
മുര്‍ഷിദാബാദ്: നവാബുമാരുടെ ഭരണകാലത്ത് തലസ്ഥാനവും സമ്പത്തിന്റെ സിരാകേന്ദ്രവുമായിരുന്നു മുര്‍ഷിദാബാദ്. ഇന്നാവട്ടെ ഇന്ത്യയിലെത്തന്നെ ഏറ്റവും പിന്നാക്കപ്രദേശങ്ങളിലൊന്നും. പശ്ചിമബംഗാളിലെ സി.പി.എമ്മിന്റെ സ്ഥിതിയും നഷ്ടപ്രതാപത്തിന്റേതാണ്. ഇത്തവണ തിരിച്ചുവരവിന് ശ്രമിക്കുന്ന പാര്‍ട്ടി പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും പ്രധാനമാണ് മുര്‍ഷിദാബാദ്. സ്ഥാനാര്‍ഥി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ആയതിനാല്‍ വിജയം അഭിമാനപ്രശ്‌നവുമാണ്.
1980 മുതല്‍ 2009 വരെ സി.പി.എമ്മിന്റെ സുരക്ഷിത മണ്ഡലമായിരുന്നു മുര്‍ഷിദാബാദ്. 2009-ല്‍ കൈവിട്ടെങ്കിലും 2014-ലെ ശക്തമായ ത്രികോണ മത്സരത്തില്‍ നേരിയഭൂരിപക്ഷത്തിന് വീണ്ടും ജയിച്ചു. ഇതിന്റെ പുനരാവര്‍ത്തനമാണ് ഇക്കുറി സി.പി.എം. ഇവിടെ പ്രതീക്ഷിക്കുന്നത്. അന്ന് കരുത്തരല്ലാത്ത ബി.ജെ.പി. ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ട നിലയിലാണ്.
അതേസമയം, കോണ്‍ഗ്രസിന്റെ പിന്തുണ ഇടതിലേക്ക് വന്നിരിക്കുന്നു. ഒപ്പം മികച്ച പ്രസംഗകന്‍കൂടിയായ സലീമിന്റെ വ്യക്തിപ്രഭാവവും കൂടിയാകുമ്പോള്‍ വിജയപ്രതീക്ഷയ്ക്ക് ബലമേറുന്നു.
| പാര്‍ട്ടി | 2019 | 2014 |
| തൃണമൂല്‍ കോണ്‍ഗ്രസ് | 604,346 (226,417) | 289,027 |
| കോണ്‍ഗ്രസ് | 377,929 | 408,494 |
| ബിജെപി | 247,809 | 101,069 |
| സിപിഎം | 180,793 | 426,947 (18,453) |
സിറ്റിങ് എം.പി.യായ അബു താഹിര്‍ ഖാനാണ് തൃണമൂലിന്റെ സ്ഥാനാര്‍ഥി. ദീര്‍ഘകാലം കോണ്‍ഗ്രസ് എം.എല്‍.എ.യായിരുന്ന ഇദ്ദേഹം 2019-ലാണ് രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്നത്. മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ട് താഹിറിന്. എന്നാല്‍, ഹുമയൂണ്‍ കബീര്‍ എം.എല്‍.എ.യും മറ്റുചില നേതാക്കളും പാര്‍ട്ടി നേതൃത്വവുമായി അത്ര സുഖത്തിലല്ല. വോട്ടുചോര്‍ച്ചയുടെ ആശങ്ക തൃണമൂല്‍ ക്യാമ്പിലുണ്ട്. മുര്‍ഷിദാബാദ് എം.എല്‍.എ. ഗൗരീശങ്കര്‍ ഘോഷാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍നിന്ന് പരമാവധി വോട്ട് സ്വരൂപിക്കലാണ് അവര്‍ ലക്ഷ്യമിടുന്നത്.
ഹരിഹര്‍പാഡ നിയമസഭാ മണ്ഡലത്തിലെ ഭരതിപ്പുര്‍ ഗ്രാമത്തിലെത്തുമ്പോള്‍ അവിടെ സലീമിന്റെ പ്രചാരണം നടക്കുകയാണ്. തുറന്നജീപ്പില്‍ അഭിവാദ്യംചെയ്ത് നീങ്ങുന്ന അദ്ദേഹത്തിന് അകമ്പടിയായി സി.പി.എം., കോണ്‍ഗ്രസ് പതാകകള്‍ ഒരുപോലെ പാറുന്ന ബൈക്കുകളില്‍ യുവാക്കളുടെ സംഘവും. മുര്‍ഷിദാബാദിലെ മറ്റുഗ്രാമങ്ങളെപ്പോലെത്തന്നെ ഇവിടെയും ഭൂരിപക്ഷവും കുടിയേറ്റതൊഴിലാളികളാണ്.
കേരളത്തില്‍ ജോലിചെയ്യുന്ന റൗഫും മഖ്ബൂലും ഓടിയെത്തി പരിചയപ്പെട്ടു. ഇരുവരും പെരുന്നാള്‍ അവധിക്ക് വന്നതാണ്. ഇനി വോട്ടുകഴിഞ്ഞേ മടങ്ങൂ. സി.പി.എം., കോണ്‍ഗ്രസ് വോട്ടുകളാണ് ഹരിഹര്‍ പാഡ മണ്ഡലത്തില്‍ അധികവുമെന്ന് അവര്‍ പറഞ്ഞു. പക്ഷേ, നിങ്ങളുടെ എം.എല്‍.എ. തൃണമൂലുകാരനാണല്ലോ എന്നുചോദിച്ചപ്പോള്‍ അത് 'ഛാപ്പാ' വോട്ടില്‍ (ബൂത്ത് പിടിച്ചശേഷം കുത്തിയിടുന്ന വോട്ട്) കയറിപ്പറ്റിയതാണെന്നു മറുപടി.
സലീമിന് പറയാനുള്ളതും നാട്ടുകാരുടെ ഇതേവാദമാണ്. ''കഴിഞ്ഞ പത്തുവര്‍ഷമായി ഇവിടത്തെ വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ടുചെയ്യാന്‍ സാധിച്ചിട്ടില്ല. ഇത്തവണ അവര്‍ സധൈര്യം മുന്നോട്ടുവന്ന് വോട്ടുചെയ്യും''.
ഹരിഹര്‍പാഡ മണ്ഡലത്തിലെ പ്രചാരണം സമാപിച്ചതോടെ ഡോംകല്‍ പട്ടണത്തിലേക്ക് നീങ്ങുകയാണ് സലീം. അവിടെ പി.സി.സി. അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയുമൊത്ത് റാലിയും പൊതുസമ്മേളനവുമുണ്ട്.
അതിനുമുമ്പായി ഐ.എന്‍.എലിന്റെ പശ്ചിമബംഗാള്‍ ഘടകം സലീമിന് പിന്തുണയറിയിക്കാന്‍ വിളിച്ച പത്രസമ്മേളനത്തിലും പങ്കെടുത്തു. 'ന്യൂനപക്ഷ വോട്ടുബാങ്ക് ഭിന്നിക്കുമോ?' ഒരു പത്രപ്രവര്‍ത്തകന്റെ സംശയം. ''വോട്ടുബാങ്കെന്ന സങ്കല്പമൊക്കെ ആര്‍.എസ്.എസിന്റേതാണ്. ഞങ്ങള്‍ക്ക് എല്ലാ പക്ഷക്കാരുടെയും പിന്തുണയുണ്ട്'' -സ്ഥാനാര്‍ഥിയുടെ ഉറച്ച മറുപടി.
Content Highlights: CPM Md Salim -Murshidabad with Congress backing
Published: 04 May 2024, 11:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented