കോട്ടയം: കോട്ടയം പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പിലെ  ഏക സ്ത്രീസ്ഥാനാർഥിയായി ചരിത്രം രേഖപ്പെടുത്തുന്ന പ്രൊഫ. ബി. ജയലക്ഷ്മി രാഷ്ട്രീയം പൂർണമായി ഉപേക്ഷിച്ചിട്ട് മാർച്ചിൽ 23 വർഷം. ഭർത്താവ് ഡോ. ജോൺ മത്തായിയുടെ ചില ആരോഗ്യപ്രശ്നങ്ങൾ കാരണമായിരുന്നു ആ തീരുമാനം. ഇപ്പോൾ കുടുംബത്തിനൊപ്പം എഴുത്തും വായനയുമായി എറണാകുളത്തും ശാസ്താംകോട്ടയിലുമായി  ജീവിതം.

To advertise here,

ചെറിയ പ്രായത്തിൽ ദേശീയരാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന  ജയലക്ഷ്മിയെ 1996-ൽ കോട്ടയത്ത് ജനതാദൾ സ്ഥാനാർഥിയായി പാർലമെന്റ് സീറ്റിൽ നിശ്ചയിച്ചപ്പോൾ ആദ്യം മടിച്ചു. ഇന്ത്യയിലെങ്ങും പലരുടെയും രാഷ്ട്രീയപ്രചാരണത്തിനായി മുൻനിരയിൽ നിന്നിരുന്നെങ്കിലും മത്സരാർഥിയാകുന്നതിൽ അത്ര താത്‌പര്യം തോന്നിയില്ല. പക്ഷേ, നോ പറഞ്ഞില്ല. അങ്ങനെ കോട്ടയംകണ്ട ഏറ്റവും വലിയ  പോരാട്ടങ്ങളിലൊന്നിൽ ജയലക്ഷ്മി ഭാഗമായി.

കോട്ടയത്ത്  ഹാട്രിക് വിജയം സ്വപ്നംകണ്ട കോൺഗ്രസ് സ്ഥാനാർഥി രമേശ് ചെന്നിത്തലയായിരുന്നു മുഖ്യ എതിരാളി. മറ്റൊരാൾ ബി.ജെ.പി. പിന്തുണയോടെയുള്ള സ്വതന്ത്ര സ്ഥാനാർഥി എ.കെ. ആചാരി.  കൊല്ലം ശാസ്താംകോട്ട ഡി.ബി. കോളേജിലെ അധ്യാപകജോലിയിൽനിന്ന്‌ വൊളന്ററി റിട്ടയർമെന്റ് വാങ്ങിയാണ് അങ്കത്തിനിറങ്ങിയത്. രാഷ്ട്രീയം  പഠിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസമായിരുന്നു.
‘‘വൈക്കം വിശ്വനായിരുന്നു തിരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻ. ചിട്ടയായ പ്രവർത്തനങ്ങൾ നടത്തി മുന്നോട്ടുപോയി. ജയം അത്ര എളുപ്പമല്ലെങ്കിലും അസാധ്യമെന്ന് തോന്നിയില്ല. ഒപ്പത്തിനൊപ്പം നിന്നു. വളരെ രസകരമായിരുന്നു പ്രചാരണം. ഒരിക്കൽ  ജീപ്പ് കടന്നുപോയ വഴികളിലെ ചാമ്പയിൽനിന്ന് ചാമ്പങ്ങ പൊട്ടിച്ച് തിന്നു. അപ്പോൾ വൈക്കം വിശ്വൻ എന്നെ രൂക്ഷമായി നോക്കി, ‘സ്ഥാനാർഥിയാണെന്ന് മറക്കരുത്‌’ എന്നുപറയുംപോലാരു  നോട്ടം.

രാഷ്ട്രീയം നന്നായി പഠിച്ചതുകൊണ്ട്  അവസാനനാളിൽ  രാഷ്ട്രീയക്കളികൾ മുറുകിയെന്നതറിഞ്ഞു. ഇനിയെന്തും സംഭവിക്കാമെന്നായി. സോണിയാഗാന്ധി എത്തി ബിഷപ്പുമാെര കാണുന്നു. ഒരു സുപ്രഭാതത്തിൽ  സ്ഥാനാർഥികളിെലാരാളായ എ.കെ. ആചാരിയെ പ്രചാരണരംഗത്തുനിന്ന് കാണാതാകുന്നു”.

‘‘മത്സരത്തിൽ തോറ്റെങ്കിലും കിട്ടിയത് ഊർജമാണ്. തോൽവിക്കുശേഷവും സുപ്രധാനപദവികളിൽ എത്തി. സംസ്ഥാന വനിതാവികസന കോർപ്പറേഷൻ ചെയർമാനടക്കം ഒരുപിടി സ്ഥാനങ്ങൾ. തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ േവാട്ടുകിട്ടിയ വൈക്കം മണ്ഡലത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. അവിടെ മന്ത്രിയുടെ സഹായത്തോടെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് നിർമിക്കാൻ ഒപ്പമുണ്ടായി.

കോൺഗ്രസിന് ബദലായി ജനതാപാർട്ടി ‘വിശാലസഖ്യം’ രൂപവത്കരിക്കുന്ന നാൾ മുതൽ ജയലക്ഷ്മി രാഷ്ട്രീയത്തിൽ മുൻനിരയിലുണ്ട്. ദേശീയ നേതാക്കളായ  ശരത്‌ യാദവ്, ലാലുപ്രസാദ് യാദവ്, മമതാ ബാനർജി, മായാവതി, എൻ.ടി. രാമറാവു, കരുണാനിധി, വി.പി.സിങ്, എസ്.ആർ. ബൊമ്മെ, രാമകൃഷ്ണ ഹെഗ്ഡെ എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അന്ന് അവരിൽ പലർക്കും  ജയലക്ഷ്മിയുടെ ഇംഗ്ളീഷ് പരിഭാഷ ആവശ്യമായിരുന്നു. ആ മികവ് തിരിച്ചറിഞ്ഞ ലാലുപ്രസാദ് യാദവ്   ഓമനപ്പേരിട്ടു: ‘ജയലക്ഷ്മി പണ്ഡിറ്റ്.’   ഇപ്പോൾ ഏറ്റവും പുതിയ പുസ്തകം പ്രകാശനംെചയ്യാനുള്ള തിരക്കിലാണ്. മക്കൾ: ഡോ. സ്നേഹാ ജോണ്‍(ഓസ്ട്രേലിയ), ബ്രജേഷ് (എൻജിനിയർ, ന്യൂസീലൻഡ്).