
രണ്ടായിരാമാണ്ടിലല്ല, 1991 മുതൽക്കുതന്നെ ഇന്ത്യ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചിരുന്നുവെന്ന് പല സാമൂഹികശാസ്ത്രജ്ഞരും നിരീക്ഷിച്ചിട്ടുള്ളത്, അക്കൊല്ലമാണ് രാജ്യം സാമ്പത്തികപരിഷ്‌കരണ നടപടികളിലേക്ക് പ്രവേശിച്ചത് എന്നതുകൊണ്ടാണ്. നവ ഉദാരവത്കരണ സാമ്പത്തികയുഗത്തിലേക്ക് ഇന്ത്യ പ്രവേശിച്ചത് പി.വി. നരസിംഹറാവു സർക്കാർ 91-ൽ അധികാരമേറിയശേഷമാണ്.
റാവു സർക്കാരിൽ ധനകാര്യവകുപ്പ് മന്ത്രിയായ ഡോ. മൻമോഹൻ സിങ് വിമർശനങ്ങളും തലോടലുകളും ഒരുപോലെ ഏറ്റുവാങ്ങിയ നവ ഉദാരവത്കരണ നയങ്ങളുടെ പതാകാവാഹകനായി. ഒരു ദശാബ്ദക്കാലം പിന്നിട്ടശേഷം ഡോ. മൻമോഹൻ സിങ് ഇന്ത്യയുടെ അപ്രതീക്ഷിത പ്രധാനമന്ത്രിയായും രംഗപ്രവേശംചെയ്തത് അധികം അകലെയല്ലാത്ത ചരിത്രം.
കോൺഗ്രസിൽ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കുംശേഷം പത്തുവർഷക്കാലം തുടർച്ചയായി ഭരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് മാത്രം. സിഖുകാരനായ ഒരേയൊരു പ്രധാനമന്ത്രിയും മൻമോഹൻ സിങ് തന്നെ.
രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗത്വ കാലാവധി അവസാനിച്ചതോടെ കഴിഞ്ഞദിവസം 91 വയസ്സുള്ള ഡോ. സിങ് പാർലമെന്റിന്റെ പടിയിറങ്ങി, ഒപ്പം 33 വർഷം നീണ്ടുനിന്ന സജീവരാഷ്ട്രീയത്തിന്റെയും. രാജസ്ഥാനിൽ അദ്ദേഹം ഒഴിയുന്ന രാജ്യസഭാസീറ്റിലേക്ക് ഇതാദ്യമായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാഗാന്ധി എത്തി.
പത്തുവർഷക്കാലത്തെ പ്രധാനമന്ത്രിപദം ഡോ. സിങ്ങിനെ സംബന്ധിച്ച് പൂമെത്തയായിരുന്നെന്നു പറയാനാവില്ല. വിമർശനങ്ങളും പഴികളും ഏറെ കേൾക്കേണ്ടിവന്ന പത്തുവർഷക്കാലമായിരുന്നു 2004 മുതൽ 2014 വരെയുള്ള അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദം. പക്ഷേ, ഒട്ടേറെ ഘടനാപരമായ പരിഷ്‌കാരങ്ങളിലൂടെയും വിവരാവകാശനിയമവും ഗ്രാമീണ തൊഴിലുറപ്പും പോലുള്ള ജനകീയമായ നിയമനിർമാണങ്ങളിലൂടെയും ചരിത്രം ഈ കാലത്തെ എക്കാലവും ഓർമിക്കുമെന്നുറപ്പാണ്. ദാരിദ്ര്യംനിറഞ്ഞ ബാല്യംകടന്ന് കഠിനാധ്വാനത്തിലൂടെ ഏഷ്യയിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ പ്രധാനമന്ത്രിപദംവരെയെത്തിയ ഡോ. മൻമോഹൻ സിങ്ങിന്റെ ജീവിതം മൂല്യാധിഷ്ഠിതരാഷ്ട്രീയത്തിന്റെ പരിച്ഛേദമായിരുന്നു.
മാധ്യമവിമർശനം ധാരാളം കേൾക്കേണ്ടിവന്ന പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിങ്. അതുകൊണ്ടുകൂടിയായിരിക്കാം, 2014-ൽ പ്രധാനമന്ത്രിപദമൊഴിയുമ്പോൾ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്: ‘‘മാധ്യമങ്ങളേക്കാൾ ചരിത്രം എന്നോട് അനുകമ്പയുള്ളതായിരിക്കും.’’
തിരഞ്ഞെടുപ്പിലൂടെ വിജയിച്ച് ലോക്‌സഭാംഗമാകാത്ത പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിങ്. അദ്ദേഹത്തിന്റെ പാർലമെന്ററി ജീവിതം മുഴുവനും രാജ്യസഭാംഗമെന്നനിലയിലായിരുന്നു. എന്നാൽ, ലോക്‌സഭയിലേക്ക് അദ്ദേഹം മത്സരിക്കാതിരുന്നിട്ടില്ല. 1999-ൽ സൗത്ത് ഡൽഹി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസിനകത്തുനിന്നുതന്നെയുള്ള കാലുവാരൽ അദ്ദേഹത്തിന് വിനയായെന്ന് സംസാരമുയർന്നിരുന്നു.
2004-ലെ ‘ആകസ്മിക പ്രധാനമന്ത്രി’
2004-ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. അധികാരത്തിലെത്തിയപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് സോണിയാഗാന്ധി പ്രധാനമന്ത്രിയാകുമെന്നാണ്. കാരണം കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവായും യു.പി.എ. അധ്യക്ഷയായും തിരഞ്ഞെടുക്കപ്പെട്ടത് അവരായിരുന്നു. എന്നാൽ, പ്രധാനമന്ത്രിയാകാൻ സോണിയ വിസമ്മതിച്ചു. അവർ തിരഞ്ഞെടുത്തതാണ് ഡോ. മൻമോഹൻ സിങ്ങിനെ. പ്രണബ് മുഖർജിയെപ്പോലുള്ള മുൻനിരനേതാക്കളെക്കാൾ വിശ്വസ്തനായി സോണിയ കണ്ടത് സിങ്ങിനെയായിരുന്നു. ഭരണപരമായ കാര്യങ്ങളിൽ മൻമോഹൻ സിങ്ങും രാഷ്ട്രീയകാര്യങ്ങളിൽ അന്തിമതീരുമാനം സോണിയയുടേതുമെന്ന നിലയിലായിരുന്നു തുടക്കത്തിൽ അധികാരം പങ്കിട്ടിരുന്നത്. എന്നാൽ, പിന്നീട് സുപ്രധാന നയതീരുമാനങ്ങളെല്ലാം യു.പി.എ. അധ്യക്ഷയായിരുന്ന സോണിയ വഴിയായത്, റബ്ബർ സ്റ്റാമ്പ് എന്ന് പഴി സിങ്ങിന് കേൾക്കാനിടയാക്കി. സ്വന്തം മന്ത്രിസഭയിലെ സഹപ്രവർത്തകർപോലും സോണിയയുടെ നിലപാടിനായി കാതോർത്തുനിന്നപ്പോൾ നിസ്സഹായനായി നോക്കിനിൽക്കാനേ സിങ്ങിന് കഴിഞ്ഞിരുന്നുള്ളൂ.
രണ്ടാം യു.പി.എ. കാലത്ത് പലപ്പോഴും രാജിഭീഷണി മുഴക്കിയെങ്കിലും അതിന് മുതിരാത്തതിനാൽ പത്തുവർഷക്കാലം പ്രധാനമന്ത്രിപദം പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കാബിനറ്റിലെ മുതിർന്ന അംഗമായിരുന്ന പ്രണബ് മുഖർജിയാണ് അക്കാലം മന്ത്രിമാരുടെ മിക്ക ഉന്നതതലസമിതിയെയും നയിച്ചിരുന്നത്. പാർട്ടിയിൽ തന്നേക്കാൾ സീനിയറായ പ്രണബിനെ, പ്രധാനമന്ത്രിയാകുന്നതിനുമുമ്പുതന്നെ മൻമോഹൻ ‘സർ’ എന്നാണ് വിളിച്ചിരുന്നത്. പ്രധാനമന്ത്രിയായശേഷവും ആ വിളി അദ്ദേഹം തുടർന്നപ്പോൾ പ്രണബ് തന്നെ ഇടപെട്ട് തിരുത്തിച്ചുവെന്നതും പിന്നാമ്പുറക്കഥ.
രണ്ടുവർഷം തടവിനു ശിക്ഷിക്കപ്പെടുന്ന ഏത് എം.പി.യും ഉടൻ അയോഗ്യനാക്കപ്പെടുമെന്ന സുപ്രധാനമായ സുപ്രീംകോടതിയുടെ വിധി മറികടക്കാൻ മൻമോഹൻ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ്, പാർട്ടി എം.പി.കൂടിയായ രാഹുൽഗാന്ധി 2013-ൽ പരസ്യമായി കീറിയെറിഞ്ഞ സംഭവം പ്രധാനമന്ത്രി സിങ്ങിനെ വേദനിപ്പിച്ച സംഭവമായിരുന്നു. പ്രധാനമന്ത്രി എന്നനിലയിൽ ഏറ്റവും ദുർബലൻ എന്നുതോന്നിച്ച സംഭവമായിരുന്നു അത്. എന്നാൽ, പിന്നീട് രാഹുൽഗാന്ധി മൻമോഹൻ സിങ്ങിനോട് ഖേദം പ്രകടിപ്പിച്ചുവെന്നത് പുറത്തറിയപ്പെടാത്ത കഥകളിലൊന്നാണ്.
ആണവക്കരാറും ഇടതുപിന്മാറ്റവും
അമേരിക്കയുമായുണ്ടാക്കിയ ആണവക്കരാറിനെ ചൊല്ലിയാണല്ലോ ഒന്നാം യു.പി.എ. സർക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിക്കുന്നത്. ആ സമയത്തെ പ്രതിസന്ധിയെ മറികടക്കാൻ സമാജ്‌വാദി പാർട്ടിയുടെ പിന്തുണ ഉടൻതന്നെ ഉറപ്പാക്കിയ മൻമോഹൻ സിങ് അതിലൂടെ തന്റെ രാഷ്ട്രീയബുദ്ധിവൈഭവവും പ്രകടമാക്കി. പാർട്ടിക്കകത്ത് തനിക്കുമേൽ നിയന്ത്രണം അടിച്ചേല്പിക്കാൻശ്രമിച്ച മറ്റുനേതാക്കളോട് കീഴടങ്ങാൻ മൻമോഹൻ തയ്യാറായിട്ടില്ല. പലതവണ അദ്ദേഹം പ്രധാനമന്ത്രിപദം രാജിവെക്കുമെന്ന ഭീഷണിമുഴക്കിയെങ്കിലും പരസ്യമായി അദ്ദേഹം തികഞ്ഞ അച്ചടക്കം പാലിച്ച പാർട്ടി പ്രവർത്തകൻ മാത്രമായിരുന്നു.
ഇല്ലായ്മകളിൽനിന്ന് തുടക്കം
ഇപ്പോഴത്തെ പാകിസ്താന്റെ ഭാഗമായ പടിഞ്ഞാറൻ പഞ്ചാബിലെ ഗാ എന്ന പിന്നാക്കഗ്രാമത്തിൽ ജനിച്ച ഡോ. മൻമോഹൻ സിങ് ദാരിദ്ര്യത്തോട് പടവെട്ടിയാണ് രാജ്യത്തിന്റെ അത്യുന്നതപദവിവരെയെത്തിയ തന്റെ ജീവിതം കരുപ്പിടിപ്പിച്ചത്. ഗ്രാമത്തിൽ സ്‌കൂളില്ലായിരുന്നു. ആശുപത്രികളോ വൈദ്യുതിയോ ഇല്ലാത്ത കാലം. മൈലുകളോളം നടന്നാണ് അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസം നേടിയത്. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലിരുന്നായിരുന്നു രാത്രികാലങ്ങളിലെ പഠനം. പാവപ്പെട്ട കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് ആനുകൂല്യങ്ങളുടെ സഹായത്തോടെ പഠനം പൂർത്തിയാക്കിയ ഡോ. സിങ് റിസർവ് ബാങ്ക് ഗവർണറും രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും യു.ജി.സി. ചെയർമാനും അടക്കമുള്ള പദവികളിലേക്ക് പിൽക്കാലത്തെത്തി. 1991-ൽ അധികാരമേറിയ പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിലേക്ക് ധനമന്ത്രിയായി ഡോ. മൻമോഹൻ സിങ് എത്തി. റാവുവിന്റെ തിരഞ്ഞെടുപ്പായിരുന്നു സിങ്. രാജ്യം സാമ്പത്തികമായി അസ്ഥിരപ്പെട്ടുനിൽക്കുന്ന ഘട്ടംകൂടിയായിരുന്നു. ലൈസൻസ് രാജ് സമ്പ്രദായം എടുത്തുകളഞ്ഞുള്ള ഘടനാപരമായ സാമ്പത്തിക പരിഷ്‌കാരങ്ങളിലേക്ക് രാജ്യം കടന്നത് നരസിംഹറാവുവിന്റെ ധീരമായ ചുവടുവെപ്പായിരുന്നു. ഈ പരിഷ്‌കാരങ്ങൾക്ക് ചുക്കാൻപിടിച്ചതാകട്ടെ ഡോ. മൻമോഹൻ സിങ്ങും.
Content Highlights: lok sabha election 2024
Published: 05 Apr 2024, 08:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented