
കൊച്ചി: അമേരിക്ക, പാപ്പുവാ ന്യൂഗിനി, യുഗാണ്ട, നമീബിയ... ക്രിക്കറ്റിലെ ഈ ചെറുമീനുകള്‍ ഇപ്പോള്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ അത്ര മോശക്കാരല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ ചാലക്കുടി ലോക്സഭാ കപ്പില്‍ ട്വന്റി-20 പാര്‍ട്ടി വല്യേട്ടന്‍മാരെ ഞെട്ടിച്ചുകൊണ്ട് സിക്സറടിച്ച് കളിച്ചു കയറി. കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും ഉള്ളില്‍ തീ കോരിയിട്ടു കൊണ്ടാണ് കന്നിയങ്കത്തില്‍ ട്വന്റി 20-യുടെ പ്രകടനം. കുന്നത്തുനാട്ടില്‍ ഇടതുപക്ഷത്തെ മറികടന്ന് രണ്ടാം സ്ഥാനത്താണ് ട്വന്റി- 20. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രീമാച്ച് ആയി കണക്കാക്കിയാല്‍ ഇനി രാഷ്ട്രീയ സമവാക്യങ്ങള്‍ മാറും.
ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 11.11 ശതമാനമാണ് ട്വന്റി-20 സ്ഥാനാര്‍ഥി അഡ്വ. ചാര്‍ലി പോള്‍ പിടിച്ചത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ.എ. ഉണ്ണികൃഷ്ണന് ലഭിച്ചത് 11.18 ശതമാനം വോട്ടും. ട്വന്റി-20-ക്ക് ലഭിച്ചതിനെക്കാള്‍ 758 വോട്ട് കൂടുതല്‍ നേടാനേ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് കഴിഞ്ഞുള്ളൂ എന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നതാണ്. 2019-ല്‍ ബി.ജെ.പി. സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍ പിടിച്ചതിനെക്കാള്‍ അര ലക്ഷത്തിനടുത്ത് വോട്ടുകളാണ് കുറഞ്ഞത്.
ഇത്തവണ പോളിങ് ശതമാനം കുറഞ്ഞ ചാലക്കുടി മണ്ഡലത്തില്‍ ട്വന്റി 20 ഒരു ലക്ഷത്തിലേറെ വോട്ടു പിടിച്ചതോടെ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും എന്‍.ഡി.എ.യുടെയും വോട്ടുബാങ്കുകളില്‍ അത് പ്രതിഫലിച്ചു. സംസ്ഥാനമാകെയുണ്ടായ യു.ഡി.എഫ്. തരംഗത്തിനൊപ്പം ചാലക്കുടിക്ക് നില്‍ക്കാനായെങ്കിലും ബെന്നി ബഹനാന് കഴിഞ്ഞ തവണ കിട്ടിയ ഭൂരിപക്ഷത്തിന്റെ അടുത്തെത്താനാകാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ട്വന്റി-20യുടെ വോട്ടു പിടിത്തമാണ്. 2019-ല്‍ ഇന്നസെന്റ് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി നേടിയ വോട്ടുപോലും ഇപ്പോഴത്തെ സ്ഥാനാര്‍ഥി സി. രവീന്ദ്രനാഥിന് നേടാനാകാതെ പോയത് ഭരണവിരുദ്ധ വികാരത്തിനൊപ്പം ട്വന്റി-20 ഫാക്ടറുമാണ്. അങ്കമാലിയിലും പെരുമ്പാവൂരും മൂന്നാം സ്ഥാനത്തെത്തി. തൃശ്ശൂര്‍ ജില്ലയിലെ മണ്ഡലങ്ങളായ ചാലക്കുടിയിലും കൊടുങ്ങല്ലൂരും എടുത്തുപറയത്തക്ക രീതിയില്‍ വോട്ടുപിടിക്കാനായതും നേട്ടമാണ്.
കുന്നത്തുനാട് മണ്ഡലമാണ് ട്വന്റി-20യുടെ അച്ചുതണ്ട്. 2026-ല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവിടെ ട്വന്റി-20യെ തളയ്ക്കാന്‍ സി.പി.എമ്മും കോണ്‍ഗ്രസും ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടി വരും. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി-20യുടെ ഡോ. സുജിത് പി. സുരേന്ദ്രന്‍ 42,701 വോട്ടാണ് നേടിയത്. യു.ഡി.എഫിന്റെ വി.പി. സജീന്ദ്രന്‍ 49,636 വോട്ടുകളും. അന്ന് ജയിച്ച് എം.എല്‍.എ. ആയ എല്‍.ഡി.എഫിന്റെ ശ്രീനിജിന്‍ നേടിയത് 52,351 വോട്ടും. 2,715 വോട്ടായിരുന്നു ഭൂരിപക്ഷം. പെരുമ്പാവൂരും ട്വന്റി-20ക്ക് നല്ല വേരോട്ടമുള്ള മണ്ഡലമാണ്. അന്ന് അവിടെ മത്സരിച്ച ചിത്ര സുകുമാരന്‍ 20,536 വോട്ടുകള്‍ പിടിച്ചിരുന്നു.
ട്വന്റി 20-ക്ക് കിട്ടിയ വോട്ടുകള്‍
കുന്നത്തുനാട് - 46,163
പെരുമ്പാവൂര്‍ - 17,149
അങ്കമാലി - 11,371
ആലുവ - 10,691
ചാലക്കുടി - 10,438
കൊടുങ്ങല്ലൂര്‍ - 6,560
കയ്പമംഗലം - 2,648
Content Highlights: lok sabha elections twenty20 party performance at ernakulam constituency
Published: 05 Jun 2024, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented