
മുങ്ങിത്താണ എല്‍എഡിഎഫ് കപ്പലില്‍ നിന്ന് വീഴാതെ പിടിച്ച് നിന്ന് കുതിച്ച് ഉയര്‍ന്ന് കെ രാധാകൃഷ്ണന്‍. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും തന്റെ ലീഡ് മുറുകെ പിടിച്ചു കൊണ്ട് രാധാകൃഷന്‍ എൽ.ഡി.എഫിന്റെ മാനം കാത്തു. ആലത്തൂരിന്റെ ജനകീയ മുഖമായ കെ രാധാകൃഷ്ണന്‍ നഷ്ടമായ ചെങ്കോട്ട തിരിച്ചു പിടിച്ചു.എല്‍ഡിഎഫ് വിജയം എന്നതിനേക്കാള്‍ രാധാകൃഷ്ണന്‍ എന്ന ജനകീയനേതാവിന്റെ വ്യക്തിപ്രഭാവത്തിന് ജനങ്ങള്‍ നല്‍കിയ സമ്മാനമെന്ന് വേണമെങ്കിൽ ഈ വിജയത്തെ അടയാളപ്പെടുത്താം. 20,111 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാധാകൃഷണന്റെ വിജയം.40,3447 വോട്ടുകളാണ് അദ്ദേഹം നേടിയത്.
ആലത്തൂരിന്റെ ജനകീയ മുഖം
1991 ല്‍ ജില്ലാ കൗണ്‍സിലേക്ക് മത്സരിച്ച് വിജയിച്ച രാധാകൃഷ്ണന്‍ 1996ല്‍ യുഡിഎഫിന്റെ കുത്തകമണ്ഡലമായ ചേലക്കരയില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തിൽ നിയമസഭയിലേക്ക് വിജയിച്ചു. ഇ.കെ നയനാര്‍ മന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എമാരിൽ ഒരാളായിരുന്നു കെ. രാധാകൃഷ്ണന്‍. 2001 ല്‍ വീണ്ടും ചേലക്കരക്കരയില്‍ നിന്നും വിജയിച്ച് നിയമസഭയിലെ പ്രതിപക്ഷ ചീഫ് വിപ്പായി. 2006 ല്‍ മൂന്നാം തവണയും ചേലക്കരയില്‍ നിന്നും വിജയിച്ച് കെ രാധാകൃഷന്‍ സഭയിലെത്തുകയും സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായി കേരള നിയമസഭയില്‍ പട്ടികജാതി വിഭാഗത്തിലെ വ്യക്തി സ്പീക്കര്‍ സ്ഥാനം ഏറ്റെടുത്തെന്ന് പ്രത്യേകതയും ഈ സ്ഥാനാരോഹണത്തിനുണ്ടായിരുന്നു. 2011 മുതല്‍ 2021 വരെ ചേലക്കരക്കാര്‍ രാധാകൃഷ്ണനെ നേഞ്ചോടു ചേര്‍ത്ത് പിടിച്ചു.
നിലവില്‍ ദേവസ്വം മന്ത്രിയാണ് കെ രാധാകൃഷ്ണന്‍. മറ്റു വകുപ്പുകളെ അപേക്ഷിച്ച് നിത്യേന ജനങ്ങളുമായി അധിക സമ്പര്‍ക്കമില്ലാതിരുന്ന വകുപ്പായിരിന്നിട്ടും അദ്ദേഹം നേടിയ ഈ മിന്നും വിജയം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ വ്യക്തമാക്കുന്നു.
നിലവില്‍ മന്ത്രി സ്ഥാനം ഉള്ളൊരു വ്യക്തി വീണ്ടും ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും കൈവിട്ടു പോയ ആലത്തൂര്‍ മണ്ഡലത്തെ പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിന് മറ്റൊരു മാർഗമുണ്ടായിരുന്നില്ല. ഇപ്പോള്‍ എല്‍ഡിഎഫിന്റെ കണക്ക് കൂട്ടലുകളൊന്നും തെറ്റിയില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് കെ രാധാകൃഷ്ണന്റെ വിജയം.
രമ്യയ്ക്ക് പിഴച്ചത്
3,83,336 വോട്ടുകളാണ് രമ്യ ഈ വട്ടം നേടിയത്. സിറ്റിങ്ങ് എംപി പരാജയപ്പെട്ടുവെങ്കില്‍ അതിനര്‍ത്ഥം കഴിഞ്ഞകാല പ്രവര്‍ത്തനം ദയനീയ പരാജയമായിരുന്നുവെന്ന് പറയാം. കഴിഞ്ഞ് തവണ ഇടതുപക്ഷത്തിന്റെ അടിയുറച്ച കോട്ട തകര്‍ത്തെറിഞ്ഞയായിരുന്നു രമ്യയുടെ ചരിത്ര വിജയം.ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ (1,58,968) ഭൂരിപക്ഷത്തിലായിരുന്നു രമ്യയുടെ മിന്നുന്ന വിജയം. പി.കെ ബിജുവിന്റെ ഹാട്രിക്ക് സ്വപ്‌നത്തിന്റെ മേലായിരുന്നു രമ്യയുടെ വിജയ കോട്ട.
2014 ലില്‍ പി.കെ ബിജു നേടിയ 37,312 വോട്ടിന്റെ ഭൂരിപക്ഷമാണ് രമ്യ അഞ്ചിരട്ടിയോളമാക്കി തിരുത്തിയത്. രാഷ്ട്രപതിപദം വരെയെത്തിയ കെ.ആര്‍ നാരായണനില്‍ നിന്ന് എസ്. ശിവരാമന്‍ പിടിച്ചെടുത്ത ഒറ്റപ്പാലം 27 വര്‍ഷത്തിന് ശേഷം സിപിഎമ്മിനെ കൈവിട്ടു. വെറും തോല്‍വിയല്ല മണ്ഡലത്തിന്റെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് നാണംകെട്ടത്. പാര്‍ട്ടി പ്രതീക്ഷിക്കാത്തൊരു പതനം.
എന്നാല്‍ കേരള രാഷ്ട്രീയത്തെ മിന്നുന്ന വിജയം തുടരാൻ രമ്യയ്ക്കായില്ല.കഴിഞ്ഞ വര്‍ഷം പുതുമുഖം എന്ന് പേരില്‍ ലഭിച്ച ശക്തമായ മൈലേജ് രമ്യയ്ക്ക് പിടിച്ച് നിര്‍ത്താനായില്ല.
ടിഎന്‍ സരസു നേടിയ വോട്ടുകള്‍ തള്ളികളയാനാവില്ല
പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു വിളിച്ച് ആത്മവിശ്വാസം നല്‍കിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്ന പേരില്‍ ടി.എന്‍ സരസു ഇലക്ഷന്‍ സമയത്ത് വാര്‍ത്തകളിലിടം നേടിയിരുന്നു.ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വെെകി പ്രഖ്യാപിച്ച എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് ഡോ. ടിഎന്‍ സരസു. ബി.ജെ.പിയില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാതെ ഉയര്‍ന്ന പേരാണിത്.രാഷ്ട്രീയത്തില്‍ പുതുമുഖമായിട്ടു കൂടി സരസു നേടിയ 188230 വോട്ടുകള്‍ തള്ളികളയാനുവുന്നതല്ല. കഴിഞ്ഞ തവണ ടിവി ബാബു നേടിയ 89837 വോട്ടിനെ അനായാസമായിട്ടാണ് സരസു മറികടന്നത്.
വിക്ടോറിയ കോളേജിലെ മുന്‍ പ്രിന്‍സിപ്പാളായിരുന്ന ടിഎന്‍ സരസു അന്നത്തെ എസ്എഫ്‌ഐ പ്രവര്‍ത്തകരുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.പിന്നീട് റിട്ടയര്‍മെന്റ് ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുഴിമാടം ഒരുക്കി യാത്രയാക്കിയതും വാര്‍ത്തകളില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇലക്ഷന്‍ പ്രചാരണ വേളയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട് ഈ അപമാനത്തെ കുറിച്ചും അവര്‍ സംസാരിച്ചിരുന്നു
കോണ്‍ഗ്രസ് - കമ്മ്യൂണിസ്റ്റ് മത്സരത്തിനിടെ ചെറുതല്ലാത്ത രീതിയില്‍ ബിജെപിയും മണ്ഡലത്തില്‍ വേരുറപ്പിക്കുന്നുണ്ടെന്നതിന്റെ ഉദാഹരണമാണ് ഈ ഫലത്തിലെ ബിജെപിയുടെ വോട്ടുകള്‍.കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. വോട്ടുവിഹിതം വര്‍ധിപ്പിച്ചിരുന്നു. 2009 തിരഞ്ഞെടുപ്പില്‍ എം ബിന്ദുവായിരുന്നു ബിജെപി സ്ഥാനാര്‍ഥി. 53890 വോട്ടാണ് അവര്‍ അന്ന് നേടിയത്. 2014 ലെ തിരഞ്ഞെടുപ്പില്‍ ഷാജു മോന്‍ വട്ടേക്കാടായിരുന്നു സ്ഥാനാര്‍ത്ഥി അന്ന് 87,803 വോട്ടുകള്‍ നേടി. 2019ല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ടിവി ബാബുവിനെയായിരുന്നു ബിജെപി രംഗത്തിറക്കിയത്. 89837 വോട്ടുകള്‍ അദ്ദേഹം നേടിയത്. വോട്ടുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും 2014 വോട്ടുശതമാനം 2019ല്‍ നേടാനായി സാധിച്ചില്ല. 2014ല്‍ 9.45 ശതമാനമുണ്ടായിരുന്നത് 2109ലേക്ക് എത്തുമ്പോള്‍ 8.82ആയി ചുരുങ്ങിയിട്ടുണ്ട്. ബി.ജെ.പി വേരുകള്‍ താഴ്ന്നിറങ്ങുന്നുണ്ടെന്ന തന്നെ വേണം.
Content Highlights: loksabha election 2024 k radhakrishnan won
Published: 04 Jun 2024, 12:50 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented