
തെക്കിന്റെ മാഞ്ചെസ്റ്ററാണ് കോയമ്പത്തൂർ എന്ന കോവൈ. തമിഴ്നാട്ടിലെ രണ്ടാമത്തെ വലിയ വ്യവസായനഗരം. ചെന്നൈ കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതലുള്ള സ്ഥലം. ബി.ജെ.പി.യുടെ തീപ്പൊരിനേതാവ് കെ. അണ്ണാമലൈ സ്ഥാനാർഥിയായതോടെ കോയമ്പത്തൂർ പാർലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഇത്തവണ ദേശീയശ്രദ്ധയാകർഷിക്കുകയാണ്. പ്രധാനമന്ത്രി രണ്ടുതവണ പ്രചാരണത്തിന് വന്നതുതന്നെ അണ്ണാമലൈയുടെ വിജയം ഉറപ്പിക്കുകയെന്ന ലക്ഷ്യംവെച്ചാണ്. ഇത് നേരത്തേ മനസ്സിലാക്കിയ സ്റ്റാലിൻ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റ് ഏറ്റെടുത്ത് മത്സരത്തിന് ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കി. അണ്ണാ ഡി.എം.കെ.യും മികച്ച സ്ഥാനാർഥിയെ കൊണ്ടുവന്നതോടെ ശക്തമായ ത്രികോണമത്സരത്തിന് കളമൊരുങ്ങി.
ഇടതിന് വേരോട്ടമുള്ള മണ്ണ്
കോയമ്പത്തൂർ ജില്ലയിലെ സൂളൂർ, കൗണ്ടംപാളയം, കോയമ്പത്തൂർ സൗത്ത്, നോർത്ത്, സിങ്കനല്ലൂർ, തിരുപ്പൂർ ജില്ലയിലെ പല്ലടം എന്നിങ്ങനെ ആറു നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് കോയമ്പത്തൂർ പാർലമെന്റ് മണ്ഡലം. ഇടതുപാർട്ടികൾ സ്ഥിരമായി ജയിക്കുന്ന മണ്ഡലത്തിൽ സി.പി.എമ്മിനും സി.പി.ഐ.ക്കും നല്ല വേരോട്ടമുണ്ട്. ഇടതുപാർട്ടികൾ ഏഴു തവണയും (സി.പി.എം-3, സി.പി.ഐ.-4), കോൺഗ്രസ് അഞ്ചുതവണയും ഡി.എം.കെ. രണ്ടുതവണയും ബി.ജെ.പി. രണ്ടുതവണയും അണ്ണാ ഡി.എം.കെ. ഒരു തവണയുമാണ് ഇവിടെനിന്നും വിജയിച്ചത്.
2019-ലെ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. മുന്നണി സ്ഥാനാർഥി സി.പി.എമ്മിലെ പി.ആർ. നടരാജൻ, അണ്ണാ ഡി.എം.കെ. ഉൾപ്പെടുന്ന എൻ.ഡി.എ. സഖ്യത്തിലെ ബി.ജെ.പി. സ്ഥാനാർഥി സി.പി. രാധാകൃഷ്ണനെ 1,79,143 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എന്നാൽ, 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ ഡി.എം.കെ. മുന്നണിയുടെ തരംഗമുണ്ടായെങ്കിലും കോയമ്പത്തൂർ ജില്ലയിലെ പത്തുസീറ്റും അണ്ണാ ഡി.എം.കെ. മുന്നണിയാണ് നേടിയത്.
ബി.ജെ.പി.യുടെ വാനതി ശ്രീനിവാസൻ കോയമ്പത്തൂർ സൗത്തിൽ മക്കൾ നീതി മയ്യം സ്ഥാനാർഥി കമൽഹാസനെ തോൽപ്പിച്ച് എം.എൽ.എ. ആയപ്പോൾ ഇവിടെ ഡി.എം.കെ. മുന്നണി സ്ഥാനാർഥി മൂന്നാംസ്ഥാനത്തായി. പക്ഷേ, 2022-ലെ തദ്ദേശതിരഞ്ഞെടുപ്പിൽ വീണ്ടും ഡി.എം.കെ. മുന്നണി തൂത്തുവാരി. ഇത്തവണ എൻ.ഡി.എ. സഖ്യം തകരുകയും ബി.ജെ.പി.യും അണ്ണാ ഡി.എം.കെ.യും തനിച്ചു മത്സരിക്കുകയുമായിരുന്നു. കോയമ്പത്തൂർ കോർപ്പറേഷനിലെ 100 വാർഡിൽ 97-ലും ഡി.എം.കെ. മുന്നണി സ്ഥാനാർഥികൾ വിജയിച്ചപ്പോൾ അണ്ണാ ഡി.എം.കെ.ക്ക് വെറും മൂന്നു വാർഡിലാണ് ജയിക്കാനായത്. ബി.ജെ.പി.ക്ക് ഒരു സീറ്റുപോലും കിട്ടിയില്ല. പലയിടത്തും കെട്ടിവെച്ച പണം നഷ്ടമാവുകയും ചെയ്തു.
അണ്ണാമലൈയുടെ വരവ്
തമിഴ്നാട്ടിൽ പ്രതിപക്ഷനേതാവ് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയാണെങ്കിലും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഏറ്റവുമധികം തലവേദനസൃഷ്ടിക്കുന്നത് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയാണ്. കരൂർ സ്വദേശിയായ അണ്ണാമലൈ 2021-ലാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റാവുന്നത്. സിവിൽ സർവീസ് പാസായി സൗത്ത് ബെംഗളൂരുവിൽ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ആയിരിക്കേയാണ് രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്നത്. ബി.ജെ.പി.ക്ക് നല്ല വോട്ടുബാങ്കുള്ള സ്ഥലമായതിനാൽ അണ്ണാമലൈയെ വിജയിപ്പിക്കാനാവുമെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. 1998-ലും 99-ലും ബി.ജെ.പി. നേതാവ് സി.പി. രാധാകൃഷ്ണൻ കോയമ്പത്തൂരിൽ എം.പി.യായിരുന്നു. 1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനത്തിനുശേഷമുള്ള തിരഞ്ഞെടുപ്പിലാണ് വിജയിച്ചതെങ്കിലും അന്നുമുതൽ ബി.ജെ.പി.ക്ക് സ്വാധീനമുള്ള മേഖലയാണിത്. 2014-ൽ തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയപ്പാർട്ടികൾ സഖ്യമില്ലാതെ തനിച്ചുനിന്ന് മത്സരിച്ചപ്പോൾ സി.പി. രാധാകൃഷ്ണൻ 3.89 ലക്ഷം വോട്ടുനേടി അണ്ണാ ഡി.എം.കെ.ക്കുപുറകിൽ രണ്ടാംസ്ഥാനം നേടിയെന്നതും അവരുടെ പ്രതീക്ഷ വളർത്തുന്നു.
ജയയുടെ വിശ്വസ്തൻ
ഡി.എം.കെ. മുന്നണിയുടെ സ്ഥാനാർഥിപ്രഖ്യാപനം ഇത്തവണ എല്ലാവരെയും ഞെട്ടിച്ചു. പാർട്ടി നേതാക്കളിൽ പലരും ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കോയമ്പത്തൂരിന്റെ മുൻ മേയറും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന ഗണപതി പി. രാജ്കുമാറിനെയാണ് എം.കെ. സ്റ്റാലിൻ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. ജയലളിതയുടെ രാഷ്ട്രീയ-ചലച്ചിത്ര ജീവിതത്തെക്കുറിച്ച് ഗവേഷണം നടത്തി പിഎച്ച്.ഡി. നേടിയ പി. രാജ്കുമാർ അണ്ണാ ഡി.എം.കെ.യുടെ ജില്ലാ സെക്രട്ടറിയായിരുന്നു. ജയലളിതയുടെ മരണശേഷം പാർട്ടിയിൽനിന്ന് അവഗണനനേരിട്ടതോടെ 2020-ൽ ഡി.എം.കെ.യിൽ ചേർന്നു. രണ്ടായിപ്പിരിഞ്ഞ അണ്ണാ ഡി.എം.കെ.യിൽ ഒരുവിഭാഗത്തിന്റെ വോട്ടുകൂടി ലക്ഷ്യമിട്ടാണ് രാജ്കുമാറിനെ സ്ഥാനാർഥിയാക്കിയിട്ടുള്ളത്. ഡി.എം.കെ.യും കോൺഗ്രസും ഇടതുപാർട്ടികളും വൈകോയുടെ പാർട്ടിയും മുസ്ലിം ലീഗും ഉൾപ്പെടുന്ന ശക്തമായ മുന്നണിസംവിധാനത്തിന്റെ സ്ഥാനാർഥിയെന്ന മുൻതൂക്കം അഭിഭാഷകൻകൂടിയായ രാജ്കുമാറിനുണ്ട്.
അണ്ണാ ഡി.എം.കെ.യുടെ ഐ.ടി. വിഭാഗം പ്രസിഡന്റ് സിങ്കൈ രാമചന്ദ്രനാണ് പാർട്ടി സ്ഥാനാർഥി. 2016-ൽ ജയലളിത മുഖ്യമന്ത്രിയായ തിരഞ്ഞെടുപ്പിന്റെ ഐ.ടി. വിഭാഗം പ്രചാരണച്ചുമതലയും രാമചന്ദ്രനായിരുന്നു.
അണ്ണാമലൈ Vs സെന്തിൽ ബാലാജി
അഴിമതിക്കേസിൽ ജയിൽശിക്ഷയനുഭവിക്കുന്ന മുൻ മന്ത്രി സെന്തിൽ ബാലാജിക്കും കോയമ്പത്തൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ റോളുണ്ട്. ഡി.എം.കെ. മുന്നണിസ്ഥാനാർഥി പി. രാജ്കുമാറിനെ സ്ഥാനാർഥിയാക്കിയത് സെന്തിൽ ബാലാജികൂടി ഇടപെട്ടാണെന്ന് പറയുന്നു. കരൂർ അരവക്കുറിച്ചി മണ്ഡലത്തിലെ എം.എൽ.എ.യായിരുന്ന സെന്തിൽ ബാലാജി 2021-ൽ കരൂർ സീറ്റിലേക്ക് മാറി. തുടർന്ന് അരവക്കുറിച്ചിയിൽ മത്സരിക്കാനെത്തിയ അണ്ണാമലൈയെ തോൽപ്പിക്കാൻ മുന്നിൽനിന്നതും സെന്തിൽ ബാലാജിയായിരുന്നു. മന്ത്രിയായശേഷം കോയമ്പത്തൂർ ജില്ലയുടെ ചുമതലയേറ്റെടുത്ത സെന്തിൽ ബാലാജിയുടെ കരുത്തിലാണ് തദ്ദേശതിരഞ്ഞെടുപ്പിൽ ഡി.എം.കെ. മുന്നണി കോയമ്പത്തൂർ കോർപ്പറേഷൻ തൂത്തുവാരിയത്. അന്ന് അണ്ണാമലൈയും സെന്തിൽ ബാലാജിയും തമ്മിൽ പ്രചാരണത്തിനിടെ പലതവണ വാക്കുകൾകൊണ്ട് ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സെന്തിൽ ബാലാജിയുടെ അഴിമതിക്കേസുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉയർത്തിക്കൊണ്ടുവന്നത്. തുടർന്ന് സെന്തിൽ ബാലാജിയുടെ വീട്ടിൽ തുടർറെയ്ഡുകൾ നടത്തി ഒടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ടുതന്നെ കോയമ്പത്തൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിന് ഇത്തവണ വീറും വാശിയും കൂടും.
Content Highlights: lok sabha election 2024
Published: 03 Apr 2024, 06:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented