മലപ്പുറം: വോട്ടെണ്ണലിനു മൂന്നു ദിവസം മുന്‍പ് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു -'മലപ്പുറത്തെ റെക്കോഡ് ഭൂരിപക്ഷമായിരിക്കും ഇത്തവണ'. സ്വാഭാവികമായും ചോദിച്ചു, എന്താണിത്ര ആത്മവിശ്വാസം ?

To advertise here,

അദ്ദേഹം പറഞ്ഞു, 'ഇന്ത്യയുടെ ഇന്നത്തെ സ്ഥിതിതന്നെ. ഇതിനു പരിഹാരം ഇന്ത്യാ മുന്നണിമാത്രമാണെന്ന് ജനത്തിന് മനസ്സിലായി. സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയുമെല്ലാം പ്രതികരണം അങ്ങനെയായിരുന്നു'. പ്രവചനം ശരിയായി. മലപ്പുറം മണ്ഡലത്തിന്റെ റെക്കോഡ് ഭൂരിപക്ഷം. അതിലുമപ്പുറം കേരളത്തില്‍ത്തന്നെ രാഹുല്‍ഗാന്ധിക്കു പിന്നില്‍ ഏറ്റവുംവലിയ രണ്ടാമത്തെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. ഇ.ടി.യുടെ സംശുദ്ധമായ രാഷ്ട്രീയജീവിതത്തിന് വോട്ടര്‍മാര്‍ നല്‍കിയ ഉപഹാരം.

ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ അദ്ദേഹം മേല്‍മുറി ആലത്തൂര്‍പ്പടിയിലെ അന്തരിച്ച സഹോദരി സഫിയയുടെ വീട്ടിലെത്തി. പെങ്ങളുടെ മകന്‍കൂടിയായ, മലപ്പുറം നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരിയും അവിടെയുണ്ടായിരുന്നു. അവിടെയിരുന്നാണ് ടി.വി.യില്‍ വോട്ടെണ്ണല്‍ വാര്‍ത്തകള്‍ കണ്ടത്. ഭൂരിപക്ഷം വെടിമരുന്നിന് തീപിടിച്ചപോലെ കത്തിപ്പടര്‍ന്നതോടെ വീട്ടില്‍ മധുരവിതരണം തുടങ്ങി. ബന്ധുക്കളും കുറച്ചു പാര്‍ട്ടിപ്രവര്‍ത്തകരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഉച്ചയൂണിന് ശേഷം 2.15-ഓടെ അദ്ദേഹം പാണക്കാട്ടേക്ക് പോയി. വിജയാരവത്തിനിടയില്‍ ഇ.ടി. മാതൃഭൂമിയോട് സംസാരിക്കുന്നു.

മണ്ഡലം മാറിയത് ഗുണംചെയ്തോ..?

സ്വന്തംനാട്ടില്‍ മത്സരിക്കാനുള്ള അവസരമാണ് അതുവഴി ലഭിച്ചത്. തീര്‍ച്ചയായും അതു ഗുണംചെയ്തിട്ടുണ്ട്. അവരോടുള്ള എന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുകതന്നെ ചെയ്യും.

മലപ്പുറത്തിനു വേണ്ടി ഇനി ?

വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്തുതന്നെ മലപ്പുറത്തിനു വേണ്ടി പലതും ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഇന്നു കാണുന്ന വിദ്യാഭ്യാസപുരോഗതിക്കു കാരണം അന്നത്തെ നയപരമായ തീരുമാനങ്ങളാണ്. പൊന്നാനിക്കു വേണ്ടി ഒട്ടേറെ പദ്ധതികള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ഇനി മലപ്പുറത്തിനു വേണ്ടി പരമാവധി കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കൊണ്ടുവരാന്‍ ശ്രമിക്കും.

പ്രധാന മേഖലകള്‍?

മനുഷ്യാവകാശസംരക്ഷണം, മതേതര ജനാധിപത്യ സംരക്ഷണം, സമൂഹത്തില്‍ അരികുവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍, വിദ്യാഭ്യാസ പ്രശ്നങ്ങള്‍ എന്നിവ

മലപ്പുറത്തെ സ്വപ്നപദ്ധതി ?

ഭിന്നശേഷിക്കാര്‍ക്കായി മലപ്പുറത്ത് ഒരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുകയാണ് സ്വപ്നം. ഗവേഷണവും പരിചരണവും പുനരധിവാസവുമെല്ലാം ഉള്‍ക്കൊള്ളുന്നതാവണം ഇത്. ഏറ്റവുമധികം ഭിന്നശേഷിക്കാരുള്ള ജില്ലയാണ് നമ്മുടേത്.