തിരുവനന്തപുരം: എന്തു വിമർശനം വന്നാലും പൊതുപ്രവർത്തനത്തിൽനിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്ന വാട്‌സാപ്പ് സ്റ്റാറ്റസുമായി മേയർ ആര്യാ രാജേന്ദ്രൻ. കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിനെതിരേ ഒപ്പമുണ്ടായിരുന്ന സ്ഥിരംസമിതി അധ്യക്ഷ ഗായത്രി ബാബു അടക്കം മേയർക്കെതിരേ സാമൂഹികമാധ്യമ പോസ്റ്റിട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ സാമൂഹിക പ്രവർത്തനത്തിന്റെ ചിത്രം സഹിതമാണ് ഒരിഞ്ച് പിന്നോട്ടില്ലെന്ന് ആര്യ സ്റ്റാറ്റസിട്ടത്.

To advertise here,

കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചതിൽ രൂക്ഷമായ വിമർശനമാണ് ആര്യയ്ക്കേതിരേ ഉയരുന്നത്. മേയറുടെ ധാർഷ്‌ട്യത്തിനുള്ള തിരിച്ചടിയെന്നാണ് ആരോപണം. ആര്യ കോർപ്പറേഷനിൽ എൽഡിഎഫിന്റെ ജനകീയത ഇല്ലാതാക്കിയെന്നും തന്നേക്കാൾ താഴ്ന്നവരോട് പുച്ഛമാണെന്നും സ്വന്തം വളർച്ചയ്ക്കുള്ള സ്ഥലമാക്കി മേയർ ഓഫീസിനെ മാറ്റിയെന്നും ഗായത്രി ബാബു ആരോപിച്ചിരുന്നു.

അതേസമയം പരാജയത്തിന്റെ കാരണം ആര്യയുടെ തലയിൽമാത്രം കെട്ടിവയ്ക്കേണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഗായത്രി ബാബുവിന്റെ വിമർശനം വ്യക്തിപരമാണ്, പാർട്ടിയുടേതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗായത്രി ബാബുവും ആര്യാ രാജേന്ദ്രനും തമ്മിലുള്ള തർക്കം ഈ ഭരണസമിതിയുടെ തുടക്കംമുതലുണ്ടായിരുന്നതായി ആരോപണമുണ്ടായിരുന്നു. കഴിഞ്ഞ പാർട്ടി ജില്ലാ സമ്മേളനത്തിൽ ഗായത്രിബാബുവിന്റെ പിതാവ് വഞ്ചിയൂർ ബാബു ഏരിയാ സെക്രട്ടറിയായ പാളയത്തുനിന്നുള്ള പ്രതിനിധികൾ ആര്യയ്ക്കെതിരേ വ്യക്തിപരമായി വിമർശനം ഉന്നയിച്ചത് ജില്ലാ സെക്രട്ടറിതന്നെ വിലക്കിയിരുന്നു.

കോർപ്പറേഷനകത്തെ യുവ കൗൺസിലർമാർ തമ്മിലുള്ള ഇത്തരം പടലപ്പിണക്കങ്ങളും തർക്കങ്ങളുമാണ് ഭരണത്തെ ബാധിച്ചതെന്നാണ് ആരോപണം. ഒന്നോ രണ്ടോ വ്യക്തികൾ മാത്രമല്ല ഭരണസമിതിയിലുണ്ടായിരുന്ന ഭൂരിഭാഗം പേരും വേണ്ടത്ര ഉയർന്നില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഇതു വീണ്ടും പൊതുജനമധ്യത്തിൽ വലിച്ചിഴയ്ക്കുന്ന യുവനേതാക്കളുടെ നടപടിയിൽ പാർട്ടിക്കുള്ളിൽതന്നെ അമർഷമുണ്ട്.