ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാത്ത മണ്ഡലമായിരുന്നു എറണാകുളം. യു.ഡി.എഫ്. കോട്ടയായ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എം.പി. ഹൈബി ഈഡനെ മറിച്ചിടാന്‍ മാത്രമുള്ള എതിരൊഴുക്കുകളൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല. എന്നാല്‍, 2019ല്‍ നേടിയ 1.69 ലക്ഷത്തിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് എത്തില്ല എന്ന പ്രവചനങ്ങളെ കാറ്റില്‍പറത്തുന്ന പ്രകടനമാണ് ഹൈബി തിരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. രണ്ടര ലക്ഷം വോട്ടുകളുടെ വന്‍ ഭൂരിപക്ഷം. രണ്ടാംസ്ഥാനത്തുള്ള എല്‍.ഡി.എഫിന്റെ കെ.ജെ.ഷൈനിന് ലഭിച്ച വോട്ടുകളേക്കാള്‍ (2.31 ലക്ഷം) ഭൂരിപക്ഷം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് പോളിങ് ശതമാനം ഗണ്യമായി കുറഞ്ഞത് യു.ഡി.എഫ്. ക്യാമ്പില്‍ ആശങ്ക പടര്‍ത്തിയിരുന്നു. കഴിഞ്ഞ തവണ 77.54% വോട്ടര്‍മാര്‍ പോളിങ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇത്തവണയത് 68.27% ആയി കുറഞ്ഞു. അതായത് 9.27 ശതമാനത്തിന്റെ വ്യത്യാസം. 'പോളിങ് ശതമാനം കുറഞ്ഞെങ്കിലും ജയം ഉറപ്പാണ്' എന്ന കൗണ്ടിങ്ങിന്റെ തൊട്ടുമുമ്പത്തെ ദിവസത്തെ ഹൈബിയുടെ പ്രതികരണത്തില്‍ത്തന്നെ ആ ആശങ്ക പ്രകടമായിരുന്നു. എന്നാല്‍ ജനവിധി ആശങ്കകളെ അമ്പരപ്പിന് വഴിമാറ്റുന്നതായി.
ചരിത്രത്തിനപ്പുറം, പരിചയപ്പെടുത്തലുകള്‍ വേണ്ടാത്ത സ്ഥാനാര്‍ഥി എന്നതായിരുന്നു ഹൈബിയുടെ ആദ്യത്തെ പ്ലസ്. പതിറ്റാണ്ടുകള്‍ ഇവിടെ എം.പിയായിരുന്ന ജോര്‍ജ് ഈഡന്റെ മകന്‍, വിദ്യാര്‍ഥി സംഘടനാ നേതാവ്, എറണാകുളം എം.എല്‍.എ. -കാലങ്ങളായി മണ്ഡലത്തിന് സുപരിചിതനാണ് ഹൈബി. ലോക്‌സഭാംഗമെന്ന നിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ പ്രകടനവും മോശമായിരുന്നില്ല. ലോക്‌സഭയിലെ ഇടപെടലുകള്‍ക്കൊപ്പം മണ്ഡലത്തിലും സാന്നിധ്യമറിയിക്കാന്‍ എം.പിയ്ക്കായി. മണിപ്പൂരിലെ കലാപബാധിതമേഖല ആദ്യമായി സന്ദര്‍ശിച്ച എം.പിമാര്‍ ഹൈബിയും ഡീന്‍ കുര്യാക്കോസുമായിരുന്നു. പ്രചാരണത്തിന്റെ തുടക്കം മുതല്‍ 'ജനങ്ങള്‍ വിലയിരുത്തട്ടെ' എന്ന ഹൈബിയുടെ വാക്കുകളില്‍ തന്നെ ആ ആത്മവിശ്വാസം പ്രകടമായിരുന്നു.
പോളിങ്ങിലുണ്ടായ കുറവ് മറ്റു രണ്ടു മുന്നണികളെയും, പ്രധാനമായും എല്‍.ഡി.എഫിനെയാണ് ബാധിച്ചതെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഒന്‍പത് ശതമാനത്തിലേറെ പോളിങ് കുറഞ്ഞപ്പോഴും, 2019-ല്‍ 491263 വോട്ടുകള്‍ നേടിയ ഹൈബിയ്ക്ക് ഇത്തവണ 4,82,317 വോട്ടുകള്‍ നേടാനായി. എന്നാല്‍, കഴിഞ്ഞവട്ടം പി.രാജീവ് 3,22,110 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ കെ.ജെ.ഷൈനിന് കിട്ടിയത് 2,31,932 വോട്ടുകള്‍ മാത്രമാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തേക്കാള്‍ പോള്‍ ചെയ്യാതെപോയ പാര്‍ട്ടി അനുകൂല വോട്ടുകളാണ് ഷൈനിന് തിരിച്ചടിയായതെന്ന് വ്യക്തം. ഭരണവിരുദ്ധവികാരത്തിനൊപ്പം പോളിങ് ദിനത്തില്‍ വന്ന ഇ.പി.ജയരാജന്റെ ബി.ജെ.പി. ബന്ധത്തെ കുറിച്ചുള്ള പ്രസ്താവന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി വോട്ടര്‍മാരെ പോളിങ് ബൂത്തില്‍നിന്നും അകറ്റിയതാകാം.
അതേസമയം, കെ.എസ്.രാധാകൃഷ്ണനിലൂടെ പരമ്പരാഗത വോട്ടുകള്‍ സമാഹരിക്കാനിറങ്ങിയ എന്‍.ഡി.എയ്ക്കും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. 2019ല്‍ ബി.ജെ.പി. സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം മണ്ഡലത്തിലെ എന്‍.ഡി.എയുടെ വോട്ടുവിഹിതം 14.24% ആക്കി ഉയര്‍ത്തിയിരുന്നു (137749). 2014ല്‍ എ.എന്‍.രാധാകൃഷ്ണന് ലഭിച്ചത് 99003 വോട്ടുകളായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി രണ്ടുതവണ എത്തുകയും റോഡ് ഷോ നടത്തുകയും ചെയ്ത മെട്രോ മണ്ഡലത്തിലെ വോട്ട് ഷെയറില്‍ വലിയൊരു കുതിപ്പ് ബി.ജെ.പി. പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 144500 വോട്ടുകളിലേക്ക് എത്താനേ അവര്‍ക്കായുള്ളൂ.
ട്വന്റി-20യായിരുന്നു എറണാകുളത്തെ മറ്റൊരു രാഷ്ട്രീയ സാന്നിധ്യം. ഹൈബിയുടെ തേരോട്ടത്തില്‍ നിര്‍ണായകമായ ചലനമൊന്നും അവര്‍ക്കുണ്ടാക്കാനായില്ല. ട്വന്റി-20യുടെ സ്ഥാനാര്‍ഥി അഡ്വ ആന്റണി ജൂഡി നേടിയത് 39808 വോട്ടാണ്. 7758 വോട്ടുകള്‍ നേടിയ നോട്ടയാണ് അഞ്ചാമത്. ബിഎസ്പി സ്ഥാനാര്‍ത്ഥി വയലാര്‍ ജയകുമാര്‍ 1498 വോട്ടുകളും ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രതാപന്‍ 419 വോട്ടുകളും, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) സ്ഥാനാര്‍ഥി ബ്രഹ്‌മകുമാര്‍ 412 വോട്ടുകളും നേടി. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ രോഹിത് കൃഷ്ണന്‍, സന്ദീപ് രാജേന്ദ്ര പ്രസാദ്, സിറില്‍ സ്‌കറിയ എന്നിവര്‍ യഥാക്രമം 416, 752, 690 വോട്ടുകള്ളും അക്കൗണ്ടിലെത്തിച്ചു.
Content Highlights: lok sabha election result ernakulam constituency updates
Published: 04 Jun 2024, 05:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented