സമൂസയിലെ ആലു (ഉരുളക്കിഴങ്ങ്) പോലെ ബിഹാറിൽ ഒഴിച്ചുകൂടാനാവാത്തതാണ് ലാലു എന്നത് ഇപ്പോഴും മടുപ്പിക്കാത്തൊരു ക്ലീഷേയാണ്. അതിന് ലാലുവിന്റെ മകൻ തേജസ്വി യാദവിനോടും നന്ദി പറയണം. ബിഹാറിലെ മുന്നാക്ക ജാതിസമവാക്യങ്ങളെ പൊളിച്ചെഴുതിയ ലാലുവിന്റെ രാഷ്ട്രീയത്തിന് ഇന്നും പ്രാധാന്യം നിലനിർത്തുന്നത് ആർ.ജെ.ഡി.യെ നയിക്കുന്ന തേജസ്വിയാണ്. ഒരുകാലത്ത് ദേശീയരാഷ്ട്രീയത്തിലെത്തന്നെ ചാണക്യനായിരുന്ന ലാലു ഇന്ന് മകന്റെ അച്ഛൻകൂടിയാണ്.
ഭൂമിഹാർ, ബ്രാഹ്‌മണർ, രാജ്പുത്തുകൾ തുടങ്ങിയ ഉന്നതജാതിക്കാരുടെ കൈവശമായിരുന്ന ബിഹാർരാഷ്ട്രീയത്തെ താഴേത്തട്ടിലേക്കു കൊണ്ടുവരുന്നതിൽ വിജയിച്ചാണ് 1990-ൽ ലാലു മുഖ്യമന്ത്രിയായത്. ഇതോടെ ബിഹാറിന്റെ അധികാരം മേൽജാതിക്കാരിൽനിന്ന് മാറി യാദവരും കുർമികളും ന്യൂനപക്ഷങ്ങളുമടങ്ങുന്ന പിന്നാക്കക്കാരിലേക്കെത്തി. പതിനഞ്ചുവർഷം ഇതുവെച്ച് ലാലുവും പത്‌നി റാബ്രി ദേവിയും ഭരണം തുടർന്നു.
പിന്നീട് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ അതിനെക്കാൾ പിന്നാക്കക്കാരായ ദളിത്, ആദിവാസി വിഭാഗക്കാരും ബി.ജെ.പി.യുടെ പരമ്പരാഗത മുന്നാക്ക വോട്ടുബാങ്കും ചേർന്നാണ് 2005-ൽ ലാലുവിനെ വീഴ്ത്തിയത്. ഇതോടെ ലാലുവിന്റെ പ്രതാപം മങ്ങിത്തുടങ്ങി. കാലിത്തീറ്റ കുംഭകോണം ഉൾപ്പെടെയുള്ള അഴിമതിക്കേസുകളും വന്നു. ഇതോടെ ജയിലിലുമായി. എങ്കിലും ജയിലിൽ കിടന്നും ലാലു സംസ്ഥാനരാഷ്ട്രീയത്തിലും ദേശീയരാഷ്ട്രീയത്തിലും ഇടപെട്ടുകൊണ്ടിരുന്നു.
തേജസ്വിയുടെ ഉദയം
സമൂസയിലെ ആലുവിന്റെ കാര്യം പറഞ്ഞതുപോലെ ലാലുവിനെ ബിഹാറിൽനിന്ന് ഒഴിച്ചുനിർത്താൻ ആർക്കും സാധിക്കില്ലെന്ന് കാലം തെളിയിച്ചു. ഭാര്യ റാബ്രി ദേവിക്കോ മൂത്തമകൻ തേജ് പ്രതാപിനോ മകൾ മിസാ ഭാരതിക്കോ സാധിക്കാത്തത് തേജസ്വിക്ക് കഴിഞ്ഞു. പഠനകാലത്ത് ക്രിക്കറ്റിൽമാത്രം താത്പര്യമുണ്ടായിരുന്ന, നാണംകുണുങ്ങിയും അന്തർമുഖനുമായിരുന്ന തേജസ്വിയിൽനിന്ന് ലാലുപോലും ഇത്രയും പ്രതീക്ഷിച്ചുകാണില്ല.
രാജ്യതലസ്ഥാനത്തെ സ്‌കൂളിൽ പഠിക്കുന്ന കാലംമുതൽ ക്രിക്കറ്റിലായിരുന്നു തേജസ്വിക്ക് കമ്പം. ഡൽഹിയുടെ അണ്ടർ 15, അണ്ടർ 17, അണ്ടർ 19 ടീമുകളിൽ തേജസ്വി കളിച്ചു. ലോകകപ്പ് ജയിച്ച അണ്ടർ 19 ഇന്ത്യൻ ടീമിലും പിന്നീട് 2008-ലും 2012-ലും ഡൽഹി ഡെയർഡെവിൾസിലുമെല്ലാം തേജസ്വി ഉണ്ടായിരുന്നെങ്കിലും റിസർവ് ബെഞ്ചിലിരിക്കാനായിരുന്നു യോഗം.
എന്നാൽ, ക്രിക്കറ്റിന്റെ പാഡഴിച്ച് രാഷ്ട്രീയത്തിന്റെ ഗോദയിലിറങ്ങിയ തേജസ്വി അവിടെ റിസർവ് ബെഞ്ചിലിരിക്കാനല്ല താത്പര്യപ്പെട്ടത്. 2010 മുതൽ ആർ.ജെ.ഡി.യുടെ പ്രചാരണപ്രവർത്തനങ്ങൾ ആധുനികീകരിക്കുന്നതിൽ തേജസ്വി ശ്രദ്ധിച്ചു. 2015-ൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് ജയിച്ച തേജസ്വി 26-ാം വയസ്സിൽ ഏറ്റവും പ്രായംകുറഞ്ഞ ഉപമുഖ്യമന്ത്രിയുമായി.
ഭരണക്കസേരയിൽ
തേജസ്വി ഉൾപ്പെടെയുള്ള ലാലു കുടുംബാംഗങ്ങൾക്ക് 2017-ൽ ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട 2004-ലെ സി.ബി.ഐ. കേസ് നേരിടേണ്ടിവന്നു. ഇതോടെ ആർ.ജെ.ഡി.യെ ഒഴിവാക്കി നിതീഷ് കുമാർ ബി.ജെ.പി.യുമായി സഖ്യംചേർന്ന് ബിഹാർ ഭരിച്ചു. 2018-ൽ തേജസ്വിയെ അന്വേഷണത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. കാരണം അഴിമതിക്ക് കാരണമായ സംഭവം നടക്കുന്ന 2004-ൽ 14 വയസ്സായിരുന്നു തേജസ്വിയുടെ പ്രായം.
2022-ൽ നിതീഷുമൊത്തുള്ള മഹാസഖ്യത്തിന്റെ ഭാഗമായതോടെ തേജസ്വിക്ക് വീണ്ടും ഉപമുഖ്യമന്ത്രിയാവാൻ സാധിച്ചെങ്കിലും അതിന് 17 മാസത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ. ഈ വർഷം ജനുവരിയിൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് നിതീഷ് എൻ.ഡി.എ.യിലേക്ക് മടങ്ങിയതോടെ തേജസ്വിയുടെ ഉപമുഖ്യമന്ത്രിപദവും അവസാനിച്ചു.
ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യും ജെ.ഡി.യു.വും നയിക്കുന്ന എൻ.ഡി.എ.യോട് എതിരിടാൻ മറുഭാഗത്തെ ശക്തനായ നേതാവ് തേജസ്വിയാണ്. കോൺഗ്രസും ആർ.ജെ.ഡി.യും ചേർന്നുള്ള സഖ്യത്തെ നയിക്കുന്ന തേജസ്വിയുടെ പോരാട്ടവീര്യം 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായതാണ്. ജയിലിൽ കിടക്കുന്ന ലാലുവിന്റെ അഭാവമറിയിക്കാതെ പാർട്ടിയെ നയിച്ച് ഭരണത്തിന്റെ വക്കിലെത്തിച്ചു തേജസ്വി. എന്നാൽ, കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടമായി. ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയക്കപ്പ് സ്വന്തമാക്കുമെന്ന വാശിയിലാണ് തേജസ്വി.
Content Highlights: tejashwi yadav bihar lalu prasad yadav rjd
Published: 03 Apr 2024, 06:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented