കൊല്‍ക്കത്ത : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായി പശ്ചിമബംഗാളില്‍ നിന്നുള്ള ബിഷ്ണുപുര്‍ മണ്ഡലം. ഇവിടെ കടുത്ത പോരാട്ടമാണ് വിവാഹമോചിതരായ സുജാത മൊണ്ടാലും സൗമിത്രഖാനും കാഴ്ചവെച്ചത്. സൗമിത്രഖാന്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് സുജാത തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്. 
വോട്ടെണ്ണല്‍ സമയത്ത് വോട്ടുകള്‍ മാറിമറിയുന്നതനുസരിച്ച് മുന്‍ദമ്പതിമാര്‍ തമ്മിലുള്ള മത്സരം മുറുകി. ആദ്യം സൗമിത്രഖാന്‍ മുന്നിലാകുന്നു. ഇടയ്ക്ക് വെച്ച് സുജാതയുടെ ലീഡ് മുന്നോട്ട് കുതിച്ചു. കുറച്ച് സമയത്തിന് ശേഷം വീണ്ടും സൗമിത്രയുടെ മുന്നേറ്റം ബി.ജെ.പിയില്‍ പ്രതീക്ഷയായി.അവസാനഘട്ട വോട്ടെണ്ണലില്‍ സൗമിത്ര വീണ്ടും വിജയം നേടി.

To advertise here,

ബിഷ്ണുപുരില്‍ നിന്നുള്ള  ശക്തനായ നേതാവായ സൗമിത്രഖാന്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ് തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തുന്നത്.അദ്ദേഹത്തിന് വേണ്ടി അന്ന് ഭാര്യയായിരുന്ന സുജാത പ്രചാരണവും നടത്തിയിരുന്നു.2014-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായിരുന്ന സൗമിത്ര ഖാന്‍ ഇതേ മണ്ഡലത്തില്‍ നിന്നും ഒന്നരലക്ഷത്തോളം വോട്ടുകള്‍ക്കാണ് ജയം നേടിയത്. 

2019-ല്‍ വിജയത്തിന്റെ മാര്‍ജിന്‍ കുത്തനേ ഇടിയുകയുണ്ടായി. തിരഞ്ഞെടുപ്പ് സമയത്ത് നിയമപരമായ പ്രശ്‌നങ്ങളാല്‍ ബിഷ്ണുപുര്‍ സന്ദര്‍ശിക്കാന്‍ അന്ന് സൗമിത്രയ്ക്കായില്ല. എങ്കിലും അന്ന് ഭാര്യയായ സുജാത കടുത്ത പ്രചരണമാണ് കാഴ്ചവെച്ചത്. ബി.ജെ.പിയ്ക്ക് വിജയവും നേടിയെടുക്കാനായി. അന്ന് വിജയത്തില്‍ ഭാര്യയുടെ പങ്കിനെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി.

തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്ന ആദ്യ ലോക്‌സഭാ എം.പിയായിരുന്നു സൗമിത്ര ഖാന്‍. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇരുവരും വേര്‍പിരിയുന്നത്. ഭര്‍ത്താവിനെതിരേ ഗുരുതരമായ ആരോപണങ്ങളുയര്‍ത്തി കൊണ്ടായിരുന്നു സുജാതയുടെ തൃണമൂല്‍ പ്രവേശനം. നീല്‍ബാരി സമരത്തിന് മുന്നില്‍ തൃണമൂലിനൊപ്പം സുജാത നിന്നു. തുടര്‍ന്ന് ആരംബാഗില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായെങ്കിലും വിജയിച്ചില്ല.

തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗമായി സുജാത രാഷ്ട്രീയത്തിലിറങ്ങിയതോടെ സൗമിത്രഖാന്‍ ഭാര്യയ്ക്ക് വിവാഹമോചനനോട്ടീസ് അയച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് തന്റെ കുടുംബം തകര്‍ത്തുവെന്നും അന്ന് സൗമിത്ര ഖാന്‍ പറയുകയുണ്ടായി.