ന്യൂഡൽഹി: 2014 മുതൽ തിരഞ്ഞെടുപ്പ് വിജയത്തിനായി സാമൂഹികമാധ്യമവും സാങ്കേതികവിദ്യയും കൃത്യമായ രീതിയിൽ ഉപയോ​ഗപ്പെടുത്തുന്ന പാർട്ടിയാണ് ബി.ജെ.പി. ഇത്തവണയും വ്യത്യസ്തമായൊരു പ്രചരണതന്ത്രവുമായാണ് പാർട്ടി ജനങ്ങളിലേക്കെത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിർമിതബുദ്ധിയെ(എ.ഐ) കൂട്ടുപിടിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.

To advertise here,

വിവിധ ഭാഷകളിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസം​ഗങ്ങൾ തത്സമയം തർജ്ജമ ചെയ്യാനാണ് എ.ഐ.യിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. എക്സിലൂടെയാണ് വിവിധ ഭാഷകളിലുള്ള മോദിയുടെ പ്രസം​ഗങ്ങൾ നിലവിൽ ബി.ജെ.പി പ്രചരിപ്പിക്കുന്നത്. കന്നട, തമിഴ്, തെലുഗ്, മലയാളം, ബംഗാളി, ഒഡിയ, പഞ്ചാബി, മറാത്തി എന്നിങ്ങനെ എട്ട് ഭാഷകളിലായിരിക്കും മോദിയുടെ പ്രസം​ഗങ്ങൾ തത്സമയം ലഭ്യമാകുക. ഇതിനായി വ്യത്യസ്ത എക്സ് അക്കൗണ്ടുകളും ആരംഭിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ സീറ്റുകൾ ലക്ഷ്യമിട്ടാണ് പുതിയ തന്ത്രമെന്നാണ് വിലയിരുത്തൽ. തർജമ ചെയ്യാനുദ്ദേശിക്കുന്ന എട്ടിൽ നാലും ദക്ഷിണേന്ത്യൻ ഭാഷകളാണെന്നതും ശ്രദ്ധേയമാണ്.  കഴിഞ്ഞ ഡിസംബറിൽനടന്ന കാശി തമിഴ് സംഗമത്തിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസംഗം തമിഴിലേക്ക് വിവർത്തനംചെയ്തത്. ഇതൊരു പുതിയ തുടക്കമാണെന്നായിരുന്നു അന്ന് പ്രധാനമന്ത്രി പറഞ്ഞത്. 

2019-ലെ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 129 സീറ്റുകളിൽ നിന്നും 29 സീറ്റുകളിൽ മാത്രമാണ് ബി.ജെ.പി ജയിച്ചത്. പുതുച്ചേരി മണ്ഡലവും ബി.ജെ.പിയെ കൈവിട്ടിരുന്നു. മറ്റ് ഭാഷകളെയും തന്ത്രപരമായാണ് ബി.ജെ.പി തിരഞ്ഞെടുത്തിരിക്കുന്നത്. ഉത്തർപ്രദേശിന് ശേഷം ലോക്സഭയിലേക്ക് യഥാക്രമം ഏറ്റവും കൂടുതൽ കക്ഷികളെ അയക്കുന്ന സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും ബം​ഗാളും. രണ്ടിടത്തും കൂടുതല്‍ സീറ്റുകള്‍ ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട് ബി.ജെ.പി.  2019-ൽ മഹാരാഷ്ട്രയിലെ 48-ൽ 23 സീറ്റുകളിലും ബം​ഗാളിലെ 42-ൽ 18 സീറ്റുകളും ബി.ജെ.പി വിജയിച്ചിരുന്നു. ഒഡിഷയിൽ 21-ൽ എട്ട് സീറ്റ് നേടാൻ പാർട്ടിക്കായപ്പോൾ പഞ്ചാബിലെ 13-ൽ രണ്ട് സീറ്റുകളിൽ പാർട്ടി ഒതുങ്ങി.