
മലപ്പുറത്തെ ചുവപ്പണിയിപ്പിക്കാമെന്നത് സി.പി.എമ്മിന്റെ സ്വപ്നം മാത്രമായി തുടരും. ഇടതുസ്ഥാനാര്‍ഥി വി.വസീഫിനെ മലര്‍ത്തിയടിച്ച് ചരിത്രഭൂരിപക്ഷവുമായി ഇ.ടി. മുഹമ്മദ് ബഷീര്‍ ലോക്സഭയിലേക്ക്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വസീഫിനെതിരേ മൂന്നുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ ജയം.
ഇ.ടി.യ്ക്ക് 6,44,006 വോട്ട് കിട്ടിയപ്പോള്‍ വസീഫിന് ലഭിച്ചത് 3,43,888 വോട്ട് മാത്രം. മലപ്പുറം ലോക്‌സഭ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം സ്വന്തമാക്കിയാണ് ഇ.ടി.യുടെ വിജയമെന്നത് തിളക്കം കൂട്ടുന്നു. ഭൂരിപക്ഷം ഉയര്‍ത്തി സ്വന്തം കോട്ട കാത്തത് മുസ്‌ലിം ലീഗിനും ഇരട്ടിമധുരമായി.
മലപ്പുറത്ത് മുസ്ലീം സ്ഥാനാര്‍ഥിയെ രംഗത്തിറക്കി ചലനമുണ്ടാക്കമെന്ന് കണക്കുകൂട്ടിയ ബി.ജെ.പി. തന്ത്രവും പാളി. ബി.ജെ.പി. സ്ഥാനാര്‍ഥിയായ ഡോ. എം.അബ്ദുള്‍സലാമിന് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ കിട്ടിയത് വെറും 85361 വോട്ട് മാത്രം.
മൂന്നുവട്ടം പൊന്നാനിയില്‍നിന്ന് ലോക്സഭയിലെത്തിയ ഇ.ടി. മുഹമ്മദ് ബഷീര്‍ ഇത്തവണ ജന്മനാട് ഉള്‍പ്പെടുന്ന മലപ്പുറം മണ്ഡലത്തിലേക്ക് മത്സരിക്കാനെത്തിയത് തികഞ്ഞ വിജയപ്രതീക്ഷയിലായിരുന്നു. ലോക്സഭയിലെ അനുഭവസമ്പത്ത് മുതല്‍ക്കൂട്ടാക്കി മുന്‍കാല പ്രവര്‍ത്തനങ്ങളും രാഷ്ട്രീയപോരാട്ടങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഇ.ടി.യുടെ പ്രചരണം. കേന്ദ്രസര്‍ക്കാരിനെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും പ്രചരണത്തില്‍ ആഞ്ഞടിച്ചു. ഇതെല്ലാം മലപ്പുറത്ത് ഇ.ടി.ക്ക് വോട്ടായി മാറി.
സി.എ.എ, ഏക സിവില്‍കോഡ് തുടങ്ങിയ വിഷയങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദപരാമര്‍ശങ്ങളും മലപ്പുറം മണ്ഡലത്തില്‍ ചര്‍ച്ചയായി. കേരള സ്റ്റോറി സിനിമ വിവാദവും തിരഞ്ഞെടുപ്പ് കാലത്ത് ചൂടേറ്റി. സമസ്ത-ലീഗ് ഭിന്നത ലീഗിന് വോട്ടുചോര്‍ച്ചയുണ്ടാക്കുമെന്ന ആശങ്കയുണ്ടാക്കിയെങ്കിലും അത് അസ്ഥാനത്തായെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.
യുവത്വത്തിന്റെ പ്രതിനിധിയായി ഡി.വൈ.എഫ്.ഐ. നേതാവ് വസീഫിനെ കളത്തിലിറക്കി സി.പി.എമ്മും എല്‍.ഡി.എഫും മലപ്പുറത്ത് ചൂടുപ്പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതെല്ലാം ആവിയായി പോയെന്നാണ് ഫലം വരുമ്പോള്‍ കാണുന്ന ചിത്രം. ഇ.ടി. മുഹമ്മദ് ബഷീറിനെതിരേ പുതുമുഖമായ വസീഫിനെ മത്സരിപ്പിച്ച് യുവവോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താമെന്നായിരുന്നു ഇടതിന്റെ പ്രതീക്ഷ. അത്തരം മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രചരണം മുന്നോട്ടുപോയതും. ഇതിനൊപ്പം ആര്‍.എസ്.എസിനെയും കേന്ദ്രത്തിലെ ബി.ജെ.പി.യെയും പ്രതിരോധിക്കുന്നത് യു.ഡി.എഫ് അല്ല സി.പി.എമ്മും ഇടതുപാര്‍ട്ടികളുമാണെന്ന് ആണയിട്ട് പറയുകയുംചെയ്തു. ലീഗും സമസ്തയും തമ്മിലുള്ള ഭിന്നത തങ്ങള്‍ക്ക് അനുകൂലമാകുമെന്നും ഇടതുക്യാമ്പ് കണക്കുക്കൂട്ടി. എന്നാല്‍, ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് മലപ്പുറത്തെ വോട്ടര്‍മാര്‍ ഇടതിന് മറുപടി നല്‍കിയത്. ആരുവന്നാലും പോയാലും മലപ്പുറം പച്ചക്കോട്ട തന്നെയാണെന്ന് ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം.
ചീറ്റിപ്പോയ ബി.ജെ.പി. തന്ത്രം...
വിജയപ്രതീക്ഷയില്ലെങ്കിലും മുസ്ലീം സ്ഥാനാര്‍ഥിയെ രംഗത്തിറക്കി പരമാവധി വോട്ട് സമാഹരിക്കാനായിരുന്നു ബി.ജെ.പി.യുടെ ശ്രമം. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറായ ഡോ.എം. അബ്ദുള്‍സലാമിലൂടെ അത് പ്രാവര്‍ത്തികമാക്കാമെന്നും ബി.ജെ.പി. കണക്കുക്കൂട്ടി. മോദിയെന്ന നേതാവിനെ വാനോളം പുകഴ്ത്തുന്ന എം.അബ്ദുള്‍സലാം തന്റെ പ്രചരണ യോഗങ്ങളിലെല്ലാം ഇക്കാര്യം തന്നെയാണ് ജനങ്ങളോട് പങ്കുവെച്ചത്. മോദിയെ മുന്നില്‍നിര്‍ത്തിയായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ പ്രധാന പ്രചരണം. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. എന്നാല്‍, മോദിയുടെ വിവാദപരാമര്‍ശങ്ങളും വോട്ടെടുപ്പ് സമയത്തെ കേരള സ്റ്റോറി വിവാദവും ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് തിരിച്ചടിയായി.
വോട്ടുനില 2024 ലോക്‌സഭ തിരഞ്ഞെടുപ്പ്
| സ്ഥാനാര്‍ഥി | മുന്നണി/പാര്‍ട്ടി | വോട്ട് | വോട്ടുവിഹിതം |
| ഇ.ടി. മുഹമ്മദ് ബഷീര്‍ | യു.ഡി.എഫ്, മുസ്‌ലിം ലീഗ് | 644006 | 59.35% |
| വി.വസീഫ് | എല്‍.ഡി.എഫ്, സി.പി.എം | 343888 | 31.69% |
| ഡോ. എം.അബ്ദുള്‍സലാം | എന്‍.ഡി.എ, ബി.ജെ.പി. | 85361 | 7.87% |
മലപ്പുറത്തിന്റെ ചരിത്രം...
1952-ല്‍ മലബാര്‍ ജില്ലയിലെ മലപ്പുറം മണ്ഡലത്തില്‍ ബി. പോക്കറിന്റെ ജയത്തോടെയാണ് ലീഗിന്റെ തേരോട്ടം ആരംഭിക്കുന്നത്. 1957-ല്‍ മഞ്ചേരി ലോക്‌സഭ മണ്ഡലമായി മാറിയപ്പോഴും ബി.പോക്കറിലൂടെ ലീഗ് മണ്ഡലം നിലനിര്‍ത്തി. 1962 മുതല്‍ 1971 വരെ എം. മുഹമ്മദ് ഇസ്മയില്‍ മഞ്ചേരിയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തി. 1977 മുതല്‍ 1989 വരെ ലീഗിന്റെ ദേശീയ നേതാവായിരുന്ന ഇബ്രാഹിം സുലൈന്‍ സേട്ട് മഞ്ചേരിയില്‍ വിജയക്കൊടി നാട്ടി. 1991-ല്‍ ഇ. അഹമ്മദും വിജയം ആവര്‍ത്തിച്ചു. 1999 വരെ തുടര്‍ച്ചയായി ഇ.അഹമ്മദ് മഞ്ചേരി എം.പി.യായി. എന്നാല്‍, 2004-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഞ്ചേരി ലീഗിനെ കൈവിട്ടു.
സിറ്റിങ് എം.പി.യായിരുന്ന ഇ.അഹമ്മദിനെ പൊന്നാനിയിലേക്ക് മാറ്റി മഞ്ചേരിയില്‍ കെ.പി.എ. മജീദിനെയായിരുന്നു മുസ്ലീംലീഗ് 2004-ല്‍ മത്സരിപ്പിച്ചത്. കെ.പി.എ. മജീദ് മുജാഹിദ് പക്ഷക്കാരനാണെന്ന പ്രചരണം ലീഗിന് തിരിച്ചടിയായി. ഇ.കെ. വിഭാഗം സുന്നികളിലെ ഒരുവിഭാഗം വോട്ടുകള്‍ ലീഗില്‍നിന്നകന്നു. ഇതിനൊപ്പം അന്നത്തെ ഐസ്‌ക്രീം കേസ് വിവാദങ്ങളും ടി.കെ.ഹംസയുടെ മണ്ഡലത്തിലെ വ്യക്തിപ്രഭാവവും ലീഗിനെ വീഴ്ത്തി. അങ്ങനെ ചരിത്രത്തിലാദ്യമായി മഞ്ചേരിയില്‍ ടി.കെ. ഹംസയിലൂടെ ചെങ്കൊടി പാറി. എന്നാല്‍, 2009-ല്‍ മഞ്ചേരി ലോക്‌സഭ മണ്ഡലം ഇല്ലാതായി പുതിയ മലപ്പുറം മണ്ഡലം നിലവില്‍വന്നപ്പോള്‍ മുസ്ലീംലീഗ് തങ്ങളുടെ അഭിമാനമണ്ഡലം തിരിച്ചുപിടിച്ചു.
2009-ല്‍ ഇ.അഹമ്മദിലൂടെയാണ് ലീഗ് മലപ്പുറം തിരിച്ചുപിടിച്ചത്. സിറ്റിങ് എം.പി.യായ ടി.കെ.ഹംസയെ പരാജയപ്പെടുത്തിയായിരുന്നു ഇ.അഹമ്മദിന്റെ മലപ്പുറത്തേക്കുള്ള തിരിച്ചുവരവ്. 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ഇ.അഹമ്മദിലൂടെ മലപ്പുറം പച്ചത്തുരുത്താണെന്ന് ലീഗ് ആണയിട്ടു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന പി.കെ. സൈനബയെ 1.94 ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു ഇ.അഹമ്മദിന്റെ വിജയം.
2017-ല്‍ സിറ്റിങ് എം.പി.യായിരുന്ന ഇ.അഹമ്മദിന്റെ നിര്യാണത്തോടെ മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടന്നു. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി 1.71 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആ ഉപതിരഞ്ഞെടുപ്പില്‍ വിജയം കുറിച്ചു. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു യു.ഡി.എഫ്. സ്ഥാനാര്‍ഥി. കേരളത്തില്‍ യു.ഡി.എഫ്. തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പില്‍ അദ്ദേഹം മലപ്പുറത്തെ ഭൂരിപക്ഷം 2.60 ലക്ഷം വോട്ടായി കുത്തനെ ഉയര്‍ത്തി. എന്നാല്‍, രണ്ടുവര്‍ഷത്തിനിടെ വീണ്ടും മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ച് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയതോടെയാണ് 2021-ല്‍ മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്. എം.പി. അബ്ദുസമദ് സമദാനിയായിരുന്നു യു.ഡി.എഫ്. സ്ഥാനാര്‍ഥി. 2019-ല്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരേ മത്സരിച്ച എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവിനെ തന്നെ സി.പി.എം. 2021-ല്‍ വീണ്ടും കളത്തിലിറക്കി. യു.ഡി.എഫിന്റെ ഭൂരിപക്ഷം 2.60 ലക്ഷത്തില്‍നിന്ന് 1.14 ലക്ഷം വോട്ടായി കുറഞ്ഞു.
വോട്ടുനില 2019 ലോക്‌സഭ തിരഞ്ഞെടുപ്പ്
| സ്ഥാനാര്‍ഥി | മുന്നണി/പാര്‍ട്ടി | വോട്ട് | വോട്ടുവിഹിതം |
| പി.കെ. കുഞ്ഞാലിക്കുട്ടി | യു.ഡി.എഫ്, മുസ്‌ലിം ലീഗ് | 5,89,873 | 57.01% |
| വി.പി. സാനു | എല്‍.ഡി.എഫ്, സി.പി.എം | 3,29,720 | 31.87% |
| ഉണ്ണികൃഷ്ണന്‍ | എന്‍.ഡി.എ, ബി.ജെ.പി. | 82,332 | 7.96% |
| പി. അബ്ദുള്‍ മജീദ് ഫൈസി | എസ്.ഡി.പി.ഐ | 19,106 | 1.85% |
വിജയി- പി.കെ. കുഞ്ഞാലിക്കുട്ടി ഭൂരിപക്ഷം- 2,60,153
വോട്ടുനില 2021 ലോക്‌സഭ ഉപതിരഞ്ഞെടുപ്പ്
| സ്ഥാനാര്‍ഥി | മുന്നണി/പാര്‍ട്ടി | വോട്ട് | വോട്ടുവിഹിതം |
| എം.പി. അബ്ദുസമദ് സമദാനി | യു.ഡി.എഫ്, മുസ്‌ലിം ലീഗ് | 5,38,248 | 48.96% |
| വി.പി. സാനു | എല്‍.ഡി.എഫ്, സി.പി.എം | 4,23,633 | 38.53% |
| എ.പി. അബ്ദുള്ളക്കുട്ടി | എന്‍.ഡി.എ, ബി.ജെ.പി. | 68,935 | 6.27% |
| തസ്ലീം റഹ്‌മാനി | എസ്.ഡി.പി.ഐ | 46,758 | 4.25% |
വിജയി- എം.പി. അബ്ദുസമദ് സമദാനി ഭൂരിപക്ഷം - 1,14,692
നിയമസഭ മണ്ഡലങ്ങള്‍ തിരിച്ചുള്ള ഭൂരിപക്ഷം (2024)
| മണ്ഡലം | സ്ഥാനാര്‍ഥി | ഭൂരിപക്ഷം |
| കൊണ്ടോട്ടി | ഇ.ടി. മുഹമ്മദ് ബഷീര്‍ | 44987 |
| മഞ്ചേരി | ഇ.ടി. മുഹമ്മദ് ബഷീര്‍ | 42320 |
| പെരിന്തല്‍മണ്ണ | ഇ.ടി. മുഹമ്മദ് ബഷീര്‍ | 26799 |
| മങ്കട | ഇ.ടി. മുഹമ്മദ് ബഷീര്‍ | 41033 |
| മലപ്പുറം | ഇ.ടി. മുഹമ്മദ് ബഷീര്‍ | 54041 |
| വള്ളിക്കുന്ന് | ഇ.ടി. മുഹമ്മദ് ബഷീര്‍ | 33182 |
| വേങ്ങര | ഇ.ടി. മുഹമ്മദ് ബഷീര്‍ | 56397 |
Content Highlights: malappuram loksabha election result 2024 analysis
Published: 04 Jun 2024, 11:22 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented