വിഴിഞ്ഞം: കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 66.9 ശതമാനം പോളിങ്. പത്ത് ബൂത്തുകളിലായി രേഖപ്പെടുത്തിയ കണക്കാണിത്. 13305 വോട്ടർമാരുള്ള വാർഡിൽ 8912 വോട്ടുകൾ പോൾ ചെയ്തുവെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 4312 പുരുഷൻമാരും 4599 സ്ത്രീകളും ഒരു ട്രാൻസ് ജെൻഡറുമാണ് വോട്ടു രേഖപ്പെടുത്താനെത്തിയത്.

To advertise here,

തെന്നൂർക്കോണം ഗ്രന്ഥശാലയിലായിരുന്നു പോളിങ് ബൂത്ത്. എൽഡിഎഫും യുഡിഎഫും ബിജെപിയും ആറു സ്വതന്ത്രൻമാരും ഉൾപ്പെടെ ഒൻപതുപേരാണ് സ്ഥാനാർഥികൾ. സിപിഎം ലോക്കൽ കമ്മിറ്റിയംഗം എൻ.നൗഷാദാണ് എൽഡിഎഫിനായി മത്സരിച്ചത്. രണ്ടുതവണയായി എൽഡിഎഫ് കൈവശം വച്ചിട്ടുള്ള സീറ്റ് പിടിച്ചെടുക്കാനായി യുഡിഎഫ് രംഗത്തിറക്കിയത് ഐഎൻടിയുസി നേതാവും ഹാർബർ വാർഡിലെ മുൻകൗൺസിലറുമായിരുന്ന കെ.എച്ച്. സുധീർഖാനെയാണ്.

മുൻ ഏരിയാ പ്രസിഡന്റും വിഴിഞ്ഞം ഗ്രാമപ്പഞ്ചായത്തംഗവുമായിരുന്ന സർവശക്തിപുരം ബിനുവാണ് ബിജെപി സ്ഥാനാർഥി. രാവിലെ 10-ന് വെങ്ങാനൂർ വിപിഎസ്എച്ച്എച്ച്എസ്, മലങ്കര സ്‌കൂളിലാണ് വോട്ടെണ്ണൽ. ചൊവ്വാഴ്ച ഉച്ചയോടെ ഫലം അറിയാം.

സ്വതന്ത്ര സ്ഥാനാർഥി അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന്റെ തലേദിവസം മരിച്ചതിനെത്തുടർന്നാണ് വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് ജനുവരി 12-ലേക്ക് മാറ്റിയത്.