കൊല്‍ക്കത്ത: പ്രചണ്ഡമായ പ്രചാരണകോലാഹലങ്ങള്‍കൊണ്ടൊന്നും മമതാ ബാനര്‍ജി എന്ന പരിണതപ്രജ്ഞയായ രാഷ്ട്രീയക്കാരിയെ വീഴ്ത്താനാവില്ലെന്ന് ബി.ജെ.പി. ഒരിക്കല്‍ക്കൂടി തിരിച്ചറിഞ്ഞിരിക്കുന്നു. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിലെപ്പോലെ ഏറെ പ്രതീക്ഷകളുയര്‍ത്തിയശേഷം വിദൂരമായ രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടാനാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവരുടെ യോഗം.

To advertise here,

സന്ദേശ്ഖലിയും നിയമന അഴിമതിയുമെല്ലാം മുന്‍നിര്‍ത്തി ഭരണവിരുദ്ധവികാരത്തിലൂന്നി തിരഞ്ഞെടുപ്പുപ്രചാരണം തുടങ്ങിയ സംസ്ഥാന ബി.ജെ.പി. നേതൃത്വം പിന്നീട് പൗരത്വഭേദഗതിനിയമം പ്രധാന വിഷയമാക്കി ഉയര്‍ത്തി. പ്രധാനമന്ത്രി മോദിയാകട്ടെ, ആദ്യഘട്ടത്തില്‍ വികസനപദ്ധതികളും 'മോദിയുടെ ഗാരന്റി'യുമൊക്കെയായാണ് തുടങ്ങിയതെങ്കിലും മൂന്നാംഘട്ടത്തിനുശേഷം തീവ്ര വര്‍ഗീയ ധ്രുവീകരണത്തിലൂന്നിയാണ് പ്രചാരണം കൊഴുപ്പിച്ചത്. ഹിന്ദുസന്ന്യാസിമാരെ മമത ഉപദ്രവിക്കുന്നുവെന്ന ആരോപണംവരെ ഉയര്‍ത്തി. എന്നാല്‍, ഇത്തരം ധ്രുവീകരണശ്രമങ്ങള്‍ മമതയുടെ ന്യൂനപക്ഷവോട്ടുബാങ്ക് അരക്കിട്ടുറപ്പിച്ചുവെന്നതാണ് സത്യം. ബി.ജെ.പി. ബംഗാള്‍ ജനതയെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ നോക്കുന്നുവെന്നും അവരെ തടയാനുള്ള ശക്തി തങ്ങള്‍ക്കുമാത്രമേയുള്ളൂവെന്നും മമത വോട്ടര്‍മാര്‍ക്കുമുന്നില്‍ വീറോടെ വാദിച്ചു. മറുവശത്ത് ബി.ജെ.പി. ഉദ്ദേശിച്ചതുപോലെ ഹൈന്ദവവോട്ടുകളുടെ ധ്രുവീകരണം ഉണ്ടായതുമില്ല.

ന്യൂനപക്ഷ വോട്ടുബാങ്കാണ് മമതയുടെ പ്രധാന പിന്‍ബലമെങ്കിലും ഗണ്യമായ വിധത്തില്‍ ഭൂരിപക്ഷവോട്ടുകളുംകൂടി നേടിയാണ് തൃണമൂല്‍ ബംഗാളില്‍ ആധിപത്യം നിലനിര്‍ത്തുന്നത്. മമതയുടെ വ്യക്തിപ്രഭാവത്തിലും നേതൃപാടവത്തിലും ആകര്‍ഷിക്കപ്പെട്ടു നില്‍ക്കുന്ന ഈ ഹൈന്ദവവോട്ടുകളെ തങ്ങള്‍ക്ക് അനുകൂലമായി തിരിക്കാന്‍ ബി.ജെ.പി.യുടെ ധ്രുവീകരണശ്രമങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ബി.ജെ.പി. 18 സീറ്റ് പിടിച്ച 2019-ല്‍പ്പോലും തൃണമൂലിന്റെ വോട്ടിങ് ശതമാനം കുറയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. സി.പി.എമ്മില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും വോട്ടുകള്‍ അടര്‍ത്തിയെടുത്ത് നില മെച്ചപ്പെടുത്തുകയായിരുന്നു അന്ന് ബി.ജെ.പി. ഇത്തവണ സി.പി.എം.-കോണ്‍ഗ്രസ് സഖ്യം ആ വോട്ടുകളില്‍ നല്ലൊരു പങ്ക് തിരികെപ്പിടിക്കുമെന്ന് പരക്കെ കരുതപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ബി.ജെ.പി.ക്ക് രണ്ടക്കമെത്താന്‍ കഴിഞ്ഞതും ഇക്കാരണത്താലാണ്.