കൊച്ചി: പോളിങ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ലെന്ന് മുന്നണികൾ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ ശതമാനമാണ് ഇത്തവണ എറണാകുളം ജില്ല ഉൾപ്പെടുന്ന എറണാകുളം ലോക്‌സഭാ മണ്ഡലത്തിലും ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലും രേഖപ്പെടുത്തിയത്. പല കാരണങ്ങൾ കൊണ്ടും പോളിങ് ശതമാനം കുറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും തിരഞ്ഞെടുപ്പ് ഫലത്തിനെ വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
എറണാകുളത്ത് 68.27 ശതമാനവും ചാലക്കുടിയിൽ 71.84 ശതമാനവുമാണ് ഇത്തവണ പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ 80.44 ശതമാനവും എറണാകുളത്ത് 77.54 ശതമാനവും ആയിരുന്നു. ജില്ലയിൽ കുന്നത്ത്നാടാണ് 2019ലെ തിരഞ്ഞെടുപ്പിലും ഈ തിരഞ്ഞെടുപ്പിലും ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലം. 2019 ലെ തിരഞ്ഞെടുപ്പിൽ 84.40 ശതമാനവും ഈ തിരഞ്ഞെടുപ്പിൽ 78.11 ശതമാനവും പോളിംഗാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. ഈ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഏറ്റവും കുറവ് പോളിങ് ശതമാനം രേഖപ്പെടുത്തിയത് എറണാകുളം മണ്ഡലത്തിലാണ്. 62.42% ആണ് പോളിങ് രേഖപ്പെടുത്തിയത്. 2019ലെ തിരഞ്ഞെടുപ്പിൽ ഇത് 73.29 ആയിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമാനമായ അനുകൂല ഘടകങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ട് തന്നെ കാടിളക്കിയുള്ള പ്രചരണത്തിനായിരുന്നു യുഡിഎഫ് കോപ്പുകുട്ടിയിരുന്നത്. എന്നിരുന്നാൽ പോലും മുൻ തിരഞ്ഞെടുപ്പ് പോലെ വോട്ടർമാരെ പോളിങ് ബൂത്തിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ പുതിയ വോട്ടർമാരെയും ഇടതുപാളയത്തിൽ നിന്നുള്ള വോട്ടുകളിലും കോൺഗ്രസ് പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. സർക്കാരിനെതിരായ വികാരം കോൺഗ്രസിന് അനുകൂലമാകുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം പരമ്പരാഗത വോട്ടുകളിലാണ് എൽഡിഎഫ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉറപ്പായ വോട്ടുകളെല്ലാം പെട്ടിയിലാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് എൽഡിഎഫിന്റെ അനുമാനം. പരമാവധി വോട്ടുകൾ രാവിലെ 11 മണിക്ക് മുൻപ് തന്നെ പോൾ ചെയ്യിപ്പിക്കാനാണ് ശ്രമിച്ചത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ചാലക്കുടി മണ്ഡലത്തിലെ പല മണ്ഡലങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 10 ശതമാനത്തിലധികം വോട്ടുകൾ ഇത്തവണ കുറഞ്ഞിട്ടുണ്ട്.
വോട്ടിംഗ് ശതമാനം കുറഞ്ഞതിൽ ആശങ്ക പ്പെടേണ്ട സാഹചര്യമില്ല: അഡ്വ. എ ജയശങ്കർ
മുൻ ലോക്‌സഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ വോട്ടിംഗ് ശതമാനം കുറഞ്ഞതിൽ മുന്നണികൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അഡ്വ. എ ജയശങ്കർ. ഇത്തവണ രേഖപ്പെടുത്തിയ പോളിങ് ശതമാനത്തെ മോശമെന്ന് കണക്കാക്കാൻ ആകില്ല. ദേശീയതലത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും സംസ്ഥാനത്തിൽ യുഡിഎഫിന് നേട്ടമുണ്ടാകുമെന്നുള്ള ഒരു കാഴ്ചപ്പാട് ജനങ്ങൾക്കുണ്ട്. ഈ കാഴ്ചപ്പാട് കൊണ്ടും പ്രതികൂല കാലാവസ്ഥ കാരണവും ജനങ്ങൾ പോളിങ് ബൂത്തിലേക്ക് എത്താൻ മടിച്ചിട്ടുണ്ട്. എന്നാൽ അതേസമയം തന്നെ പുതിയ വോട്ടർമാരുടെ എണ്ണം ഇത്തവണ കൂടുതലായിരുന്നു എന്നുള്ളതും കുറഞ്ഞ പോളിങ് ശതമാനം കൊണ്ട് മുന്നണികൾക്ക് കാര്യമായ ക്ഷതം ഏൽപ്പിക്കുന്നില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോലെ വൈകാരികമായ ഘടകങ്ങൾ ഒന്നും ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായില്ല എന്നതും പ്രത്യേകതയാണ്. രാഹുൽ ഗാന്ധി മത്സരിച്ചതും ശബരിമല വിഷയമെല്ലാം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ വൈകാരികമായി സ്വാധീനിച്ചിരുന്നു. എന്നാൽ ഇത്തവണ അത്തരം ഘടകങ്ങൾ ഒന്നും തന്നെയില്ല. കൂടാതെ ക്രിസ്ത്യൻ മുസ്ലിം വോട്ടർമാർക്ക് ഇടയിൽ ഏകീകരണം ഉണ്ടായി. ഇതു കൂടാതെ തന്നെ വോട്ട് രേഖപ്പെടുത്തുന്നത് ഉണ്ടായ കാലതാമസവും വലിയ ക്യൂവും ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
Content Highlights: parties not worried about low voter turnout lok sabha election
Published: 27 Apr 2024, 07:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented