ആലത്തൂർ: ‘നാടിനുവേണ്ടി പോരിനിറങ്ങിയ സരസു ടീച്ചർ’ ജീപ്പിനുമുകളിലെ സ്പീക്കറിൽനിന്ന് കവിതയുടെ ഈണത്തിൽ തിരഞ്ഞെടുപ്പുഗാനം മുഴങ്ങി. കാവിനിറത്തിലുള്ള പ്രചാരണവാഹനം ആലത്തൂർ നിയമസഭാമണ്ഡലത്തിലെ പാണ്ടിയോട്ട് തയ്യാറായിരുന്നു. കാത്തുനിന്ന പ്രവർത്തകരുടെ ഇടയിലേക്ക് രാവിലെ ഒമ്പതരയോടെ ആലത്തൂർ ലോക്സഭാമണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി ടി.എൻ. സരസു എത്തി. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ ഷാളുകളണിയിച്ച് സ്ഥാനാർഥിയെ ഗ്രാമത്തിലേക്ക് സ്വീകരിച്ചു. എല്ലാവർക്കും നല്ല ചിരി സമ്മാനിച്ച് പ്രസംഗമാരംഭിച്ചു. 20 മിനിറ്റ് നീണ്ട പ്രസംഗം. തന്റെ ജീവിതാനുഭവങ്ങളും മണ്ഡലത്തിന്റെ അവസ്ഥയും രാജ്യത്തിന്റെ പുരോഗതിയുമെല്ലാം സംസാരിച്ചശേഷമാണ് തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചത്. പിന്നെ അടുത്ത കേന്ദ്രത്തിലേക്ക്.

To advertise here,

പ്രചാരണം ഗ്രാമങ്ങളിൽ

വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഗ്രാമങ്ങളിൽ വോട്ട് തേടിയിറങ്ങാനാണ് ടി.എൻ. സരസുവും വ്യാഴാഴ്ച നീക്കിവെച്ചത്. പാണ്ടിയോട്ടുവെച്ച് ഒരാൾ സരസുവിനെ കാണാനെത്തി. ‘‘കരുവന്നൂർ മാത്രമല്ല, മറ്റ് പല സഹകരണബാങ്കുകളിൽനിന്നും നിക്ഷേപിച്ച പണം കിട്ടാൻ പ്രശ്നമുണ്ട്. അതിനും ഒരു പരിഹാരം കാണണം’’. പൂർണമായും കേട്ടശേഷം, ‘‘ഇവിടെയും അത്തരം പ്രശ്നമുണ്ടോ. ഇദ്ദേഹത്തിന്റെ പ്രശ്നം എന്താണെന്ന് കേൾക്കൂ. അതിൽ ഇടപെടൂ’’ എന്ന് പ്രവർത്തകരോട്.

10.20-ന് യാത്ര കയറാംകുളത്തെത്തി. പിന്നെ പുത്തൻതറ, കോളനിപ്പാലം, നൊച്ചുള്ളിപ്പാലം തുടങ്ങി 13 സ്ഥലങ്ങളിലാണ് പ്രചാരണം നടത്തിയത്. ഭൂരിഭാഗവും കുഞ്ഞുഗ്രാമങ്ങളാണെങ്കിലും പടക്കമുൾപ്പെടെ പൊട്ടിച്ചായിരുന്നു സ്വീകരണം. എല്ലാവരോടും എം.പി.യായശേഷം വീണ്ടും കാണാമെന്ന് പറഞ്ഞ് മടക്കം.

ഞാൻ രാഷ്ട്രീയക്കാരിയല്ല

‘‘ഒരാൾ നിലവിലെ എം.പി., മറ്റൊരാൾ സംസ്ഥാനത്തെ മന്ത്രി. എന്തൊക്കെയായിട്ടും ആലത്തൂർ ഇപ്പോഴും വികസനമില്ലാതെ കിടക്കുകയാണ്. ഞാൻ വിജയിച്ചാൽ ആലത്തൂരിൽ വികസനമെത്തിക്കും. ഉറപ്പ്. ഇവരൊക്കെ രാഷ്ട്രീയക്കാരാണ്. ഞാൻ രാഷ്ട്രീയക്കാരിയല്ല. സർക്കാർ കോളേജിൽനിന്നു വിരമിച്ച പ്രിൻസിപ്പലാണ്. പറഞ്ഞാൽ പറഞ്ഞത് ചെയ്യും’’ -ഇരുമുന്നണികളെയും വാക്കുകൾക്കൊണ്ട് ആക്രമിച്ചാണ് എൻ.ഡി.എ. സ്ഥാനാർഥിയുടെ വോട്ടുതേടൽ. ‘‘ഒപ്പം പാർലമെന്റിൽ പോയി പാട്ടുപാടാനോ മിണ്ടാതിരിക്കാനോ എന്നെ കിട്ടില്ല. അവിടെ ആലത്തൂരിന്റെ ശബ്ദമാകും’’ -സരസു നയം വ്യക്തമാക്കി.

എന്റെ ഗാരന്റി; മോദിയുടെയും

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേന്ദ്രീകരിച്ചാണ് ടി.എൻ. സരസുവിന്റെ പ്രസംഗം ഏറെയും. “എല്ലാവരും ചോദിക്കുന്നു കുന്ദംകുളത്ത് വന്നപ്പോൾ മോദിയുടെ കാതിൽ എന്താ രഹസ്യം പറഞ്ഞതെന്ന്. ഞാൻ സ്ഥാനാർഥിയായപ്പോൾ മുതൽ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ പല പ്രശ്നങ്ങളുമുന്നയിച്ച് ആളുകൾ എന്റെയടുത്ത് എത്തുന്നുണ്ട്. സഹകരണബാങ്കുകളുടേതും വ്യവസായങ്ങൾ നേരിടുന്ന പ്രശ്നങ്ങളും ഉൾപ്പെടെ അതിലുണ്ട്. ഇതെല്ലാമാണ് ഞാൻ പ്രധാനമന്ത്രിയോട് പറഞ്ഞത്” -സരസു പ്രവർത്തകരോട് പറഞ്ഞു. “എൻ.ഡി.എ. സർക്കാർ വീണ്ടും അധികാരത്തിൽ വരുമ്പോൾ ആലത്തൂരുകാർക്ക് വേണ്ടതെല്ലാം നടപ്പാക്കും. അത് എന്റെ ഗാരന്റിയാണ്. എന്റെ ഗാരന്റിക്ക് ഒരു ഗാരന്റിയുണ്ട്. അത് മോദിയുടെ ഗാരൻറിയാണ്”-പറഞ്ഞുതീർത്തപ്പോഴേക്കും പ്രവർത്തകർ ആർപ്പുവിളികളോടെ കൈയടിച്ചു.

ഒപ്പം കൂട്ടി കോളേജ് അനുഭവങ്ങൾ

വിക്ടോറിയ കോളേജിൽ പ്രിൻസിപ്പലായിരുന്ന കാലത്തെ ജീവിതാനുഭവങ്ങളിലൂടെയാണ് താൻ എന്തിന് തിരഞ്ഞെടുക്കപ്പെടണമെന്ന് ടി.എൻ. സരസു പ്രവർത്തകരോട് വിവരിക്കുന്നത്. “വിക്ടോറിയ കോളേജിലും അതിനുമുമ്പ് തൃത്താല കോളേജിലും പ്രിൻസിപ്പലായിരിക്കുമ്പോൾ പല പ്രതിസന്ധികളെയും തരണംചെയ്ത്, ആ സ്ഥാപനങ്ങൾക്കായി ഒരുപാട് ചെയ്യാനായി. അങ്ങനെ പ്രവർത്തിച്ച എനിക്കാണ് കുഴിമാടമൊരുക്കിയത്. അതിലൊന്നും തളർന്നുപോകുന്നയാളല്ല താൻ. അവിടെ നടത്തിയ ഇടപെടലുകൾ ആലത്തൂർ മണ്ഡലത്തിൽ പ്രവർത്തിക്കാൻ ഊർജ്ജമാകും. വെറുതെയിരുന്നാൽ ഒന്നും ചെയ്തില്ലെന്ന കുറ്റമേയുണ്ടാകൂ. എന്നാൽ, പ്രവർത്തിച്ചാൽ പല കുറ്റങ്ങളും എതിരാളികൾ പറയും. ജീവിതച്ചെലവ് വർധിപ്പിച്ച് സംസ്ഥാനം ഭരിക്കുന്നവർ നമ്മളെ കുഴിമാടത്തിലെത്തിച്ചു”-സരസു അഭിപ്രായം വ്യക്തമാക്കി.