
പി.സി. തോമസ് എന്ന രാഷ്ട്രീയ നേതാവിന്റെ പേര് മറികടന്നുകൊണ്ട് ഒരിക്കലും മുന്നോട്ടുവായിക്കാനാവുന്നതല്ല കോട്ടയത്തിന്റെ രാഷ്ട്രീയ ചരിത്രം. കേരള കോണ്‍ഗ്രസ് എമ്മില്‍ തുടങ്ങി കേരള കോണ്‍ഗ്രസില്‍ ജോസഫ് ഗ്രൂപ്പില്‍ എത്തി നില്‍ക്കുന്ന രാഷ്ട്രീയ യാത്രയില്‍ ഇടത്-വലത് ചേരിക്കൊപ്പം മാറിമാറി ഇടയ്ക്ക് ഐഎഫ്ഡിപി വഴി ബിജെപി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രി വരെയായി. അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ രാഷ്ട്രീയ പ്രവേശനം. അതും പാലാക്കാരുടെ സ്വന്തം മാണി സാറിന്റെ അനുഗ്രഹാശിസുകളോടെ. ആദ്യമായി വോട്ടുചെയ്തതും ലോക്സഭയിലേക്ക് ആദ്യമായി മത്സരിച്ചതുമെല്ലാം ഇന്നലെയെന്നതുപോലെ ഓർക്കുന്നുണ്ട് ഇപ്പോഴും അദ്ദേഹം. ആ ഓർമകൾ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുകയാണ് അദ്ദേഹം.
ആദ്യത്തെ വോട്ട്

അഭിഭാഷകവൃത്തി, 1987-ലെ വാഴൂർ തിരഞ്ഞെടുപ്പ്
1987 കാലത്ത് ഞാൻ അഭിഭാഷകനായി തൊടുപുഴയിൽ പ്രാക്ടീസ് ചെയ്യുകയാണ്. ഞാനും വിദ്യാസാഗറുമൊക്കെ കോട്ടയത്തായിരുന്നു പ്രാക്ടീസ് തുടങ്ങിയത്. ഇടുക്കിയിൽ കോടതി വന്നപ്പോൾ ഞങ്ങൾ രണ്ടുപേരും ഇടുക്കിയിലേക്ക് മാറി. വിദ്യാസാഗറിന്റെ നാട് ഇടുക്കിയായിരുന്നു. നല്ല കേസുകൾ വരുമെന്ന സാധ്യതകൾ മുന്നിൽക്കണ്ടാണ് ഞാൻ മാറിയത്. വിദ്യാസാഗറിന് സിവിൽ കേസും എനിക്ക് ക്രിമിനൽ കേസുകളുമായിരുന്നു. നല്ല രീതിയിൽ അഭിഭാഷകജോലി മുന്നോട്ടുപോകുമ്പോഴാണ് വാഴൂർ തിരഞ്ഞെടുപ്പ് വരുന്നത്. കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി നിൽക്കണമെന്ന് എന്നോടാവശ്യപ്പെട്ടു. ആ സമയത്ത് മാണി സാറും ജോസഫ് സാറും പിരിഞ്ഞിരുന്നു.
വാഴൂരിൽ സ്ഥാനാർത്ഥിയാകാൻ നിർബന്ധിതനാവുന്നു
വാഴൂരിൽ പലരും നിൽക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും സീറ്റ് കോൺഗ്രസിന് മാണി സാർ വിട്ടുകൊടുത്തേക്കും എന്ന് ഭീതി വന്നതോടെ അവരും എന്റെയടുത്ത് അഭ്യർത്ഥിക്കാൻ തുടങ്ങി. കാനം രാജേന്ദ്രനാണ് ഇടതുസ്ഥാനാർത്ഥി. ഒഴിഞ്ഞുമാറാൻ ഒരു ശ്രമം നടത്തിനോക്കി. പോരാത്തതിന് ഒരു ഹൈന്ദവ സ്ഥാനാർത്ഥിക്കാണ് അവിടെ ജയസാധ്യത. എങ്കിലും നിരന്തര ആവശ്യത്തേത്തുടർന്ന് ഞാൻ തിരഞ്ഞെടുപ്പിന് നിൽക്കാൻ സന്നദ്ധനായി. വാഴൂർ നിൽക്കണ്ട കാഞ്ഞിരപ്പള്ളി നിൽക്കാനായിരുന്നു മാണി സാറിന്റെ ആവശ്യം. പക്ഷേ പിന്നീടെന്തോ കാരണംകൊണ്ട് മാണി സാറും എന്നോട് വാഴൂർ തന്നെ നിൽക്കാൻ ആവശ്യപ്പെട്ടു.
കാനത്തിന്റെ ജയം, രാഷ്ട്രീയത്തിൽ തുടരാൻ പ്രേരിപ്പിച്ച സംഭവം
വോട്ടെണ്ണുന്നത് ചങ്ങനാശ്ശേരിയിലായിരുന്നു. അവസാനം എന്നേക്കാൾ ഏതാണ്ട് നാലായിരം വോട്ടിന് കാനം ജയിച്ചു. ജയിച്ച കാനം രാജേന്ദ്രനെ ഞാനാണ് തുറന്ന ജീപ്പിൽ കയറ്റിയത്. ഇതുകണ്ട് സമീപത്തുണ്ടായിരുന്ന യു.ഡി.എഫ് പ്രവർത്തകർ ഉറക്കെ കരയുന്നതുകേട്ടു. ഞാൻ പരാജയപ്പെട്ടതുകൊണ്ടാണെന്നാണ് ആദ്യം വിചാരിച്ചത്. ഓടിച്ചെന്ന് അവരെ സമാധാനിപ്പിക്കുമ്പോൾ അവർ തിരിച്ച് ചോദിച്ചത് നമ്മളെ തോൽപ്പിച്ചയാൾക്ക് എന്തിനാണ് കൈകൊടുത്തത് എന്നായിരുന്നു. ജയിച്ചയാളെ അഭിനന്ദിക്കുന്നതിൽ എന്താണ് തെറ്റെന്ന് ഞാനും. സത്യത്തിൽ ആ കരച്ചിലാണ് രാഷ്ട്രീയത്തിൽ പിന്നീടെന്നെ നിലനിർത്തിയത്.
മൂവാറ്റുപുഴയിലൂടെ ലോക്സഭയിലേക്ക്
തോറ്റെങ്കിലും അടുത്ത തിരഞ്ഞെടുപ്പിൽനിന്ന് വിജയിക്കണമെന്നുള്ള വിചാരം അതോടെ വന്നു. വാഴൂർ കേന്ദ്രീകരിച്ച് കൂടുതൽ സജീവമാകാൻ തുടങ്ങി. 1989 പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിൽക്കാൻ എന്നോട് പറഞ്ഞു. മാണി സാർ ഇക്കാര്യം പറഞ്ഞപ്പോൾ വലിയ വിഷമമായിരുന്നു. ഞങ്ങളെങ്ങനെയെങ്കിലും വാഴൂർ തിരിച്ചുപിടിക്കാൻ വേണ്ടി പരിശ്രമിക്കുകയാണെന്ന് ഞാൻ പറഞ്ഞു. അപ്പോളദ്ദേഹം ഒന്ന് ചിരിച്ചിട്ട് പറഞ്ഞു, 57-ൽ നിന്റെ പിതാവ് സാക്ഷാൽ പി.ടി. ചാക്കോ നിന്നപ്പോൾപ്പോലും വെറും 81 വോട്ടിനാണ് വാഴൂർ ജയിച്ചത്. അങ്ങനെയുള്ള വാഴൂർ പിടിക്കാനുള്ള വ്യാമോഹം അങ്ങ് മാറ്റിവെച്ചേക്ക് എന്ന്. അങ്ങനെയാണ് ഞാൻ 1989-ൽ മൂവാറ്റുപുഴയിൽ മത്സരത്തിനിറങ്ങുന്നത്.
മുദ്രാവാക്യങ്ങൾ, പ്രചാരണവിഷയങ്ങൾ
കോൺഗ്രസ് അധികാരത്തിൽ വന്നാലേ ശക്തമായ ഇന്ത്യക്ക് സാധ്യതയുള്ളൂ എന്നായിരുന്നു അന്നുയർത്തിയ ഒരു പ്രധാന മുദ്രാവാക്യം. കേരളത്തിനുവേണ്ടി പാർലമെന്റിൽ സംസാരിച്ച് ഒരുപാട് നേടിയെടുക്കാനുണ്ട്. അതിന് എന്നെ വിജയിപ്പിക്കണം എന്നായിരുന്നു ആവശ്യപ്പെട്ടത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രചാരണവിഷയമായി.
വാച്ച് ആൻഡ് വാർഡിന്റെ കയ്യിൽക്കൊടുത്ത തുണ്ടുകടലാസ്
1989-ൽ നടന്ന തിരഞ്ഞെടുപ്പിൽ ഞാൻ മൂവാറ്റുപുഴയിൽനിന്ന് ജയിച്ചു. വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് വന്നത്. പ്രതിപക്ഷത്തായിരുന്നു ഞങ്ങൾ. റെബി റായി ആയിരുന്നു സ്പീക്കർ. തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറെ അനുമോദിച്ച് പ്രധാനപ്പെട്ട നേതാക്കന്മാർ സഭയിൽ സംസാരിക്കുകയാണ്. ആദ്യം പ്രധാനമന്ത്രി വി.പി. സിങ് പ്രസംഗിച്ചു. രണ്ടാമത് പ്രതിപക്ഷ നേതാവായിരുന്ന രാജീവ് ഗാന്ധി, പിന്നെ എൽ.കെ. അദ്വാനി എന്നിങ്ങനെ പത്തുപേരെയാണ് സംസാരിക്കാൻ വിളിക്കുന്നത്. ഞാൻ ഏറ്റവും പിന്നിലാണ് ഇരിക്കുന്നത്. ഇതുകണ്ടപ്പോൾ ഞാനും പി.സിതോമസ്, ലീഡർ, കേരളാ കോൺഗ്രസ് എന്നെഴുതി ഒരു വാച്ച് ആൻഡ് വാർഡിന്റെ കയ്യിൽ കൊടുത്തുവിട്ടു. തൊട്ടടുത്ത് ഇരുന്ന കെ. മുരളീധരന് ഇതു കണ്ടപ്പോൾ ഒരു സംശയം, ഇങ്ങനെ ചെയ്താൽ സംസാരിക്കാൻ വിളിക്കുമോയെന്ന്. ഞാൻ പറഞ്ഞു വിളിച്ചാൽ സംസാരിക്കാം, ഇല്ലെങ്കിൽ ഈ കടലാസ് കൊടുത്തുവിട്ട കാര്യം പുറത്താരും അറിയരുതെന്ന്. പക്ഷേ ഭാഗ്യത്തിന് എന്നെ പതിനൊന്നാമനായി സംസാരിക്കാൻ വിളിച്ചു. ഞാനങ്ങനെ സ്പീക്കറെ അഭിനന്ദിച്ച് സംസാരിച്ചു. ഇതിനുശേഷം രാജീവ് ഗാന്ധി വന്ന് പരിചയപ്പെടുകയും ചെയ്തു.
റബ്ബർ വിലയിടിവിനെതിരെ സഭയിൽ ഷീറ്റുവീശിയപ്പോൾ
റബ്ബറിന്റെ വിലയിടിവിനേക്കുറിച്ച് സഭയിൽ സംസാരിച്ചു എന്നത് ശരിയാണ്. വിലയിടിവ് നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് കൊടി വീശുന്നതുപോലെ സഭയിൽ റബ്ബർ ഷീറ്റ് വീശി. അത് വളരെ ശ്രദ്ധേയമായി. പിന്നീട് വി.പി. സിങ് സർക്കാർ മാറി ചന്ദ്രശേഖർ സർക്കാർ വന്നു. അവർ മൂന്ന് മാസമേ ഭരിച്ചുള്ളൂ. അതിനുശേഷം 1991-ൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചുവിജയിച്ചു. നരസിംഹ റാവു പ്രധാനമന്ത്രിയായി. അപ്പോഴും റബ്ബർ വില പ്രശ്നം രൂക്ഷമായി തുടരുകയായിരുന്നു. റബ്ബർ കയറ്റുമതി അനുവദിക്കുന്നില്ലായിരുന്നു. പലതവണ സഭയിലുന്നയിച്ചെങ്കിലും ഒരു മറുപടി കിട്ടിയില്ല. ഞാൻ മാണി സാറിനെ കണ്ട് പാർലമെന്റിന് മുന്നിൽ ഒന്ന് സത്യാഗ്രഹമിരുന്നോട്ടേ എന്ന് ചോദിച്ചു. കോൺഗ്രസ് ഭരിക്കുമ്പോൾ നമ്മളെന്തിനാണ് സത്യാഗ്രഹമിരിക്കുന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്. സർക്കാരിനെതിരായല്ല സമരമെന്ന് പ്രധാനമന്ത്രിയെ കണ്ട് സംസാരിച്ച ശേഷം സത്യാഗ്രഹം മതിയെന്ന് മാണി സാർ ഒടുവിൽ സമ്മതിച്ചു. അങ്ങനെ 1991 ഡിസംബർ നാലാണെന്നാണ് ഓർമ, ഞാൻ റബ്ബർ ഷീറ്റുകളുമായി പാർലമെന്റിന് മുന്നിൽ സത്യാഗ്രഹമിരുന്നു.
റബ്ബർ ഷീറ്റുകളുമായി പാർലമെന്റിന് മുന്നിൽ സത്യാഗ്രഹം
ഒരു ബ്രീഫ് കെയ്സിനകത്ത് ഫയലുകൾ കൊണ്ടുപോകുന്ന പോലെയാണ് റബ്ബർ ഷീറ്റുകൾ പാർലമെന്റ് വളപ്പിനകത്തേക്ക് കയറ്റിയത്. പതിനൊന്നുമണിക്കേ സമ്മേളനം തുടങ്ങൂ എങ്കിലും ഞാൻ എട്ടുമണിക്കേ അവിടെ കയറിയിരിപ്പായി. വലിയൊരു വാതിലുണ്ട് അവിടെ. എല്ലാവരും അതിലൂടെയാണ് അകത്തേക്ക് കയറുന്നത്. വരുന്നവർക്കെല്ലാം ഞാനിരിക്കുന്നത് കാണാം. വരുന്നവരെല്ലാം എന്താണ് സംഭവമെന്ന് ചോദിച്ചു. ഞാൻ കാര്യം പറയും. ഇക്കാര്യം നരസിംഹറാവുവിന്റെ ശ്രദ്ധയിൽപ്പെട്ടു. വിഷയം ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് അദ്ദേഹവും പറഞ്ഞു. പക്ഷേ ആ സത്യാഗ്രഹം ഫലം കണ്ടു. ഇന്നത്തെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അന്ന് കോൺഗ്രസിന്റെ യുവജനവിഭാഗം പ്രസിഡണ്ട് കൂടിയായിരുന്നു. അവർ എന്റെ സത്യാഗ്രഹം കണ്ട് കാര്യമന്വേഷിച്ചിരുന്നു. അകത്തേക്ക് കയറിപ്പോയ അവർ ഒന്നരമണിക്കൂറിനുശേഷം എന്റെയടുത്തേക്ക് ഓടിവന്നു. നിങ്ങൾ ജയിച്ചു, സമരം നിർത്തൂ, ഞാൻ ഓറഞ്ച് ജ്യൂസ് കൊണ്ടുവരട്ടേയെന്നാണ് അവർ ആദ്യം പറഞ്ഞത്. റബ്ബർ കയറ്റുമതി അനുവദിച്ചോ എന്ന് ചോദിച്ചപ്പോൾ ഇല്ല, ഒരുമാസത്തിനകം പ്രസ്താവനയിറക്കാമെന്ന് പറഞ്ഞതായി മമത പറഞ്ഞു. ആ പ്രസ്താവന എന്തായിരിക്കുമെന്ന് എനിക്കറിയാമെന്നും അഞ്ചുമണിയായാലേ സമരം നിർത്തൂവെന്നും ഞാൻ പറഞ്ഞു. ഞാൻ ഇങ്ങനെയൊരു സമരം നടത്തുന്നതുകൊണ്ട് എല്ലാ പാർട്ടിക്കാരും സഭയിൽ എനിക്കുവേണ്ടി വാദിച്ചു. പതിനാറുദിവസംകൊണ്ടുതന്നെ ധനമന്ത്രി പ്രസ്താവനയിറക്കി. പിന്നീട് റബ്ബർ കയറ്റുമതി അനുവദിച്ചതായും ധനമന്ത്രി വ്യക്തമാക്കി. അതുവളരെ സന്തോഷമുണ്ടായ കാര്യമാണ്. പാർലമെന്റിൽ സംസാരിച്ചാൽ മാത്രം പോരാ, സമ്മർദംകൂടി ചെലുത്തണം-പി.സി തോമസ് പറയുന്നു
Content Highlights: pc thomas interview, pc thomas about his first loksabha election victory
Published: 31 Jan 2024, 02:31 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented