കാർഷിക വിപ്ലവത്തിന് നിലമൊരുക്കിയ ഹരിയാണയിൽ  കർഷകസമരത്തിന്റെ വിളകൾ കിളിർത്തുവളരുന്നു, രാജ്യത്തെ കരയിച്ച് ഒഴുകിയ ഗുസ്തിതാരങ്ങളുടെ കണ്ണീരടയാളങ്ങൾ ഉണങ്ങാതെ നിൽക്കുന്നു. 2019-ൽ പത്തിൽ പത്തും സ്വന്തമാക്കി നേടിയ അനായാസവിജയം സ്വന്തമാക്കാൻ ഇക്കുറി ഇവിടെ ബി.ജെ.പി.ക്കു കഴിയുമോ എന്ന സംശയമുയരുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇത്തവണയും ഹരിയാണയിൽ പോര് കടുക്കുമെന്ന് ഉറപ്പാണ്.  ഭരണകക്ഷിയായ ബി.ജെ.പി.യാണ് ഗോദയുടെ ഒരു വശത്ത്. മറുവശത്ത് കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഐ.എൻ.എൽ.ഡി. എന്നീ പ്രതിപക്ഷ കക്ഷികൾക്കൊപ്പം ബി.ജെ.പി.യുമായി വേർപിരിഞ്ഞ ജനനായക് ജനതാ പാർട്ടി അഥവാ ജെ.ജെ.പി.യും പരസ്പരം കൈകോർക്കാതെ അണിനിരക്കുന്നു. 

To advertise here,

കൈകോർത്ത്  ആപ്പും കോൺഗ്രസും

ഹരിയാണയിൽ കോൺഗ്രസിനൊപ്പം മത്സരിക്കാനിരുന്ന എ.എ.പി.ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റ്. കെജ്‌രിവാളിന്റെ അറസ്റ്റിനെത്തുടർന്ന് മുഖ്യമന്ത്രി നയാബ് സൈനിയുടെ വീടിനു മുമ്പിൽ എ.എ.പി.യുടെ ഹരിയാണ യൂണിറ്റ് പ്രതിഷേധിച്ചു. പ്രതിഷേധത്തിൽ ഹരിയാണയിലെ എ.എ.പി.യുടെ ലോക്‌സഭാ സ്ഥാനാർഥിയും സംസ്ഥാനാധ്യക്ഷനുമായ ഡോ. സുശീൽ ഗുപ്ത, ഉപാധ്യക്ഷൻ അനുരാഗ് ദണ്ഡ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. എന്നാൽ, ഏറ്റുമുട്ടലിൽ പരിക്കേറ്റത് പാർട്ടിയുടെ നേതാക്കൾക്കു മാത്രമല്ല തിരഞ്ഞെടുപ്പു മോഹങ്ങൾക്കു കൂടിയാണ്.

പത്ത് ലോക്‌സഭാ മണ്ഡലങ്ങളിൽ കുരുക്ഷേത്രയിൽ ഒരു സീറ്റിൽ മാത്രമാണ് എ.എ.പി. സ്ഥാനാർഥിയെ മത്സരിപ്പിക്കുക. ബാക്കി ഒൻപത് സീറ്റുകളിലേക്കും കോൺഗ്രസിന് സ്ഥാനാർഥികളുണ്ട്. ജെ.ജെ.പി.യും ഐ.എൻ.എൽ.ഡി.യും വോട്ട് ഭിന്നിപ്പിക്കാൻവേണ്ടി മാത്രമാണ് സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നതെന്നാണ് ഹരിയാണയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡ പറയുന്നത്. കെജരിവാളിന്റെ അറസ്റ്റ് ഹരിയാണയിലെ വോട്ടർമാരെ സ്വാധീനിച്ചില്ലെങ്കിൽ സഖ്യം കോൺഗ്രസിന് ഗുണം ചെയ്തേക്കാം മറിച്ചാണെങ്കിൽ ദോഷവും.

ജാതിയും ഉപജാതിയും

ഭരണവിരുദ്ധ വികാരവും ജാട്ട് സമുദായത്തിന്റെ അപ്രീതിയും മറികടക്കാൻ ഹരിയാണയിൽ സാധ്യമായ എല്ലാ സാമുദായിക സമവാക്യങ്ങളും മാറിമാറി പരീക്ഷിക്കുകയാണ് ബി.ജെ.പി. പുതിയ മുഖ്യമന്ത്രിയായി സംസ്ഥാന ബി.ജെ.പി. അധ്യക്ഷനും കുരുക്ഷേത്ര എം.പി.യുമായ നയാബ് സിങ് സൈനിയെ തിരഞ്ഞെടുത്തതുതന്നെ പുതിയ ജാതിച്ചേരുവ പരീക്ഷിക്കാനാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഹരിയാണയിൽ ജാട്ട് ഇതര വോട്ടുകൾ ഒന്നിപ്പിച്ച് വിജയത്തിലെത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ഹരിയാണ ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന ഒ.ബി.സി. വിഭാഗക്കാരനാണ് നയാബ് സിങ് സൈനി. ഇതിൽ സൈനി വിഭാഗക്കാർമാത്രം സംസ്ഥാനത്തെ ജനസംഖ്യയുടെ എട്ട് ശതമാനം വരും.

ഹരിയാണയിലെ ജാതി അധിഷ്ഠിത രാഷ്ട്രീയത്തിന്റെ  മുൻനിരപ്പോരാളിയായി സൈനിയെ നിയോഗിച്ചതിലൂടെ മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ സർക്കാരിനെതിരേ ഉയർന്ന ഭരണവിരുദ്ധവികാരം നേരിടുകയെന്നതും ബി.ജെ.പി.യുടെ ലക്ഷ്യമാണ്. സ്വതന്ത്ര സ്ഥാനാർഥികളുടെ പിന്തുണയോടെ രൂപവത്‌കരിച്ച ഹരിയാണയിലെ ബി.ജെ.പി. സർക്കാർ 2019 മുതലുള്ള ജെ.ജെ.പി. സഖ്യം അവസാനിപ്പിച്ചത് ജാട്ട് ഇതര വോട്ടുകളുടെ ഏകീകരണത്തിന് ബി.ജെ.പി. ആഗ്രഹിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്.

അതേസമയം, ഉത്തരേന്ത്യയിലെ പ്രബലനായ ജാട്ട് നേതാവും ആർ.എൽ.ഡി. ദേശീയ അധ്യക്ഷനുമായ ജയന്ത് ചൗധരിയുമായുള്ള സഖ്യം പശ്ചിമ ഉത്തർപ്രദേശിനോട് അതിർത്തി പങ്കിടുന്ന ഹരിയാണയിലെ ചില മണ്ഡലങ്ങളിൽ ഗുണംചെയ്യുമെന്ന കണക്കുകൂട്ടലും ബി.ജെ.പി.ക്കുണ്ട്. ഇതിനുപുറമേ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചില ജെ.ജെ.പി.നേതാക്കൾ ബി.ജെ.പി.യിലേക്ക് കൂറുമാറാനുള്ള സാധ്യതയുമുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പത്ത് സീറ്റിലും ബി.ജെ.പി. വിജയിച്ചെങ്കിലും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.ജെ.പി.യുടെ പിന്തുണയോടെയാണ് ഹരിയാണയിൽ ബി.ജെ.പി. അധികാരം നിലനിർത്തിയത്. ജെ.ജെ.പി.യുമായി സഖ്യത്തിൽ തുടർന്നാൽ 2019-ലെ തിരഞ്ഞെടുപ്പ് പ്രകടനം ആവർത്തിക്കാൻ കഴിയില്ലെന്ന് തോന്നിയതുകൊണ്ടാണ് നാലര വർഷത്തെ ബന്ധം പൊടുന്നനെ അവസാനിപ്പിക്കുന്നതിനും പുതിയ മുഖ്യമന്ത്രിയെ കൊണ്ടുവരുന്നതിനും ബി.ജെ.പി. തീരുമാനിച്ചത്. കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി.യുമായുള്ള ബന്ധം വേർപെടുത്തൽ ജെ.ജെ.പി.ക്കും അനിവാര്യമായിരുന്നു. ഒന്നാം കർഷക സമരം ബി.ജെ.പി.ക്കും ജെ.ജെ.പി.ക്കും ഹരിയാണയുടെ ഉൾഗ്രാമങ്ങളിൽ കനത്ത കടമ്പയായിരുന്നു. രണ്ടാംസമരം അത്ര കടുക്കാതിരുന്നതിൽ ഇരുപാർട്ടികളും ആശ്വസിക്കുന്നുണ്ട്.

 ജാട്ടുകളുടെ തട്ടകം

ഹരിയാണയിലെ ജാതികേന്ദ്രിത രാഷ്ട്രീയത്തിൽ, ജനസംഖ്യയുടെ 25 ശതമാനം വരുന്ന ജാട്ടുകൾ പരമ്പരാഗതമായി  സംസ്ഥാനരാഷ്ട്രീയത്തിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. മോദിക്കാലത്തിനുമുൻപ്‌ ഹരിയാണയിൽ ഉന്നത ജാതിക്കാരും നഗര കേന്ദ്രിത വോട്ടർമാരുമായിരുന്നു ബി.ജെ.പി.ക്ക് വോട്ടുചെയ്തിരുന്നത്. എന്നാൽ, മോദി എത്തിയതോടെ ബി.ജെ.പി.  നടപ്പാക്കിയ ജാട്ട് ഇതര സാമൂഹിക എൻജിനിയറിങ് സംസ്ഥാനത്തെ ജാതി സമവാക്യങ്ങൾ കുറെയേറെ മാറ്റിമറിച്ചിട്ടുണ്ട്. 2014 മുതൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബ്രാഹ്‌മണർ, പഞ്ചാബി, ബനിയ സമുദായങ്ങളുടെ പിന്തുണയ്ക്കുപുറമേ ഒ.ബി.സി., ദളിത് വോട്ടുകളും ബി.ജെ.പി.ക്ക് ലഭിക്കുന്നുണ്ട്.

ഹരിയാണയിലെ കോൺഗ്രസിന്റെ വോട്ടുവിഹിതത്തിൽ ക്രമേണ വർധനയുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 23 ശതമാനമായിരുന്ന കോൺഗ്രസിന്റെ വോട്ടുവിഹിതം 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 28.1 ശതമാനമായി ഉയർന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ വോട്ടുവിഹിതം 2014-ലെ 20.7 ശതമാനത്തിൽനിന്ന്‌ 2019-ൽ 28.5 ശതമാനമായി ഉയർന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജെ.ജെ.പി. ബി.ജെ.പി.യുമായുള്ള സഖ്യം അവസാനിപ്പിച്ചതും ഹിസാറിൽനിന്നുള്ള മുൻ ബി.ജെ.പി. ലോക്‌സഭാഗം ബ്രിജേന്ദ്ര സിങ് കോൺഗ്രസിൽ ചേർന്നതും കോൺഗ്രസിന് വീണ്ടും നേട്ടമാകുമെന്നാണ് പ്രതീക്ഷ. ഹരിയാണ മുഖ്യമന്ത്രിയായി നയാബ് സിങ്‌ സൈനിയെ നിയമിച്ചതിന് തൊട്ടുപിന്നാലെ മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ ലോക്‌സഭാ സ്ഥാനാർഥിയായി ബി.ജെ.പി. പ്രഖ്യാപിച്ചിരുന്നു. കർണാൽ ലോക്‌സഭാ സീറ്റിലാണ് ഖട്ടർ മത്സരിക്കുക.