ആലത്തൂർ: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ മൂന്ന് മുന്നണികളിലെയും സ്ഥാനാർഥികളും പ്രവർത്തകരും പോരാട്ടച്ചൂടിലാണ്. വാക്കിലും പ്രവൃത്തിയിലും പ്രചാരണതന്ത്രങ്ങളിലും ഇത് നിഴലിക്കുന്നുണ്ട്. എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന താഴേത്തട്ടുവരെയുള്ള പാർട്ടി സംവിധാനങ്ങൾ. ഭവന സന്ദർശനവും കുടുംബയോഗങ്ങളും സ്ഥാനാർഥി പര്യടനവും പൊതുയോഗങ്ങളും പ്രകടനങ്ങളുമടക്കം എല്ലാറ്റിലുമുണ്ട് സൂക്ഷ്മത. ചെറുചലനംപോലും അനുകൂലവും പ്രതികൂലവുമാകാമെന്ന തിരിച്ചറിവ്. ശുഭപ്രതീക്ഷയോടെ വോട്ടർമാരുടെ അരികിലേക്കെത്തുകയാണ് സ്ഥാനാർഥികൾ...
താനൊരു പാർട്ട് ടൈം എം.പി.യായിരുന്നില്ല
ജനപ്രതിനിധിയെന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയെന്ന ആത്മവിശ്വാസമാണ് രണ്ടാം ഊഴമെത്തുന്ന യു.ഡി.എഫ്. സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റേത്. താനൊരു പാർട്ട് ടൈം എം.പി.യായിരുന്നില്ല ഫുൾടൈം എം.പി.യായിരുന്നെന്ന വാക്കുകളിൽ നിറയുന്നതും ഇതുതന്നെ. സർക്കാർപരിപാടികളിൽ മാത്രമല്ല, ഇതര പരിപാടികളിലും ജനങ്ങളുടെ സുഖദുഃഖങ്ങളിലും പങ്കാളിയായി.
• അഞ്ചുവർഷം എം.പി. ഫണ്ടായി ലഭിച്ച 17 കോടിരൂപ ചെലഴിക്കാൻ നിർദേശിച്ച 100 ശതമാനം പദ്ധതികൾക്കും ഭരണാനുമതി ലഭിച്ചു. മുൻ എം.പി. ചെലവഴിക്കാതിരുന്ന മൂന്ന് കോടി ഉൾപ്പെടെ 20 കോടിയുടെ പദ്ധതികൾക്ക് അനുമതി ലഭ്യമാക്കാനായി.
• അഞ്ചുവർഷത്തിനിടെ 1,734 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നേടിയെടുക്കാനും നടപ്പാക്കാനുമായി.
• പാലക്കാട്-തൃശ്ശൂർ ദേശീയപാതയ്ക്ക് സമാന്തരമായി പുതിയ റെയിൽപ്പാതയുടെ സാധ്യത പരിശോധിക്കണമെന്ന് റെയിൽമന്ത്രാലയത്തെ ബോധ്യപ്പെടുത്തി.
• മുതലമടയിലെ മാമ്പഴം മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റിയയയ്ക്കുന്നതിന് എക്സ്പ്രസ് ട്രെയിനുകൾക്ക് മുതലമടയിൽ സ്റ്റോപ്പനുവദിക്കുന്നതും ആന്ധ്രാമോഡൽ പ്രത്യേക പാർസൽ വാഗൺ ഉൾപ്പെടുത്തുന്നതും കേന്ദ്രത്തിന്റെ പരിഗണനയിൽ കൊണ്ടുവന്നു.
• തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 800 രൂപയാക്കണമെന്ന ആവശ്യം ഉന്നയിച്ചു.
• കാർഷിക പ്രശ്‌നങ്ങളും വന്യമൃഗശല്യം ഉൾപ്പെടെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ യഥാസമയം ലോക്‌സഭയിൽ ഉന്നയിച്ചു.
• പറമ്പിക്കുളം പട്ടികവർഗ കോളനികളിൽ വൈദ്യുതി എത്തിക്കാനായി. വിവിധ പട്ടികജാതി-പട്ടികവർഗ കോളനികളിൽ വൈദ്യുതി എത്തിച്ചു.
• ജൽജീവൻ മിഷൻ പദ്ധതിയിലൂടെ, അസാധ്യമെന്ന് കരുതിയ മേഖലകളിൽപ്പോലും കുടിവെള്ളം എത്തിക്കാനായി.
• പറമ്പിക്കുളം-ആളിയാർ അടക്കമുള്ള അന്തർസംസ്ഥാന നദീജല കരാറുകൾ പ്രകാരമുള്ള അർഹമായ വെള്ളം ലഭ്യമാക്കാൻ ഇടപെട്ടു.
ഇടതുപക്ഷത്തിന്റെ സാന്നിധ്യം ലോക്‌സഭയിൽ അനിവാര്യമാണ്
ഇടതുപക്ഷ മതേതരത്വ രാഷ്ട്രീയനിലപാടാണ് എൽ.ഡി.എഫ്. സ്ഥാനാർഥി കെ. രാധാകൃഷ്ണൻ ഉയർത്തുന്നത്. ബ്രിട്ടീഷ് ഭരണത്തേക്കാൾ താഴ്ന്ന നിലവാരത്തിലേക്ക് സമകാലിക ഇന്ത്യയിൽ അസമത്വം വളർന്നുവെന്നുവെന്നും ജനങ്ങളുടെ സന്തോഷസൂചിക കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മതേതരത്വം തകർന്നു. ഭരണഘടനയുടെ നിലനിൽപ്പ് ചോദ്യംചെയ്യപ്പെടുന്നു. ഇതിനെ ചെറുക്കാൻ ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യം ലോക്‌സഭയിൽ അനിവാര്യമാണ്. ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ചർച്ചകൾ ഇങ്ങനെ:
• കേന്ദ്രസർക്കാർ വർഗീയ ധ്രുവീകരണത്തിന് നേതൃത്വം നൽകുകയും ജനാധിപത്യത്തെയും ഭരണഘടനയെ വെല്ലുവിളിക്കുകയും ചെയ്യുന്നത് ചർച്ചയായി. ജനവിരുദ്ധഭരണത്തെ ജനം തിരിച്ചറിഞ്ഞു.
• സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയും കേന്ദ്രവിഹിതങ്ങൾ തടഞ്ഞുവെക്കുകയും ചെയ്യുന്നത് എൽ.ഡി.എഫിന്റെ മതനിരപേക്ഷ രാഷ്ട്രീയത്തോടുള്ള എതിർപ്പുമൂലമാണ്.
• സാമ്പത്തിക പ്രയാസമുണ്ടെങ്കിലും സംസ്ഥാനസർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളും വികസനവും രാജ്യത്തിന് മാതൃകയാണ്. അതിദരിദ്രരില്ലാത്ത, ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറുന്നു.
• കഴിഞ്ഞ ലോക്‌സഭയിൽ ഇടത് എം.പി.മാർ നിർണായക ശക്തിയായി ഇല്ലാതിരുന്നതിനാൽ ജനവിരുദ്ധനിയമങ്ങളും തീരുമാനങ്ങളും ശക്തമായി എതിർക്കപ്പെട്ടില്ല. യു.ഡി.എഫ്. എം.പി.മാർ നിശബ്ദരായിരുന്നു. ഇടതുപക്ഷമാണ് പ്രതീക്ഷയെന്ന് കേരളം തിരിച്ചറിഞ്ഞു.
• ഭരണം കോർപറേറ്റുകൾക്ക് വേണ്ടിയുള്ളതായി മാറി. ഇത് തുടങ്ങിവെച്ചത് കോൺഗ്രസാണ്. ഇത്തരം നയംമൂലം കർഷകരും സാധാരണക്കാരും പ്രയാസത്തിലാണ്.
• ഇടതുപക്ഷം വൈകാരികമായല്ല തിരഞ്ഞെടുപ്പിനെ കാണുന്നത്. നല്ല രാഷ്ട്രീയം മാത്രമാണ് ചർച്ചചെയ്യുന്നത്. ജനങ്ങളുടെ അംഗീകാരം ഇതിനുണ്ട്.
• തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷംപോലും ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്ന സാഹചര്യമുണ്ടായി. സ്വാതന്ത്ര്യംതന്നെ ഇല്ലാതാക്കപ്പെടുന്നു.
മോദിജിയുടെ ഗ്യാരണ്ടി
മോദിജിയുടെ ഗാരന്റിയാണ് എൻ.ഡി.എ.യുടെ പ്രതീക്ഷ. ഒരേതൂവൽ പക്ഷികളായ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ജനങ്ങൾ തിരിച്ചറിഞ്ഞെന്നും ബി.ജെ.പി. മാത്രമാണ് പ്രതീക്ഷയെന്നും എൻ.ഡി.എ. സ്ഥാനാർഥി ടി.എൻ. സരസു വിശ്വസിക്കുന്നു. കരുവന്നൂർ ബാങ്ക് പ്രശ്നവും നിലവിലെ എം.പി.ക്ക് പാട്ടുമാത്രമേ ഉള്ളൂവെന്ന വിമർശവും അവർ ഉയർത്തുന്നു. എൻ.ഡി.എ.യുടെ വാദമുഖങ്ങൾ;
• കേന്ദ്രംഭരിക്കാൻ പോകുന്നത് മോദിതന്നെയാണ്. അദ്ദേഹം അവതരിപ്പിച്ച സ്ഥാനാർഥി, വിജയിച്ച് ഡൽഹിയിൽച്ചെല്ലണം.
• കേരളത്തിന്റെ സാമ്പത്തികപ്രതിസന്ധിക്ക് കാരണം യു.ഡി.എഫും എൽ.ഡി.എഫുമാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ എം.പി. വരണം.
• ലോക്‌സഭയിൽപ്പോയി പാട്ട് പാടിയിട്ടോ വിപ്ളവം പ്രസംഗിച്ചിട്ടോ കാര്യമില്ല. കാര്യങ്ങൾ നേടിയെടുക്കാൻ രണ്ടുകൂട്ടർക്കും കഴിയില്ല.
• സംസ്ഥാനസർക്കാരും പ്രതിപക്ഷവും വേണ്ടതുപോലെ പ്രവർത്തിക്കാതിരുന്നിട്ടും കേന്ദ്ര സർക്കാർ കേരളത്തിന് അർഹമായ പരിഗണന നൽകുന്നു.
• കേരളം എല്ലാരംഗത്തും തകർച്ചയിലാണ്. കരകയറ്റാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കാൻ എൻ.ഡി.എ.യ്ക്ക് കഴിയും.
• വിക്ടോറിയകോളേജ് പ്രിൻസിപ്പലെന്ന നിലയിൽ നടത്തിയ പ്രവർത്തനവും അക്കാദമിക് യോഗ്യതകളും അംഗീകരിക്കപ്പെടും.
• വ്യവസായവികസനത്തിനും പ്രവാസിക്ഷേമം, വിവാഹമോചിതർ, പങ്കാളി മരിച്ചവർ എന്നിവരുടെ ക്ഷേമത്തിനും മുന്നോട്ടുവെക്കുന്ന പദ്ധതികൾ ജനം സ്വീകരിക്കും.
Content Highlights: Alathur Lok Sabha constituency 2024
Published: 18 Apr 2024, 10:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented