ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എം. സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഡി.വൈ.എഫ്.ഐ. നേതാവായ വി.വസീഫാണ് മലപ്പുറത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. മുസ്‌ലിം ലീഗിന്റെ കുത്തകയായ മലപ്പുറം മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ പ്രതീക്ഷകളെന്താണ്? ഈ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തെ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന വാഗ്ദാനം എന്തെല്ലാമാണ്? ഇതിനെല്ലാം മറുപടി നല്‍കുകയാണ് വസീഫ്. 

To advertise here,

മുസ്ലിംലീഗിന്റെ കോട്ടയായാണ് മലപ്പുറം അറിയപ്പെടുന്നത്. ആ കോട്ടയില്‍ പ്രവേശിക്കാനാവുമോ?

മലപ്പുറം പഴയ മലപ്പുറമല്ല. കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം സംഘപരിവാര്‍ വിരുദ്ധമാണ്. അതിന്റെ പ്രധാന കേന്ദ്രമാണ് മലപ്പുറം. സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മണ്ണാണിത്. രാജ്യം അതിജീവനപ്പോരാട്ടമുഖത്ത് നില്‍ക്കുമ്പോള്‍ അതിന് നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തോടൊപ്പം മലപ്പുറവും നില്‍ക്കും എന്നാണ് പ്രതീക്ഷ.

എന്ത് വാഗ്ദാനമാണ് മലപ്പുറത്തുകാര്‍ക്ക് കൊടുക്കാനുള്ളത്?

ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി പരിമിതികളില്ലാതെ പോരാടും. പൂര്‍ണമായും മലപ്പുറത്തുകാരുടെ ജനപ്രതിനിധിയായി കൂടെയുണ്ടാവും. സംഘപരിവാര്‍ രാജ്യത്തെ വിഴുങ്ങാന്‍ ശ്രമിക്കുമ്പോള്‍ എല്ലാവിഭാഗം ജനങ്ങളേയും ചേര്‍ത്തുനിര്‍ത്തി മതനിരപേക്ഷതയ്ക്കുവേണ്ടി കൂടെനില്‍ക്കും.

ഏത് വിഭാഗത്തെയാണ് കൂടുതല്‍ ലക്ഷ്യം വെക്കുന്നത് ?

മലപ്പുറത്തെ യുവജനങ്ങളോടാണ് ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഇതുവരെ ജീവിച്ചതുപോലെ സ്വാതന്ത്ര്യത്തോടെ അഭിമാനത്തോടെ ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുമോ എന്ന ഭയം രാജ്യത്തെ ജനതയ്ക്കുണ്ട്. അതിനെ പ്രതിരോധിക്കാന്‍ യുവജനങ്ങള്‍ക്കാണ് സാധിക്കുക. അതിന് മുന്‍നിരയില്‍നില്‍ക്കാനുള്ള അവസരമാണ് ഞാന്‍ ചോദിക്കുന്നത്.

എന്താണ് പ്രതീക്ഷ ?

രണ്ട് തവണയായി വി.പി. സാനു നേടിയ മുന്നേറ്റത്തെ വിജയത്തിലെത്തിക്കുകയാണ് ലക്ഷ്യം. മലപ്പുറം മറിയുകതന്നെ ചെയ്യും.