തിരഞ്ഞെടുപ്പു പോരില്‍ മൈതാനമധ്യത്തുവെച്ചാണ് നായകന്‍ ആയുധം താഴെവെക്കുന്നത്. കോട്ടയത്തെ യു.ഡി.എഫ്. ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ സ്ഥാനം രാജിവെച്ചത് മുന്നണിക്ക് അങ്കലാപ്പുണ്ടാക്കി. കേരളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷപദവിയും ഒഴിഞ്ഞ സജി വിശ്രമത്തിലേക്ക് മടങ്ങി. നായകന്‍ പടവെടിഞ്ഞതെന്ത്? ആരാണ് സജി? ഇത് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പു വാര്‍ത്തകളുടെ വിശദവായനയ്ക്ക് മാതൃഭൂമി ഇലക്ഷന്‍ സ്‌പെഷല്‍ ഇ പേപ്പര്‍ വായിക്കുക
 

To advertise here,

കെ.ആർ. പ്രഹ്ളാദൻ

2014-ൽ പ്രഥമ മോദിസർക്കാരിനെതിരേ സജി നടത്തിയ സമരം ഏറെക്കാലം യുട്യൂബിലെ രസകരമായ വിഭവമായിരുന്നു. ബീഫ് നിരോധനം വരുമെന്ന ഭീതിയിൽ നടത്തിയ പ്രകടനം. മുദ്രാവാക്യം ‘ബീഫ് വേണേ ബീഫ് വേണേ....’ തെരുവുനായകൾ നാടുവാഴാൻ തുടങ്ങിയപ്പോൾ തല്ലിക്കൊന്ന നായകളുമായി ഉഗ്രൻപ്രകടനം. 

കോട്ടയത്ത് തിരഞ്ഞെടുപ്പ് ആകെയൊരു മന്ദതാളത്തിൽ പോവുകയായിരുന്നു. വേനലിൽ ഇലകൊഴിഞ്ഞ ­റബ്ബർത്തോട്ടംപോലെ. നല്ലരണ്ട് വേനൽമഴയ്ക് കാത്തിരിക്കുംപോലെ. ആകെയൊരു തണുപ്പൻമട്ട്. ഇങ്ങനെ അവാർഡ് പടംപോലെ പോകുമ്പോഴാണ് സജി മഞ്ഞക്കടമ്പിൽ വരുന്നത്. ഫ്ലാഷ് ബാക്ക്‌ പറഞ്ഞുതീരുമ്പോൾ നായകൻ വരുംപോലൊരു വരവായിരുന്നു അത്. പിന്നെ പുകിലായി. ശനിയാഴ്ച സജി പത്രസമ്മേളനം വിളിക്കുന്നു എന്നുപറഞ്ഞപ്പോൾ പത്രക്കാർക്ക് കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്... എന്ന് ഇന്നസെന്റ് മട്ട്.
ജോസ് കെ. മാണിയുടെ വാഹനത്തിന് പരിധിവിട്ട വേഗം, ഇടുക്കിയിൽ ജയിച്ച മന്ത്രി റോഷി അഗസ്റ്റിൻ ജന്മനാടായ പാലായെ പരിഗണിക്കുന്നില്ല, പാലാ തോൽവിയിൽ കേരള കോൺഗ്രസ് പഠനസമിതിയുടെ റിപ്പോർട്ട് പുറത്തുവിടാനുള്ള വെല്ലുവിളി... ഇങ്ങനെപോകും സജിയുടെ പതിവ് പത്രസമ്മേളനവിഷയങ്ങൾ. പക്ഷേ, ഇക്കുറി ഞെട്ടിച്ചു. സജി രാജിവെക്കുന്നു. 35 കൊല്ലം പോസ്റ്ററൊട്ടിച്ചും മുദ്രാവാക്യംവിളിച്ചും നടന്ന് ഒടുവിൽ കിട്ടിയ വലിയപദവികൾ വിടുന്നു. ഒന്ന്- കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ജില്ലാ അധ്യക്ഷസ്ഥാനം. രണ്ട്- യു.ഡി.എഫ്. ജില്ലാ ചെയർമാൻ പദവി.
ഒരു യുദ്ധത്തിനെന്നപോലെ സജി നിന്നു. ഇക്കുറി ആരോപണങ്ങളുടെ അമ്പുകൾ മോൻസ് ജോസഫിനുനേരേ. മോൻസ് ആരാണ്. സാക്ഷാൽ പി.ജെ. ജോസഫ് കഴിഞ്ഞാൽ പാർട്ടിയിൽ രണ്ടാമൻ. പാർട്ടി എക്സിക്യുട്ടീവ് ചെയർമാൻ. രണ്ട് എം.എൽ.എ.മാരിൽ ഒരാൾ. യുദ്ധം അർജുനന് നേരേയോ. അതേ, ഉറച്ചുതന്നെയെന്ന് സജി. പ്രധാനമന്ത്രിപദവും പഞ്ചായത്ത് പ്രസിഡന്റ് പദവിയും ഒന്നിച്ച് വഹിക്കാൻ പറഞ്ഞാൽ അതിനും മോൻസ് തയ്യാറാണത്രെ. ഇല്ലെങ്കിൽ സംസ്ഥാന യു.ഡി.എഫിൽ പാർട്ടിക്കുവേണ്ടി ഇരിക്കുന്ന മോൻസ് കോട്ടയത്തെ മുന്നണി ചെയർമാൻസ്ഥാനവും മോഹിക്കുമോ. പി.ജെ. നിർബന്ധം പിടിച്ചതുകൊണ്ടാണ് തനിക്ക് ജില്ലാ ചെയർമാൻസ്ഥാനം തന്നത്. താൻ പാർട്ടി ക്യാമ്പ് നടത്തി. മോൻസ്‌ അത് പൊളിച്ചു. താൻ പദയാത്ര നിശ്ചയിച്ചു. മോൻസ് അത് വെട്ടി. റബ്ബർമാർച്ചിൽ ജില്ലാ പ്രസിഡന്റായ തന്നെ ഒഴിവാക്കി. ഒക്കെ സഹിച്ചും ക്ഷമിച്ചും കഴിഞ്ഞു. പക്ഷേ, ഫ്രാൻസിസ് ജോർജ് പത്രിക കൊടുക്കാൻ കയറിയപ്പോൾ മോൻസ് തന്നെ ക്ലീനായി വെട്ടി. കളക്ടർക്ക് മുന്നിലേക്കുകയറിയ അഞ്ചിലൊരാളാകാൻ തന്നെ അനുവദിച്ചില്ല.
 ഏത് പാർട്ടിയിലേക്ക്. തന്റെ മനസ്സ് യു.ഡി.എഫെന്ന് സജി. എന്നാലും സജീ.... ഒന്ന് പറയൂ. ജോസ് കെ. മാണി നല്ലവാക്ക് പറഞ്ഞു. മന്ത്രി വാസവൻ പ്രശംസിച്ചു. ഇതിലൊക്കെ എന്ത്. താൻ നല്ലവനാണെന്ന് പറയുന്നത് സുഖമുള്ള കാര്യമല്ലേയെന്ന് സജി. അദ്ദേഹത്തിന്റെ നേതാവ് കെ.എം. മാണി പണ്ട് ചരൽക്കുന്നിൽ സമാനമായ വാക്യം പറഞ്ഞിട്ടുള്ളത് ഒാർത്താകും സജിയും അതേവാചകം കടമെടുത്തത്. അന്ന് കെ.എം. മാണി യു.ഡി.എഫ്. വിട്ടുനിൽക്കുകയാണ്. രണ്ട് മുന്നണിയിലും ഇല്ലെന്ന നിലപാട്. കേരള കോൺഗ്രസ് എം മതേതരപാർട്ടിയെന്ന് പിണറായി പറഞ്ഞല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ മാണിസാർ പറഞ്ഞു. കേരള കോൺഗ്രസ് ഒരു സുന്ദരിയാണ്. ആരും നല്ലതെന്നേ പറയൂ. അത് കേൾക്കാനിഷ്ടമാണ്. സജിക്കും അതേയുള്ളൂ. ആ ഒരു ഇഷ്ടം.
കെ.എം. മാണിയുടെ വാക്ക് കടമെടുത്തതിൽ അദ്‌ഭുതപ്പെടാനില്ല. സജിയെന്നാൽ ഒരുകാലത്ത് മാണിസാറിന്റെ നിഴലായിരുന്നു. 10-ാം വയസ്സിൽ മാണിക്കുവേണ്ടി പോസ്റ്ററൊട്ടിച്ചാണ് താൻ പ്രവർത്തനം തുടങ്ങിയതെന്ന് സജി. പാലായിലെ കരൂർ പഞ്ചായത്ത് നിവാസി. പാലായിൽ പ്രകടനം നടത്തിയും കെ.എം. മാണിയുടെ വണ്ടിയിലേറിയും ഒരുകാലം. കരൂർ പഞ്ചായത്തിൽ 2002-ൽ പ്രസിഡന്റായി. 2008-ൽ സ്ഥാനക്കയറ്റം. ളാലം ബ്ലോക്കിന്റെ പ്രസിഡന്റ്. 2015-ൽ ജില്ലാപഞ്ചായത്തംഗം. പക്ഷേ, ഇൗ സ്ഥാനമൊന്നുമല്ല സജിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. സമരങ്ങളിൽ മാണിസാറിന്റെ പ്രഥമശിഷ്യൻ പി.സി. തോമസിന്റെ നേരവകാശിയായിരുന്നു സജി. റബ്ബർഷീറ്റ് ധരിച്ച് പാർലമെന്റിനെ ഞെട്ടിച്ചും റബ്ബർച്ചില്ലയുമായി പ്രകടനം നടത്തിയും പി.സി. ഒരുകാലം പേരെടുത്തു. പി.സി. കഴിഞ്ഞാൽ പിന്നെ സജിയായി.
2014-ൽ പ്രഥമ മോദിസർക്കാരിനെതിരേ സജി നടത്തിയ സമരം ഏറെക്കാലം യുട്യൂബിലെ രസകരമായ വിഭവമായിരുന്നു. ബീഫ് നിരോധനം വരുമെന്ന ഭീതിയിൽ നടത്തിയ പ്രകടനം. മുദ്രാവാക്യം ‘ബീഫ് വേണേ ബീഫ് വേണേ....’ തെരുവുനായകൾ നാടുവാഴാൻ തുടങ്ങിയപ്പോൾ തല്ലിക്കൊന്ന നായകളുമായി ഉഗ്രൻപ്രകടനം. പക്ഷേ, പണിപാളി. ആരോ മേനകാഗാന്ധിക്ക് ചിത്രമയച്ചു. നോട്ടീസായി, കേസായി, പുലിവാലായി. ഇപ്പോഴാണ് കേസ് തീർന്നതെന്ന് സജി. പുത്തൻ സമരരീതികളുടെ ആശാനായി സജി മാറി.
 യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് കേരള കോൺഗ്രസ് പിളരുന്നത്. ജോസ് കെ. മാണിയുമായി പണ്ടേയുള്ള ഇഷ്ടമില്ലായ്മകാരണം പി.ജെ. പക്ഷത്തേക്ക് വന്നു. പക്ഷേ, അതിലുംവലിയ എതിരാളി അവിടെ കാത്തിരിപ്പുണ്ടായിരുന്നു. കോട്ടയത്ത് ജോസഫ് ഗ്രൂപ്പിന്റെ അവസാനവാക്ക് ആര്. മോൻസോ സജിയോ.
മോൻസ് ആരാണ്. മുൻമന്ത്രി, തുടർച്ചയായി കടുത്തുരുത്തിയുടെ ജനനായകൻ. താനോ വെറുമൊരു ജില്ലാപ്രസിഡന്റ് എന്നമട്ടിൽ സജി നിൽക്കാൻ നോക്കി. ക്ഷമിച്ചും സഹിച്ചും താനെത്ര കഴിഞ്ഞുവെന്ന് സജി. പക്ഷേ, എല്ലാറ്റിനും ഒരു അതിരില്ലേ. അത് ഇൗ തിരഞ്ഞെടുപ്പുകാലത്തായി എന്നുമാത്രം. പണ്ട് കൈവിട്ട രണ്ടില സജിയെ നോക്കി ചിരിക്കുന്നുണ്ട്. അതിലേക്കോ. അതോ ചുവപ്പുകണ്ടാൽ എന്നും കലിക്കുന്ന സജിക്ക്‌ ഐക്യമുന്നണിയിൽ മറ്റൊരു പാർട്ടിയോ. കാത്തിരിക്കാം. ലേശം ഇടവേള.