പിതാവ് മരിച്ചതോടെ പത്തംഗ കുടുംബത്തിന്റെ ഉത്തരവാദിത്വം ചുമലിലേറ്റിയാണ് പി.വി. അബ്ദുല്‍ വഹാബ് കടല്‍ കടന്നത്. 1974 ജനുവരി 25-ന് ദുബായ് തീരത്ത് കപ്പലിറങ്ങി. ആ പുറപ്പാടിന് 50 വര്‍ഷം പൂര്‍ത്തിയായി. അതിനിടെ ഗള്‍ഫിലും നാട്ടിലും നിരവധി സംരംഭങ്ങളുള്ള വ്യവസായിയായി വളര്‍ന്നു. വിമാനം സ്വന്തമാക്കിയ ആദ്യ കേരളീയനായി. മൂന്നാംതവണയും രാജ്യസഭയിലെത്തി. മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ കൂടിയായ പി.വി. അബ്ദുല്‍വഹാബ് എം.പി. രാഷ്ട്രീയവും ബിസിനസും സംസാരിക്കുന്നു

To advertise here,

ദുബായില്‍ കപ്പലിറങ്ങിയിട്ട് 50 വര്‍ഷമായല്ലോ. പലതരം വെല്ലുവിളികള്‍ നേരിട്ടാണ് ഇവിടംവരെ എത്തിയത്. പ്രതിസന്ധികള്‍ മറികടക്കാനുള്ള പ്രചോദനം എന്തായിരുന്നു? 

ഗള്‍ഫില്‍പ്പോയി കൂടുതല്‍ വരുമാനം കണ്ടെത്തണമെന്ന് ചെറുപ്പത്തില്‍ത്തന്നെ ആഗ്രഹമുണ്ടായിരുന്നു. എനിക്ക് 18 വയസ്സുള്ളപ്പോള്‍ ബാപ്പ മരിച്ചു. ഒന്‍പതു മക്കളായിരുന്നു ഞങ്ങള്‍. ചെറിയ ആള്‍ക്ക് ഒരു വയസ്സ്. മൂത്തപെങ്ങളുടെ കല്യാണം കഴിഞ്ഞിരുന്നു. ബാക്കി ഞങ്ങള്‍ എട്ടുപേരുടെ ജീവിതം മുന്നോട്ടുപോകണം. ആ ചുറ്റുപാടും ജീവിതവും തന്നെയാണ് ഏറ്റവുംവലിയ പ്രചോദനം.

ബിസിനസില്‍ സജീവമായി നില്‍ക്കുമ്പോഴാണ് രാഷ്ട്രീയത്തില്‍ തിരിച്ചെത്തിയത്. രാഷ്ട്രീയമാണോ ബിസിനസ് ആണോ കൂടുതല്‍ ഇഷ്ടം?

ഗള്‍ഫ് പോലെത്തന്നെ രാഷ്ട്രീയത്തിലും താത്പര്യമുണ്ടായിരുന്നു. ബാപ്പ സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. പൊതുപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള എനിക്ക് രാഷ്ട്രീയത്തില്‍നിന്നു മാറിനില്‍ക്കാന്‍ കഴിയില്ലായിരുന്നു. പക്ഷേ, സാമ്പത്തികം വലിയൊരു ഘടകമാണ്. സാമ്പത്തികമായി മെച്ചപ്പെട്ടപ്പോള്‍ മറ്റുള്ളവര്‍ക്കുവേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ രാഷ്ട്രീയമാണ് നല്ലവഴി എന്നു മനസ്സിലായി. 1982-ല്‍തന്നെ മടങ്ങിവന്ന് സജീവരാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ നിന്നതാണ്. ഗള്‍ഫില്‍ത്തന്നെ പോകണമെന്ന് അന്ന് ഉപദേശിച്ചത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ്.

ബിസിനസില്‍ വെല്ലുവിളികളുണ്ടായിരുന്നു അന്ന്. ജ്യേഷ്ഠന്‍ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ബിസിനസ് ഞാന്‍ എറ്റെടുക്കേണ്ടിവന്നു. അങ്ങനെയാണ് ഞാന്‍ സ്വതന്ത്ര ബിസിനസ് മാന്‍ ആയത്, 1983-ല്‍.

പലപ്പോഴും കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാറുണ്ട് താങ്കള്‍. ചിലഘട്ടങ്ങളില്‍ പാര്‍ട്ടി നിലപാടു പോലും നോക്കാതെ അഭിപ്രായം പറഞ്ഞെന്ന വിമര്‍ശനമുണ്ടായി. ചെയ്ത കാര്യങ്ങളില്‍ ഏതെങ്കിലും വേണ്ടായിരുന്നു എന്നു തോന്നിയിട്ടുണ്ടോ? 

പാര്‍ട്ടിക്കെതിരേ ഞാന്‍ എവിടെയും ഒന്നും പറഞ്ഞിട്ടില്ല. അതൊക്കെ ആരോപണങ്ങളാണ്. പാര്‍ട്ടിയില്‍ തീരുമാനം എടുക്കുന്ന ഘട്ടങ്ങളില്‍ ശക്തമായിത്തന്നെ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും പറയുന്നുമുണ്ട്. പാര്‍ട്ടി തീരുമാനം എടുത്തുകഴിഞ്ഞാല്‍ അതിനെതിരേ പരസ്യമായി പറഞ്ഞിട്ടില്ല. ചിലര്‍ക്ക് അങ്ങനെ തോന്നിക്കാണും. ചെയ്ത കാര്യങ്ങളില്‍ കുറ്റബോധവും തോന്നിയിട്ടില്ല. ആണവകരാറില്‍ ഇന്ത്യ ഒപ്പിടുമ്പോള്‍ കേന്ദ്രമന്ത്രിയായ ഇ. അഹമ്മദ് രാജിവെക്കണമെന്ന് പാര്‍ട്ടിയില്‍ ചിലര്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. മന്ത്രിസ്ഥാനം ഉപേക്ഷിക്കുന്നത് വിഡ്ഢിത്തമാണെന്നു പറഞ്ഞ് അതിനെ ശക്തമായി എതിര്‍ത്തയാളാണ് ഞാന്‍.

പലതരം സംരംഭങ്ങളും തുടങ്ങിയല്ലോ. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച താങ്കളിന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഏത് മേഖലയിലാണ് കൂടുതല്‍ സംതൃപ്തി? 

എന്നെ അധ്യാപകനാക്കണമെന്ന് ആഗ്രഹിച്ചാണ് ബാപ്പ മമ്പാട് കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ത്തത്. പോളിയില്‍പ്പോയി ഓട്ടോമൊബൈല്‍ പഠിക്കാനായിരുന്നു എന്റെ ഇഷ്ടം. അതിനാണെങ്കില്‍ സീറ്റും കിട്ടിയില്ല. ഇഷ്ടമല്ലാത്തതിനാല്‍ പ്രീഡിഗ്രി പരീക്ഷയും എഴുതിയില്ല. 18 തികഞ്ഞപ്പോള്‍ സി.എച്ചിന്റെ സഹായത്താല്‍ പാസ്‌പോര്‍ട്ട് കിട്ടി. അതുകഴിഞ്ഞ് അഞ്ചാറു ദിവസമായപ്പോഴാണ് ബാപ്പ മരിച്ചത്; 1970-ല്‍. അതോടെ ഗള്‍ഫ് യാത്ര മൂന്നുവര്‍ഷം നീണ്ടു.

ഏറ്റവും സംതൃപ്തി കിട്ടുന്നത് വിദ്യാഭ്യാസ മേഖലയില്‍നിന്നാണ്. വിദ്യാഭ്യാസത്തിനുവേണ്ടി മുടക്കുന്ന പണം ഒരിക്കലും നഷ്ടമാകില്ല. അത് നാടിനൊന്നാകെ തിരിച്ചുകിട്ടും. കൈയില്‍ പണം വന്നപ്പോള്‍ നാടിനായി ആദ്യംചെയ്തത് ഞാന്‍ പഠിച്ച സ്‌കൂളിന് കെട്ടിടം ഉണ്ടാക്കി നല്‍കിയതാണ്. നമ്മുടെ കുട്ടികള്‍ നമ്മുടെ സംസ്‌കാരത്തിലും ചുറ്റുപാടിലും പഠിക്കാന്‍ വേണ്ടിയാണ് നിലമ്പൂരില്‍ സ്‌കൂള്‍ തുടങ്ങിയത്.

ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാന്‍ ആഗ്രഹിച്ചിട്ടില്ലേ? 

ഇല്ലേയില്ല. രാജ്യസഭയേ എന്റെ സ്വഭാവത്തിനു ചേരൂ. ലോക്സഭയ്ക്ക് ഒരിക്കലും എന്നെ പറ്റില്ല. നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിച്ചിട്ടേയില്ല. നിയമസഭയിലേക്ക് മത്സരിക്കാന്‍ നേതാക്കള്‍ത്തന്നെ പറഞ്ഞിരുന്നു. കൂടുതല്‍ സമ്മര്‍ദംവന്നത് 2011-ലാണ്. താത്പര്യമില്ലെന്നു തീര്‍ത്തുപറഞ്ഞപ്പോള്‍ 'നിങ്ങള്‍ക്ക് മന്ത്രിയാവണ്ടേ' എന്നായി. വോട്ട് വാങ്ങി ജയിച്ചാലും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ എനിക്കു കഴിയില്ലെന്ന ബോധ്യമായിരുന്നു ആ തീരുമാനത്തിനു പിന്നില്‍. ഇപ്പോഴും അതേ നയമാണ്. മന്ത്രിയാവാന്‍ എന്നെ തീരെ പറ്റില്ല. അത് 24 മണിക്കൂര്‍ പണിയാണ്. അതിനോട് നീതിപുലര്‍ത്താന്‍ കഴിയില്ല.

ഇപ്പോള്‍ ബിസിനസെല്ലാം മക്കളെ എല്‍പ്പിച്ചെന്നും സ്വത്ത് വീതംവെച്ചുവെന്നും കേട്ടു?

ശരിയാണ്. ഇപ്പോഴെനിക്ക് ഒരു കെട്ടുപാടുമില്ലാതെ സ്വതന്ത്രനായി പൊതു, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങാം. പ്രായമായില്ലേ.

മുമ്പത്തെപ്പോലെ ഇപ്പോള്‍ ചെയ്യാന്‍ കഴിയില്ല. അടുത്ത തലമുറയ്ക്ക് ഏറ്റെടുക്കാനും സമയമായി. നമ്മളെക്കൊണ്ട് കഴിയുന്നില്ലെങ്കില്‍ വഴിമാറിക്കൊടുക്കണം. രാഷ്ട്രീയത്തിലും അതുവേണം. യുവാക്കള്‍ക്കുവേണ്ട പ്രാതിനിധ്യം കൊടുക്കണം.

കേരളവും മലയാളികളും ലഭ്യമായ ബിസിനസ് സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നുണ്ടോ. പുതിയ കാലത്തെ സംരംഭകരോടും സര്‍ക്കാരിനോടും പറയാനുള്ളത്? 

കേരളീയര്‍ ഇപ്പോഴും നിക്ഷേപ സൗഹൃദമുള്ളവരല്ല. ഇരു മുന്നണി സര്‍ക്കാരുകളും വ്യവസായത്തില്‍ നല്ലപോലെ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ, നിക്ഷേപം നടത്തുന്നവര്‍ നമ്മെ കൊള്ളയടിക്കാന്‍ വരുന്നരാണെന്ന മനസ്സാണ് ആളുകള്‍ക്ക്. തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും അങ്ങനെയല്ല.

അവര്‍ ഈ നിക്ഷേപമിറക്കുന്നതും സംരംഭങ്ങള്‍ തുടങ്ങുന്നതും അവര്‍ക്കുകൂടി വേണ്ടിയാണെന്നു മനസ്സിലാക്കും. ജോലിയും അവസരങ്ങളും കിട്ടുമല്ലോ. മലയാളികള്‍ പൊതുവേ വിവാദങ്ങളാണ് ഇഷ്ടപ്പെടുന്നത്.

നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിനെതിരേ എന്നെ സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എം. നേതാവ് സൈതാലിക്കുട്ടിക്കാക്ക ആലോചിച്ചിരുന്നു. ലീഗിനെതിരേയാണ് നില്‍ക്കേണ്ടത് എന്നതുകൊണ്ടാണ് ശിഹാബ് തങ്ങളെ കാണാന്‍ പോയത്. 'ഇപ്പോള്‍ അതൊന്നും ആലോചിക്കേണ്ടാ, ഗള്‍ഫില്‍ പോയി ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കൂ' എന്നായിരുന്നു തങ്ങളുടെ ഉപദേശം. അങ്ങനെ വീണ്ടും അബുദാബിയിലേക്ക് മടങ്ങി.