ബെയ്ജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ അച്ചടക്കവും അഴിമതിവിരുദ്ധ നടപടികളും കൂടുതൽ ശക്തമാക്കാൻ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിൽ നിർണായക തീരുമാനം. ബെയ്ജിങ്ങിൽ നാലുദിവസമായി നടന്ന പാർട്ടിയുടെ അഞ്ചാം പ്ലീനം ഷിയുടെ നേതൃത്വത്തിൽ പൂർണവിശ്വാസമർപ്പിക്കുകയും പിന്തുണ ഉറപ്പുനൽകുകയും ചെയ്തു.

To advertise here,

ഇതോടെ അടുത്തവർഷം നടക്കുന്ന പാർട്ടി കോൺഗ്രസിൽ ഷി ജിൻപിങ് നാലാം തവണയും പാർട്ടിനേതാവായി അധികാരത്തിലെത്തുമെന്ന് ഏറക്കുറെ ഉറപ്പായി. ഇതിനുമുന്നോടിയായി പാർട്ടിയിലും സൈന്യത്തിലും നേതൃമാറ്റത്തിന് കളമൊരുക്കുന്നതാണ് പുതിയ നീക്കം.

33 മുതിർന്ന നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കിയ നടപടി സമ്മേളനം അംഗീകരിച്ചു. സൈന്യത്തിലെ അഴിമതിവിരുദ്ധ നീക്കങ്ങൾക്ക് നേതൃത്വം നൽകിയ ജനറൽ ഷാങ് ഷെങ്മിനെ പാർട്ടി പൊളിറ്റ്ബ്യൂറോയിലേക്ക് ഉയർത്തി. അഴിമതിവിരുദ്ധ നീക്കങ്ങളുടെ ഭാഗമായി സൈന്യത്തിന്റെ ഏഴംഗ സെൻട്രൽ മിലിട്ടറി കമ്മിഷനിൽ ഇപ്പോൾ ഷിയും ഷാങ് ഷെങ്മിനുംമാത്രമാണ് അവശേഷിക്കുന്നത്.

2012-ൽ അധികാരത്തിലെത്തിയതുമുതൽ അഴിമതിക്കെതിരായ നടപടികളും പാർട്ടിയോടുള്ള കൂറും ഷി ജിൻപിങ് ഭരണത്തിന്റെ പ്രധാന മുൻഗണനകളാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇതുവരെ 81 ലക്ഷം കേസുകൾ അന്വേഷണവിധേയമാക്കുകയും 79 ലക്ഷം പേരെ അച്ചടക്കനടപടികൾക്ക് വിധേയരാക്കുകയും ചെയ്തതെന്ന് പാർട്ടി വ്യക്തമാക്കി. ഇതിൽ കേന്ദ്രനേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള 963 മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പുതിയ നടപടിയിൽ പുറത്താക്കപ്പെട്ട 33 പേരിൽ 16 പേരും സെനികോദ്യോഗസ്ഥരാണ്. അക്കൂട്ടത്തിൽ മുൻ സൈനിക മേധാവികളായ ഷാങ് യൂഷ്യ, ലിയു ഷെൻലി എന്നിവരുമുണ്ട്. ഈ വർഷം ആദ്യ ഒൻപത് മാസത്തിനിടെ മാത്രം 6.8 ലക്ഷം പേരെ അച്ചടക്കനടപടികൾക്ക് വിധേയരാക്കി.

അതേസമയം, അഴിമതിക്കെതിരായ നടപടികൾ പാർട്ടിയിൽ അധികാരം കൂടുതൽ കേന്ദ്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലുമുണ്ട്. കടുത്ത അച്ചടക്കനടപടികൾ ഉദ്യോഗസ്ഥരെ തീരുമാനങ്ങളെടുക്കുന്നതിൽനിന്നും പുതിയ പരീക്ഷണങ്ങൾക്ക് മുതിരുന്നതിൽനിന്നും പിന്തിരിപ്പിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭരണനിർവഹണത്തിലെ കാര്യക്ഷമതയ്ക്കും നേതാക്കളോടുള്ള കൂറിനും ഇടയിൽ സന്തുലിതാവസ്ഥ നിലനിർത്തുക ഷിക്ക് വെല്ലുവിളിയായേക്കും. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മറ്റി അംഗങ്ങൾ പങ്കെടുക്കുന്ന പ്രധാനയോഗമാണ് പ്ലീനം.