1977 മുതൽ പിളർന്നും പിന്നെ വളർന്നുമൊക്കെ കേരള കോൺഗ്രസ് വള്ളിയിൽ പുതിയ തളിരുകൾ വരുകയും കൊഴിയുകയും ചെയ്യുമ്പോൾ മാണിസാർ രണ്ടിലകളെ തഴുകിനിന്നു. ഒപ്പം നിന്ന പലരും പോയി, മടങ്ങി. അവരോടും പരിഭവമില്ലാതെ മാണി ഒരുചിരിയുടെ അരികിലുണ്ടായി 

To advertise here,

കുഴക്കുന്ന ചോദ്യം വന്നാൽ ങേ... എന്ന് മൂളും. അങ്ങനൊന്നുമില്ലന്നേ..എന്ന മട്ടിലൊരു ഒഴുക്കൻ മറുപടികൊണ്ട് അവിടം കടന്നുപോകും. ചോദിക്കുന്നവരോട് ദേഷ്യമില്ല. ചോദിച്ചവനും സന്തോഷം. ഇതൊരു കോട്ടയം സ്കൂളാണ്. അതിൽ കസേരയിട്ടിരുന്നയാൾ യാത്രയായി. അദ്ദേഹമില്ലാത്തൊരു തിരഞ്ഞെടുപ്പുകാലത്ത് നാട് പറയും. മിസ് യു മാണി സാർ. കഴിഞ്ഞദിവസം പി.സി. തോമസ് കരിങ്ങോഴയ്ക്കൽ വീട്ടിലെത്തി. പഴയ ആശാന്റെ തറവാട്. ഗുരുവിന്റെ കബറിൽ ഒരുപിടി പച്ചമണ്ണ് വാരിയിട്ടശേഷം വന്നുവെന്ന് ജഗന്നാഥൻ പണ്ട് പറഞ്ഞതുപോലെയായിരുന്നു ആ വരവ്. പാലാ കത്തീഡ്രൽ പള്ളിയിലെ മാണിയുടെ കബറിൽ പ്രാർഥിച്ചശേഷം വണ്ടി പോയിനിന്നത് കരിങ്ങോഴയ്ക്കലാണ്. ആ പൂമുഖവും കസേരയും ഓർമകളുടെ മുന്തിരിവള്ളികൾ പാകി നിന്നിരിക്കണം. മുറ്റത്തെ വെള്ളാരംകല്ലുകൾ ഒരു പാലാക്കാലത്തിന്റെ ദർബാർ രാഗം മുഴക്കിയിരിക്കണം. പിണങ്ങിപ്പോയ ശിഷ്യന്റെ വർഷങ്ങൾക്കുശേഷമുള്ള മടങ്ങിവരവാണ്. അപ്പോൾ മാണിസാർ ഉമ്മറത്തുണ്ടെങ്കിൽ എന്തുപറഞ്ഞേനേ? കേറി വാടാ മക്കളേന്ന്. എന്തു പറഞ്ഞാലും നീ എന്റേതല്ലേന്ന്... അദ്ദേഹം ചേർത്തുപിടിച്ചേനെ. പിണങ്ങിയവരോടും ഒപ്പമുള്ളവരോടും അതാണ് മാണി സ്റ്റൈൽ.

പി.സി. എതിർപ്പാളയത്തിലാണ്. ഒൗസേപ്പച്ചന്റെ കേരള കോൺഗ്രസിൽ. പി.സി. വന്നതിനെ എങ്ങനെ കാണുന്നു? കെ.എം. മാണി ഉണ്ടായിരുന്നുവെങ്കിൽ എന്താകും പത്രക്കാരോട് പറയുക. “അതൊക്കെ സ്വാഭാവികമല്ലേ... പി.സി. തോമസ് നമ്മുടെ പി.ടി.യുടെ പുത്രനല്ലേ. അവന് എന്നെക്കാണാൻ വരാൻ നേരം നോക്കണോ. അയാളേത് പാർട്ടിയായാലും കേരള കോൺഗ്രസ് കുടുംബമല്ലേന്നേ...” -ഒന്ന് തൊണ്ട ശുദ്ധമാക്കി, കണ്ണട മൂക്കിൻതുമ്പിലേക്ക് ചേർത്ത് അഗാധമായ ബാസോടെ പറയും.

1977 മുതൽ പിളർന്നും പിന്നെ വളർന്നുമൊക്കെ കേരള കോൺഗ്രസ് വള്ളിയിൽ പുതിയ തളിരുകൾ വരുകയും കൊഴിയുകയും ചെയ്യുമ്പോൾ മാണിസാർ രണ്ടിലകളെ തഴുകിനിന്നു. ഒപ്പം നിന്ന പലരും പോയി, മടങ്ങി. പോയ ചിലർ എന്നേക്കുമായി മറുപക്ഷത്തായി. അവരോടും പരിഭവമില്ലാതെ മാണി ഒരുചിരിയുടെ അരികിലുണ്ടായി. തിരഞ്ഞെടുപ്പുകാലത്ത് ആ ചിരി പാലാ കടന്നും പടരും. 50 ആണ്ടിനിടെ പാലാ രണ്ടിലയുടെ തണ്ടായിനിന്നു. തലസ്ഥാനത്തേക്കോ? മറ്റൊരാളോ?... പറ്റില്ലെന്ന വാദത്തോടെ.

വീട്ടിലേക്കുള്ള വരവ്‌ മുതലുണ്ട് വേറിട്ട ആ രീതി. മുറ്റത്തോ ഉമ്മറത്തോ നിന്നുള്ള മടക്കമില്ല. നേരേ വീട്ടകത്തേക്കുള്ള കടന്നുവരവ്. പഴയ റേഷൻകാർഡിന്റെയും ആശുപത്രിച്ചീട്ടിന്റെയും കഥ ഒാർത്തുവെച്ചിരിക്കും. വീട്ടുകാർ പോലും മറന്നുപോയൊരു കാലം. ചോദിച്ചുവാങ്ങിയ ചില്ലുഗ്ലാസിലെ കട്ടൻ സ്നേഹം സമം ചേർത്തിറക്കി എഴുന്നേൽക്കുമ്പം ചോദിക്കും. ‘‘പിള്ളേരൊക്കെ എന്തിയേ, വരുമല്ലോ..?’’ 
‘‘സാറേ വോട്ട് ചോദിച്ചില്ലല്ലോ’’ എന്ന് ഒപ്പമുള്ളവർ. “ചോദിച്ചാൽ അവർക്കൊരു കുറച്ചിലാ. എനിക്ക് സംശയമുണ്ടെന്ന് തോന്നും.”

കേരള കോൺഗ്രസിന്റെ തോട്ടത്തിലെ പല വൻമരങ്ങളും രാഷ്ട്രീയക്കാറ്റിൽ പിടഞ്ഞുവീണപ്പോഴും ഇൗ വേരുറപ്പിലാണ് ആ മരം പിടിച്ചുനിന്നത്. പാലാമെമ്പർ എന്ന് പി.സി. ജോർജ് പരിഹസിച്ചപ്പോൾ മാണി പറഞ്ഞു. “ജോർജൊരു രസികനാണ്. അതൊക്കെ പറയാൻ അയാൾക്കേ പറ്റൂ.” അധ്വാനവർഗ സിദ്ധാന്തത്തിന്റെ ക്ലാസെടുക്കുകയും തോമസ് ഐസക് പ്രസംസിക്കുകയും ചെയ്തപ്പോൾ മാണിസാർ ചിരിച്ചു. “കേരള കോൺഗ്രസ് ഒരു സുന്ദരിയാണ്. ആരും പുകഴ്ത്തും. അത്രമാത്രം”. സീറ്റ് വിഭജിച്ചും കൊടുത്തും മടുക്കുന്ന തിരഞ്ഞെടുപ്പുകാലത്ത് കാലത്തേ കരിങ്ങോഴയ്ക്കൽ വീട്ടിൽ സ്ഥാനമോഹികളുണ്ടാകും. കടുംകെട്ട് അഴിച്ച ലാഘവത്തോടെ സീറ്റ് പോയവനെ ചേർത്തുനിർത്തി പറയും. “നീയവിടെയിരിക്ക്. നീയാ പ്രചാരണക്കമ്മിറ്റി ചെയർമാൻ. രാജ്യസഭ വരട്ടെ. നിന്റെ കാര്യം നോക്കിയിരിക്കും.” ആ ഉറപ്പിൽ മീനച്ചിൽപ്പാലവും കടന്ന് പരിഭവം അകലും.

ജൂബ്ബാതുമ്പ് വലിച്ചിട്ട് നെടുങ്കൻ മീശ തഴുകി പിന്നിലേക്ക് വലിച്ച് ചീകിയൊതുക്കിയ മുടിത്തട്ട് തടവി മാണി സാർ ഇൗ തിരഞ്ഞെടുപ്പും കാണുന്നുണ്ടാകും. അണികൾ ഇടതു ചേർന്നൊഴുകുന്നു. തിരുനക്കരയിൽനിന്ന് പിറവത്തേക്കുള്ള ഒറ്റവഴിയിൽ കോട്ടയം മണ്ഡലമൊരു ചെടിത്തണ്ടുപോലെ. രാജ്യസഭയിലേക്കും ലോക്‌സഭയിലേക്കും നീണ്ട ഇലകൾ. ഇലകൊഴിയാതെ കാക്കാൻ മാണിസാർ കൃപയുടെ നീരിറ്റുമോ. പ്രചോദനം തേടുകയാണ് പാർട്ടി.