
1987-ല്‍ കേരള കോണ്‍ഗ്രസ് നടുവെ പിളര്‍ന്നു. കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പും ജോസഫ് ഗ്രൂപ്പും അങ്ങനെ രൂപം കൊണ്ടു. ചരല്‍ക്കുന്നില്‍ നടന്ന പാര്‍ട്ടി പഠന ക്യാമ്പിലായിരുന്നു തുടക്കം. 'സത്യത്തിന് ഒരു അടിക്കുറിപ്പ്' എന്ന പേരില്‍ ഒരു ലഘുലേഖ ക്യാമ്പില്‍ അവതരിപ്പിച്ച് പി.ജെ. ജോസഫ് നടത്തിയ പ്രസംഗം കെ.എം. മാണിക്കെതിരെയുള്ള ശക്തമായൊരു വെല്ലുവിളിയായി. ജോസഫിനൊപ്പംനിന്ന യുവനേതാക്കളായ ഡിജോ കാപ്പന്‍, ജോസഫ് എം. പുതുശ്ശേരി, പി.സി. ജോസഫ് എന്നിവരായിരുന്നു ലഘുലേഖ തയ്യാറാക്കി അച്ചടിച്ച് രഹസ്യമായി ചരല്‍ക്കുന്ന് ക്യാമ്പിലെത്തിച്ചത്. കെ.എം. മാണിയുടെ നേതൃശൈലിക്കെതിരെ ആഞ്ഞടിച്ച് പി.ജെ. ജോസഫും കൂട്ടരും വേര്‍പിരിഞ്ഞു.
ചരല്‍ക്കുന്നില്‍ കേരള കോണ്‍ഗ്രസ് രണ്ടാവുമെന്ന് അന്ന് 'മാതൃഭൂമി' പ്രധാന വാര്‍ത്തയാക്കിയിരുന്നു. 'സത്യത്തിന് ഒരു അടിക്കുറിപ്പ്' എന്ന ലഘുലേഖ അച്ചടിച്ച പ്രസില്‍നിന്ന് പ്രൂഫ് നോക്കാനെടുത്ത കോപ്പി, ഡിജോ കാപ്പന്‍ രാത്രി 'മാതൃഭൂമി' കോട്ടയം ഓഫീസില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ഇടതുമുന്നണിയിലേക്ക് നീങ്ങിയ കേരള കോണ്‍ഗ്രസ് 2010 വരെ അവിടെ തുടര്‍ന്നു. 1996-ലെ ഇ.കെ. നായനാര്‍ ഗവണ്‍മെന്റില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് എന്നീ രണ്ടു പ്രധാന വകുപ്പുകളാണ് പി.ജെ. ജോസഫിനുണ്ടായിരുന്നത്.
വര്‍ഷങ്ങള്‍ക്കുശേഷം ഐക്യജനാധിപത്യ മുന്നണിയില്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം പ്രധാന നേതാവായിരുന്ന കെ.എം. മാണി, പി.ജെ. ജോസഫിനെ കേരള കോണ്‍ഗ്രസിലേക്ക് തിരികെ ക്ഷണിച്ചു. 2006 മേയ് മാസത്തില്‍ അധികാരമേറ്റ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായ പി.ജെ. ജോസഫ് 2010 ഏപ്രില്‍ 30-ന് മന്ത്രിസ്ഥാനം ഒഴിഞ്ഞു. ജോസഫ് ഗ്രൂപ്പ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ലയിച്ച് ഒരു കക്ഷിയായി. സി.പി.എം. നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട്.

2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. ജോസഫ് വിഭാഗത്തെയും ലയിപ്പിച്ച് ഒന്നായ കേരള കോണ്‍ഗ്രസിന് കിട്ടിയത് ഒമ്പത് സീറ്റ്. 2011-ല്‍ സി.പി.എമ്മിന് 45 സീറ്റും കോണ്‍ഗ്രസിന് 38 സീറ്റും മുസ്‌ലിം ലീഗിന് 20 സീറ്റും സി.പി.ഐ.ക്ക് 13 സീറ്റും കിട്ടി. കേരള കോണ്‍ഗ്രസിന് കിട്ടിയ ഒമ്പതു സീറ്റില്‍ പഴയ ജോസഫ് വിഭാഗത്തിന് കിട്ടിയത് രണ്ട് സീറ്റ് മാത്രം. ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് അധികാരത്തിലെത്തിയത് രണ്ട് സീറ്റിന്റെ നേരിയ ഭൂരിപക്ഷത്തില്‍. പി.ജെ. ജോസഫ് കൊണ്ടുവന്ന രണ്ട് സീറ്റാണ് നിര്‍ണായകമായതെന്നു പറയാം. ഇടതുമുന്നണിയിലായാലും ഐക്യജനാധിപത്യ മുന്നണിയിലായാലും അതതു മുന്നണിയിലെ സഹപ്രവര്‍ത്തകരുമായി ഏറ്റവും നല്ല സുഹൃദ്ബന്ധങ്ങള്‍ സൂക്ഷിക്കുന്നതില്‍ എപ്പോഴും ശ്രദ്ധവെച്ചിരുന്നു പി.ജെ. ജോസഫ്. ഈ ബന്ധങ്ങളാണ് എപ്പോഴും പി.ജെ.യുടെ കൈമുതല്‍.
2019 ഏപ്രില്‍ ഒമ്പതാം തീയതി കെ.എം. മാണി അന്തരിച്ചതോടെ കേരള കോണ്‍ഗ്രസിലെ രണ്ടു ഗ്രൂപ്പുകളും തലപൊക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഇരു കേരള കോണ്‍ഗ്രസ് വിഭാഗങ്ങളും തമ്മില്‍ നടന്ന ഒരു തര്‍ക്കമായിരുന്നു തുടക്കം. തര്‍ക്കം രൂക്ഷമായപ്പോള്‍ യു.ഡി.എഫ്. തന്നെ പ്രതിസന്ധിയിലായി. മാണിയുടെ നിര്യാണത്തോടെ കേരള കോണ്‍ഗ്രസന് ചെയര്‍മാന്‍ സ്ഥാനത്തിന് വേണ്ടിയായി ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം. മാണിയുടെ സ്ഥാനത്തേക്ക് ജോസ് കെ. മാണി ഉയരുകയായിരുന്നു. കെ.എം.മാണി അന്തരിച്ച ഒഴിവില്‍ പാലാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിനെ വരെ അതു ബാധിച്ചു. പാലായില്‍ ജയിച്ചത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എന്‍.സി.പി.യിലെ മാണി സി. കാപ്പന്‍. 1965 മുതല്‍ കെ.എം. മാണി കൈവശം വെച്ചിരുന്ന പാലായില്‍ ജയിച്ചത് ഇടതുമുന്നണി. ജോസ് കെ. മാണിക്ക് കനത്ത തിരിച്ചടിയായി അത്. ഐക്യജനാധിപത്യ മുന്നണിക്കും. കേരള കോണ്‍ഗ്രസ് വീണ്ടും രണ്ടായി.
മുന്നണിക്കുള്ളില്‍ രണ്ടു കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരുന്നു. രണ്ടു കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള വഴക്കു തീര്‍ക്കാന്‍ യു.ഡി.എഫ്. നേതൃത്വത്തിനും കഴിഞ്ഞില്ല. പി.ജെ. ജോസഫും ജോസ് കെ. മാണിയും നേര്‍ക്കുനേര്‍. യു.ഡി.എഫ്. നേതൃത്വത്തില്‍ ആദ്യം കെ. കരുണാകരനോടൊപ്പവും 1995 മുതല്‍ ഉമ്മന്‍ ചാണ്ടിയോടൊപ്പവും ചേര്‍ന്നുനിന്ന നേതാവാണ് കെ.എം. മാണി. യു.ഡി.എഫ്. അധികാരത്തില്‍ വന്നപ്പോഴൊക്കെ കേരളത്തിന്റെ ധനകാര്യമന്ത്രിയായതും കെ.എം. മാണി. ബാര്‍ കോഴ കേസ് വന്നപ്പോള്‍ മാത്രമാണ് മാണി ഒന്നുലഞ്ഞത്. എന്നും യു.ഡി.എഫിന്റെ ഒരു പ്രധാന നേതാവു തന്നെയായിരുന്നു മാണി.
കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മറിച്ചിടാന്‍ ആന്റണി പക്ഷം വിശാലമായ നീക്കങ്ങളൊരുക്കിയപ്പോള്‍ കെ.എം.മാണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും ടി.എം. ജേക്കബുമൊക്കെ അതില്‍ പങ്കാളികളാവുകയായിരുന്നു. അങ്ങനെ കരുണാകരനെ മറിച്ചിട്ട് എ.കെ. ആന്റണി മുഖ്യമന്ത്രിയായി. എല്ലാറ്റിനും ചരടു വലിച്ചത് ഉമ്മന്‍ചാണ്ടി. യു.ഡി.എഫ്. നേതൃത്വം ഉമ്മന്‍ചാണ്ടിയുടെ കൈയില്‍. ഉമ്മന്‍ചാണ്ടിയുടെ ഒരു വശത്ത് കെ.എം. മാണിയും മറുവശത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും ഉറച്ചുനിന്നു. ഐക്യജനാധിപത്യമുന്നണിയെ താങ്ങിനിര്‍ത്തിയ മൂന്നു നെടുംതൂണുകള്‍. 2005 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതോടെ ഈ സഖ്യത്തിനു കരുത്തേറി.
മാണിക്കുശേഷം മാണി വിഭാഗം കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാനായി സ്ഥാനമേറ്റ ജോസ് കെ. മാണിക്ക് പിതാവിനോളം മെയ് വഴക്കമോ തലയെടുപ്പോ ഉണ്ടായിരുന്നില്ല. ശത്രുപക്ഷത്തായ പി.ജെ. ജോസഫാവട്ടെ യു.ഡി.എഫ്. നേതൃത്വത്തിന്റെ പ്രധാന ഭാഗമായിക്കഴിഞ്ഞിരുന്നു. അന്നത്തെ യു.ഡി.എഫ് നേതാക്കളായിരുന്ന ഉമ്മന്‍ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ബെന്നി ബഹനാന്‍, എന്നിങ്ങനെയുള്ളവരുമായി അടുത്ത സൗഹൃദമുണ്ടാക്കാനും ജോസ് കെ. മാണിക്കായില്ല. യു.ഡി.എഫ്. മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്പാടെ അനുസരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയതുമില്ല.
ഒടുവില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്നു പുറത്താക്കിയതായി മുന്നണി കണ്‍വീനര്‍ ബെന്നി ബഹനാന്‍ 2020 ജൂണ്‍ 29-ാം തീയതി തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. ജോസ് പക്ഷത്തിന് യു.ഡി.എഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. മുന്നണി നേതൃത്വം ഐക്യകണ്ഠേന എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ്. ഘടകകക്ഷിയായ സി.എം.പി. നേതാവ് സി.പി. ജോണ്‍ ഈ തീരുമാനത്തിലെ അപകടത്തെക്കുറിച്ച് ബെന്നി ബഹനാനും മുന്നണി ചെയര്‍മാന്‍ രമേശ് ചെന്നിത്തലയ്ക്കും മുന്നറിയിപ്പ് നല്‍കിയെങ്കിലും രണ്ടുപേരും ചെവിക്കൊണ്ടില്ല. മൂന്നു മണിക്കൂര്‍ സമയം തന്നാല്‍ ജോസ് കെ. മാണിയെ നേരില്‍കണ്ടു സംസാരിച്ചു പരിഹാരമുണ്ടാക്കാമെന്നു ജോണ്‍ ഉറപ്പു നല്‍കിയെങ്കിലും രമേശും ബെന്നിയും തയ്യാറായില്ല. തിരക്കുണ്ടെന്ന് പറഞ്ഞ് രണ്ടുപേരും ഒഴിഞ്ഞു.

പ്രതിപക്ഷ രാഷട്രീയത്തിലെ സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ഒരാള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു- അതെ. സാക്ഷാല്‍ പിണറായി വിജയന്‍. ഒരു തുടര്‍ഭരണം ഉറപ്പിക്കാന്‍ വേണമെങ്കില്‍ മുന്നണി വിപുലീകരിക്കാനും പിണറായി കണക്കുകൂട്ടിക്കൊണ്ടിരുന്ന സമയം. കെ.എം. മാണി ശാരീരിക ദൗര്‍ബല്യങ്ങളെ തുടര്‍ന്ന് ആശുപത്രിയിലായതു മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു വന്നു. ഒരു ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി അദ്ദേഹം കെ.എം. മാണിയെ സന്ദര്‍ശിക്കുകയും ചെയ്തു. വളരെയധികം ക്ഷീണിതനായിക്കഴിഞ്ഞിരുന്നു മാണി.
മടങ്ങും വഴി മുഖ്യമന്ത്രി വളരെ അടുപ്പമുള്ള ഹൈക്കോടതിയിലെ യുവ അഭിഭാഷകനെ വിളിച്ചു. 'മാണി സാറിന്റെ കാലശേഷം കോണ്‍ഗ്രസുകാര്‍ മകനെ ചവിട്ടി പുറത്താക്കും. ആ പയ്യന്‍ നമ്മുടെ കൂടെ വന്നാല്‍ പ്രൊട്ടക്ഷന്‍ കൊടുക്കാം' - മുഖ്യമന്ത്രി പിണറായി വിജയന്‍ യുവ അഭിഭാഷകനോട് പറഞ്ഞു. എറണാകുളത്ത് താമസിക്കുന്ന കെ.എം. മാണിയുടെ അടുപ്പക്കാരനെ അഭിഭാഷകന്‍ അപ്പോള്‍ തന്നെ വിവരമറിയിച്ചു. അദ്ദേഹം ഉടനെ ജോസ് കെ. മാണിയെ ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സന്ദേശം കൈമാറി. വളരെ തണുത്തതായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. 'അവര്‍ ഞങ്ങളെ ചവുട്ടി പുറത്താക്കുമെന്നോ? അതും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പേരില്‍? അതൊന്നും നടക്കില്ല'- ജോസ് കെ. മാണിയുടെ മറുപടി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ തീരെ ഗൗനിക്കാതെയായിരുന്നു ആ മറുപടി.
1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വലിയ നേതാക്കളൊക്കെ സി.പി.ഐയിലും അണികള്‍ സി.പി.എമ്മിലുമായിരുന്നു എന്നതുപോലെയാണ് കേരളാ കോണ്‍ഗ്രസിലുമെന്നും മുഖ്യമന്ത്രി അഭിഭാഷകനോട് പറഞ്ഞിരുന്നു. അണികള്‍ ജോസ് കെ. മാണിയോടൊപ്പമായിരുന്നുവെന്നു മനസ്സിലാക്കിയാണ് പിണറായി വളരെ നിര്‍ണായകമായ ഈ നീക്കം നടത്തിയതെന്നര്‍ത്ഥം. 1967-ലെ തിരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ട് മുസ്‌ലിം ലീഗിനെയും മറ്റു കക്ഷികളെയുമൊക്കെ കൂട്ടിച്ചേര്‍ത്ത് മുന്നണിയുണ്ടാക്കാന്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് 1966 സെപ്റ്റംബറില്‍ തന്നെ കോഴിക്കോട്ട് ബി.വി. അബ്ദുള്ളക്കോയയുടെ വീട്ടിലെത്തി ലീഗ് നേതാക്കളുമായി സംസാരിച്ച് കാര്യങ്ങളുറപ്പിച്ചതു പോലെ, അതേ സപ്തകക്ഷി മുന്നണിയില്‍ നിന്ന് മുസ്‌ലിം ലീഗിനെയും സി.പി.ഐ.യേയും ആര്‍.എസ്.പി.യേയും കൂട്ടുപിടിച്ച് വെറും ഒമ്പതു കോണ്‍ഗ്രസ് അംഗങ്ങളുടെ നിയമസഭാ കക്ഷി നേതാവായിരുന്ന കെ.കരുണാകരന്‍ പുതിയൊരു ഐക്യമുന്നണി കെട്ടിപ്പടുത്തതുപോലെ, പിണറായി വിജയനും അതീവ രഹസ്യമായി ഒരു രാഷ്ട്രീയ നീക്കം നടത്തുകയായിരുന്നു, 2019 ഏപ്രില്‍ മാസത്തില്‍. ഏപ്രില്‍ ഒമ്പതാം തീയതിയാണ് കെ.എം. മാണി അന്തരിച്ചത്. അതിന് രണ്ടു ദിവസം മുമ്പായിരുന്നു പിണറായി ആശുപത്രിയിലെത്തി കെ.എം. മാണിയെ കണ്ടത്.
കെ.എം. മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലയോലപ്പറമ്പിനടുത്തുവെച്ച് മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. മാണിയുടെ നിര്യാണത്തിനു ശേഷം യു.ഡി.എഫില്‍ കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. 2020 ജൂണ്‍ 29-ാം തീയതി രാവിലെയായിരുന്നു ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിക്കൊണ്ടുള്ള ബെന്നി ബഹനാന്റെ പത്രസമ്മേളനം. അത് ജോസ് കെ. മണിക്ക് കനത്ത ആഘാതമായി. ഒക്ടോബര്‍ 22-ാം തീയതി ജോസ് കെ. മാണി ചെയര്‍മാനായ കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ ചേര്‍ന്നു.
2021 ഏപ്രില്‍ ആറിന് നടന്ന തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതു മുന്നണി 99 സീറ്റ് നേടി അധികാരത്തില്‍. 13 സീറ്റാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് കിട്ടിയിരുന്നത്. അതില്‍ അഞ്ച് സീറ്റില്‍ ജയിച്ചു. യു.ഡി.എഫില്‍ ജോസഫ് ഗ്രൂപ്പിന് കിട്ടിയത് രണ്ടു സീറ്റ്. മേയ് 20-ന് പിണറായി വിജയന്‍ തുടര്‍ച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒപ്പം 20 മന്ത്രിമാരും. കേരളാ കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിന്‍ ജലസേചന മന്ത്രിയായി സ്ഥാനമേറ്റപ്പോള്‍ ഡോ. എന്‍. ജയരാജ് ചീഫ് വിപ്പ് ആയി. 2021-ല്‍ ഇടതുപക്ഷത്തിന്റെ വന്‍ മുന്നേറ്റത്തില്‍ പങ്കാളിയായെങ്കിലും 54 വര്‍ഷം തുടര്‍ച്ചയായി കെ.എം. മാണി കൈയില്‍ വെച്ചിരുന്ന പാലാ സീറ്റ് നിലനിര്‍ത്താന്‍ മകന്‍ ജോസ് കെ. മാണിക്ക് കഴിഞ്ഞില്ല. ജോസിനെ തോല്‍പ്പിച്ചത് ഇടതുമുന്നണിയില്‍ നിന്നു യു.ഡി.എഫിലേക്ക് മാറിയ മാണി സി. കാപ്പന്‍. യു.ഡി.എഫില്‍ നിന്നു കിട്ടിയ രാജ്യസഭാ സീറ്റ് മുന്നണി മാറിയപ്പോള്‍ വിട്ടൊഴിഞ്ഞ ജോസിന് ഇടതു മുന്നണി വീണ്ടും നല്‍കുകയും ചെയ്തു.
കോട്ടയം ലോക്സഭാ സീറ്റും മാണി വിഭാഗം കേരള കോണ്‍ഗ്രസിന്റെ കൈയിലാണ്. ഇത്തവണ കടുത്ത മത്സരം നടക്കുന്ന കോട്ടയം, കേരള കോണ്‍ഗ്രസിന്റെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയാണിവിടെ. ഒരു വശത്ത് നിലവിലെ എം.പി. തോമസ് ചാഴികാടന്‍. മറുവശത്ത് ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ്. ആ നിലയ്ക്കും ഈ തിരഞ്ഞെടുപ്പിനു പ്രധാന്യമേറെ. കേരള കോണ്‍ഗ്രസിന്റെ സ്ഥാപകന്‍ കെ.എം. ജോര്‍ജിന്റെ മകനായ ഫ്രാന്‍സിസ് ജോര്‍ജ് മത്സരിക്കുന്നത് കെ.എം. ജോര്‍ജ് 1968-ല്‍ രാഷ്ട്രീയത്തിലേക്ക് വിളിച്ചുകൊണ്ടുവന്ന പി.ജെ. ജോസഫ് ചെയര്‍മാനായ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. മറുവശത്ത് കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണി ചെയര്‍മാനായ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടന്‍. രണ്ടു പാര്‍ട്ടികള്‍ക്കും അഭിമാന പോരാട്ടം.
അതിനുമപ്പുറം രണ്ടു മുന്നണികള്‍ക്കും പ്രാധാന്യമുള്ള തിരഞ്ഞെടുപ്പുകൂടിയാണിത്. 50 സീറ്റുകളിലെങ്കിലും 1000 മുതല്‍ 25,000 വരെ വോട്ടുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗമെന്ന് യു.ഡി.എഫിലെ തന്നെ കക്ഷി നേതാക്കള്‍ക്കറിയാം. ജോസ് കെ. മാണിയെ തിരികെ കൊണ്ടുവന്നാല്‍ മാത്രമേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയിക്കാനാവൂ എന്ന സത്യത്തിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. പാലാ സീറ്റ് നേരത്തെ തന്നെ നഷ്ടപ്പെട്ട കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് കോട്ടയം ലോക്സഭാ സീറ്റ് കൂടി നഷ്ടപ്പെട്ടാല്‍ പിന്നെ ഇടതുമുന്നണി ബന്ധം ഒരു നഷ്ടക്കച്ചവടമാവുമെന്നു കണക്കുകൂട്ടുകയാണ് യു.ഡി.എഫ്. നേതാക്കള്‍.
കോട്ടയത്തു തോല്‍ക്കുന്ന മാണി വിഭാഗം കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരാന്‍ എളുപ്പമായിരിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അതുകൊണ്ടു തന്നെ യു.ഡി.എഫ്. നേതൃത്വം സര്‍വശക്തിയുമെടുത്താണ് കോട്ടയത്ത് പ്രചാരണം നടത്തിയത്. ജോസ് കെ. മാണിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഇതു വിലപ്പെട്ട മത്സരം തന്നെയാണ്. തോമസ് ചാഴികാടനു വേണ്ടി സര്‍വസന്നാഹങ്ങളുമൊരുക്കി ജോസ് കെ. മാണി ഒപ്പം തന്നെ നിന്നു. ജയിച്ചാലും തോറ്റാലും യു.ഡി.എഫിലേക്കില്ലെന്നും നേതാക്കള്‍ ആണയിടുന്നു. ഇടതു മുന്നണിയിലെ വാസം അവര്‍ക്ക് ഏറെ പിടിച്ചിരിക്കുന്നുവെന്നര്‍ത്ഥം. ഇനി അടുത്ത തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്. പിന്നെ 2026-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ്. കേരള രാഷ്ട്രീയം സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ രണ്ടു മുന്നണികള്‍ തമ്മിലുള്ള ശക്തി മത്സരമായി തുടരുകയാണ്. ഭരണ തുടര്‍ച്ച നേടിയ പിണറായി വിജയന്‍ തലയെടുപ്പോടെ ഒരു വശത്ത്. മറുവശത്ത് യൗവനത്തിന്റെ തിളപ്പോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോട്ടയം ഒരു വലിയ സൂചിക തന്നെയാണ്.
Content Highlights: kerala congress jose k mani pj joseph split intervention of pinarayi vijayan
Published: 18 May 2024, 06:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented