കല്പറ്റ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥിയോ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റോ ചെലവഴിച്ച തുകകളുടെ വിവരങ്ങള്‍ ഫലപ്രഖ്യാപനം കഴിഞ്ഞ് 30 ദിവസത്തിനകം അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കണം. നാമനിര്‍ദേശംചെയ്യപ്പെട്ട തീയതിമുതല്‍ ഫലം പ്രഖ്യാപിക്കുന്ന തീയതിവരെ തിരഞ്ഞെടുപ്പാവശ്യത്തിനായി നടത്തിയ ചെലവുകളുടെ വിശദമായ കണക്കുകള്‍ സ്ഥാനാര്‍ഥിയും ഏജന്റും സൂക്ഷിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയായ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.

To advertise here,

സ്ഥാനാര്‍ഥികള്‍ക്ക് ഗ്രാമപ്പഞ്ചായത്തില്‍ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും നഗരസഭയിലും 75,000 രൂപയും ജില്ലാപഞ്ചായത്തിലും കോര്‍പ്പറേഷനിലും 1,50,000 രൂപയുമാണ് പരമാവധി വിനിയോഗിക്കാവുന്ന തുക. തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുന്നതിനുമുന്‍പ് ഏതുസമയത്തും ജില്ലാ തിരഞ്ഞെടുപ്പുദ്യോഗസ്ഥനോ കമ്മിഷന്‍ നിയമിക്കുന്ന തിരഞ്ഞെടുപ്പ് നിരീക്ഷകനോ കണക്കുകള്‍ പരിശോധിക്കാന്‍ അധികാരമുണ്ട്.

വൗച്ചര്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത ചെലവുകളൊഴികെയുള്ള മറ്റെല്ലാ ചെലവുകള്‍ക്കും വൗച്ചര്‍ നിര്‍ബന്ധമാണ്. സ്ഥാനാര്‍ഥിക്ക് ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മൊഡ്യൂള്‍ സോഫ്റ്റ്‌വെയറില്‍ ഓണ്‍ലൈനായും തിരഞ്ഞെടുപ്പ് ചെലവുകള്‍ സമര്‍പ്പിക്കാം. https://www.sec.kerala.gov.in സന്ദര്‍ശിച്ച് ലോഗിന്‍ ക്രിയേറ്റുചെയ്ത് ചെലവുകണക്കുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്‍കാം. ഓണ്‍ലൈനായി തിരഞ്ഞെടുപ്പുചെലവുകള്‍ നല്‍കുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് പോര്‍ട്ടലില്‍ ലഭിക്കും.