
മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ എന്‍.ഡി.എ.യ്ക്ക് ഒന്നരലക്ഷം വരെ വോട്ട് ലഭിക്കുമെന്ന് സ്ഥാനാര്‍ഥി ഡോ. എം.അബ്ദുള്‍സലാം. തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് വിചാരിക്കുന്നതൊന്നും എളുപ്പമല്ല, പക്ഷേ, വോട്ടുവിഹിതം ഉയര്‍ത്താനാകും. ഇത്തവണ എന്‍.ഡി.എ.യ്ക്ക് ഒന്നരലക്ഷം വരെ വോട്ട് കിട്ടുമെന്നാണ് കണക്കുക്കൂട്ടലെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
മലപ്പുറത്ത് ഉദ്ദേശിച്ച രീതിയിലുള്ള പ്രചരണം നടത്താന്‍ പറ്റിയില്ല. പ്രചരണം ദുര്‍ബലമായിരുന്നു. പാര്‍ട്ടിക്ക് ഇവിടെ ശക്തി കുറവാണ്. 'ട്രെയിന്‍ഡ് ആയ പൊളിറ്റീഷ്യന്‍സ്' ആരുമുണ്ടായില്ല. എല്ലാവരും അടുത്തകാലത്ത് വന്നവരാണ്. അവരാരും 'പൊളിറ്റിക്കലി സ്‌ട്രോങ്' ആയിരുന്നില്ല.
തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍നിന്ന് വലിയ പിന്തുണയൊക്കെ ലഭിച്ചു. പക്ഷേ, മണ്ഡലത്തില്‍ പാര്‍ട്ടിക്ക് ശക്തി കുറവായതിനാല്‍ അവര്‍ക്ക് ചെയ്യാനാകുന്നതിന്റെ അളവ് കുറഞ്ഞു. പാര്‍ട്ടിക്കൊപ്പമുള്ളവരെല്ലാം പിന്തുണച്ചു. പക്ഷേ, പാര്‍ട്ടിക്കൊപ്പമുള്ളവര്‍ കുറവായിരുന്നു. സാമ്പത്തികമായി ഉള്‍പ്പെടെ പാര്‍ട്ടി പിന്തുണ നല്‍കി. പക്ഷേ, യാഥാര്‍ഥ്യം കാണാതെ പോകരുത്. ഇവിടെ ബി.ജെ.പി.യിലുള്ളവരുടെ എണ്ണം കുറവാണ്. അതിനാല്‍ അതിന്റേതായ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റോറി വിവാദം തിരിച്ചടിയായോ...
കേരള സ്‌റ്റോറി സിനിമ ഞാന്‍ കണ്ടിട്ടില്ല, അതിനാല്‍ അതേക്കുറിച്ച് ഞാന്‍ അഭിപ്രായം പറയുന്നത് ശരിയല്ല.
മോദിയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍ മലപ്പുറത്ത് എങ്ങനെ പ്രതിഫലിച്ചു...
മോദിയുടെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനെതിരേയായിരുന്നു. പക്ഷേ, മോദിജി പറഞ്ഞത് മനസ്സിലാക്കാതെ അത് തെറ്റായി വ്യാഖാനിക്കുകയാണുണ്ടായത്.
ഒരുവിഭാഗത്തിന് അവര്‍ക്ക് അവകാശപ്പെട്ടത് നല്‍കാം. അവരെ പിന്തുണയ്ക്കാം. അതിനപ്പുറം അവരെ പ്രലോഭിപ്പിക്കരുത്. കൈക്കൂലി കൊടുത്ത് അവരില്‍നിന്ന് വോട്ട് വാങ്ങരുത്. അത് ശരിയല്ല എന്നാണ് മോദി പറഞ്ഞത്.
പൊതുപണം ചെലവഴിച്ച് ഒരുവിഭാഗത്തിന്റെ വോട്ട് ബാങ്ക് വളര്‍ത്തുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസിനെയാണ് കുറ്റംപറഞ്ഞത്. അല്ലാതെ മുസ്‌ലിംവിഭാഗത്തയല്ല മോദി കുറ്റം പറഞ്ഞത്. മോദിജി ഒരിക്കലും മുസ്‌ലിമിന് എതിരല്ല.
രാഷ്ട്രീയമാകുമ്പോള്‍ പ്രതിപക്ഷം പലതും പറയും. അവര്‍ എന്നും കള്ളപ്രചരണം നടത്തിയല്ലേ വോട്ട് വാങ്ങിക്കുന്നത്.ആ പ്രചരണം മറികടക്കാന്‍ കഴിഞ്ഞോ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ വ്യക്തമായി പറയാന്‍ കഴിയില്ല.
തിരഞ്ഞെടുപ്പ് അനുഭവങ്ങള്‍....
പ്രചരണത്തിനിടെ പള്ളിയുടെ കാംപസില്‍ കയറിയപ്പോള്‍ ഒരാള്‍വന്ന് ചാടിയിറങ്ങി ഇറങ്ങിപ്പോകാന്‍ പറഞ്ഞത് വലിയ വിഷമമുണ്ടാക്കി. ചിലര്‍ കൈകൊടുത്തപ്പോള്‍ പോലും കൈ തന്നില്ല. അപൂര്‍വമായി ഇങ്ങനെ ചില സംഭവങ്ങളുണ്ടായെങ്കിലും മലപ്പുറത്തെ ജനങ്ങള്‍ വളരെ സ്‌നേഹമുള്ളവരാണ്. ഞങ്ങളുടെ ടീം ഒരുവീട്ടില്‍ പോയപ്പോള്‍ ഒരു ഉമ്മ ആകാശത്തേക്ക് കൈ ഉയര്‍ത്തി ഇവരുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമേ എന്ന് പ്രാര്‍ഥിച്ചു. തലയില്‍ കൈവെച്ച് അനുഗ്രഹം നല്‍കിയ ഒരുപാട് ഉമ്മമാരും അമ്മമാരുമുണ്ട്. പെണ്‍കുട്ടികളും വിദ്യാഭ്യാസമുള്ളവരും പിന്തുണച്ചു. യുവാക്കള്‍ക്കിടയില്‍ മോദിക്ക് സ്വാധീനമുണ്ടെന്ന് മനസിലായി. കാലിക്കറ്റില്‍ വി.സി.യായിരിക്കെ എന്നെ ഇഷ്ടപ്പെട്ട പലരുടെയും പിന്തുണയുണ്ടായി. കടുത്ത ചൂട് പ്രചരണത്തെ ബാധിച്ചെന്നും മൂന്നോ നാലോ കിലോ വരെ ശരീരഭാരം കുറഞ്ഞെന്നും ഡോ. അബ്ദുള്‍സലാം പറഞ്ഞു.
Content Highlights: bjp candidate m abdul salam response after polling
Published: 30 Apr 2024, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented