സി.പി.എമ്മിനെ സംബന്ധിച്ച് കണ്ണിലെ കരടാണ് എന്‍.കെ. പ്രേമചന്ദ്രന്‍. തങ്ങളുടെ ശക്തികേന്ദ്രമായ കൊല്ലത്ത് അദ്ദേഹത്തോളം ജനപിന്തുണയുള്ള നേതാവില്ലെന്നതാണ് സി.പി.എമ്മിനെ കുഴക്കുന്നത്. സിറ്റിങ് എം.എല്‍.എയും നടനുമായ എം. മുകേഷിനെ മത്സരത്തിനിറക്കി കോട്ട തിരിച്ചുപിടിക്കാനാകുമോ എന്നാണ് സി.പി.എം. നോക്കുന്നത്. ഇത് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പു വാര്‍ത്തകളുടെ വിശദവായനയ്ക്ക് മാതൃഭൂമി ഇലക്ഷന്‍ സ്‌പെഷല്‍ ഇ പേപ്പര്‍ സന്ദര്‍ശിക്കുക.

To advertise here,

കൊല്ലം പാർലമെന്റ് മണ്ഡലം സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഒരു അഴിയാക്കുരുക്കാണ്. പാർട്ടിക്ക്  ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ട്  പ്രേമചന്ദ്രൻ എന്ന വൻമരത്തെ വീഴ്ത്താൻസാധിക്കാത്തത് ഒരു വലിയ സമസ്യയായി  പാർട്ടിക്കുമുന്നിൽ  തുടരുകയാണ്. എം.എ. ബേബിയെയും കെ. എൻ. ബോലഗോപാലിനെയും പോലുള്ള പ്രമുഖരെ നിർത്തി തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിട്ടിട്ടും  ഫലംകാണത്തതുകൊണ്ടാണ് ഇത്തവണ നടൻ മുകേഷിന്റെ ജനപ്രിയത പരീക്ഷിക്കുന്നത്. സി.പി.എമ്മിനെ വെല്ലുവിളിച്ച് മുന്നണിവിട്ട ആർ.എസ്.പി.യോട് അതും പ്രേമചന്ദ്രനോട്  ലോക്സഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി അടിയറവുപറയേണ്ടിവരുന്നത് പാർട്ടിയെ ശരിക്കും വേട്ടയാടുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രചാരണത്തിൽ ഏതറ്റംവരെ പോകാനും പാർട്ടി മടിക്കില്ല.

ബി.ജെ.പി. ബന്ധമാണ് പ്രേമചന്ദ്രനെതിരേയുള്ള  സി.പി.എമ്മിന്റെ പ്രധാന ആയുധം. കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനവേളയിൽ നരേന്ദ്രമോദിയെ പ്രകീർത്തിച്ചതും പാർലമെന്റിൽ പ്രധാനമന്ത്രിക്കൊപ്പം പ്രാതൽ കഴിക്കുന്നതിന്റെ ചിത്രവുമൊക്കെ അവർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പ്രേമചന്ദ്രൻ ജയിച്ചാൽ ബി.ജെ.പി.യിൽ ചേരുമെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്.   എന്നാൽ, തന്റെ മതേതരനിലപാടും ബി.ജെ.പി.ക്കെതിരേയുള്ള പാർലമെന്റിലെ പോരാട്ടവുമാണ് ഇതിന് പ്രേമചന്ദ്രന്റെ മറുപടി. 

സി.പി.എമ്മിനെപ്പോലെ ബി.ജെ.പി. ക്കും പ്രേമചന്ദ്രൻ ഒരു കടമ്പതന്നെയാണ്. മറ്റുതിരഞ്ഞെടുപ്പുകളിൽ പാർട്ടിയോടൊപ്പം നിൽക്കുന്ന വോട്ടർമാർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മാറിച്ചിന്തിക്കുന്നത് പാർട്ടിയെ അലട്ടുന്നുണ്ട്. ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിൽ നിർണായക ശക്തിയാണ് ബി.ജെ.പി. ജില്ലയുടെ കിഴക്കൻമേഖലയിലും തദ്ദേശസ്ഥാപനങ്ങളിൽ ഭരണപങ്കാളിത്തമുണ്ട്. ഇതൊക്കെയാണെങ്കിലും കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ വോട്ടുശതമാനം കുറയുന്നതാണുകണ്ടത്.  ഇത്തവണയും അത് ആവർത്തിക്കാതിരിക്കാനുള്ള ഭഗീരഥപ്രയത്‌നത്തിലാണ് ബി.ജെ.പി. 

അസ്തിത്വത്തിനുള്ള പോരാട്ടം

ആർ.എസ്.പി.യെ സംബന്ധിച്ചിടത്തോളം അസ്തിത്വം നിലനിർത്താനുള്ള പോരാട്ടമാണിത്. ഒരുകാലത്ത് ദേശീയരാഷ്ട്രീയത്തിൽ നിർണായക സ്ഥാനമുണ്ടായിരുന്ന പാർട്ടിയാണ് ആർ.എസ്. പി. ദേശീയതലത്തിൽ ഇടതുബദലിന് 'വല്യേട്ടനായ' സി.പി.എമ്മിന് കൈത്താങ്ങായ പാർട്ടി. കേരളത്തിൽ ഇടതുമുന്നണിയിൽ മൂന്നാംസ്ഥാനക്കാരായിരുന്നു. പശ്ചിമബംഗാളിലും ത്രിപുരയിലുമെല്ലാം പാർട്ടി പേരിനുമാത്രമാണിന്ന്. ദേശീയപാർട്ടിയിൽനിന്ന് സംസ്ഥാനപാർട്ടിയായി ചുരുങ്ങി.  ബംഗാളിലും കേരളത്തിലും ഒരു എം. എൽ.എ.പോലും ഇല്ലാതായിട്ട് പതിറ്റാണ്ടാകുന്നു. എന്നാൽ, കേരളത്തിൽ നീണ്ടകരമുതൽ ചവറവരെയുള്ള ഇട്ടാവട്ടത്ത് പാർട്ടിയെ തളയ്ക്കാൻ തുനിഞ്ഞിറങ്ങിയതും അതേ ജ്യേഷ്ഠസഹോദരൻ തന്നെ.

ആർ.എസ്.പി.യുടെ തട്ടകമായ കൊല്ലം ലോക്സഭാ മണ്ഡലം പിടിച്ചെടുത്താണ് തുടക്കം. എൻ. ശ്രീകണ്ഠൻ നായരിലൂടെ ദീർഘകാലം ആർ.എസ്.പി.യുടെ കുത്തകയായിരുന്നു കൊല്ലം. പിന്നീട് പലതവണ കോൺഗ്രസിനോട് അടിയറവുപറയേണ്ടിവന്നെങ്കിലും നിയമസഭയിലെ പങ്കാളിത്തത്തിന് കുറവൊന്നുംവന്നില്ല. ഇടതുസഹയാത്രികനായി എൻ.കെ. പ്രേമചന്ദ്രൻ ഒട്ടേറെത്തവണ ലോക്സഭയിലും നിയമസഭയിലുമെത്തി. എന്നാൽ, 2014-ൽ കൊല്ലം  സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ആർ.എസ്.പി. ഇടതുമുന്നണി വിട്ടപ്പോഴാണ് പ്രേമചന്ദ്രൻ എന്ന മാസ്മരികശക്തി സി.പി.എം. അനുഭവിച്ചറിഞ്ഞത്. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗവും അന്നത്തെ സിറ്റിങ് എം. എൽ.എ.യുമായിരുന്ന എം.എ. ബേബിയെയാണ് പ്രേമചന്ദ്രനെ നേരിടാൻ പാർട്ടി നിയോഗിച്ചത്. ആർ.എസ്.പി.യെ അപ്രസക്തമാക്കുകയെന്ന അടവുനയം വിജയിപ്പിക്കാൻ പാർട്ടിയുടെ അമരക്കാരനിലൊരാളെത്തന്നെ നിയോഗിച്ചു.  34,649 വോട്ടിന്റെ ഭൂരിപക്ഷത്തിനുമുന്നിൽ  ബേബിക്ക് അടിയറവുപറേയണ്ടിവന്നു.  പട്ടികമോർച്ച നേതാവ് പി.എം. വേലായുധനായിരുന്നു ബി.ജെ.പി. സ്ഥാനാർഥി. പ്രചാരണകാലത്തെ ആളും ആരവവും ഒന്നും വോട്ടാക്കാൻ ബി.ജെ.പി. സഖ്യത്തിനും അന്ന് കഴിഞ്ഞില്ല. 58,671 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലുംകൂടി തൊട്ടുമുമ്പത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വോട്ടിൻറെ ഏഴയലത്തുപോലും വന്നില്ല ആ സംഖ്യ. 

പ്രേമചന്ദ്രന് മൂക്കുകയറിട്ടാൽ പിന്നെ ആർ.എസ്.പി. എന്ന പാർട്ടിതന്നെ അപ്രസക്തമാകുമെന്നായി തുടർന്നുള്ള രാഷ്ട്രീയ അവസ്ഥ. പിളർത്തിയും തോൽപ്പിച്ചും കൊല്ലം ജില്ലയിലാകെ ആർ.എസ്.പി.യുടെ വേരറുത്തു. 2016-ലെയും 2021-ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആർ.എസ്.പി.യെ നിലംപരിശാക്കാൻ സി.പി.എമ്മിന് കഴിഞ്ഞു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാലിനെ ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് തോല്പിച്ചാണ് പ്രേമചന്ദ്രൻ പ്രതികാരംവീട്ടിയത്. ന്യൂനപക്ഷ മോർച്ച സംസ്ഥാന നേതാവ് പി. ആർ. സാബു ആയിരുന്നു എൻ.ഡി. എ. സ്ഥാനാർഥി. ശബരിമല യുവതീപ്രവേശ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി. വോട്ടുയർത്തിയെങ്കിലും മിന്നുന്നപ്രകടനം കാഴ്ചവെക്കാനായില്ല.

ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പിന്നെ പാർട്ടിയും ചിഹ്നവും ഉണ്ടാവില്ലെന്ന തിരിച്ചറിവിലാണ് ആർ.എസ്.പി. ക്യാമ്പ്. മികച്ച പാർലമെന്റേറിയനെന്ന അംഗീകാരങ്ങളും മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളും പോരാട്ടങ്ങളിലെ സ്ഥിരംസാന്നിധ്യവുമാണ് അവരുടെ തുറുപ്പുചീട്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂർ, ചടയമംഗലം, ചവറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ മണ്ഡലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം നേടാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്. കുണ്ടറ മാത്രമേ യു.ഡി.എഫിന് വിജയിക്കാൻ കഴിഞ്ഞുള്ളൂ. മണ്ഡലത്തിലാകെയുള്ള ഈ മേൽക്കൈയാണ് ഇടതുമുന്നണിക്ക് പ്രതീക്ഷയേകുന്നത്. സിനിമ-സീരിയൽ നടനായ ജി. കൃഷ്ണകുമാർ എൻ.ഡി.എ.യിൽനിന്നുള്ള വോട്ടുചോർച്ച തടഞ്ഞാൽ പ്രേമചന്ദ്രന്റെ പരാജയം ഉറപ്പാക്കാനാകുമെന്നാണ് ഇടതുക്യാമ്പ് കണക്കാക്കുന്നത്.