കനലൊരു തരി അഭിമാനമല്ല, കഴിഞ്ഞ തവണ ഇടതുപക്ഷം കേട്ട ഏറ്റവും വലിയ പരിഹാസം കൂടിയായിരുന്നു. സി.പി. എമ്മിന് മൂന്നും സി.പി. ഐയ്ക്ക് രണ്ടും. ഒരുകാലത്ത് മുഖ്യപ്രതിപക്ഷമായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആകെ അഞ്ച് സീറ്റ്. ഇരു പാർട്ടികളുടെയും ദേശീയ പദവിപോലും ചോദ്യംചെയ്യപ്പെട്ട അവസ്ഥ. അതുകൊണ്ട് തന്നെ ഇത്തവണ അവരുടെ ദേശീയ പദവിയും പാർട്ടി ചിഹ്നവുമെല്ലാം ചർച്ചയായി. വേണ്ടത്ര സീറ്റ് പിടിച്ചില്ലെങ്കിൽ ചിഹ്നവും ചോദ്യചിഹ്നമാവുന്ന അവസ്ഥ. എന്നാൽ, ഇക്കുറി, പ്രത്യയശാസ്ത്രത്തിന്റെ പേരിൽ പലതായി പിരിഞ്ഞുപോയ ഇടതുപാർട്ടികൾക്ക്, അവർ ഭയന്ന തിരിച്ചടിയുണ്ടായില്ല. സി.പി.എം നാല് സീറ്റിലും സി.പി. ഐ രണ്ട് സീറ്റിലും സി.പി. ഐ എം. എൽ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ആകെ എട്ട് സീറ്റ്. കേരളത്തിന് പുറത്തു നിന്ന് ഇടതുപക്ഷം വിജയിച്ച മണ്ഡലങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം.

To advertise here,

ആരാ -ബിഹാർ

32 പാര്‍ലമെന്ററി മണ്ഡലങ്ങള്‍. ചെങ്കൊടിപാറിച്ച കാലത്തെ ആശയ്‌ക്കെങ്കിലും തിരിച്ചെടുക്കാനുള്ള ഓട്ടപ്പാച്ചിലില്‍ ബിഹാര്‍ ആശ്വാസം കണ്ടെത്തുകയാണ് സി.പി.ഐ എം, എല്ലിന്റെ  സുദമ പ്രസാദിലൂടെ. നാൽപതിനായിരത്തോളമാണ് ലീഡ്. ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ആര്‍.കെ സിങ്ങിനെയായിരുന്നു സുദമ വീഴ്ത്തിയത്. കഴിഞ്ഞ രണ്ടു തവണയായി ആർ.കെ.സിങ്ങാണ് ഇവിടെ ജനപ്രതിനിധി. ബിഹാര്‍ നിയമസഭയില്‍ തരാരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുദമ പ്രസാദിനെ സംബന്ധിച്ചിടത്തോളം ആരായിലെ പോരാട്ടം നിര്‍ണായകമാണ്. ബിഹാറിന്റെ കമ്യൂണിസ്റ്റ് ചരിത്രം പൊടിതട്ടിയുണരുന്ന കാഴ്ചകൂടിയാണ് സുദമ പ്രസാദിന്റെ ഈ ലീഡ്. സി.പി.ഐയുടെ സംസ്ഥാന കമ്മറ്റി അംഗവും പിന്നാക്ക വിഭാഗത്തിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും കറയറ്റ നേതാവായിക്കൊണ്ട് തന്റെ രാഷ്ട്രീയ പ്രൊഫൈലിന് ഒരു പോറലുമേല്‍പ്പിക്കാതെ ഇത്രകാലം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞത് സുദമയുടെ വിജയപ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.  ബിഹാര്‍ കേഡറില്‍ നിന്നും ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്കുയര്‍ന്ന ആര്‍.കെ സിങ്ങ് മുന്‍ ഹോം സെക്രട്ടറി കൂടിയായിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഭാവം ബിഹാറില്‍ നിറഞ്ഞുനിന്നിരുന്ന  കാലത്തെ ഒരു പാര്‍ലമെന്ററി സീറ്റിലൂടെയെങ്കിലും തിരികെ കൊണ്ടുവരാനുള്ള ഉദ്യമമാണ് പാര്‍ട്ടി സുദമ പ്രസാദിനെ ഏല്‍പിച്ചിരിക്കുന്നത്. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലെ വിപ്ലവരക്തവും മുഷ്ടി ചുരുട്ടിയ മുദ്രാവാക്യങ്ങളും പലകുറി ഉയര്‍ന്നത് ബിഹാറിലെ അധഃസ്ഥിവര്‍ഗങ്ങള്‍ക്കുവേണ്ടിയായിരുന്നു എന്നതാണ് സുദമയെ ജനപ്രിയനാക്കുന്നത്. ജാതീയതയ്‌ക്കെതിരെയും വിവേചനങ്ങള്‍ക്കെതിരെയും നിരന്തരം പോരാട്ടമാണ് സുദമയെ ജനപ്രിയ നേതാവാക്കിയിരിക്കുന്നത്. അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും ദളിത് വിഷയങ്ങളും എക്കാലവും സുദമയുടെ സമരവീര്യങ്ങളാണ്.
 
കാരാക്കാട്ട് -ബിഹാർ

ബിഹാറിലെ ഓബ്ര മണ്ഡലത്തിന്റെ പ്രതിനിധിയും നിയമസഭയില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള രാജ റാം സിങ് (സി.പി.ഐ (എം, എല്‍))വിജയിച്ചുകയറുകയാണ്. നാലു പതിറ്റാണ്ടുകാലമായി ബിഹാര്‍ രാഷ്ട്രീയത്തില്‍ രാജാ റാം അതികായനായി നിലനില്‍ക്കുകയാണ്. തിരഞ്ഞെടുപ്പുകളിലെ ജയവും പരാജയവും പരിഗണിക്കാതെ ജനങ്ങളുടെ മറ്റൊരു ആശ്രയകേന്ദ്രം. ഔറംഗാബാദിന്റെ വിപ്ലവവീര്യം. 1995- മുതല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കാലം തൊട്ട് വിജയം മാത്രം നുണഞ്ഞു രാജ റാം സിങ്ങ്. ജാതി വ്യവസ്ഥയുടെയും സാമ്പത്തിക അന്തരത്തിന്റെയും ഇരകളായി മാറുന്ന സാധാരണക്കാരായ ബഹുഭൂരിപക്ഷം ജനതയുടെ പിന്തുണയാണ് രാജാ റാമിന്റെ ബലം. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓർഡിനേഷന്‍ കമ്മറ്റിയുടെ സംസ്ഥാന നേതാവ്, അഖിലേന്ത്യാ കിസാന്‍ മഹാസഭയുടെ ദേശീയ സെക്രട്ടറി കൂടിയായ രാജാ റാം കര്‍ഷക മാര്‍ച്ചുകളിലെ പ്രധാന സംഘാടകന്‍ കൂടിയാണ്.  

ഉപേന്ദ്രകുമാര്‍ സിങ്ങിനോടാണ് രാജാ റാമിന്റെ തിളങ്ങും ജയം. സ്വന്തം പാര്‍ട്ടിയായ രാഷ്ട്രീയ സമതാ പാര്‍ട്ടിയുടെ ടിക്കറ്റില്‍ ജയിച്ചുകയറിയ ഉപേന്ദ്രകുമാര്‍ പിന്നീട് പാര്‍ട്ടിയെ ജനതാദള്‍ യുനൈറ്റഡുമായി ലയിപ്പിച്ചെങ്കിലും പാര്‍ട്ടിയിലെ സ്ഥാനമാനങ്ങളെല്ലാം രാജിവെച്ച് സ്വന്തമായി വീണ്ടും പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയ ലോക് മോര്‍ച്ചയാക്കുകയായിരുന്നു. 

സികാര്‍ - രാജസ്ഥാന്‍

ബി.ജെ.പിയുടെ കരുത്തുറ്റ ഭൂമികയായ രാജസ്ഥാന്‍. ഒരു പക്ഷേ കോണ്‍ഗ്രസ്സിന് വഴിമാറിക്കൊടുത്താലും പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അത്രയൊന്നും സ്വാധീനം ചെലുത്താന്‍ കഴിയാത്ത രാജസ്ഥാന്‍ പക്ഷേ അമ്രാറാമിന് സീറ്റ് വെച്ചുനീട്ടുക തന്നെ ചെയ്യും. രാജസ്ഥാന്റെ ചരിത്രപ്രാധാന്യമായ ശേഖാവതിയില്‍ നിന്നുയര്‍ന്നുവന്ന കര്‍ഷക നേതാവ്. അഖിലേന്ത്യാ കിസാന്‍ സഭയുടെ ഉപാധ്യക്ഷന്‍ കൂടിയായ അമ്രാറാം രാജസ്ഥാന്‍ നിയമസഭയിലേക്ക് നാലുവട്ടം നിഷ്പ്രയാസം നടന്നുകയറിയ നേതാവാണ്. രാജ്സ്ഥാനിലെ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയുടെ ദേശീയ നേതൃത്വത്തിലൂടെയാണ് അമ്രാറാമിന്റെ രാഷ്ട്രീയ പ്രവേശം, മികച്ച കബഡി താരം കൂടിയായിരുന്നു. ജാട്ട് കര്‍ഷക കുചുംബത്തില്‍ ജനിച്ചുവളര്‍ന്ന അമ്രാം സികാറിന്റെ സ്വന്തം പുത്രനാണ്. രാജസ്ഥാന്‍ കര്‍ഷക പ്രക്ഷോഭങ്ങളിലെ നിത്യനേതൃസാന്നിധ്യമായ അമ്രാം രാജസ്ഥാന്‍ നിയമസഭയിലെ പ്രതിപക്ഷക്കസേരയിലിരുന്നുകൊണ്ട് നിരന്തരം സര്‍ക്കാറിനെ വിമര്‍ശിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. സികാര്‍ കര്‍ഷകപ്രസ്ഥാനത്തിലെ നെടും തൂണായ അമ്രാമിനെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ പാര്‍ലമെന്റില്‍ സികാറിനെ പ്രതിനിധീകരിക്കുക എന്നത് മറ്റൊരു വിപ്ലവകരമായ മുന്നേറ്റം തന്നെയാണ്. രണ്ടു തവണയായി ജയിച്ചുവരുന്ന സിറ്റിങ് എം.പിയായ സുമേധാനന്ദ് സരസ്വതിയെ മറികടന്നുകൊണ്ടാണ് സികാര്‍ മണ്ഡലം തങ്ങളുടെ നിലപാട് അമ്രാറാമിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. 

ഡിണ്ഡിഗല്‍-തമിഴ്​നാട്

തമിഴ്‌നാടിന്റെ താക്കോല്‍ നിര്‍മാണ കേന്ദ്രങ്ങളുടെ ആസ്ഥാനമായ ഡിണ്ടിഗല്‍ ഇന്ത്യാ സഖ്യത്തിന്റെ സമവാക്യത്തിലെത്തിയിരിക്കുകയാണ്, സിപിഎം സ്ഥാനാര്‍ഥി ആര്‍ സച്ചിദാനന്ദത്തിലൂടെ. 2019-ല്‍ എ.ഐ.എ.ഡിഎം.കെയുടെ കൈയില്‍ നിന്നും ദ്രാവിഡ മുന്നേറ്റ കഴകം പിടിച്ചുവാങ്ങിയ മണ്ഡലം. 2024 -ലെ തിരഞ്ഞെടുപ്പ് കൈവിട്ടുപോവാതിരിക്കാന്‍ ഒത്തൊരുമിച്ച ഇന്ത്യാ  സഖ്യത്തിലെ ധാരണകള്‍ പ്രകാരം ഡി.എം.കെ, സിപിഎമ്മിന് വിട്ടുകൊടുത്ത സീറ്റ് ഒരു ലക്ഷത്തിലധികം ലീഡിന്റെ ബലത്തില്‍ ആര്‍ സച്ചിദാനന്ദം ഭദ്രമാക്കിയിരിക്കുന്നു. തിരുപ്പൂര്‍ കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട വസ്ത്രനിര്‍മാണ ഹബ്ബും കാര്‍ഷിക ഉത്പാദന വില്‍പനാകേന്ദ്രങ്ങളും ലെതര്‍ നിര്‍മാണ കേന്ദ്രങ്ങളും തുടങ്ങി അടിസ്ഥാന തൊഴിലാളി വര്‍ഗങ്ങളും മധ്യവ്യാപാരി വര്‍ഗവും അനവധി ഉദ്യോഗസ്ഥസമൂഹവും പാര്‍ക്കുന്ന ഇടങ്ങള്‍ നിര്‍ണയിക്കുന്ന വോട്ടുമൂല്യങ്ങള്‍. ചേര-ചോള-പാണ്ഡ്യ-പല്ലവ രാജാക്കന്മാരുടെ തിരുശേഷിപ്പുകള്‍ കൊണ്ട് ചരിത്രപ്രാധാന്യമാര്‍ജ്ജിച്ച മണ്ഡലം. ഡിണ്ടിഗലിന്റെ മനഃശാസ്ത്രം അറിഞ്ഞുകൊണ്ടുള്ള നീക്കമാണ് ഇന്ത്യാ  സഖ്യം ആര്‍ സച്ചിദാനന്ദത്തിലൂടെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചെറുകിട കര്‍ഷകനും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തമിഴ്‌നാട് ഘടകത്തിലെ മികവുറ്റ നേതാവുമായ ആര്‍ സച്ചിദാനന്ദം എഐഡിഎംകെ സ്ഥാനാര്‍ഥി മുഹമ്മദ് മുബാറക്കിനെ പിന്തള്ളി മുന്നേറുമ്പോള്‍ പ്രകടമാവുന്നത് ഡി.എം.കെ - സി.പി.എം ബാന്ധവത്തോടൊപ്പം തന്നെ അടിസ്ഥാനവര്‍ഗങ്ങള്‍ക്കിടയിലുള്ള ഇടതുപക്ഷ ആശയങ്ങളുടെ സ്ഥായിയായ സ്വാധീനം കൂടിയാണ്.

മധുര-തമിഴ്​നാട്

2024-ലെ ലോക്​സഭാ ഇലക്ഷനെ തമിഴ്‌നാട് കൈകാര്യം ചെയ്തവിധം വളരെ പ്രസക്തവും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ പാര്‍ലമെന്ററി സീറ്റുകളുള്ള തമിഴ്‌നാട് തികഞ്ഞ ചാണക്യതന്ത്രങ്ങള്‍ മെനഞ്ഞത് സീറ്റ് വിഭജനത്തിലാണ്. ഡിണ്ടിഗലും മധുരയും തന്നെ മികച്ച ഉദാഹരണങ്ങള്‍. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ബൗദ്ധിക സ്വഭാവവും പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളും തമിഴ്‌നാടിനെ രാഷ്ട്രീയമായി എങ്ങനെ സ്വാധീനിച്ചു എന്നതിന്റെ ഉത്തരമാണ് സി. വെങ്കിടേശന്റെ തുടര്‍ച്ചയായ രണ്ടാം സ്ഥാനാര്‍ഥിത്വവും വിജയവും. തമിഴ് എഴുത്തുകാരനും തമിഴ് പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ അമരക്കാരനും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ വെങ്കിടേശൻ എഐഡിഎംകെ സ്ഥാനാര്‍ഥി പി. ശരവണനെയും ബി.ജെ.പി സ്ഥാനാര്‍ഥി പ്രൊഫ. ശ്രീനിവാസനെയും പിന്തള്ളി മുന്നേറിയിരിക്കുകയാണ്. വെങ്കിടേശന്‍ അടിമുടി സാഹിത്യകാരനായിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തകനാണ്. മികച്ച നോവലിനുള്ള തമിഴ് സാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പെടെ നേടിയിട്ടുണ്ട്. കഥകളും നോവലും തിരക്കഥകളും വെങ്കിടേശന്റെ സാംസ്‌കാരിക അക്കൗണ്ടിനെ ബലപ്പെടുത്തിയതും ഈ തിരഞ്ഞെടുപ്പില്‍ ജനപ്രിയ പരിചിത മുഖമായി അവതരിപ്പിക്കാന്‍ കഴിഞ്ഞതും ഇന്ത്യാ  സഖ്യത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നേട്ടം തന്നെയാണ്. 

ബി.ജെ.പി നേരിട്ടവതരിപ്പിച്ച പ്രൊഫ. രാമ ശ്രീനിവാസന്‍ വെങ്കിടേശനെ സംബന്ധിച്ചിടത്തോളം ഒട്ടുമേ ദുര്‍ബലനായ സ്ഥാനാര്‍ഥിയല്ലായിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ തമിഴ്‌നാട് മുഴുവനും ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും രാമ ശ്രീനിവാസന്‍ ഓടി നടന്ന് പാര്‍ട്ടിക്കുവേണ്ടി പ്രചരണം നടത്തി. മധുര മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ഒരോ മുന്നണിയും അവതരിപ്പിച്ച് സ്ഥാനാര്‍ഥികള്‍ വെറും രാഷ്ട്രീയക്കാര്‍ മാത്രമായിരുന്നില്ല. സാഹിത്യവും വൈദ്യശാസ്ത്രവും വിദ്യാഭ്യാസ മേഖലയും പ്രതിനിധീകരിച്ചവരായിരുന്നു ഇവര്‍. വെങ്കിടേശനും ശ്രീനിവാസനും പുറമേ എഐഡിഎംകെ നോമിനേറ്റ് ചെയ്ത ഡോ. പി ശരവണന്‍ സോഷ്യല്‍ മീഡിയയിലൂടെ  വെങ്കിടേശനും നേരം നടത്തിയ ആക്രമണങ്ങള്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. 

തിരുപ്പൂര്‍ -തമിഴ്​നാട്

ഇന്ത്യയുടെ വസ്ത്രനിര്‍മാണ- വ്യാപാര- കയറ്റി അയക്കല്‍ മേഖലയുടെ നാഡീകേന്ദമായ തിരുപ്പൂര്‍ മണ്ഡലം. അനേകമനേകം ചെറുകിട വന്‍കിട യൂണിറ്റുകള്‍ അരങ്ങുവാഴുന്നിടം. ഒരുപക്ഷേ ഇന്ത്യയുടെയെന്നല്ല, സംസ്ഥാനത്തിന്റെ പോലും വര്‍ത്തമാന രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ വിശകലനം ചെയ്യാനോ നേരമില്ലാതെ അനുദിനം മറിഞ്ഞുകൊണ്ടിരിക്കുന്ന ടേണ്‍ ഓവറുകളുടെ പിന്നാലെ, അക്കങ്ങളുടെ പിറകേ മാത്രം സഞ്ചരിക്കാന്‍ വിധിക്കപ്പെട്ട ജനത തിങ്ങിപ്പാര്‍ക്കുന്നയിടം. സ്വകാര്യ, സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഷിനറി സ്‌പെയര്‍ പാര്‍ട്‌സുകളും വ്യവസായ നാഗരികതയുടെ ഛായ പകര്‍ത്തിക്കെടുത്ത മണ്ഡലം തുടങ്ങി തിരുപ്പൂരിനുള്ള വിശേഷണങ്ങള്‍ ഏറെയാണ്. തമിഴ്‌നാട്ടിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേരോട്ടമുള്ള മണ്ഡലം കൂടിയാണിത്. സി.പി.ഐ സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ  കെ. സുബ്രമണ്യന്‍ എ.ഐ.ഡി.എം.കെ സ്ഥാനാര്‍ഥിയായ പി അരുണാചലത്തെയും ബി.ജെ.പി സ്ഥാനാര്‍ഥി മുരുകാനന്ദത്തെയും പിന്നിലാക്കി മുന്നേറിയിരിക്കുന്നു. ഇന്ത്യാ സഖ്യത്തിനൊപ്പം നില്‍ക്കുന്ന എന്ന നിലപാടിന്റെ ഭാഗമായി ഡി.എം.കെയുമായി സഹകരിച്ച് നടത്തിയ സീറ്റ് വിഭജനത്തിന്റെ നേട്ടം കൂടിയാണ് തിരപ്പൂരില്‍ രണ്ടാം തവണയും കെ. സുബ്രമണ്യന്റെ ലീഡ്. 

നാഗപട്ടണം-തമിഴ്നാട്

തമിഴ്‌നാടിന്റെ മത്സ്യസമ്പത്തിന്റെ പ്രധാന സ്രോതസ്, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഐസ് ഫാക്ടറികള്‍ ഉള്ള നാട്, ജനസംഖ്യയില്‍ പട്ടികജാതിക്കാര്‍ വഹിക്കുന്ന പങ്ക് തുടങ്ങി അനേകമനേകം പ്രത്യേകതകളുള്ള നാഗാലാന്റിന്റെ രാഷ്ട്രീയം തൊഴിലാളി വര്‍ഗത്തിലധിഷ്ഠിതമാണ്. ബംഗാള്‍ കടല്‍ത്തീരം നല്‍കുന്ന അന്നം കൊണ്ട് ജീവിക്കുന്നവരാണ് ഭൂരിഭാഗവും. അതുകൊണ്ടുതന്നെ സുനാമിയും മറ്റ് കടല്‍ക്ഷോഭങ്ങളും ഏറ്റവും കൂടുതല്‍ ദുരിതത്തിലാഴ്ത്തിയതും നാഗപട്ടണത്തെയാണ്. സി.പി.ഐയ്ക്ക് മേല്‍ക്കൈയുള്ള മണ്ഡലത്തിന് സെല്‍വരാജല്ലാതെ മറിച്ചൊരു സ്ഥാനാര്‍ഥിയെക്കുറിച്ച് ചിന്തിക്കാനിടയില്ല. ഡി.എം.കെയുടെ പിന്തുണയോടെ സെല്‍വരാജ് എളുപ്പത്തിൽ ജയിച്ചുകയറിയത്.

തൊഴിലാളി വര്‍ഗത്തിന്റെ അനിഷേധ്യനായ നേതാവെന്ന നിലയില്‍ സെല്‍വരാജ് നാഗപട്ടണത്തുകാരുടെ പ്രിയങ്കരനാണ്. സി.പി.ഐയുടെ മുതിര്‍ന്ന നേതാവായ എം. സെല്‍വരാജ് നിലനിര്‍ത്തിയ സീറ്റാണ് ഇത്തവണ നാഗപട്ടണക്കാര്‍ വി. സെല്‍വരാജിന് കൈമാറിയത്.