മെട്രോ നഗരം, കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം -എറണാകുളത്തിന് വിശേഷണങ്ങള്‍ പലതുണ്ട്. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ ആ വിശേഷണങ്ങളെല്ലാം വഴിമാറും. എറണാകുളം, 'കോണ്‍ഗ്രസ് കോട്ട' ആയിമാറും. കാരണം, കോണ്‍ഗ്രസിനും യു.ഡി.എഫിനും അത്രയേറെ ഉറപ്പുനല്‍കുന്ന മണ്ഡലമാണിത്. സിറ്റിങ് എം.പി. ഹൈബി ഈഡനാണ് യു.ഡി.എഫിന് വേണ്ടി കളത്തിലിറങ്ങുന്നത്. കെ.ജെ. ഷൈനാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. എന്‍.ഡി.എ. ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 

To advertise here,

കോണ്‍ഗ്രസ് വിരുദ്ധ തരംഗം ആഞ്ഞുവീശിയ സമയത്തോ സ്ഥാനാര്‍ഥിയുടെ പോരായ്മ കൊണ്ടോ അല്ലാതെ എറണാകുളം ലോക്‌സഭാ മണ്ഡലം കോൺഗ്രസിനെ കൈവിട്ടിട്ടില്ല. 17 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ 13 തവണയും എറണാകുളം യു.ഡി.എഫിനൊപ്പം നിന്നു. ഹൈബി ഈഡന്‍ തന്നെയാകും ഇത്തവണയും മത്സരിക്കുക എന്നതിനാല്‍ യു.ഡി.എഫിന് വലിയ ആശങ്കകകളില്ല.

അതേസമയം, കെ.ജെ. ഷൈന്‍ എന്ന വനിതാ സ്ഥാനാര്‍ഥിയിലൂടെ മൂര്‍ച്ചയുള്ളൊരു നീക്കമാണ് സി.പി.എം. എറണാകുളത്ത് നടത്തിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ പിഴവുകള്‍ തിരുത്തുന്നൊരു നീക്കം. കഴിഞ്ഞ വട്ടം, ഇപ്പോഴത്തെ വ്യവസായമന്ത്രിയും ജില്ലയിലെ പ്രധാനപ്പെട്ട നേതാവുമായ പി.രാജീവിനെയായിരുന്നു പാര്‍ട്ടി ഹൈബിയ്‌ക്കെതിരേ മത്സരിപ്പിച്ചത്. എന്നാല്‍, ലാറ്റിന്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് വലിയ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ രാജീവിന് 1.69 ലക്ഷം വോട്ടുകളുടെ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു.

അണികള്‍ക്ക് പരിചിതരല്ലാത്ത സ്ഥാനാര്‍ഥികളെ കൊണ്ടുവരുന്ന രീതിയും ഇത്തവണ മാറി. പകരം മെട്രോ നഗരത്തില്‍ ഒരു വനിതാ സ്ഥാനാര്‍ഥിയെ കൊണ്ടുവരാനാണ് സി.പി.എം. ആദ്യം തീരുമാനിച്ചത്. ലാറ്റിന്‍ വിഭാഗത്തില്‍ നിന്നുള്ള വനിതാ സ്ഥാനാര്‍ഥിയ്ക്കായി കെ.വി.തോമസിന്റെ മകളെ ഉള്‍പ്പെടെ പരിഗണിച്ചു. ഒടുവില്‍ പതിറ്റാണ്ടുകളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന, പൊതുരംഗത്തും ഭരണരംഗത്തും മികവു തെളിയിച്ചിട്ടുള്ള, ലാറ്റിന്‍ വിഭാഗത്തില്‍ നിന്നുതന്നെയുള്ള കെ.ജെ.ഷൈനിനെ സ്ഥാനാര്‍ഥിയാക്കി. മെട്രോ നഗരത്തില്‍ വനിതാ സ്ഥാനാര്‍ഥിയെ എത്തിച്ചത് പാര്‍ട്ടിയ്ക്ക് മറ്റിടങ്ങളിലും ഗുണം ചെയ്യും.

മണ്ഡലത്തിലെ വോട്ടര്‍മാരില്‍ പകുതിയിലേറെയും സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. സമീപകാലത്ത് യു.ഡി.എഫിനെ മണ്ഡലത്തില്‍ വിറപ്പിച്ചതും ഒരു വനിതാ സ്ഥാനാര്‍ഥിയായിരുന്നു. 2009ല്‍ സിന്ധു ജോയി. കഴിഞ്ഞവട്ടം ഹൈബി 1.69 ലക്ഷം വോട്ടിനും 2104ല്‍ കെ.വി.തോമസ് മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെതിരേ 87040 വോട്ടിനും ജയിച്ചപ്പോള്‍ 2009ല്‍ കെ.വി.തോമസിന് സിന്ധു ജോയിക്കെതിരേ ജയിക്കാനായത് വെറും 11790 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. മൂന്ന് ടേമായി പറവൂര്‍ നഗരസഭാംഗമായ കെ.ജെ.ഷൈനിന് തിരഞ്ഞെടുപ്പ് രംഗത്തുള്ള പരിചയം കൂടി പരിഗണിക്കുമ്പോള്‍ ഹൈബിയ്ക്ക് ഇത്തവണ ഒരു ഈസി വാക്കോവര്‍ പ്രതീക്ഷിക്കാനാവില്ല.

വര്‍ഷംവിജയിച്ച സ്ഥാനാര്‍ഥിപാര്‍ട്ടിഭൂരിപക്ഷം
1957എ. എം. തോമസ്കോൺ10623
1962എ. എം. തോമസ്കോൺ23399
1967വി.വിശ്വനാഥ മേനോൻസി.പി.ഐ16606
1971ഹെൻ​റി ഓസ്റ്റിൻകോൺ22670
1977ഹെൻ​റി ഓസ്റ്റിൻ    കോൺ7285
1980സേവിയർ അറയ്ക്കൽകോൺ2502
1984കെ.വി.തോമസ്കോൺ70324
1989    കെ.വി.തോമസ്കോൺ36750
1991    കെ.വി.തോമസ്    കോൺ47144
1996       സേവിയർ അറയ്ക്കൽഇടത് സ്വത.30385
1997   (ഉപതിരഞ്ഞെടുപ്പ്‌)സെബാസ്റ്റ്യൻ പോൾഇടത് സ്വത.8693
1998   ജോർജ്  ഈഡൻ കോൺ74508
1999        ജോർജ് ഈഡൻ കോൺ111305
2003  (ഉപതിരഞ്ഞെടുപ്പ്‌)സെബാസ്റ്റ്യൻ പോൾ    ഇടത് സ്വത. 22132
2004    സെബാസ്റ്റ്യൻ പോൾ ഇടത് സ്വത. 70099
2009  കെ.വി.തോമസ്  കോൺ11790
2014 കെ.വി.തോമസ്     കോൺ87047
2019ഹൈബി ഈഡൻ   കോൺ169153

നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഇരുമുന്നണികളും ഏറെക്കുറെ ബലാബലമാണ്. ഏഴ് നിയസഭാ മണ്ഡലങ്ങളില്‍ നാലെണ്ണം യു.ഡി.എഫിന്റെയും മൂന്നെണ്ണം എല്‍.ഡി.എഫിന്റെയും കയ്യിലാണ്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം, പറവൂര്‍, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ യു.ഡി.എഫ്. ജയിച്ചപ്പോള്‍ കൊച്ചി, വൈപ്പിന്‍, കളമശ്ശേരി മണ്ഡലങ്ങള്‍ എല്‍.ഡി.എഫ്. സ്വന്തമാക്കി. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി. ഫാക്ടറിനൊപ്പം മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളുടെ ബാഹുല്യം കൂട്ടിച്ചേര്‍ക്കുമ്പോള്‍ യു.ഡി.എഫിന് മുന്‍തൂക്കം ലഭിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തടുത്തുള്ള രണ്ട് സന്ദര്‍ശനങ്ങള്‍ എറണാകുളത്തെ ബി.ജെ.പി. അണികളില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. മോദി റോഡ് ഷോയ്ക്കായി തിരഞ്ഞെടുത്തതും മെട്രോ നഗരമായിരുന്നു. ഇത് കൂടുതല്‍ വോട്ട് സമാഹരിക്കാന്‍ തുണയാകുമെന്നാണ് എന്‍.ഡി.എ. നേതാക്കളുടെ പ്രതീക്ഷ. സമീപകാല തിരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ പാര്‍ട്ടിയ്ക്ക് വോട്ടുകള്‍ വര്‍ധിച്ചുവരുന്ന ട്രെന്‍ഡാണ് കണ്ടുവരുന്നതും. കഴിഞ്ഞ വട്ടം അല്‍ഫോണ്‍സ് കണ്ണന്താനത്തിന് 137749 വോട്ടുകള്‍ ലഭിച്ചിരുന്നു. 2014ല്‍ 99003 വോട്ടുകളും 2009ല്‍ 52968 വോട്ടുകളുമാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന എ.എന്‍.രാധാകൃഷ്ണന്‍ നേടിയത്. എന്നാല്‍, 2004ല്‍ ഒ.ജി.തങ്കപ്പന്‍ 60697 വോട്ടുകള്‍ സമാഹരിച്ചിരുന്നു.

placeholder
പ്രധാനമന്ത്രി നരേന്ദ്ര മോദി എറണാകുളം എം.ജി. റോഡിലൂടെ ഗസ്റ്റ് ഹൗസിലേക്ക് നടത്തിയ റോഡ് ഷോയിൽനിന്ന് (File Photo: Mathrubhumi) 

എ.എന്‍.രാധാകൃഷ്ണന്‍റെ പേരാണ് ഇത്തവണ ബി.ജെ.പി. പാളയത്തില്‍നിന്ന് ഉയര്‍ന്നുകേട്ടിരുന്നത്. ഒരു വനിതാ സ്ഥാനാര്‍ഥിയ്ക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാല്‍, പരമ്പരാഗത ബി.ജെ.പി. വോട്ടുകള്‍ സമാഹരിക്കാമെന്ന പ്രതീക്ഷയുള്ളതിനാല്‍ എ.എന്‍.രാധാകൃഷ്ണന് തന്നെയാണ് കൂടുതല്‍ സാധ്യതയെന്നാണ് ജില്ലയിലെ ബി.ജെ.പി. വൃത്തങ്ങള്‍ നല്‍കുന്ന സൂചന.