തിരുവനന്തപുരം: കല്‍പ്പാത്തി രഥോത്സവ ദിനത്തില്‍ പ്രഖ്യാപിച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിടി സതീശന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. നവംബര്‍ 13-ന് മുന്‍പുള്ള ഏതെങ്കിലും തീയതിയിലേക്ക് വോട്ടെടുപ്പ് മാറ്റണമെന്നാണ്  പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. 

To advertise here,

നവംബര്‍ 13 നാണ് പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ ദിവസമാണ് വിശ്വപ്രസിദ്ധമായ കല്‍പാത്തി രഥോത്സവത്തിന്റെ ആദ്യ ദിനം. തീയ്യതിയില്‍ മാറ്റം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെ ബിജെപിയും കല്‍പാത്തി രഥോത്സവ ദിവസത്തില്‍ തിരഞ്ഞെടുപ്പ് വേണ്ടെന്ന ആവശ്യവുമായി രംഗത്തെത്തി. 

നവംബര്‍ 13,14,15 തിയ്യതികളില്‍ തിരഞ്ഞെടുപ്പ് പാടില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇത് മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷ നേതാവ് നവംബര്‍ 13 ന് മുമ്പുള്ള തിയ്യതിയില്‍ തിരഞ്ഞെടുപ്പ് വെക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 

അതേസമയം തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും നവംബര്‍ 20 നടത്തിയാല്‍ മതിയെന്നുമാണ് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് ഔദ്യോഗിക പ്രസ്താവനയില്‍ ആവശ്യമുയര്‍ത്തിയിരിക്കുന്നത്. ഇരു പാര്‍ട്ടികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട മണ്ഡലം കൂടിയാണ് പാലക്കാട്.