കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ മിഷനിലേയും ഭാരത് സേവാശ്രം സംഘത്തിലേയും ചില സന്യാസിമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെനിന്ന് ബി.ജെ.പിയെ പിന്തുണയ്ക്കുകയാണെന്ന മമതാ ബാനര്‍ജിയുടെ പ്രസ്താവനക്കെതിരെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ജനങ്ങളുടെമേല്‍ അധികാരം കാണിക്കുകയും ചെയ്ത തൃണമൂല്‍ കൊൺഗ്രസ്, ഇപ്പോൾ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു. സേവനത്തിന്റെയും ധാര്‍മ്മികതയുടെയും പേരിൽ രാജ്യത്തിനകത്തും പുറത്തും പേരുകേട്ട സംഘടനകളാണ് ഇസ്‌കോണും രാമകൃഷ്ണമിഷനും ഭാരത് സേവാശ്രം സംഘവും. ഇന്ന് ബംഗാള്‍ മുഖ്യമന്ത്രി അവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. വോട്ട് ബാങ്ക് നേടാന്‍ വേണ്ടി മാത്രമാണിത്, മോദി പറഞ്ഞു.
കഴിഞ്ഞദിവസം ഭാരത് സേവാശ്രം സന്യാസി കാര്‍ത്തിക് മഹാരാജിനെ മമത വിമർശിച്ചിരുന്നു. 'ബംഹ്രാംപൂരിലൊരു രാജാവുണ്ട്, കാര്‍ത്തിക് മഹാരാജ്. കുറച്ചു നാളായി അദ്ദേഹത്തേപ്പറ്റി ഞാന്‍ കേള്‍ക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു ഏജന്റിനെ പോലും പോളിങ്ങ് ബൂത്തിലേക്ക് കയറ്റില്ലന്നാണ് അയാള്‍ പറഞ്ഞത്. രാഷ്ട്രീയത്തിലേക്ക് നേരിട്ടിറങ്ങി രാജ്യത്തെ നശിപ്പിക്കുന്ന അദ്ദേഹത്തെ ഞാന്‍ സന്യാസിയായി കാണുന്നില്ല. ഭാരത് സേവാശ്രം സംഘത്തെ ഞാന്‍ ഒരുപാട് ബഹുമാനിച്ചിരുന്നു', മമതാ ബാനര്‍ജി ബഹ്രാംപൂരില്‍ നടന്ന റാലിയില്‍ പറഞ്ഞു.
സന്ദേശ്ഖലി സംഭവം ചൂണ്ടിക്കാട്ടിയും തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി വിമർശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അവരുടെ 'ഷാജഹാനെ' സംരക്ഷിക്കാനായി സന്ദേശ്ഖലിയിലെ സഹോദരികളെ കുറ്റപ്പെടുത്തുകയും അവരെ വ്യക്തിഹത്യ നടത്തുകയും ചെയ്തതായി മോദി ആരോപിച്ചു.
മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് അംബേദ്കർ എതിരായിരുന്നെന്നും എന്നാല്‍, ഇന്ത്യാ സഖ്യത്തിന് മതാടിസ്ഥാനത്തിലുള്ള സംവരണം നടപ്പാക്കണമെന്നാണ് ആഗ്രഹമെന്നും മോദി പറഞ്ഞു. കര്‍ണാടകയില്‍ അവര്‍ മുസ്ലീങ്ങള്‍ക്ക് ഒ.ബി.സി ക്വാട്ട വഴി സംവരണം നല്‍കി. ഈ ഗൂഢാലോചനയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസിനൊപ്പം കൈകോർത്തിരിക്കുകയാണെന്നും മോദി പറഞ്ഞു.
Content Highlights: Modi pans Mamata for remarks against RKM, Bharat Sevashram Sangha
Published: 19 May 2024, 08:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented