കുക്കികളുടെ ക്യാമ്പ് സന്ദർശിച്ച ശേഷം പിന്നീട് പോയത് അവരുടെതന്നെ ഗ്രാമമുഖ്യനെ കാണാനാണ്. മുമ്പ് ബിരേൻ സിങ്ങിന്റെ വലംകൈയായിരുന്ന ഗ്രാമമുഖ്യൻ ഇപ്പോൾ അദ്ദേഹത്തെ കൈയിൽ കിട്ടിയാൽ കൊന്നുകളയുമെന്ന വാശിയിലാണ്. പ്രശ്നം പരിഹരിക്കാൻ ഒറ്റമാർഗമേയുള്ളൂ, ബിരേൻ സിങ് മാറണം. എങ്കിൽമാത്രമേ ചർച്ചയ്ക്ക് തയ്യാറുള്ളൂ. അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. കുക്കികളുടെ മുഴുവൻ നിലപാടും ഇതുതന്നെയാണെന്ന് അദ്ദേഹം പറയുന്നു.

To advertise here,

അണ്ടർഗ്രൗണ്ടിലുള്ളവരുമായി സംസാരിക്കാൻ അവസരമൊരുക്കണമെന്ന് അറിയിച്ചപ്പോൾ ശ്രമിക്കട്ടെ എന്നുപറഞ്ഞ് ഫോണെടുത്ത് ആരെയോ വിളിക്കുന്നു. രാത്രിയിൽ എത്തിയാലേ പറ്റൂ എന്ന് പറഞ്ഞതോടെ ഒപ്പമെത്തിയയാൾ കണ്ണുകൊണ്ട് വേണ്ട എന്ന സിഗ്നൽ കാണിച്ചു. രാത്രിയിൽ അവിടെ പോയാൽ ചിലപ്പോൾ ബന്ദിയാക്കി വിലപേശിയാലോ എന്നായിരുന്നു ജ്യോതിയുടെ പേടി. ജ്യോതിയുടെ വാക്കിന്‌ വിലകൊടുത്തു. വൈകുംവരെ കാത്തിരുന്നാൽ എന്റെ യാത്രാപദ്ധതി പാളുമെന്നു പറഞ്ഞ് അവിടെനിന്നിറങ്ങി. വരുന്ന വഴിക്ക് കണ്ടു, കാബ്രുലേക്കിൽ മണ്ണോടുമണ്ണ് അവശേഷിക്കാതെ തകർക്കപ്പെട്ട ക്ഷേത്രവും നേപ്പാളി മേഖല പിന്നിട്ടെത്തുന്ന സ്ഥലത്തെ റോഡരികിലെ തകർന്ന പള്ളികളും.

ഇനിയൊരു കൂടിച്ചേരൽ കുക്കികളും മെയ്ത്തികളും തമ്മിലുണ്ടാകുമോ. ചോദ്യത്തിന് ഉത്തരം നൽകാൻ മണിപ്പുരിനെ അറിയാവുന്ന ആരും തയ്യാറാകുന്നില്ല. രണ്ടുഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ രണ്ടുമതങ്ങൾ തമ്മിലാണെന്ന ധാരണ പരന്നതോടെ അതിൽ തലവെച്ച് പരിക്കുപറ്റാൻ കേന്ദ്രസർക്കാരും തയ്യാറായില്ല. കഥയറിയാതെ ആട്ടം കണ്ടവരൊക്കെ അവർക്കുതോന്നിയ കഥകൾ മെനഞ്ഞു.
സർക്കാർസംവിധാനം പൂർണമായി പരാജയപ്പെട്ടു. പരാജയപ്പെട്ടെന്നു പറയുന്നതിലും കലാപകാരികൾക്ക് കീഴടങ്ങി എന്നുപറയുന്നതാണ് ശരി.

ഇംഫാൽ മേഖലയിൽ പോലീസുകാർ മെയ്ത്തികളോടൊപ്പവും മലമേഖലകളിൽ കുക്കികളോടൊപ്പവും ചേർന്നു. കലാപകാരികൾക്കൊപ്പംനിന്ന് എതിർവിഭാഗത്തിൽപ്പെട്ടവരെ വെടിവെക്കാൻപോലും പോലീസ് തയ്യാറായി എന്നത് നിയമവാഴ്ചയുടെ സമ്പൂർണ തകർച്ചയെ കാണിക്കുന്നതായിരുന്നു. കേന്ദ്രസേനകൾ ഏകപക്ഷീയമായി തങ്ങൾക്കൊപ്പം നിൽക്കുന്നില്ലെന്നു വന്നതോടെ അവർക്കെതിരേ മെയ്ത്തി സംഘടനകൾ രംഗത്തുവന്നു. ഡൽഹിയിലടക്കം പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്രസേനയെ പ്രതിരോധിക്കുന്നതിലായി പിന്നീട് നീക്കം. കലാപകാരികളെ വെടിവെക്കാൻ ഉത്തരവില്ലാത്തതിനാൽ ഇവരെ ചെറുക്കുക എന്നത് അസം റൈഫിൾസ് അടക്കമുള്ള സേനകൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.

കലാപം മുതലാക്കി പണപ്പിരിവ് കലാപകാരികൾ ഉഷാറാക്കിയിരിക്കുകയാണ്. അതതു വിഭാഗങ്ങൾ തങ്ങളുടെ സുരക്ഷിത്വം ഉറപ്പാക്കാൻ പണം കൊടുക്കുന്നുണ്ട്. എല്ലാ വ്യവസായസ്ഥാപനങ്ങൾക്കും പണമുള്ളവർക്കും ഉയർന്ന ശമ്പളം വാങ്ങുന്നവർക്കുമൊക്കെ വൻതോതിൽ പണം നൽകാൻ നിർദേശം നൽകി. മെയ്ത്തികൾ നഗരത്തിലെ വമ്പൻ സ്ഥാപനങ്ങളെ പണത്തിനായി ഉപയോഗിക്കുമ്പോൾ കുക്കികൾ മ്യാൻമാർ അതിർത്തിയിൽനിന്ന് കള്ളക്കടത്തിലൂടെയാണ് പണം കണ്ടെത്തുന്നത്. അതിർത്തിവേലി ഇനിയും പൂർത്തിയായിട്ടില്ലാത്ത മ്യാൻമാർ ബോർഡറിൽനിന്ന് ഒപ്പിയവും സ്വർണവും മയക്കുമരുന്നും തുടങ്ങി എല്ലാ സാധനങ്ങളുടെയും കള്ളക്കടത്ത് വ്യാപകമായിക്കഴിഞ്ഞു. അതിർത്തിവേലി കെട്ടുന്നതിന്റെ പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിലും ഇതിനെ തടസ്സപ്പെടുത്തിക്കൊണ്ടാണ് ഇവരുടെ നീക്കം. വേലികെട്ടുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഇവിടെ ഉയർത്തുന്നത്.

മെയ്‌ര പെബി

സ്ത്രീകളുടെ പോരാട്ടങ്ങളുടെ ശബ്ദമായി ആഗോള അംഗീകാരം നേടിയെടുത്ത മെയ്‌ര പെയ്ബിയെന്ന സംഘടന മണിപ്പുർ കലാപത്തിൽ വിമർശിക്കപ്പെട്ടു. മണിപ്പുർ കലാപം ആളിപ്പടരുന്നതിൽ സ്ത്രീകൾ വഹിച്ച പങ്ക് ഭീകരമാണ്. നിയമസംവിധാനങ്ങളെ അവരെ മുന്നിൽനിർത്തിയാണ് കലാപകാരികൾ നേരിട്ടത്. സ്ത്രീകളെ നിർത്തുകയായിരുന്നില്ല, സ്ത്രീകൾ നേരിട്ടുതന്നെ രംഗത്തിറങ്ങുകയായിരുന്നു. തങ്ങളുടെ വിഭാഗത്തിലെ ഒരു സ്ത്രീ ബലാത്സംഗത്തിനിരയായാൽ എതിർവിഭാഗത്തിലെ നാലു സ്ത്രീകളെ ബലാത്സംഗംചെയ്യാൻ കലാപകാരികൾക്ക് പിടിച്ചുകൊടുക്കുന്ന വനിതാക്കൂട്ടം വംശീയവൈരത്തിന്റെ അതിഭീകര മുഖമായി മാറി.
കലാപം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് അതിർത്തിമേഖലയിലും ഉൾനാടുകളിലുമുള്ള അർധസൈനികരുടെ ക്യാമ്പുകളിൽ ജവാന്മാർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും മരുന്നും കൊണ്ടുപോകാൻപോലും വാഹനങ്ങൾ പുറത്തേക്കിറങ്ങാൻ സ്ത്രീകളുടെ കൂട്ടം അനുവദിച്ചില്ല. അവർ റോഡ് തടഞ്ഞ്‌ വഴിയിൽ കുത്തിയിരുന്നു. റോഡിൽ കാണുന്ന കുറച്ചുപേർമാത്രമേ തടയാനുള്ളൂവെന്നു കരുതി മുന്നോട്ടുപോയാൽ ഇവർ വഴിയരികിലെ ഇരുമ്പുപോസ്റ്റിലടിച്ച് ശബ്ദസന്ദേശം കൈമാറുന്നതോടെ വൻതോതിൽ സ്ത്രീകൾ ഇരമ്പിയെത്തും. ഒടുവിൽ റോഡുമാർഗം സാധനം കൊണ്ടുപോകാൻ കഴിയാത്തതിനാൽ അത്തരം ക്യാമ്പുകളിലേക്ക് ഹെലികോപ്റ്റർവഴി സാധനങ്ങൾ താഴേക്ക് ഇട്ടുകൊടുക്കേണ്ടിവന്നു. അത്തരം ക്യാമ്പുകളിൽനിന്ന് രോഗികളായവരും നാട്ടിലേക്ക് അവധിക്കു പോകേണ്ടവരും കയർ ഏണിയിൽ തൂങ്ങി ഹെലികോപ്റ്ററിൽ കയറി പ്രധാന ക്യാമ്പിലെത്തേണ്ടി വന്നു.

(അവസാനിച്ചു)