
ന്യൂഡല്‍ഹി: നിര്‍ണായകമായ 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിനൊരുങ്ങുകയാണ് രാജ്യം. ഏപ്രില്‍ 19 ന്-വിധിയെഴുതാനിരിക്കുമ്പോള്‍ കഴിഞ്ഞുപോയത് ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍, വിവാദങ്ങള്‍, ഇന്ത്യാ മുന്നണിയുടെ പ്രഥമ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉള്‍പ്പെടുന്ന 102 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ട വിധിയെഴുത്ത്. ഇതില്‍തന്നെ നിരവധി പ്രമുഖര്‍ വിധിതേടിയിറങ്ങുന്നുവെന്നത് ശ്രദ്ധേയം. കോയമ്പത്തൂരില്‍ അണ്ണാമലൈ, തൂത്തുക്കുടിയില്‍ കനിമൊഴി, ചിന്ദ്വാരയില്‍ നകുല്‍നാഥ്, പിലിഭിത്തില്‍ ജിതിന്‍പ്രസാദ, ചൈന്നൈ സൗത്തില്‍ തമിഴ്സൈ സൗന്ദര്‍രാജന്‍, ജമുവയില്‍ ചിരാഗ് പാസ്വാന്‍ എന്നിവരെല്ലാം ഒന്നാംഘട്ടത്തില്‍ വിധി തേടിയിറങ്ങുന്ന പ്രമുഖരാണ്.
കോയമ്പത്തൂര്‍ പിടിക്കാന്‍ അണ്ണാമലൈ
ഇത്തവണ 400 സീറ്റ് ലക്ഷ്യമിടുന്ന ബി.ജെ.പി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങള്‍ ഉള്‍പ്പെടെയാണ് ഒന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ്. ഇതില്‍ ഏറ്റവും നിര്‍ണായക മണ്ഡലമാണ് കോയമ്പത്തൂര്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ ഇവിടെ സ്റ്റാര്‍ സ്ഥാനാര്‍ഥിയായതോടെ കോയമ്പത്തൂര്‍ ദേശീയ ശ്രദ്ധയിലേക്കും വന്നു. ഇടതിന് നല്ല വേരോട്ടമുള്ള കോയമ്പത്തൂര്‍ എത് വിധേനയും പിടിക്കുക ലക്ഷ്യമിട്ടാണ് ഇത്തവണ ബി.ജെ.പി ഇറങ്ങിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രണ്ട് തവണ മണ്ഡലത്തിലെത്തിയതോടെ തിരഞ്ഞെടുപ്പിന്റെ രൂപവും ഭാവവും മാറുകയും ചെയ്തു.
1998-ലും 99 ലും ബി.ജെ.പിക്ക് ഇവിടെ നിന്ന് എം.പിമാരെ ലഭിച്ചിരുന്നുവെങ്കിലും മണ്ഡലം പിന്നീട് ഇടതിനോടൊപ്പം വീണ്ടും നില്‍ക്കുകയായിരുന്നു. 2019-ല്‍ സി.പി.എമ്മിന്റെ പി.ആര്‍ നടരാജന് 179143 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തായ ബി.ജെ.പി സ്ഥാനാര്‍ഥി സി.പി രാധാകൃഷ്ണന് 392007 വോട്ടും ലഭിച്ചു. 31.47 ശതമാനമാണ് 2019-ല്‍ മണ്ഡലത്തില്‍ ബി.ജെ.പി വോട്ട്. ഇവിടെയാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
കരൂര്‍ സ്വദേശിയായ അണ്ണാമലൈ 2021-ല്‍ ആണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകുന്നത്. സിവില്‍ സര്‍വീസ് പാസായി സൗത്ത് ബെംഗളൂരുവില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പദവിയിലിരിക്കെയാണ് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. അങ്ങനെ സംസ്ഥാന ബി.ജെ.പിയുടെ തീപ്പൊരി നേതാവുമായി മാറി.
ഡി.എം.കെയുടെ പിന്തുണയോടെ സി.പി.എമ്മിന്റെ പി.ആര്‍ നടരാജനായിരുന്നു മണ്ഡലത്തെ 2019 -ല്‍ പ്രതിനിധീകരിച്ചിരുന്നതെങ്കില്‍ ഇത്തവണ അണ്ണാമലൈയുടെ വരവോടെ സ്റ്റാലിന്‍ ശക്തമായ സ്ഥാനാര്‍ഥിയെ തന്നെയാണ് ഇറക്കിയത്, ജയലളിതയുടെ വിശ്വസ്ഥനും ഡി.എം.കെയുടെ ജില്ലാ സെക്രട്ടറിയുമായ പി.രാജ്കുമാര്‍. ഇന്ത്യാ മുന്നണിയുടെ ഭാഗമായത് മൂലമുള്ള പി.രാജ്കുമാറിന്റെ മുന്‍തൂക്കത്തിലൂടെ അണ്ണാമലൈയ്‌ക്കെതിരേ ശക്തമായ മത്സരം കാഴ്ചവെക്കാനാവുമെന്നും ഡി.എം.കെ കണക്കു കൂട്ടുന്നു.
ജിതിന്‍പ്രസാദ പിടിച്ചടക്കുമോ വരുണിന്റെ പിലിഭിത്ത്
1996-ന് ശേഷം ഇത്തവണ ആദ്യമായി മനേകാ ഗാന്ധിയോ വരുണ്‍ഗാന്ധിയോ മത്സരിക്കാത്ത മണ്ഡലമാവുകയാണ് പിലിഭിത്ത്. 2009-ലും 2019-ലും പിലിഭിത്തില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇത്തവണ മുന്‍ കോണ്‍ഗ്രസ് നേതാവ് ജിതിന്‍പ്രസാദയെയാണ് ബി.ജെ.പി പിലിഭിത്തില്‍ നിന്ന് മത്സരിപ്പിക്കുന്നത്. ഇതോടെയാണ് മണ്ഡലം ശ്രദ്ധാകേന്ദ്രമാവുകയും ചെയ്തത്. ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രിയായിരുന്ന ജിതിന്‍ പ്രസാദ 2004, 2009 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷാജഹാന്‍പുര്‍, ധരൂറ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ടിക്കറ്റിലായിരുന്നു വിജയിച്ചത്. എന്നാല്‍ 2021 ല്‍ ബി.ജെ.പിയില്‍ ചേരുകയായിരുന്നു. മണ്ഡലത്തല്‍ അപരിചിതനായ സ്ഥാനാര്‍ഥിയെന്ന നിലയിലും വരുണ്‍ഗാന്ധിയുടേയും മനേഗ ഗാന്ധിയുടേയും വൈകാരിക മണ്ഡലമെന്ന നിലയിലും പിലിഭിത്തിലെ വിധിയെഴുത്ത് ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി എസ്.പി സ്ഥാനാര്‍ഥി ഭഗവത് സരണ്‍ ഗാങ്വാര്‍ ആണ് ജിതിന്‍പ്രസാദയുടെ എതിരാളി.
തെലങ്കാന ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് ചൈന്നൈ സൗത്തില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാനെത്തുന്ന ഡോ.തമിഴിസൈ സൗന്ദര്‍രാജനും ഒന്നാം ഘട്ടത്തില്‍ വിധി തേടുന്ന സ്ഥാനാര്‍ഥികളില്‍ പ്രധാനിയാണ്. 2019-ല്‍ ഡി.എം.കെയുടെ തമിഴിസൈ തങ്കപാണ്ഡ്യന്‍ 262223 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ രണ്ടും കല്‍പിച്ചാണ് എന്‍.ഡി.എ ഡോ.തമിഴ്സൈ സൗന്ദര്‍രാജനെ മത്സരിപ്പിക്കുന്നത്. സൗന്ദര്‍രാജന്റെ ഇത്തവണത്തെ പ്രധാന എതിരാളിയും തങ്കപാണ്ഡ്യന്‍ തന്നെയാണ്. ഒപ്പം എ.ഐ.എ.ഡി.എം.കെയുടെ ജെ.ജയവര്‍ധനയും മത്സരത്തിനുണ്ട്. 1957 മുതലുള്ള മണ്ഡലത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഒമ്പത് തവണയാണ് ഡി.എം.കെയ്ക്ക് ഇവിടെ നിന്നും എം.പിമാരുണ്ടായത്. അഞ്ച് തവണ കോണ്‍ഗ്രസിനും മൂന്ന് തവണ എ.ഐ.എ.ഡി.എം.കെയ്ക്കും എം.പിമാരെ ലഭിച്ചു.
മധ്യപ്രദേശില്‍ പൂജ്യത്തിലൊതുങ്ങാതിരിക്കാന്‍ കോണ്‍ഗ്രസ്
മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് മത്സരിക്കുന്ന ചിന്ദ്വാര മണ്ഡലവും ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ വിധി തേടുന്നുണ്ട്. 1980 മുതല്‍ ഒമ്പത് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച കമല്‍നാഥ് 2019-ല്‍ ആണ് മണ്ഡലം മകന് വേണ്ടി മാറ്റിവെച്ചത്. സംസ്ഥാനത്തെ ആകെയുള്ള 29 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ച ഏകമണ്ഡലമായ ചിന്ദ്വാരയില്‍ ഇത്തവണയും നകുല്‍നാഥ് തന്നെ മത്സരിക്കുമ്പോള്‍ വിവേക് ബണ്ഡി സാഹുവിനെയാണ് മണ്ഡലം പിടിക്കാന്‍ ബി.ജെ.പി ഇറക്കിയിരിക്കുന്നത്. വെറും 37536 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു 2019-ല്‍ ചിന്ദ്വാരയില്‍ നകുല്‍നാഥിന് നേടാനായത് എന്നതുകൊണ്ടു തന്നെ ഇത്തവണ എന്ത് വിലകൊടുത്തും കോണ്‍ഗ്രസിനെ പൂജ്യത്തിലൊതുക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യം. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസും സമാജ് വാദ് പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കുന്ന നകുല്‍നാഥിന് മണ്ഡലം നിലനിര്‍ത്തുക എന്നത് പ്രസ്റ്റീജ് ഇഷ്യൂകൂടിയാണ്.
മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകള്‍ കനിമൊഴി മത്സരിക്കുന്ന തൂത്തുക്കുടിയും ഒന്നാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രധാന മണ്ഡലങ്ങളിലൊന്നാണ്. 2019-ല്‍ ബി.ജെ.പി തമിഴിസൈ സൗന്ദര്‍ രാജനെ മണ്ഡലത്തലില്‍ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ 3,47,209 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കനിമൊഴിയുടെ വിജയം. എന്നാല്‍ ഇത്തവണ തമിഴ് മാനില കോണ്‍ഗ്രസ്(എം) ബി.ജെ.പി സഖ്യത്തില്‍ എസ്.ഡി.ആര്‍ വിജയശീലനാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. എ.ഐ.എ.ഡി.എം.കെയുടെ ആര്‍.ശിവസ്വാമി വേലുമണിയും മത്സരത്തിനുണ്ട്. മണ്ഡലത്തിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിലും ഡി.എം.കെ സഖ്യത്തിന്റെ എം.എല്‍.എമാരാണുള്ളത് എന്നതാണ് കണക്കുകളില്‍ കനിമൊഴിക്ക് അനുകൂലം.
ത്രിപുരയില്‍ മത്സരം മുന്‍ മുഖ്യമന്ത്രിയും
കോണ്‍ഗ്രസ് അധ്യക്ഷനും തമ്മില്‍
ആകെ രണ്ട് സീറ്റുള്ള ത്രിപുരയില്‍ ഒരു സീറ്റലേക്കാണ് ഒന്നാംഘട്ടത്തില്‍ മത്സരം നടക്കുന്നത്. വെസ്റ്റ് ത്രിപരയാണ് ഒന്നാംഘട്ടത്തിലുള്ളത്. എന്‍.ഡി.എയ്ക്ക് വേണ്ടി മുന്‍ മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാറും ഇന്ത്യാ സഖ്യത്തിന്റെ ബലത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ആശിഷ് കുമാര്‍ സാഹയും ഇവിടെ മത്സരിക്കുമ്പോള്‍ മത്സരം കനക്കുകയും ചെയ്യും. കാല്‍ നൂറ്റാണ്ടോളമുള്ള ഇടതു ഭരണത്തിന് അവസാനം കുറിച്ച മുഖ്യമന്ത്രിയെന്ന നിലയില്‍ ബിപ്ലവ് ദേവിനെ ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ എന്‍.ഡി.എ ഇവിടെ മത്സരത്തിനിറക്കിയത്. 1952 മുതലുള്ള തിരഞ്ഞെടുപ്പില്‍ 1977 ല്‍ ജനതാപാര്‍ട്ടി വിജയിച്ചതല്ലാതെ 2019 വരെ ഇടതുപക്ഷവും കോണ്‍ഗ്രസുമായിരുന്നു വിജയിച്ചു കയറിയത്. എന്നാല്‍ 2019 ല്‍ 3,05,669 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രതിമ ഭൗമികിനൊപ്പം നില്‍ക്കുകയായിരുന്നു. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റപ്പെട്ട ബിപ്ലവ് ദേവ് ഹരിയാനയിലെ ബിജെപി ചുമതലക്കാരനായി പ്രവര്‍ത്തിച്ചു വരികയെയാരിന്നു, അതേ വര്‍ഷം രാജ്യസഭയിലേക്കും നോമിനേറ്റ് ചെയ്യപ്പെട്ടു.
കോണ്‍ഗ്രസില്‍ നിന്നും തൃണമൂലിലേക്കും ബിജെപിയിലേക്കും ഒടുവില്‍ വീണ്ടും കോണ്‍ഗ്രസിലേക്കുമെത്തിയ ആശിഷ് കുമാര്‍ സാഹ ബിപ്ലവ് ദേവ് കുമാറിനെതിരേ മത്സരിക്കുമ്പോള്‍ ഇത്തവണ ഇന്ത്യാ സഖ്യത്തിന്റെ കരുത്തുണ്ട്. 2023-ല്‍ മുഖ്യമന്ത്രി മണിക് സാഹയ്‌ക്കെതിരേ മത്സരിച്ച് പരാജയപ്പെട്ട ശേഷമാണ് ഇത്തവണ ആശിഷ് കുമാര്‍ വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കാനെത്തുന്നത്.
Content Highlights: first phase lok sabha election vip constituencies
Published: 16 Apr 2024, 02:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented