
കേരള രാഷ്ട്രീയമണ്ഡലത്തിലോ തിരഞ്ഞെടുപ്പ് കാലത്തോ അധികം ചർച്ചചെയ്യപ്പെട്ടിരുന്ന മേഖലയല്ല ലക്ഷദ്വീപ്. ഇത്തവണ അതല്ല, സ്ഥിതി. കഴിഞ്ഞ നാലുവർഷംകൊണ്ടുണ്ടായ മാറ്റമാണിത്. പ്രഫുൽ ഖോഡ പട്ടേൽ 2020-ൽ അഡ്മിനിസ്ട്രേറ്ററായി രംഗപ്രവേശനം ചെയ്തതോടെയാണ് പൊതുവേ ശാന്തമായ ജീവിതം നയിച്ചിരുന്ന ലക്ഷദ്വീപിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾ പ്രക്ഷുബ്ധമായത്.
കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാരിന്റെ പ്രതിനിധിയായി പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലെത്തിയതോടെ പ്രകോപനപരമായ ഒട്ടേറെ പരിഷ്‌കാരങ്ങൾ നടപ്പാക്കാനൊരുങ്ങി. രണ്ടിലധികം കുട്ടികളുള്ളവരെ സ്ഥാനാർഥിത്വത്തിൽനിന്ന് അയോഗ്യരാക്കാനുള്ള ചട്ടം, ഗുണ്ടാനിയമം, ബീഫ് നിരോധനം എന്നിവയെല്ലാം ശാന്തമായ ലക്ഷദ്വീപ് അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചു.
സാമൂഹികമാധ്യമങ്ങളിലാകെ ചർച്ചചെയ്യപ്പെട്ട സേവ് ലക്ഷദ്വീപ് കാമ്പയിന്റെ തുടക്കം അങ്ങനെയായിരുന്നു. പ്രതിഷേധവും സമരവും ശീലമില്ലാതിരുന്ന ലക്ഷദ്വീപുകാർ സമരത്തിലേക്ക് കടന്നു. ദാദ്രാ നാഗർ ഹവേലിയിലും മറ്റും സ്വന്തം തീരുമാനങ്ങൾ നടപ്പാക്കിയ പ്രഫുൽ ഖോഡ പട്ടേലിനെ സംബന്ധിച്ച് ലക്ഷദ്വീപ് കീറാമുട്ടിയായത് അന്നാട്ടിലെ രാഷ്ട്രീയം കൊണ്ടാണ്. കേരളവുമായുള്ള ബന്ധവും ദ്വീപുകാരുടെ രാഷ്ട്രീയചരിത്രബോധവും അവർക്കുള്ള കേരളത്തിന്റെ പിന്തുണയും പട്ടേൽ കൊണ്ടുവന്ന പല നിയമങ്ങളെയും പ്രതിരോധത്തിലാക്കി. ഹൈക്കോടതിയെ സമീപിച്ച് പല ഉത്തരവുകളിലും ദ്വീപുകാർ സ്റ്റേവാങ്ങി.
പതിറ്റാണ്ടുകളായി ദ്വീപുകാർ കൈവശംവെച്ച പണ്ടാരഭൂമിയിൽ അവകാശം പറഞ്ഞുകൊണ്ടുള്ള പട്ടേലിന്റെ വരവും അവരുടെ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കങ്ങളും ദ്വീപുജനതയ്ക്ക് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി. 3000-ത്തോളം താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം ദ്വീപിന്റെ സാമ്പത്തികഭദ്രതയെത്തന്നെ താറുമാറാക്കി. സർക്കാർ ശമ്പളവുമായി ബന്ധപ്പെട്ട സമ്പദ്വ്യവസ്ഥ നിലനിൽക്കുന്ന ദ്വീപിൽ തൊഴിൽനഷ്ടം വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ജോലിപോയ പലരും കേരളത്തിലേക്ക് പലായനംചെയ്തു. നാട്ടുകാരിൽ പലർക്കും മീൻവാങ്ങാൻപോലും ശേഷിയില്ലാത്തവരായതോടെ ഒട്ടേറെപ്പേർ മത്സ്യമേഖലയിലെ തൊഴിലുപേക്ഷിച്ചു. ഭൂമി നഷ്ടപ്പെടുമോ എന്നഭീതിയിലാണ് നാട്ടുകാർ ജീവിക്കുന്നത്. ആരോഗ്യമേഖല ക്ഷയിച്ചു, ജനങ്ങൾക്ക് ചികിത്സ കിട്ടാതായി.
ജനാധിപത്യം അകലെ
ഗ്രാമസഭകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയുമെല്ലാം കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താൻ ഇതുവരെ അഡ്മിനിസ്ട്രേറ്റർ തയ്യാറായിട്ടില്ല. തദ്ദേശസ്ഥാപനങ്ങളോ ഗ്രാമസഭകളോ നിലവിൽ ഇല്ലാത്തതിനാൽ, ദ്വീപുകാരെ സംബന്ധിച്ച് ജനഹിതമോ ജനാധിപത്യമോ വിദൂരമാണ്. അഡ്മിനിസ്ട്രേറ്റർ തന്നിഷ്ടപ്രകാരം തദ്ദേശവാസികളിൽനിന്ന് ഭൂമി പിടിച്ചെടുക്കുന്നത് തടയാൻ കഴിയാത്തതും ഗ്രാമസഭകളുടെ അഭാവം മൂലമാണ്. അതിനാൽതന്നെ ദ്വീപുനിവാസികളുടെ മുൻഗണനാവിഷയയമാണ് ഫലപ്രദമായ ജനാധിപത്യം എന്നത്. ജില്ലാപഞ്ചായത്ത്, വില്ലേജ് പഞ്ചായത്ത് ഭരണം അവസാനിച്ചിട്ട് ആറ് മാസം കഴിഞ്ഞു. ഇതുവരെയും തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. വഖഫ് ബോർഡ്, ഖാദി ബോർഡ്, മത്സ്യത്തൊഴിലാളി സൊസൈറ്റികൾ, ബാംബുബോർഡ് എന്നിവയുടെയെല്ലാം പ്രവർത്തനം നിലച്ചു.
കുറ്റകൃത്യങ്ങളില്ലാത്ത ലക്ഷദ്വീപിൽ കോടികൾമുടക്കി ജയിൽ പണിയാനുള്ള പദ്ധതി ദ്വീപിനെ സഹായിക്കാനുള്ള ഉദ്ദേശ്യത്തിലല്ല എന്നത് ജനങ്ങൾക്ക് വ്യക്തമായറിയാം. രാഷ്ട്രപതി തറക്കല്ലിട്ട ആശുപത്രിയുടെ പണി പൂർത്തിയാക്കാതെയും നിലവിലെ ആശുപത്രികളെ വികസിപ്പിക്കാതെയും സ്വകാര്യ ആശുപത്രികൾ കൊണ്ടുവരാനുള്ള ശ്രമവും ഇക്കാലയളവിലുണ്ടായി. ഉത്തരേന്ത്യക്കാരുടെ വ്യവസായ താത്പര്യം വ്യക്തമാക്കുന്ന നീക്കങ്ങളായിരുന്നു ഇവ. ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശങ്ങൾ കവരുന്ന അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുകൾക്കെതിരേ എൻ.സി.പിയും കോൺഗ്രസും സമരരംഗത്തായിരുന്നു. കോടതിയിൽപ്പോയി അനുകൂലവിധികൾ പലതും നേടിയെടുക്കുകയും ചെയ്തു.
ആയിരക്കണക്കിനാളുകളുടെ ഭൂമി നഷ്ടപ്പെടാൻ സാധ്യതയുള്ള പണ്ടാരഭൂമി വിഷയം കോടതി സ്റ്റേചെയ്തു. കടകളുടെ ലൈസൻസ് ഇല്ലാതാക്കുന്ന പുതിയ ഉത്തരവിലും സ്റ്റേ ലഭിച്ചു. കടപ്പുറത്തെ മത്സ്യത്തൊഴിലാളി ഷെഡ്ഡുകൾ പൊളിച്ചു നീക്കാനുള്ള നോട്ടീസിൽ സ്റ്റേ ലഭിച്ചു. ജനവാസമില്ലാത്ത ബംഗാരം സുഹേലിയിലെ ഷെഡ്ഡുകൾ പൊളിക്കാനുള്ള നീക്കം തടഞ്ഞു. ബീഫ് നിരോധിക്കാനുള്ള ശ്രമം, രജിസ്ട്രേഷൻ റഗുലേഷൻ, കോ-ഓപ്പറേറ്റീവ് സൊസൈറ്റി റെഗുലേഷൻ, ലക്ഷദ്വീപ് ലാൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി റെഗുലേഷൻ, എക്സൈസ് നിയമം, പ്രിവൻഷൻ ഓഫ് ആന്റി സോഷ്യൽ ആക്റ്റിവിറ്റി ആക്ട് റെഗുലേഷൻ തുടങ്ങിയവയിലും ലക്ഷദ്വീപിലെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ കോടതിയിൽനിന്നു സ്റ്റേ വാങ്ങി.
പോരാട്ടം കേന്ദ്രത്തിനെതിരേ
കഴിഞ്ഞതവണ ലക്ഷദ്വീപിൽനിന്നു ജയിച്ച എൻ.സി.പിയും രണ്ടാംസ്ഥാനത്തെത്തിയ കോൺഗ്രസും അഡ്മിനിസ്ട്രേറ്ററുടെ നിലപാടിനെതിരേ ശക്തമായി രംഗത്തുവന്നിരുന്നു. തത്ത്വത്തിൽ പ്രബലമായ രണ്ട് രാഷ്ട്രീയപ്പാർട്ടികളുടെയും കാഴ്ചപ്പാട് കേരളത്തിലേതുപോലെത്തന്നെ ബി.ജെ.പി. ഭരണത്തിനെതിരാണ്. എൻ.സി.പി. ശരദ് പവാർ വിഭാഗത്തിലെ മുഹമ്മദ് ഫൈസലാണ് നിലവിലുള്ള എം.പി. മൂന്നാംതവണയും ഫൈസൽ മത്സരരംഗത്തുണ്ട്. കോൺഗ്രസിലെ ഹംദുല്ല സഈദാണ് മുഖ്യ എതിരാളി. തുടർച്ചയായി പത്തുതവണ ലക്ഷദ്വീപ് എം.പിയായ പി.എം. സയീദിന്റെ മകനാണ് ഹംദുല്ല സയീദ്. നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. എൻ.സി.പി. അജിത് പവാർ വിഭാഗത്തിലെ ടി.പി. യൂസുഫും മത്സരരംഗത്തുണ്ട്.
മുമ്പുനടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കേരള ഹൈക്കോടതി ഫൈസലിന് പത്തുവർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനുപിന്നാലെ ഫൈസലിനെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ഫൈസൽ സുപ്രീംകോടതിയെ സമീപിക്കുകയും എം.പി. സ്ഥാനം പുനഃസ്ഥാപിക്കുകയുംചെയ്തു. ഫൈസലിനെതിരായ കേസ് കോൺഗ്രസ് തിരഞ്ഞെടുപ്പുവിഷയമാക്കുന്നുണ്ട്.
മേൽക്കോടതി ശിക്ഷ മരവിപ്പിച്ചതും എം.പി. സ്ഥാനം പുനഃസ്ഥാപിച്ചതും ഉയർത്തിക്കാട്ടി എൻ.സി.പിക്ക് ആ പ്രചാരണത്തെ ഒരു പരിധിവരെ മറികടക്കാനാവുന്നു. ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങളെ ചോദ്യംചെയ്തതിന്റെയും അത് പാർലമെന്റിലുയർത്തിയതിന്റെയും പകയാണ് ഫൈസലിനെതിരായ കേസിന്റെ പിന്നിലെന്ന പൊതുവികാരം ലക്ഷദ്വീപിൽ ഉണ്ടാക്കിയെടുക്കാൻ എൻ.സി.പിക്കായിട്ടുണ്ട്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങൾ ഇരുകക്ഷികളും പ്രചാരണ വിഷയമാക്കുന്നു. അതുകൊണ്ടുതന്നെ ചില പ്രാദേശിക സമവാക്യങ്ങളാവും തിരഞ്ഞെടുപ്പിൽ നിർണായകമാവുക.
Content Highlights: lok sabha election 2024
Published: 06 Apr 2024, 07:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented