
ബിഹാറില്‍ ഇക്കുറി 16 ലോക്‌സഭാ സീറ്റുകളില്‍ മത്സരിക്കാന്‍ അസദുദ്ദീന്‍ ഒവൈസിയുടെ മജ്ലിസ് പാര്‍ട്ടി. പലതവണ അഭ്യര്‍ഥിച്ചിട്ടും തങ്ങളെ മഹാസഖ്യത്തിന്റെ ഭാഗമാക്കാന്‍ തയ്യാറായില്ലെന്നും ഇക്കുറി അഞ്ച് സീറ്റുകളില്‍ അധികമായി മത്സരിക്കുകയാണെന്നും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ അഖ്തറുള്‍ ഇമാന്‍ പറഞ്ഞു. മുസ്ലിം വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മഹാസഖ്യത്തിന്റെ ഭാഗമാകാന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അതിനവര്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
സീമാഞ്ചല്‍ മേഖലയിലെ ഏഴ് മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ നിരവധി സീറ്റുകളില്‍ മുസ്ലിം ന്യൂനപക്ഷം നിര്‍ണായക ശക്തിയാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ മജ്ലിസ് പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് അതില്‍ നാലുപേര്‍ മജിലിസ് പാര്‍ട്ടി വിട്ട് ആര്‍.ജെ.ഡിയില്‍ ചേര്‍ന്നു. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനുള്ള മജ്‌ലിസ് പാര്‍ട്ടിയുടെ തീരുമാനം ആശങ്കയോടെയാണ് മഹാസഖ്യം നോക്കിക്കാണുന്നത്. തങ്ങള്‍ മത്സരിക്കുന്ന പകുതി സീറ്റുകള്‍ മുസ്ലിം ഇതരകക്ഷികള്‍ക്ക് നല്‍കുമെന്നും മജ്ലിസ് പാര്‍ട്ടി പറയുന്നു.
ബിഹാറിലെ മഹാസഖ്യം നയിക്കുന്ന ആര്‍.ജെ.ഡിയുടെയും മുഖ്യ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെയും പ്രധാന വോട്ട് ബാങ്കുകളില്‍ ഒന്ന് മുസ്ലീങ്ങളാണ്. എന്നിരിക്കെ, മജിലിസ് പാര്‍ട്ടി കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് മുസ്ലിം വോട്ടുകള്‍ ഭിന്നിക്കാനും അതുവഴി എന്‍.ഡി.എയ്ക്ക് ഗുണം ചെയ്യാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളിലേക്കുള്ള എന്‍.ഡി.എയുടെ സീറ്റ് വിഭജനവും സ്ഥാനാര്‍ഥിനിര്‍ണയവും നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ മഹാസഖ്യത്തില്‍ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ഇടതു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിതരണം ഇതുവരെ അന്തിമഘട്ടത്തിലെത്തിയിട്ടില്ല. വെള്ളിയാഴ്ച തേജസ്വി യാദവ് നടത്തുന്ന ആര്‍.ജെ.ഡിയുടെ പത്രസമ്മേളനത്തില്‍ സീറ്റ് വിഭജനത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിന് ഒമ്പത് സീറ്റുകള്‍ വരെ നല്‍കിയേക്കും എന്നാണ് ഒടുവിലുള്ള സൂചന.
നേരത്തെ അഞ്ചോ ആറോ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ ഇപ്പോള്‍ ധാരണയായിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് ആഗ്രഹിച്ച പൂര്‍ണിയ, ഔറംഗബാദ് തുടങ്ങിയ സീറ്റുകള്‍ ആര്‍.ജെ.ഡി. തന്നെ കൈവശം വയ്ക്കുകയാണ്. പൂര്‍ണിയയില്‍ പപ്പു യാദവിനെയും ഔറംഗബാദില്‍ മുന്‍ കേരള ഗവര്‍ണറും ഡല്‍ഹി പോലീസ് മേധാവിയുമായ നിഖില്‍ കുമാറിനെയും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് വിചാരിച്ചിരുന്നത്. അതേസമയം പൂര്‍ണിയ ഒരു കാരണവശാലും വിട്ടുനില്‍ക്കില്ലെന്ന് വാശിയിലാണ് പപ്പു യാദവ്.
Content Highlights: AIMIM to field 16 candidates for Lok Sabha election in Bihar
Published: 28 Mar 2024, 08:18 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented