പട്‌ന: ബിഹാറില്‍ എന്‍.ഡി.എ. പ്രചാരണയോഗത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നാക്കുപിഴ. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകട്ടെയെന്നതിന് പകരം മുഖ്യമന്ത്രിയാവട്ടെ എന്നായിരുന്നു നിതീഷിന്റെ പരാമര്‍ശം. നേരത്തെ, ചിരാഗ് പാസ്വാന് വേണ്ടി വോട്ടുചോദിക്കുമ്പോഴും നിതീഷിന് സമാന അബദ്ധം സംഭവിച്ചിരുന്നു.

To advertise here,

പട്‌ന സാഹിബ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി മുന്‍കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് വേണ്ടി വോട്ടുചോദിക്കുമ്പോഴായിരുന്നു നിതീഷിന്റെ പരാമര്‍ശം. '400-ലേറെ വോട്ടുകള്‍ നേടി നമ്മള്‍ ഇത്തവണ ജയിക്കുമെന്നാണ് പ്രതീക്ഷ. ആദരണീയനായ നരേന്ദ്രമോദി വീണ്ടും മുഖ്യമന്ത്രിയാവും. ഇന്ത്യ വികസിക്കും, ബിഹാര്‍ പുരോഗമിക്കും, എല്ലാം നടക്കും', എന്നായിരുന്നു നിതീഷിന്റെ പ്രസംഗം.

അതേസമയം, വേദിയില്‍ ഉള്ള മറ്റ് നേതാക്കള്‍ ഉടന്‍ തന്നെ തെറ്റ് നിതീഷിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഉടന്‍ തന്നെ അദ്ദേഹം തിരുത്തി. മോദി ഇപ്പോള്‍ തന്നെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹം കൂടുതല്‍ മുന്നോട്ടുപോകുമെന്നാണ് താന്‍ പറഞ്ഞതെന്നും നിതീഷ് പറഞ്ഞു. അതാണ് തനിക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാഴ്ച മുമ്പ്, ഹാജിപുരില്‍ എന്‍.ഡി.എ. ഘടകകക്ഷിയായ ലോക്ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ ചിരാഗ് പാസ്വാനുവേണ്ടി വോട്ടുചോദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് രാം വിലാസ് പാസ്വാന്റെ പേരായിരുന്നു നിതീഷ് പറഞ്ഞത്. 'ബിഹാറിന്റെ ഒരു കാര്യവും നടക്കാതിരിക്കില്ല, എല്ലാം നടപ്പിലാക്കും. അതിനുവേണ്ടിയാണ് രാം വിലാസ് പാസ്വാനുവേണ്ടി വോട്ടുചോദിക്കുന്നത്', എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രസംഗം.

ഉടന്‍ തെറ്റ് മനസിലാക്കിയ നിതീഷ് രാം വിലാസ് പാസ്വാന്‍ എന്നത് തിരുത്തി. രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന് വോട്ടുചെയ്യൂ എന്നായിരുന്നു തിരുത്ത്. നേരത്തെ, നിറഞ്ഞ മനസോടെ നിങ്ങള്‍ രാം വിലാസ് പാസ്വാന് വോട്ടുചെയ്തിരുന്നു, ഇനി ചിരാഗ് പാസ്വാന് വോട്ടുചെയ്യൂ. അദ്ദേഹം ചെറുപ്പമാണ്, കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.