ബംഗാളില്‍ മോദിയും മമതയും തമ്മില്‍ നേരിട്ടുള്ള പോരിന് വ്യാഴാഴ്ച തുടക്കമിട്ടു. ഉത്തരബംഗാള്‍ ജില്ലയായ കുച്ച്ബിഹാറില്‍ ഇരുവരും ഇന്ന് പ്രചാരണത്തിനത്തി. മൂന്ന് മണിക്കൂര്‍ ഇടവിട്ടായിരുന്നു രണ്ട് യോഗങ്ങള്‍...തിരഞ്ഞെടുപ്പു വാര്‍ത്തകളുടെ വിശദവായനയ്ക്ക് മാതൃഭൂമി ഇലക്ഷന്‍ സ്‌പെഷല്‍ ഇ പേപ്പര്‍ സന്ദര്‍ശിക്കുക.

To advertise here,

ടി.എസ്. കാർത്തികേയൻ

ബംഗാളിൽ മോദിയും ­മമതയും തമ്മിൽ നേരിട്ടുള്ളപോരിന് വ്യാഴാഴ്ച തുടക്കമിട്ടു. ഉത്തരബംഗാൾ ജില്ലയായ ­കുച്ച്ബിഹാറിൽ ഇരുവരും ഇന്ന്  പ്രചാരണത്തിനെത്തി. മൂന്നുമണിക്കൂർ ഇടവിട്ടായിരുന്നു രണ്ട് യോഗങ്ങൾ

സന്ദേശ്ഖലി വിഷയം ­ശക്തമായി ഉന്നയിക്കുന്നതിലൂടെ മമതയുടെ ഒരു ശക്തിയായ സ്ത്രീ വോട്ടുബാങ്കിൽ ­വിള്ളൽവീഴ്ത്താമെന്ന് ബി.ജെ.പി. ­കണക്കുകൂട്ടുന്നു. എന്നാൽ,  സ്ത്രീകൾക്ക് മാസം 1000 വീതം നൽകുന്ന 'ലക്ഷ്മിർ ഭണ്ഡാർ' എന്ന പദ്ധതിയിലൂടെ ഈ ആഘാതത്തെ മമത ­പ്രതിരോധിക്കുന്നുണ്ട്

കാഹളം മുഴങ്ങിക്കഴിഞ്ഞു.  തുടങ്ങിയിരിക്കുന്നു, വംഗയുദ്ധത്തിന്റെ ത്രസിപ്പിക്കുന്ന അന്തിമഘട്ടം. മോദി-ദീദി നേർക്കുനേർപ്പോര് വീണ്ടും. ഓതിരവും കടകവും പൂഴിക്കടകനുംവരെ മോദി പയറ്റുമ്പോൾ പുരഞ്ജയമാണെന്നു തോന്നിച്ച് സൗഭദ്രമായിമാറുന്ന എതിരടവുകളുമായി ദീദി ഉണ്ണിയാർച്ചയാവുന്നു. ഈ നേരങ്കം കാണാനും ഫലമറിയാനും കണ്ണുംനട്ടിരിക്കുന്നത് രാജ്യമൊട്ടുക്കുമുള്ള കാണികളാണ്.
  ഉത്തരബംഗാൾ ജില്ലയായ കുച്ച്ബിഹാറിലാണ് ഇരുവരും ഇന്ന് ഏറ്റുമുട്ടിയത്. കേന്ദ്രസഹമന്ത്രി നിശീഥ് പ്രാമാണിക്കും സംസ്ഥാനമന്ത്രി ഉദയൻ ഗുഹയും പരസ്യമായി തെരുവിൽ തമ്മിൽത്തല്ലിയതിലൂടെ അടുത്തിടെ ശ്രദ്ധയാകർഷിച്ച കുച്ച്ബിഹാറിൽ മൂന്നുമണിക്കൂർ ഇടവിട്ട് രണ്ടുയോഗങ്ങൾ. മോദി പൗരത്വനിയമത്തിലൂടെ പൗരത്വം നൽകാമെന്ന അടവെടുക്കുമ്പോൾ അത് ഉള്ള പൗരത്വം ഇല്ലാതാക്കുന്ന ചതിനിയമമാണെന്ന പ്രതിരോധംതീർക്കുന്നു മമത. സന്ദേശ്ഖലി സ്ത്രീപീഡനവിഷയം എന്ന മോദി അമ്പിനെതിരേ മണിപ്പുർ അമ്പാണ് ദീദി തൊടുക്കുന്നത്. സന്ദേശ്ഖലിയിൽ ദീദി പോയോ എന്നു ചോദിച്ചാൽ മണിപ്പുരിൽ മോദി പോയോ എന്ന് മറുചോദ്യം. രണ്ടിനും ഇല്ല എന്ന് ഉത്തരം. സമാസമം. തൃണമൂൽ നേതാക്കളുടെ അഴിമതി മോദി എടുത്തുവീശുമ്പോൾ അവരെ വെളുപ്പിച്ചെടുക്കുന്ന അലക്കുയന്ത്രമാണ് ബി.ജെ.പി. എന്ന പരിഹാസം പരിചയാക്കുകയാണ് മമത. അങ്കത്തിൽ മോദിക്ക് തുണക്കാരൻ പ്രതിപക്ഷനേതാവ് ശുഭേന്ദു അധികാരി. മമതയ്ക്ക് കരുത്തായി അഭിഷേക് ബാനർജിയും.
താൻപോരിമ തെളിയിക്കാനുള്ള ഇവരുടെ ദ്വന്ദ്വയുദ്ധം ഇത് നാലാംതവണയാണ്. 2014-ൽ മോദിപ്രഭാവം തുടങ്ങിയെങ്കിലും ബംഗാളിൽ തൃണമൂൽ-ഇടത് പോരാട്ടമായിരുന്നു മുഖ്യം. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പുമുതൽ മോദിക്കോ ദീദിക്കോ ആർക്കാണ് സ്വാധീനം കൂടുതൽ എന്ന പരീക്ഷ തുടങ്ങി. 2019-ൽ മോദി ദീദിയെ ശരിക്കും ഞെട്ടിച്ചു. കേവലം ഒറ്റസീറ്റിൽനിന്ന് 18 സീറ്റിലേക്ക് ഒരു കുതിച്ചുചാട്ടം. ആ കയറ്റം നൽകിയ പ്രതീക്ഷയിൽ മോദിയും അമിത് ഷായും 2021-ൽ ബംഗാൾ പിടിക്കാൻവന്നപ്പോൾ ദീദി തന്റെ തനിസ്വരൂപം കാട്ടി. 77 സീറ്റുകൾ വഴങ്ങേണ്ടിവന്നെങ്കിലും മൃഗീയഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി. ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ പ്രതീക്ഷ അപ്പാടെ തെറ്റിച്ച തിരഞ്ഞെടുപ്പായി അത്.
പക്ഷേ, വർധിതവീര്യത്തോടെ ബി.ജെ.പി. വീണ്ടും ദീദിയുടെ കോട്ടവാതിൽ ഭേദിക്കാൻ ഒരുങ്ങുകയാണ്. 35 സീറ്റാണ് ലക്ഷ്യം. അത്രയും ഇല്ലെങ്കിലും 18-നും 25-നും ഇടയിൽ സീറ്റുകൾ കിട്ടാമെന്ന് ചില അഭിപ്രായസർവേകൾ പറയുന്നു. സർവേകൾ നടന്നശേഷമാണ് പൗരത്വനിയമ ഭേദഗതി പ്രാബല്യത്തിൽവന്നത്. ഇത് വോട്ടർമാരിലുണ്ടാക്കുന്ന സ്വാധീനം അളക്കപ്പെട്ടിട്ടില്ല. ഇരുതലമൂർച്ചയുള്ള വാളാണ് സി.എ.എ. എന്നാണ് രാഷ്ട്രീയനിരീക്ഷകർ കരുതുന്നത്. ആർക്കാണ് കൂടുതൽ മുറിവേൽക്കുക എന്ന് ഫലംവരുമ്പോഴേ അറിയൂ.
മോദിയും ദീദിയും നേർക്കുനേർവന്ന കുച്ച്ബിഹാർ ഉൾപ്പെടുന്ന ഉത്തരബംഗാൾ മേഖലയാണ് ബി.ജെ.പി.യുടെ പ്രധാന ശക്തികേന്ദ്രം. പാർട്ടിക്ക് മെച്ചപ്പെട്ട സംഘടനാസംവിധാനമുള്ളതും ഇവിടെയാണ്. മതുവസമുദായവും ആദിവാസികളും നിർണായകമായ മധ്യബംഗാളിലും 2019-ൽ അവർ നല്ലമുന്നേറ്റം നടത്തി. എന്നാൽ, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മേഖലകളിൽ തൃണമൂൽ ശക്തമായി തിരിച്ചുവന്നു. ഏറ്റവുമൊടുവിൽ ഉത്തരബംഗാളിൽനടന്ന ധൂപ്ഗുഡി ഉപതിരഞ്ഞെടുപ്പിലും വ്യക്തമായ മേധാവിത്വത്തോടെ അവർ ജയിച്ചിട്ടുണ്ട്. എന്നാൽ, പൗരത്വനിയമ ഭേദഗതിയും ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയാക്കിയതും തങ്ങളുടെ വോട്ടുകൾ തിരികെയെത്തിക്കുമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ.
സന്ദേശ്ഖലി വിഷയം ശക്തമായി ഉന്നയിക്കുന്നതിലൂടെ മമതയുടെ ഒരു ശക്തിയായ സ്ത്രീ വോട്ടുബാങ്കിൽ വിള്ളൽവീഴ്ത്താമെന്ന് ബി.ജെ.പി. കണക്കുകൂട്ടുന്നു. എന്നാൽ,  സ്ത്രീകൾക്ക് മാസം 1000 വീതം നൽകുന്ന 'ലക്ഷ്മിർ ഭണ്ഡാർ' എന്ന പദ്ധതിയിലൂടെ ഈ ആഘാതത്തെ മമത പ്രതിരോധിക്കുന്നുണ്ട്. എങ്കിലും നിയമനകുംഭകോണങ്ങളും സന്ദേശ്ഖലിയുമെല്ലാം ജ്വലിപ്പിച്ചുനിർത്തി മമതയെ വലിയൊരളവുവരെ പ്രതിരോധത്തിലാക്കാൻ ബി.ജെ.പി.ക്ക് കഴിഞ്ഞിട്ടുണ്ട്. തൃണമൂലിൻറെ സെക്രട്ടറി ജനറൽ ആയിരുന്ന പാർഥ ചാറ്റർജി, ബീർഭൂം ജില്ലയിലെ കിരീടംവെക്കാത്ത രാജാവായിരുന്ന അനുബ്രത മണ്ഡൽ, മന്ത്രി ജ്യോതിപ്രിയ മല്ലിക് തുടങ്ങിയ മികച്ച തിരഞ്ഞെടുപ്പ് മാനേജർമാരെയൊക്കെ പലകേസുകളിലായി അഴിക്കുള്ളിൽ തള്ളാനും അവർക്ക് സാധിച്ചു. താഴെത്തട്ടിലെ പ്രവർത്തകർക്ക് ധൈര്യംനൽകുന്ന ഘടകങ്ങളാണിതൊക്കെ.
ന്യൂനപക്ഷ വോട്ടുബാങ്ക് പൂർണമായും മമതയെ തുണയ്ക്കുന്നു എന്നതാണ് ബി.ജെ.പി. നേരിടുന്ന ഒരു പ്രശ്‌നം. ഇടത്-കോൺഗ്രസ് സഖ്യവും മുസ്ലിം ഭൂരിപക്ഷ സംഘടനയായ ഐ.എസ്.എഫുമെല്ലാം പ്രത്യേകം പ്രത്യേകം മത്സരിച്ചാൽ ആ വോട്ടുകൾ അല്പം ചിതറിയേക്കാമെന്ന സാധ്യതമാത്രമാണ് ഇക്കാര്യത്തിലുള്ള പ്രതീക്ഷ. പക്ഷേ, ബംഗാളി സ്വാഭിമാനം എന്ന മമതയുടെ മറ്റൊരു കാർഡിനെ വെട്ടാൻ അവർക്ക്  മറുകാർഡൊന്നുമില്ല. ദക്ഷിണബംഗാളിലെ ദുർബലമായ സംഘടനാസംവിധാനവും ശുഭേന്ദു, സംസ്ഥാന അധ്യക്ഷൻ സുകാന്ത, മുൻ അധ്യക്ഷൻ ദിലീപ് ഘോഷ് എന്നിങ്ങനെ നേതൃത്വത്തിലെ മൂന്നുചേരികൾ തമ്മിലുള്ള ശീതസമരവും പ്രശ്‌നമാണ്.