നാൽ, കോച്ച് ഫാക്ടറി ഇല്ലെങ്കിലും സ്ഥലത്ത് മറ്റൊരു പദ്ധതിയെക്കുറിച്ച് നിർദേശിക്കാൻ പോലും സംസ്ഥാനസർക്കാർ തയ്യാറായിട്ടില്ലെന്ന് കോൺഗ്രസും ബി.ജെ.പി.യും കുറ്റപ്പെടുത്തുന്നു.
നെൽക്കൃഷിക്ക് ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് പാലക്കാട്. നെല്ലുവില സമയത്തിനു വിതരണം ചെയ്യാനാകാതിരുന്നതും മണ്ഡലത്തിലെ പ്രചാരണ വിഷയങ്ങളിലൊന്നാണ്. കേന്ദ്രം തരാനുള്ള കുടിശ്ശിക തക്കസമയത്തു നൽകാതിരുന്നതാണ് നെല്ലുവില വിതരണത്തിലെ കാലതാമസത്തിനു കാരണമെന്ന് വിജയരാഘവൻ ഉൾപ്പെടെയുള്ള ഇടതുനേതാക്കൾ പറയുന്നു. എന്നാൽ, സംസ്ഥാന സർക്കാരിന്റെ നിരുത്തരവാദപരമായ നിലപാടാണ് ഇതിന്റെ കാരണമെന്നാണ് യു.ഡി.എഫും ബി.ജെ.പി.യും ആരോപിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏറെ മുന്പുതന്നെ പ്രഖ്യാപിക്കപ്പെട്ടതാണ് വിജയരാഘവന്റെ സ്ഥാനാർഥിത്വം. പ്രചാരണത്തിൽ എതിരാളികളെക്കാൾ ഒരുപടി മുന്നിലെത്തിയിട്ടുമുണ്ട്.
സർവേകളിൽ പലതിലും വിജയസാധ്യത പറയുന്നതും വിജയരാഘവനുതന്നെ. എന്നാൽ, എ.കെ.ജി.യും നായനാരുമൊക്കെ വിജയംവരിച്ചിട്ടുള്ള മണ്ണ് തിരിച്ചുപിടിക്കുക എന്നതുകൊണ്ടു വിജയരാഘവന് മാത്രമല്ല പാർട്ടിക്കും ഇതൊരു അഭിമാനപ്പോരാട്ടമാണ്.
Content Highlights: lok sabha election 2024
Published: 22 Apr 2024, 06:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented